ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17- 2
ശ്രീ ഭഗവാനുവാച
ത്രിവിധാ ഭവതി ശ്രദ്ധാ
ദേഹിനാം സാ സ്വഭാവജാ
സാത്ത്വികീ രാജസീ ചൈവ
താമസീ ചേതി താം ശൃണു
സാത്ത്വികമെന്നും രാജസമെന്നും താമസമെന്നും ഇങ്ങനെ മനുഷ്യരുടെ സ്വാഭാവികമായ ശ്രദ്ധ മൂന്നു തരത്തിലുണ്ട്. അതിനെക്കുറിച്ചു പറയാം കേട്ടോളൂ.
അല്ലയോ അര്‍ജ്ജുന, എനിക്കു നിന്‍റെ അന്തര്‍ഗ്ഗതം മനസ്സിലായി. ശാസ്ത്രാഭ്യാസം വിഷമകരമാണെന്നു നീ കരുതുന്നു. ശ്രദ്ധകൊണ്ടു മാത്രം ആ പരമപദത്തിലെത്താന്‍ നീ ആഗ്രഹിക്കുന്നു. എന്നാല്‍, പ്രബുദ്ധനായ പാര്‍ത്ഥാ, അത് അനായാസേന നടക്കുന്ന കാര്യമല്ല. ഒരു ദ്വിജന്‍ അന്ത്യജനുമായി കൂട്ടുകൂടിയാല്‍ അന്ത്യജന്‍റെ നിലവാരത്തിലേക്കു താണുപോകും. അതുപോലെ ശ്രദ്ധകൊണ്ടുമാത്രം ഉത്കൃഷ്ടപദത്തിലെത്താമെന്നു കരുതുന്നത് അബദ്ധമാണ്. നീ ആലോചിച്ചു നോക്കൂ. മദ്യചഷകത്തില്‍ ഒഴിച്ചുവച്ചിരിക്കുന്നത് ഗംഗോദകമാണെങ്കില്‍പോലും അതു പുണ്യജലമാണെന്ന് ആരെങ്കിലും കരുതുമോ? ചന്ദനമരം ശീതളമാണ്. എന്നാല്‍ അതിനു തീ പിടിക്കുമ്പോള്‍ അതു കൈയ്യിലെടുത്താല്‍ കൈ പൊള്ളുകയില്ലേ? പരിശുദ്ധമായ സ്വര്‍ണ്ണം മറ്റു ലോഹങ്ങളോടൊപ്പം മൂശയിലിട്ടുരുക്കിയാല്‍ സ്വര്‍ണ്ണത്തിന്‍റെ മാറ്റും പരിശുദ്ധിയും കുറയുകയല്ലേ ചെയ്യുന്നത്? അതുപോലെ ശ്രദ്ധാസ്വരൂപത്തിന്‍റെ സ്വഭാവത ശുദ്ധമാണെങ്കിലും അത് ഒരു വ്യക്തിയുടെ സ്വഭാവവുമായി കൂടികലരുമ്പോള്‍ അതിന്‍റെ ശുദ്ധത നിലനില്‍ക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ വ്യക്തികളുടെ സ്വഭാവം അനാദിമായയുടെ സ്വാധീനവലയത്തിലുള്ള ത്രിഗുണ ഘടകങ്ങളെക്കൊണ്ട് നിബന്ധിക്കപ്പെട്ടിട്ടുള്ളതാണ്.
ത്രിഗുണങ്ങളില്‍ രണ്ടെണ്ണം ദുര്‍ബലമാകുകയും മൂന്നാമത്തേത് പ്രബലപ്പെടുകയും ചെയ്യുമ്പോള്‍, പ്രബലഗുണം വ്യക്തിയുടെ ശ്രദ്ധക്ക് നിറം പകരുന്നു. ആ വ്യക്തിയുടെ അന്തഃകരണസ്ഥിതി അവന്‍റെ മനോഗതങ്ങള്‍ക്ക് രൂപം നല്കുന്നു. അതനുസരിച്ചുള്ള കര്‍മ്മങ്ങള്‍ അവന്‍ ചെയ്യുന്നു. ഒരു ജീവിതകാലം മുഴുവന്‍ നടത്തിയ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ അവന്‍റെ സൂക്ഷ്മശരീരസ്ഥിതിയെ നിര്‍ണ്ണയിക്കുന്നു. ആ സൂക്ഷ്മ ശരീരത്തിന്റെ അവസ്ഥ അനുസരിച്ച് മരണശേഷം അവന്‍ മറ്റൊരു ശരീരത്തില്‍ ജനിക്കുന്നു. വിത്തുമുളച്ച് വൃക്ഷമായി വളരുന്നു. വൃക്ഷം വീണ്ടും വിത്തില്‍ സമാഹരിക്കപ്പെടുന്നു. കോടാനുകോടി കല്പകാലത്തിനുശേഷവും വൃക്ഷത്തിന്‍റെ വര്‍ഗ്ഗങ്ങള്‍ നശിച്ചു പോകുന്നില്ല. ഇപ്രകാരം വ്യക്തികള്‍ അസംഖ്യം ജന്മമെടുക്കുന്നതിന് ഇടയായാലും അവരുടെ ത്രിഗുണത്വത്തിന് യാതൊരു വ്യത്യാസവും ഉണ്ടാവുകയില്ല. വ്യക്തിയുടെ ശ്രദ്ധയില്‍ ഗുണങ്ങള്‍ സ്വാധീനം ചെലുത്തുന്നു. അഥവാ ശ്രദ്ധ ഗുണങ്ങളില്‍ ലയിക്കുന്നു.
സത്ത്വഗുണം പ്രബലമായിരിക്കുമ്പോള്‍ വ്യക്തി ജ്ഞാനത്തെ തേടുന്നു. എന്നാല്‍ മറ്റു രണ്ടു ഗുണങ്ങളും അതിനെ എതിര്‍ക്കുന്നുണ്ടാവും. സാത്ത്വികശ്രദ്ധ മോചനത്തിനു വഴിതെളിക്കുന്നു. അപ്പോള്‍ രജസ്സും തമസ്സും എങ്ങനെയാണ് നിശ്ചേഷ്ടരായിരിക്കുന്നത്?
സത്വഗുണത്തെ പിന്‍തള്ളി രജോഗുണം ആധിപത്യം പുലര്‍ത്തുമ്പോള്‍ അത്, ശ്രദ്ധയെ, കര്‍മ്മങ്ങള്‍ തൂത്തുവാരുന്നതിനുള്ള ഒരു തുറപ്പയായി മാറ്റുന്നു. വ്യക്തിയുടെ അഹങ്കാരവും വര്‍ദ്ധിക്കുന്നു. തമോഗുണം ഒരു വ്യക്തിയില്‍ ജ്വലിക്കുമ്പോള്‍ അവന്‍റെ ശ്രദ്ധ മുഴുവന്‍ നിഷിദ്ധസേവന വിഷയങ്ങളില്‍ മാത്രമായിരിക്കും.