സ്വാമി വിവേകാനന്ദന്‍

മനുഷ്യവര്‍ഗ്ഗത്തിന്റെ ഭാവിയെ രൂപവല്‍ക്കരിച്ചുകൊണ്ട് ഇന്നോളം പ്രവര്‍ത്തിച്ചിട്ടുള്ളതും ഇന്നും പ്രവര്‍ത്തിച്ചുവരുന്നതുമായ ശക്തികളിലെല്ലാംവെച്ചു മതമെന്ന പേരില്‍ പ്രകാശിക്കുന്ന ശക്തിയേക്കാള്‍ ബലവത്തരമായ ശക്തിയില്ലെന്നു തീര്‍ച്ച. ആ ശക്തിവിശേഷം ഏതു ജനസമുദായത്തിന്റെ സംഘടനയ്ക്കും ആധാരമായി എവിടെയോ ഇരുന്നു പ്രവര്‍ത്തിക്കുന്നുണ്ട്: ഏതു കാലത്തും മനുഷ്യനെ മനുഷ്യനോടു ചേര്‍ക്കുന്ന ബലവത്തരപ്രേരണകളുണ്ടായിട്ടുള്ളത് ആ ശക്തിയില്‍നിന്നത്രേ. ഒരേ വര്‍ഗ്ഗം, ഒരേ ദേശം, ഒരേ വംശം എന്നീ ബന്ധങ്ങളേക്കാള്‍ ഒരേ മതമെന്ന ബന്ധമത്രേ ബലവത്തരമെന്ന് നമുക്കെല്ലാമറിയാം. ഒരേ മതം വിശ്വസിച്ച് ഒരേ ഈശ്വരനെ ആരാധിക്കുന്ന ജനങ്ങള്‍ ഒരേ വംശ്യരേക്കാള്‍, സഹോദരന്‍മാരേക്കാള്‍പോലും ഏറെ സ്ഥിരതയോടും ശക്തിയോടുംകൂടി പരസ്പരസഹായമായി നിന്നിട്ടുണ്ടെന്നുള്ളതും സുപ്രസിദ്ധമാണ്. മതമുദ്ഭവിച്ചതെങ്ങനെ എന്നു കണ്ടുപിടിപ്പാന്‍ പല യത്‌നങ്ങളുമുണ്ടായിട്ടുണ്ട്. അതിനെസ്സംബന്ധിച്ച ഒരു സിദ്ധാന്തം ഇന്നോളം നിലനിന്നിട്ടുള്ള പുരാതനമതങ്ങളിലെല്ലാം കാണാം. മതങ്ങള്‍ അപൗരുഷേയങ്ങളാണെന്നുള്ളതത്രേ അത്; അതായത് അവ ഉദ്ഭവിച്ചത് മനുഷ്യന്റെ മസ്തിഷ്‌കത്തില്‍നിന്നല്ല, അതിന്നപ്പുറത്ത് എവിടെയോ നിന്നാണെന്ന്.

മതോല്പത്തിയെക്കുറിച്ച് രണ്ടു സിദ്ധാന്തങ്ങളാണ് ആധുനിക പണ്ഡിതന്‍മാരുടെ ഇടയില്‍ ഒരുവിധം സമ്മതമായിട്ടുള്ളത്; ഒന്ന്, പരേതസിദ്ധാന്തം: മറ്റേത് അനന്തസത്തയെക്കുറിച്ചുള്ള അറിവിന്റെ പരിണാമം. പരേതാരാധനയാണ് മതപ്രാരംഭമെന്ന് ഒരു കക്ഷിയും, പ്രകൃതിശക്തികളില്‍ പുരുഷത്വാരോപണമാണ് മതോല്പത്തിക്കു കാരണമെന്ന് മറ്റേ കക്ഷിയും വാദിക്കുന്നു. ബന്ധുക്കള്‍ മരിച്ചുപോയാലും അവരുടെ സ്മരണ നിലനിര്‍ത്തണമെന്ന് മനുഷ്യര്‍ക്കാഗ്രഹമുണ്ട്: അവരുടെ ശരീരം നശിച്ചുപോയാലും അവര്‍ നിശ്ശേഷം നശിച്ചിട്ടില്ലെന്ന് അവര്‍ വിചാരിക്കുന്നു: അതുകൊണ്ട് അവര്‍ക്ക് ആഹാരം ബലികൊടുപ്പാനും, ഒരു വിധത്തില്‍ അവരെ ആരാധിപ്പാനും ഒരുങ്ങുന്നു. ഈ വിധത്തിലാണ് മതമുദ്ഭവിച്ചു വളര്‍ന്നതെന്നതിനു തെളിവുകള്‍, ഈജിപ്തുകാര്‍ ബാബിലോണിയക്കാര്‍ ചീനക്കാര്‍ മുതലായ പല വര്‍ഗ്ഗക്കാരുടേയും പുരാതനമതങ്ങള്‍ പരീക്ഷിക്കുമ്പോള്‍ കാണുന്നുണ്ട്. ഈജിപ്തുകാരുടെ ഇടയില്‍ ആത്മാവിനെക്കുറിച്ച് ആദ്യമുണ്ടായിരുന്ന ഭാവന, അതു ശരീരത്തിന് ഇണയാണെന്നാണ്. ഓരോ ശരീരത്തിനുള്ളിലും മിക്കവാറും അതുപോലുള്ള ഒരു സത്വമുണ്ട്: അതു മരണകാലത്ത് സ്ഥൂലശരീരം വിട്ടു പുറത്തുപോയി തുടര്‍ന്നു ജീവിച്ചിരിക്കും. ആ ജീവിതകാലം അതിന്റെ മൃതശരീരം ഊനമില്ലാതെ നിലനില്‍ക്കുന്ന കാലത്തോളം മാത്രം. ഈ വിശ്വാസം നിമിത്തമാണ് മൃതശരീരം കേടുകൂടാതെ സൂക്ഷിപ്പാന്‍ ഈജിപ്തുകാരുടെ ഇടയില്‍ അത്ര താല്പര്യം കാണുന്നത്. അവര്‍ അതുകൊണ്ടാണ് ശവസംരക്ഷണത്തിന് പിരമിഡ് ആഫല്ലന്‍ഛൂെജ്ഞഇ എന്ന ഗംഭീരകോണകുടീരങ്ങള്‍ നിര്‍മ്മിച്ചുപോന്നതും. ശവത്തിന്റെ വല്ല ഭാഗത്തിനും ഊനം തട്ടിയാല്‍ ഇണസ്സത്വത്തിന്റേയും അതേ ഭാഗത്തിനു ഹാനി പറ്റുമെന്നായിരുന്നു അവരുടെ വിശ്വാസം. ഇതു ശരിക്കും പരേതാരാധനയത്രേ. ബാബിലോണിയക്കാരുടെ ഇടയിലും ‘ഇണ’യെന്ന ഈ ബോധമുണ്ടായിരുന്നു: എന്നാല്‍ ഒരു വ്യത്യാസമുണ്ട്. അവരുടെ ഇണയുടലിനു സ്നേഹമെന്ന ഭാവം തീരെയില്ല. അതിനു ഭക്ഷ്യപേയങ്ങള്‍ നല്‍കാനും പലവിധത്തില്‍ സഹായിപ്പാനും വേണ്ടി ജീവിച്ചിരിക്കുന്നവരെ ഭയപ്പെടുത്തുകയാണ് അതു ചെയ്യുക. സ്വന്തം കളത്രപുത്രാദികളെപ്പോലും അതിനു സ്നേഹമില്ല. വ്യത്യാസം ഇത്രമാത്രം. പുരാതനഹിന്ദുക്കളുടെ ഇടയിലും പ്രേതാരാധന ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ചീനക്കാരുടെ മതത്തിന്റെ അടിസ്ഥാനംതന്നെ പ്രേതാരാധനയാണെന്നു പറയാം. അതിപ്പോഴും ആ വലിയ രാജ്യം നീളെ വ്യാപിച്ചുകിടക്കുന്നു. വാസ്തവത്തില്‍ അവിടെ ഉണ്ടെന്നു പറയാവുന്ന ഒരു മതം അതേയുള്ളു. ഇങ്ങനെ: പ്രേതാരാധനയാണ് മതോല്പത്തിക്കു കാരണമെന്ന വാദത്തിന് ഒരുവിധം നില കിട്ടി എന്നു കരുതാം.

മറുഭാഗത്ത് പ്രകൃതിപൂജയാണ് മതത്തിനു മൂലമെന്നു വാദിക്കുന്ന പണ്ഡിതന്‍മാര്‍ അതിനു തെളിവു തരുന്നത് പുരാതനമായ ആര്യസാഹിത്യമാണ്. പ്രേതാരാധനയ്ക്കുള്ള തെളിവുകളും ഇപ്പോള്‍ ഇന്ത്യയില്‍ എവിടെയും കാണാമെന്നതു ശരിതന്നെ. എന്നാല്‍ ഇന്ത്യയിലെ പ്രാചീനലക്ഷ്യങ്ങളില്‍ അതില്ല. ഋഗ്വേദസംഹിതയാണ് ആര്യവര്‍ഗ്ഗക്കാരുടെ ലക്ഷ്യങ്ങളില്‍വെച്ച് ഏറ്റവും പ്രാചീനം. അതില്‍ പ്രേതാരാധനയില്ല, പ്രകൃതിപൂജയാണുള്ളത് എന്ന് ആധുനികപണ്ഡിതന്‍മാര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. മനുഷ്യഹൃദയം പ്രപഞ്ചയവനികയ്ക്കപ്പുറത്തേക്ക് ഒരു നോക്കു കാണ്‍മാന്‍ ആയാസപ്പെടുന്നതുപോലെയാണ് അതില്‍ കാണുന്നത്. ഉഷസ്സ്, അസ്തമയം, ഝംഝാവാതം, പ്രപഞ്ചഗംഭീരാപരിമേയശക്തികള്‍, പ്രകൃതിസൗന്ദര്യങ്ങള്‍ എന്നിവയാല്‍ പ്രേരിതമായ മനുഷ്യമനസ്സ് ഇവയ്ക്കപ്പുറം കടപ്പാനും ഇവയെപ്പറ്റി വല്ലതുമറിവാനും ആഗ്രഹിക്കുന്നു. ഈ പരിശ്രമത്തില്‍ അവയ്ക്കു പുരുഷഗുണങ്ങള്‍ ആരോപിക്കുന്നു: ജീവനുണ്ടെന്നും ദേഹമുണ്ടെന്നും ഭാവനചെയ്യുന്നു: ഇവ ചിലപ്പോള്‍ സുന്ദരങ്ങള്‍ എന്നും ചിലപ്പോള്‍ അതീന്ദ്രിയങ്ങളെന്നും കല്പിക്കുന്നു.ക്‌സ എന്നാല്‍ ഈ ഓരോ പരിശ്രമവും ഇവയെ അമൂര്‍ത്തമാക്കി പര്യവസാനിക്കുന്നു. അതു സഗുണമായെന്നും വരാം, അല്ലെന്നും വരാം. പുരാതനഗ്രീക്കുകാരുടെ ഇടയില്‍ കാണുന്നതും ഈ സമ്പ്രദായമാണ്. അവരുടെ ദേവതാചരിതമാകെ ഈ പ്രകൃതിപൂജയില്‍നിന്നുള്ള തത്ത്വോദ്ധാരണംതന്നെ. ജര്‍മ്മന്‍, സ്‌കാന്‍ഡിനേവിയന്‍ മുതലായ പുരാതനാര്യവര്‍ഗ്ഗക്കാരെല്ലാം ഇതുതന്നെയാണ് ചെയ്തത്. ഇങ്ങനെ, പ്രകൃതിശക്തികള്‍ക്കു പുരുഷത്വമാരോപിച്ചുകൊണ്ടാണ് മതമുദ്ഭവിച്ചത് എന്നു മറുഭാഗത്തെ വാദത്തിനും ഒരു നല്ല നില കാണുന്നുണ്ട്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 4 മതം അത്യാവശ്യം (ലണ്ടന്‍ പ്രസംഗം). പേജ് 69-72]