ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 5, 6
അശാസ്ത്രവിഹിതം ഘോരം
തപ്യന്തേ യേ തപോ ജനാഃ
ദംഭാഹങ്കാരസംയുക്താഃ
കാമരാഗബലാന്വിതാഃകര്ശയന്താഃ ശരീരസ്ഥം
ഭൂതഗ്രാമമചേതഃ
മാം ചൈവാന്തഃ ശരീരസ്ഥം
താന്‍ വിദ്ധ്യാസുര നിശ്ചയാന്‍.
ദംഭം, അഹങ്കാരം എന്നിവയോടുകൂടിയവരും അഭിലാഷം, ആസക്തിബലം എന്നിവയുള്ളവരും ദേഹത്തെ നിലനിറുത്തുന്നതില്‍ സഹായിക്കുന്ന പഞ്ചഭൂതസമൂഹത്തെയും അന്തര്യാമിയായി സ്ഥിതിചെയ്യുന്ന എന്നെത്തന്നെയും ക്ലേശിപ്പിക്കുന്നവരും അവിവേകികളുമായ ആരൊക്കെ ശാസ്ത്രത്തില്‍ വിധിക്കപ്പെട്ടിട്ടില്ലാത്തതും ക്രൂരവുമായ തപസ്സ് ആചരിക്കുന്നുവോ അവരൊക്കെ ആസുരപ്രകൃതികളാണെന്ന് മനസ്സിലാക്കുക.
ഇനിയും മറ്റു ചിലരുണ്ട്. അവര്‍ ശാസ്ത്രം എന്ന പദം തന്നെ ശരിക്കും ഉച്ചരിക്കാന്‍ കഴിവില്ലാത്തവരാണ്. എന്നാല്‍ അവര്‍ ശാസ്ത്രങ്ങളില്‍ നിഷ്ണാതന്മാരായവരെ തങ്ങളുടെ അടുത്തെങ്ങും വരാന്‍പോലും അനുവദിക്കുകയില്ല. അവര്‍ ഈശ്വരാരാധന നടത്തുന്ന ശ്രേഷ്ഠജനങ്ങളെ പരിഹസിക്കുന്നു. പണ്ഡിതന്മാരെ നിന്ദിക്കുന്നു. ധനത്തിന്‍റെ ദുര്‍മ്മദംകൊണ്ട് അഹങ്കാരികളായ അവര്‍ നാസ്തികന്മാരുടെ തപശ്ചര്യകള്‍ പിന്തുടരുന്നു. വെട്ടുകത്തി ഉപയോഗിച്ച് തന്‍റേയും മറ്റുള്ളവരുടേയും ശരീരത്തില്‍നിന്ന് രക്തവും മാംസവും എടുത്ത് യജ്ഞപാത്രങ്ങള്‍ നിറയ്ക്കുന്നു, അത് എരിയുന്ന യാഗാഗ്നിയിലേക്കു ചൊരിഞ്ഞ് ക്ഷുദ്രദേവതകള്‍ക്ക് നൈവേദ്യമായി അര്‍പ്പിക്കുന്നു. ഈ ക്ഷുദ്രദേവതകളില്‍നിന്നും വരങ്ങള്‍ ലഭിക്കുന്നതിനായി അവര്‍ വാരത്തോളം നീണ്ടുനില്ക്കുന്ന നിരാഹാരവ്രതം അനുഷ്ഠിക്കുകയും ശപഥം നിറവേറ്റുന്നതിനായി ശിശുക്കളെ ബലിയര്‍പ്പിക്കുകയും ചെയ്യുന്നു.
അല്ലയോ സുജ്ഞാനനായ അര്‍ജ്ജുന, അവര്‍ തമോഗുണംകൊണ്ടു നിറഞ്ഞ ഹൃദയമാകുന്ന ഭൂതലത്തില്‍ ആത്മപീഡനത്തിന്‍റേയും പരപീഡനത്തിന്‍റേയും വിത്തുകള്‍ വിതയ്ക്കുകയും അതിന്‍റേതായ ഫലങ്ങള്‍ കൊയ്യുകയും ചെയ്യുന്നു. ആസുരീവര്‍ഗ്ഗത്തില്‍പെട്ട ഇപ്രകാരമുള്ളവരുടെ അവസ്ഥ, സംസാരമാകുന്ന സാഗരത്തില്‍പെട്ട് വിവേകശക്തിയാകുന്ന കൈകളില്ലാതെ ഉഴലുകയും ജ്ഞാനമാകുന്ന തോണിയില്‍ കയറാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ഒരുവന്‍റേതുപോലെയാണ്. ഇവര്‍ ജ്ഞാനിയാകുന്ന ഭിഷഗ്വരന്‍ നല്‍കുന്ന ജ്ഞാനമാകുന്ന ഔഷധത്തെ തട്ടിത്തെറിപ്പിച്ച് രോഗത്തിന്‍റെ വേദനകൊണ്ട് ഞെരിപിരിക്കൊള്ളുന്നവരാണ്. ഇവര്‍ കണ്ണുകടികൊണ്ട് മറ്റുള്ളവരുടെ ഉയര്‍ച്ച കാണാന്‍ ശക്തിയില്ലാതെ, സ്വന്തം കണ്ണുകുത്തിപ്പൊട്ടിച്ച് വീട്ടിലിരിക്കുന്ന അന്ധന്മാരെപ്പോലെയാണ്. ഈ ആസുരീവര്‍ഗ്ഗക്കാര്‍ ശാസ്ത്രങ്ങളെ നിന്ദയോടെ നിരാകരിച്ച് മോഹമാകുന്ന കാനനത്തില്‍ അലക്ഷ്യമായി അലഞ്ഞുതിരിഞ്ഞു നടക്കുന്നു. കാമത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ക്രോധവലയത്തില്‍പ്പെട്ട് മറ്റുള്ളവരെ കൊല്ലുന്നതിനും മടിക്കുന്നില്ല. എന്നുതന്നെയുമല്ല, അവരുടെ ദേഹത്തില്‍ ദേഹിയായി വസിക്കുന്ന എന്നെ കഷ്ടപ്പാടുകളാകുന്ന പാറക്കഷണങ്ങളുടെ കൂമ്പാരത്തിനിടയില്‍ താഴ്ത്തി പീഡിപ്പിക്കുകയും ചെയ്യുന്നു.
അവരുടേയും മറ്റുള്ളവരുടേയും ദേഹത്തെ ദ്രോഹിക്കുമ്പോള്‍ അവരില്‍ ദേഹിയായി കുടികൊള്ളുന്ന എന്നെയാണ് അവര്‍ വേദനിപ്പിക്കുന്നത്. ഇപ്രകാരമുള്ള പാപികളെപ്പറ്റി പറയുന്നതുതന്നെ പാപമാണ്. എന്നാല്‍ അവരെ നിനക്ക് ഒഴിവാക്കുവാന്‍ വേണ്ടി പറഞ്ഞതാണ്. സ്വന്തം കരങ്ങള്‍കൊണ്ടു ശവശരീരത്തെ എടുത്തുമാറ്റേണ്ടിവരും. മ്ലേച്ഛന്മാരെ സ്പര്‍ശിക്കാതിരിക്കാന്‍ വേണ്ടി അവരോട് മധുരമായി സംസാരിക്കേണ്ടിവരും. ശരീരത്തിലുള്ള അഴുക്കു തന്നത്താന്‍ കഴുകിക്കളയേണ്ടിവരും. ഇതൊക്കെ ചെയ്യുന്നത് ശുദ്ധിവരുത്തുന്നതിനു വേണ്ടിയാണ്. അതുകൊണ്ട് ഇതൊന്നും അശുദ്ധമായ പ്രവൃത്തികളായി ആരും കണക്കാക്കുകയില്ല. അതുപോലെ ആസുരീപ്രകൃതികളെപ്പറ്റി വിവരിച്ചത് അവരുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കാന്‍ വേണ്ടിയായതിനാല്‍ അതില്‍ പശ്ചാത്തപിക്കേണ്ടിവരുന്നില്ല. അപ്രകാരമുള്ളവരെ ദൂരെക്കാണുമ്പോള്‍ എന്നെ സ്തുതിക്കുകയല്ലാതെ മറ്റു പ്രതിവിധികളൊന്നുമില്ല. അതുകൊണ്ട് സത്ത്വഗുണത്തെ അഭിവൃദ്ധിപ്പെടുത്തുവാന്‍ വേണ്ടി നീ അനവരതം പ്രയത്നിക്കണം.
സത്ത്വഗുണവര്‍ദ്ധനവിന് അനുകൂലമായ വിധത്തിലുള്ള സഹവാസം നടത്തുകയും അതിനെ പോഷിപ്പിക്കുന്ന ആഹാരം കഴിക്കുകയും ചെയ്യണം. ഒരുവന്‍റെ സ്വഭാവരൂപീകരണത്തില്‍ അവന്‍ കഴിക്കുന്ന ആഹാരം വലിയ ഒരു പങ്കുവഹിക്കുന്നു. നിര്‍മ്മദനായ ഒരുവന്‍ മദ്യം കഴിക്കുമ്പോള്‍ ഉന്മത്തനാകുന്നതു നീ കണ്ടിട്ടില്ലേ? നീ കഴിക്കുന്ന ആഹാരത്തിന്‍റെ ന്യൂനതകൊണ്ട് കഫാധിക്യവും ചുമയും ഉണ്ടാകാറില്ലേ? ജ്വരമുള്ളവര്‍ പാലു കുടിക്കുമ്പോള്‍ ജ്വരം കൂടുകയല്ലേ ചെയ്യുന്നത്? ഒരു കവിള്‍ അമൃത് അമരത്വം നല്‍കുമ്പോള്‍ ഒരു വിഷം മരണഹേതുകമാകുന്നു. അതുപോലെ നാം കഴിക്കുന്ന ആഹാരം ശരീരത്തിലുള്ള രക്തമാംസാദി ധാതുക്കളെ അഭിവൃദ്ധിപ്പെടുത്തുകയും അവ മനുഷ്യമനസ്സിന്‍റെ അന്തര്‍ഭാവങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ജലം നിറഞ്ഞ കുടം ചൂടുപിടിക്കുമ്പോള്‍ ജലവും ചൂടുപിടിക്കുന്നതുപോലെ ചിത്തവൃത്തി ഈ ധാതുക്കളെക്കൊണ്ട് നിബന്ധിക്കപ്പെടുന്നു. സാത്ത്വികാഹാരം കഴിച്ചാല്‍ അത് സത്ത്വഗുണത്തെ പരിപോഷിപ്പിക്കുന്നു. മറ്റുവിധത്തിലുള്ള ഭക്ഷണം കഴിച്ചാല്‍ രജസ്തമോഗുണങ്ങള്‍ പരിപുഷ്ടമാകുന്നു. സാത്ത്വികാഹാരം എന്താണെന്നും, രാജസികവും താമസികവുമായ ആഹാരത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും ഞാന്‍ നിന്നോട് പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.