രമണമഹര്‍ഷി സംസാരിക്കുന്നു

ജ്ഞാനിയും അജ്ഞാനിയും ഒരുപോലെതന്നെ കാണപ്പെടുന്നു (391)

ശ്രീ രമണമഹര്‍ഷി
ജനുവരി 10, 1939

ഒരു സ്ത്രീഭക്ത തന്‍റെ പ്രാര്‍ത്ഥനയ്ക്കിടയില്‍ ഇങ്ങനെ പാടി. ‘അങ്ങാണ് എന്‍റെ പിതാവ്, മാതാവ്, മിത്രങ്ങള്‍, എന്നല്ല എന്റെതുകളെല്ലാവും’.

രമണമഹര്‍ഷി: (ചിരിച്ചുകൊണ്ട്) അതെ, അതെ. അങ്ങ് അതാണ്‌, ഇതാണ്, എല്ലാമാണ്, ‘ഞാ’നല്ല. എന്തുകൊണ്ട് ‘നീ ഞാനാണ്’ എന്നു പറഞ്ഞു തീര്‍ക്കാത്തത്!

ജനുവരി 17 1939

മഹര്‍ഷി ലേഡിബേറ്റ്മനിനോട് പറഞ്ഞു:

നിര്‍വ്വികാരവും നിശ്ചഞ്ചലവുമായ ഒരു ശാശ്വതാവസ്ഥ എല്ലാവര്‍ക്കുമുണ്ട്. അതില്‍ ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥകള്‍ മാറിമാറി വന്നുപൊയ്ക്കൊണ്ടിരിക്കുന്നു; സിനിമാസ്ക്രീനില്‍ ചിത്രങ്ങള്‍ എന്നപോലെ.

തീവണ്ടിയില്‍ സഞ്ചരിക്കുന്ന ഒരാള്‍ നിശ്ചലനായിരിക്കവെതന്നെ ഗ്രാമങ്ങളും പട്ടണങ്ങളും വന്നു പൊയ്ക്കൊണ്ടിരിക്കുന്നു. അതുപോലെതന്നെ ഒരു ജ്ഞാനിയും മിണ്ടാതെ ഇരിക്കവെ വിഷയാദികള്‍ അവന്‍റെ മുമ്പില്‍കൂടി വന്നുപൊയ്ക്കൊണ്ടിരിക്കുന്നു.

ജ്ഞാനിയും അജ്ഞാനിയും ഒരുപോലെതന്നെ കാണപ്പെടുന്നു. ജ്ഞാനി ലോക വിഷയാദികളില്‍ ഭ്രമിച്ചു പോകുന്നില്ല. ഒന്നിനെയും സ്പര്‍ശിക്കുന്നേയില്ല. അജ്ഞാനി, ദേഹമാണ് താന്‍ എന്ന അജ്ഞാനത്താല്‍ കണ്ടതെല്ലാം സത്യമാണെന്ന് വ്യാമോഹിച്ചു അതുകളോട് ചേര്‍ന്നുകൊള്ളുന്നു.

ആഹാരം കഴിക്കുന്നതിനുമുമ്പേ ഉറങ്ങിപ്പോയ കുഞ്ഞിനെ അമ്മ ഉണര്‍ത്തി ആഹാരിപ്പിക്കുന്നു. ആഹാരം കഴിക്കുന്നു എന്ന ബോധമില്ലാതെതന്നെ കുഞ്ഞ് ആഹാരം കഴിക്കുന്നതുപോലെയാണ് ജ്ഞാനി ചെയ്യുന്ന വ്യവഹാരങ്ങളും. ഇതറിയാതെ അവനും വ്യവഹാരങ്ങള്‍ ചെയ്യുന്നു എന്നു മറ്റുള്ളവര്‍ കരുതുന്നു.

മനസ്സ് മറ്റൊരു വിഷയത്തില്‍ പെട്ടിരിക്കുന്ന ഒരുവന്‍ കഥ കേള്‍ക്കുമ്പോലെയാണ് ജ്ഞാനിയുടെ വ്യവഹാരവും. കഥ കേള്‍ക്കുന്നവന്‍ കഥ എന്താണെന്നറിയാതെ അവന്‍റെ മനസ്സ് സ്വസ്വരൂപ നിര്‍വൃതിയില്‍ ലയിച്ചിരിക്കും.

ത്രിപുടികളെ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് അത് സത്യമല്ലെന്ന് തോന്നുകയില്ല. സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നവനേ സ്വപ്നം മനോസങ്കല്പമാണെന്നറിയൂ. ഉണര്‍ച്ചയാണെന്ന് പറയുന്ന ജാഗ്രത്ത്‌ അജ്ഞാന നിദ്രയ്ക്കിടയില്‍ തോന്നുന്ന സ്വപ്നമാണ്. അജ്ഞാന നിദ്രയില്‍ നിന്നും ഉണര്‍ന്നവന്‍ ഇപ്പറഞ്ഞ ജാഗ്രല്‍ സ്വപനം മാറി അന്യമറ്റ അഖണ്ഡാനന്ദസ്വരൂപനായി പ്രകാശിക്കും.

ചോദ്യം: അവയവങ്ങളുടെ തളര്‍ച്ചയെ മാറ്റാനാണുറക്കം. അതു മന്ദമാണ്. എന്നാല്‍ ജാഗ്രത്ത്‌ മനോഹരവും രസകരവുമാണ്‌.

മഹര്‍ഷി പക്ഷെ ജ്ഞാനിയെ സംബന്ധിച്ചിടത്തോളം നേരെമറിച്ചാണ്. ‘യാനിശാ സര്‍വ്വഭൂതാനാം തസ്യാം ജാഗ്രതി സംയമി’. മറ്റുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജ്ഞാനി ഉണര്‍ന്നിരിക്കും. നിങ്ങള്‍ ജാഗ്രത്ത്‌ എന്ന് പറയുന്ന ഈ സുഷുപ്തിയില്‍ നിന്നും ഉണരുക.

Back to top button