സ്വാമി വിവേകാനന്ദന്‍

ഈശ്വരപ്രാപ്തിക്കു പഠിപ്പോ പാണ്ഡിത്യമോ വേണ്ടേ വേണ്ട. ഒരു മഹാത്മാവ് എന്നോടൊരിക്കല്‍ പറയുകയുണ്ടായി; ”അന്യരെ കൊല്ലുവാന്‍ വാളും പരിചയുമെല്ലാം വേണം. ആത്മഹത്യയ്ക്ക് ഒരു സൂചി മതി. അതുപോലെ, മറ്റുള്ളവരെ പഠിപ്പിക്കാന്‍ മികച്ച ബുദ്ധിയും പാണ്ഡിത്യവും വേണം. ആത്മജ്ഞാനത്തിന് അതൊന്നും വേണ്ട.” നിങ്ങള്‍ പരിശുദ്ധന്‍മാരാണെങ്കില്‍ ഈശ്വരനെ പ്രാപിക്കും. ”ഹൃദയശുദ്ധിയുള്ളവരത്രേ ധന്യന്‍മാര്‍, എന്തെന്നാല്‍ അവര്‍ ഈശ്വരനെ കാണും.” ഹൃദയശുദ്ധിയില്ലെങ്കില്‍, ലോകത്തിലുള്ള സകലവിദ്യകളും അറിയാമെങ്കിലും അതു നിങ്ങള്‍ക്കുതകുകയേ ഇല്ല. നിങ്ങള്‍ സദാ ഗ്രന്ഥപാരായണത്തില്‍ മുഴുകിയിരുന്നാലും വലിയ പ്രയോജനമില്ല. ഹൃദയമാണ് ലക്ഷ്യത്തിലെത്തുന്നത്. ഹൃദയത്തെ അനുസരിക്കുക. നിര്‍മ്മലഹൃദയം ബുദ്ധിയെയും കടന്നു കാണുന്നു, അന്തഃപ്രബുദ്ധമാകുന്നു. യുക്തിക്കു ദര്‍ശിക്കാനാവാത്ത തത്ത്വത്തെ ഹൃദയം സാക്ഷാല്‍ക്കരിക്കുന്നു. അതുകൊണ്ടു നിര്‍മ്മലഹൃദയവും ബുദ്ധിയും തമ്മില്‍ പിണങ്ങുമ്പോഴെല്ലാം നിര്‍മ്മലഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുക, ഹൃദയചോദനം യുക്തിഹീനമായി തോന്നിയാല്‍ത്തന്നെയും. യുക്തിയെ അനുസരിക്കുമ്പോഴുണ്ടാകുന്നതിനെക്കാള്‍ കുറഞ്ഞ തെറ്റുകളേ നിങ്ങള്‍ക്കു പറ്റൂ. പരോപകാരം ചെയ്‌വാന്‍ ഹൃദയത്തില്‍ പ്രേരണയുണ്ടാകുമ്പോള്‍, അതു ന്യായമല്ലെന്നു നിങ്ങളുടെ തലച്ചോറ് ഉപദേശിച്ചേക്കാം. എന്നാലും ഹൃദയത്തെ അനുസരിക്കുക: ബുദ്ധിയെ പിന്‍തുടരുന്നതിനെക്കാള്‍ കുറച്ചേ തെറ്റു ചെയ്യുന്നുള്ളു എന്ന് നിങ്ങള്‍ക്ക് കാണാം. ശുദ്ധഹൃദയമാണ് സത്യത്തെ പ്രതിഫലിപ്പിക്കുന്ന എത്രയും നല്ല കണ്ണാടി. ഈ സാധനകളെല്ലാം ഹൃദയശുദ്ധീകരണത്തിനുവേണ്ടിയത്രേ. അതു ശുദ്ധമായാലുടനെ സത്യമെല്ലാം അതില്‍ ഒരു ഞൊടിക്കുള്ളില്‍ മിന്നിപ്രകാശിക്കുന്നു. നിങ്ങള്‍ വേണ്ടത്ര ഹൃദയശുദ്ധിയുള്ളവരാണെങ്കില്‍ പ്രപഞ്ചരഹസ്യങ്ങളെല്ലാം ഉള്ളില്‍ പ്രകാശിക്കും.

പരമാണുക്കളെയും സൂക്ഷ്മഭൂതങ്ങളെയും സൂക്ഷ്മദര്‍ശനങ്ങളെയും മറ്റും സംബന്ധിച്ച ഉത്കൃഷ്ടരഹസ്യങ്ങള്‍ എത്രയോ മുമ്പേ അറിയപ്പെട്ടവയാണ്. അവര്‍ ദൂരദര്‍ശിനിയോ സൂക്ഷ്മദര്‍ശിനിയോ നിരീക്ഷണശാലയോ ഒന്നും ഒരിക്കലും കണ്ടില്ല. ഇതെല്ലാം അവരെങ്ങയെന്നറിഞ്ഞു? ഹൃദയംകൊണ്ട്: അവര്‍ ഹൃദയത്തെ ശുദ്ധമാക്കി. അത് ഇന്നും നമുക്കു സാദ്ധ്യമാണ്. വാസ്തവത്തില്‍ ഹൃദയസംസ്‌കരണമാണ് ലോകത്തിനു ശോകശാന്തി ചെയ്യുന്നത്, യുക്തിവികാസമല്ല.

ബുദ്ധി സംസ്‌കരിച്ചതിന്റെ ഫലമായി ഭൗതികവിജ്ഞാനങ്ങള്‍ ശതക്കണക്കായി ആവിഷ്‌കരിക്കപ്പെട്ടു. അതിന്റെ ഫലമായി കുറച്ചുപേര്‍ വളരെപ്പേരെ അടിമകളാക്കി: ഉണ്ടായ ആകെ ഗുണം ഇതാണ്. കൃത്രിമങ്ങളായ ആവശ്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഓരോ പാവപ്പെട്ടവനും, കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും, ആ ആവശ്യങ്ങളെല്ലാം നിറവേറ്റണം: തരപ്പെടാഞ്ഞാല്‍ അതിനു പാടുപെടുകയായി: അങ്ങനെ പാടുപെട്ടു ചാവുകയും ചെയ്യുന്നു. ഇതാണ് ഫലം. ശോകശാന്തിക്കുള്ള മാര്‍ഗ്ഗം ബുദ്ധിയില്‍ക്കൂടിയല്ല, ഹൃദയത്തില്‍കൂടിയാണ്. ഈ വമ്പിച്ച പ്രയത്‌നമെല്ലാം മനുഷ്യനെ അധികം നിര്‍മ്മലനും ശാന്തനും ക്ഷമാശീലനുമാക്കാന്‍ വിനിയോഗിച്ചിരുന്നുവെങ്കില്‍, ഇന്നുള്ളതിന്റെ ആയിരം മടങ്ങു സുഖം ലോകത്തിലുണ്ടായേനേ. എപ്പോഴും ഹൃദയത്തെ സംസ്‌കരിക്കുക; ഹൃദയത്തിലൂടെ ഈശ്വരന്‍ സംസാരിക്കുന്നു. ബുദ്ധിയില്‍കൂടെ സംസാരിക്കുന്നതു നിങ്ങള്‍തന്നെ.

മോസസ്സിനു ലഭിച്ച ഈശ്വരാദേശം, പഴയ നിയമത്തിലുള്ളതു നിങ്ങള്‍ക്കോര്‍മ്മയുണ്ടല്ലോ. ”നിന്റെ കാലിലെ ചെരുപ്പഴിച്ചുവെയ്ക്കുക. നീ നില്‍ക്കുന്ന സ്ഥലം പുണ്യഭൂമിയാണ്.” അപ്രകാരമുള്ള വിനയാദരങ്ങളോടുകൂടി വേണം എപ്പോഴും അദ്ധ്യാത്മവിദ്യാഭ്യസനത്തെ സമീപിക്കുവാന്‍. ശുദ്ധഹൃദയത്തോടും ആദരഭാവത്തോടുംകൂടി വരുന്നവന്റെ ഹൃദയം വിടരുന്നു. അവനു വാതിലുകള്‍ തുറന്നു കിട്ടുന്നു. അവന്‍ തത്ത്വം ദര്‍ശിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ ബുദ്ധിയുംകൊണ്ടു മാത്രമാണ് വരുന്നതെങ്കില്‍ ബുദ്ധിക്കു കുറച്ചു കസര്‍ത്തും ബുദ്ധിക്കൊത്ത ചില സിദ്ധാന്തങ്ങളും കിട്ടും. സത്യം കിട്ടുകയില്ല. സത്യത്തിന്റെ മുഖം കാണുന്ന ആര്‍ക്കും അതു (സത്യമാണെന്ന്) ബോധപ്പെടും. അത്തരം മുഖമാണ് സത്യത്തിനുള്ളത്. സൂര്യനെ കാണിച്ചുതരാന്‍ പന്തം വേണ്ട. സൂര്യന്‍ സ്വയം ജ്യോതിസ്സാണ്. സത്യത്തിനു തെളിവു വേണമെങ്കില്‍ ആ തെളിവിനെ എന്തു തെളിയിക്കും? സത്യത്തിന് ഒരു സാക്ഷി വേണമെങ്കില്‍ ആ സാക്ഷിക്കു സാക്ഷി എവിടെ? നാം പ്രേമാദരങ്ങളോടുകൂടി വേണം മതത്തെ സമീപിക്കുവാന്‍. അപ്പോള്‍ ഹൃദയം എണീറ്റ് ‘ഇതു സത്യമാണ്’ ‘ഇത് അസത്യമാണ്’ എന്നു നമ്മോടു പറയും.

മതമണ്ഡലം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കപ്പുറമാണ്, മനസ്സിനും അപ്പുറമാണ്. ഈശ്വരന്‍ ഇന്ദ്രിയഗ്രാഹ്യനല്ല. ആരും ഈശ്വരനെ കണ്ണുകൊണ്ടു കണ്ടിട്ടില്ല, കാണുകയുമില്ല. ഈശ്വരന്‍ ആര്‍ക്കും ബുദ്ധിഗമ്യനല്ല. ഞാന്‍ ഈശ്വരനെക്കുറിച്ച് ബോധമുള്ളവനല്ല: നിങ്ങളുമല്ല, ആരുമല്ല. പിന്നെ ഈശ്വരന്‍ എവിടെ? മതമണ്ഡലം എവിടെ? അത് ഇന്ദ്രിയങ്ങള്‍ക്കപ്പുറമാണ്, മനസ്സിനപ്പുറമാണ്. പ്രജ്ഞ എന്നത് നാം വ്യാപരിക്കുന്ന പല ഭൂമികകളില്‍ ഒന്നുമാത്രം, ആ പ്രജ്ഞാഭൂമികയെ അതിക്രമിക്കണം: ഇന്ദ്രിയങ്ങളെ പിന്നിട്ട് സ്വന്തം അന്തരംഗത്തിലേക്കു കൂടുതല്‍ കൂടുതല്‍ അടുക്കണം. അതോടെ, നിങ്ങള്‍ ഈശ്വരന്റെ അടുത്തടുത്തെത്തും. ഈശ്വരന്‍ ഉണ്ട് എന്നതിന് എന്താണ് തെളിവ്? പ്രത്യക്ഷം, സാക്ഷാത്ദര്‍ശനം. ഈ ഭിത്തി ഇവിടെയുണ്ടെന്നുള്ളതിന് തെളിവെന്താണ്? ഞാന്‍ അതിനെ സാക്ഷാത്തായി ദര്‍ശിക്കുന്നു എന്നതുതന്നെ. അനേകായിരം പേര്‍ ഇപ്രകാരം ഈശ്വരനെ സാക്ഷാത്തായി ദര്‍ശിച്ചിട്ടുണ്ട്. ദര്‍ശിക്കണമെന്നുള്ളവരെല്ലാം ദര്‍ശിക്കുകയും ചെയ്യും. എന്നാല്‍ ഈ ദര്‍ശനം ഇന്ദ്രിയപ്രത്യക്ഷമല്ല. അത് ഇന്ദ്രിയാതീതവും പ്രജ്ഞാതീതവുമാകുന്നു. ഈ സാധനാനുഷ്ംാനങ്ങളെല്ലാം നമ്മെ ഇന്ദ്രിയാതീതരാക്കുവാനാണ്. നാനാതരത്തിലുള്ള പൂര്‍വ്വകര്‍മ്മങ്ങളും ബന്ധങ്ങളും നമ്മെ കീഴ്‌പോട്ടു വലിച്ചുകൊണ്ടിരിക്കയാണ്. ഈ സാധനകള്‍ നമുക്കു ശുദ്ധിയും ലഘുത്വവും തരും. ബന്ധങ്ങളെല്ലാം തനിയേ അഴിഞ്ഞുവീഴും.ക്‌സ നാം കുടുങ്ങിക്കിടക്കുന്ന ഇന്ദ്രിയലോകത്തെയും വിട്ട് ഊര്‍ദ്ധ്വതലങ്ങളിലേയ്ക്കുയരും. അവിടെവെച്ച് സാധാരണമായ അവസ്ഥാത്രയത്തില്‍ (ജാഗ്രത്-സ്വപ്നം-സുഷുപ്തി) വര്‍ത്തിക്കുന്നവര്‍ക്കു തമ്മില്‍ കാണാനും കേള്‍ക്കാനും സ്പര്‍ശിക്കാനും കഴിയാത്ത വിഷയങ്ങളെ കാണുകയും കേള്‍ക്കുകയും സ്പര്‍ശിക്കുകയും ചെയ്യാം. അപ്പോള്‍, അലൗകികമായ ഭാഷയിലാണ് നാം സംസാരിക്കുക: അതു ലോകത്തിനു മനസ്സിലാവില്ല. എന്തെന്നാല്‍ അവര്‍ക്ക് ഇന്ദ്രിയങ്ങളല്ലാതെ ഒന്നും അറിഞ്ഞുകൂട. യഥാര്‍ത്ഥമായ മതം തികച്ചും അതീന്ദ്രിയമാണ്. ഇന്ദ്രിയങ്ങളെ അതിക്രമിക്കുവാനുള്ള ശക്തി പ്രപഞ്ചത്തില്‍ സര്‍വ്വപ്രാണികളിലും അന്തര്‍ലീനമായുണ്ട്, പുഴുപോലും ഒരിക്കല്‍ ഇന്ദ്രിയങ്ങളെ അതിക്രമിച്ച് ഈശ്വരനെ പ്രാപിക്കും. ഒരു ജീവിതവും പരാജയമാവില്ല. പരാജയമെന്നൊരു സംഗതി ലോകത്തിലില്ല. മനുഷ്യന്‍ നൂറുവട്ടം ആത്മഹാനി ചെയ്‌തേയ്ക്കാം. ആയിരം തവണ അടി തെറ്റി വീണേയ്ക്കാം. എന്നാലും ഒടുവില്‍ താന്‍ ഈശ്വരനാണെന്നു സാക്ഷാല്‍ക്കരിക്കും. നേര്‍വഴിയില്‍ക്കൂടി പുരോഗതിയില്ലെന്നു നമുക്കറിയാം. ജീവന്‍മാരെല്ലാം വട്ടത്തില്‍ ചുറ്റുകയാണ്: വട്ടം മുഴുമിക്കുകയും വേണം. ഒരു ജീവനും തീരെ അധഃപതിക്കാന്‍ സാദ്ധ്യമല്ല: ഉയര്‍ന്നേ ഒക്കൂ എന്ന ഒരു കാലം വരികതന്നെ ചെയ്യും. ആരും നഷ്ടനാകുന്നില്ല. നാമെല്ലാം ഒരേ കേന്ദ്രത്തില്‍നിന്നു വിസൃഷ്ടരാണ്. ആ കേന്ദ്രം ഈശ്വരനത്രേ. ഈശ്വരവിസൃഷ്ടമായ അത്യുത്കൃഷ്ടജീവിയും അതുപോലെ അതിനികൃഷ്ടജീവിയും ആ സര്‍വ്വജീവപിതാവിലേക്കു മടങ്ങിച്ചെല്ലും. ”യാതൊന്നില്‍നിന്ന് ഈ ജീവജാലങ്ങള്‍ ഉളവായോ, യാതൊന്നില്‍ ഉയിര്‍ക്കൊള്ളുന്നുവോ, യാതൊന്നിലേക്കു തിരികെ ലയിക്കുന്നുവോ അത് ഈശ്വരനാകുന്നു.”

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 3 സാധനകള്‍ (അമേരിക്കന്‍ പ്രസംഗം). പേജ് 63-68]