ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 3
സത്ത്വാനുരൂപാ സര്‍വ്വസ്യ
ശ്രദ്ധാ ഭവതി ഭാരത!
ശ്രദ്ധാമയോഽയം പുരുഷഃ
യോ യച്ഛ്റദ്ധഃ സ ഏവ സഃ
അര്‍ജ്ജുനാ, എല്ലാവരുടേയും ശ്രദ്ധ അവരുടെ പ്രകൃതിക്ക് അനുസരിച്ചിരിക്കും. മനുഷ്യന്‍ ശ്രദ്ധാമയനത്രെ. ഏതൊരുവന്‍ ഏതുപ്രകാരമുള്ള ശ്രദ്ധയോടുകൂടിയിരിക്കുന്നുവോ, അവന്‍ അതുതന്നെയായി ഭവിക്കുന്നു.
അല്ലയോ സുവര്‍മ്മനായ അര്‍ജ്ജുന, ജീവസമുദായത്തില്‍ സത്ത്വരജസ്തമോഗുണങ്ങളില്‍നിന്നു സ്വതന്ത്രമായിട്ട് ശ്രദ്ധയ്ക്ക് നിലനില്‍പില്ല. ആകയാല്‍ ശ്രദ്ധ സ്വാഭാവികമാണെങ്കിലും അതു ത്രിഗുണങ്ങളോട് ഒന്നുചേര്‍ന്ന് സത്ത്വരജോസ്തമോശ്രദ്ധയെന്ന് മൂന്നുപ്രകാരത്തില്‍ ആയിത്തീരുന്നു. ജലം ജീവനെ സംരക്ഷിക്കുന്നതാണെങ്കിലും, അതില്‍ വിഷം കലര്‍ത്തിയാല്‍ മാരകമായിരിക്കും; കുരുമുളകു കലര്‍ത്തിയാല്‍ കത്തലുണ്ടാകും; കരിമ്പിന്‍നീര് കലര്‍ത്തിയാല്‍ മധുരമുള്ളതായിരിക്കും. അതുപോലെ തമസ്സിന്‍റെ ആധിക്യത്തോടെ ഒരുവന്‍ വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുമ്പോള്‍ അവനില്‍ തമഃശ്രദ്ധയായിരിക്കും വര്‍ദ്ധിച്ചിരിക്കുന്നത്. അട്ടക്കരിയും പുകയറയും തമ്മില്‍ എന്താണു വ്യത്യാസം? അതുപോലെ തമശ്രദ്ധ തമോഗുണത്തില്‍ നിന്നു വ്യത്യസ്തമല്ല. രജോഗുണം പ്രബലമായിരിക്കുന്ന ഒരു വ്യക്തിയില്‍ അതിനനുസൃതമായ ശ്രദ്ധയായിരിക്കും സ്ഥിതിചെയ്യുന്നത്. സത്ത്വഗുണപ്രധാനനില്‍ സത്ത്വശ്രദ്ധയായിരിക്കും ഉള്ളത്. ഇപ്രകാരം അഖിലവിശ്വവും വിശ്വാസത്തിന്‍റെ മൂശയിലാണ് വാര്‍ക്കപ്പെട്ടിട്ടുള്ളത്. ഈ ദൃഢവിശ്വാസത്തിന്‍റെ – ശ്രദ്ധയുടെ – മേല്‍ക്കോയ്മ ത്രിഗുണങ്ങള്‍ക്ക് ആയതുകൊണ്ട് അവയില്‍ ത്രുഗുണങ്ങളുടെ ലക്ഷണമുദ്ര പതിഞ്ഞിട്ടുണ്ടാവുമെന്ന് അറിഞ്ഞിരിക്കണം. ഒരു വൃക്ഷത്തിന്‍റെ പൂവില്‍നിന്ന് കായ് എങ്ങനെയിരിക്കുമെന്ന് ഊഹിക്കാം. ഒരുവന്‍റെ സംസാരം കേള്‍ക്കുമ്പോള്‍ അവന്‍റെ മനസ്സ് എപ്രകാരമുള്ളതാണെന്നു മനസ്സിലാക്കാന്‍ കഴിയും. ഈ ജീവിതത്തില്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളുടെ വെളിച്ചത്തില്‍ ഒരുവന്‍റെ മുജ്ജന്മകര്‍മ്മങ്ങളെക്കുറിച്ച് അറിയാന്‍ കഴിയും. ഇങ്ങനെ മൂന്നുപ്രകാരത്തിലുള്ള ശ്രദ്ധയുടെ ലക്ഷണങ്ങള്‍ എപ്രകാരമാണെന്നു ഞാന്‍ വിശദീകരിക്കാം.