സ്വാമി വിവേകാനന്ദന്‍

മതത്തില്‍നിന്നു നമുക്കറിവാകുന്ന കനത്ത വാസ്തവങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും പുറമേ, അതില്‍നിന്നു നമുക്കു ലഭിക്കാവുന്ന മനസ്സമാധാനങ്ങള്‍ക്കും പുറമേ, ഒരദ്ധ്യയനവിഷയം ഒരു ശാസ്ത്രം എന്ന നിലയില്‍ അതു മനുഷ്യനുണ്ടാകാവുന്ന മനോവ്യാപാരങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ംവും ആരോഗ്യകരവുമാകുന്നു. ഈ അപരിമിതാനുപ്രയാണം, ഈ അഖണ്ഡാവാപ്തിപരിശ്രമം, ഈ ഇന്ദ്രിയോല്ലംഘനയത്‌നം, ഭൂതസംഘാതത്തെ പിളര്‍ന്ന് അദ്ധ്യാത്മമനുഷ്യനെ ആവിഷ്‌കരിക്കാനുള്ള ഈ യത്‌നം, അനന്തമായതിനെ സ്വാത്മാവാക്കുവാന്‍ (ആത്മാവിനെ സാക്ഷാല്‍ക്കരിപ്പാന്‍) ദിനരാത്രം ചെയ്യുന്ന ഈ തീവ്രോദ്യമം – ഇതുതന്നെയാണ് മനുഷ്യസംരംഭങ്ങളില്‍വെച്ച് മഹത്തമവും മഹനീയതമവും. ചില മനുഷ്യര്‍ക്ക് ഏറ്റവും വലിയ സുഖം തീറ്റയിലാണ്. അതരുതെന്നു പറയുവാന്‍ നമുക്കധികാരമില്ല. വേറെ ചിലര്‍ക്ക് ചില സാധനങ്ങള്‍ പരിഗ്രഹിക്കുന്നതാണ് വലിയ സുഖം. അതും ശരിയല്ലെന്നു പറയുവാന്‍ നമുക്കധികാരമില്ല. മറിച്ച് അദ്ധ്യാത്മചിന്തയില്‍ അത്യധികം രമിക്കുന്നവരോട് അങ്ങനെയരുതെന്നു പറയുവാന്‍ മറ്റാര്‍ക്കും അധികാരമില്ല. ജീവിതപരിണാമത്തില്‍ ഓരോ പടി താഴുംതോറും ഇന്ദ്രിയങ്ങളില്‍ രതിയേറും. നായയ്‌ക്കോ, ചെന്നായയ്‌ക്കോ ഉണ്ടാകുന്ന രുചിയോടുകൂടി ഭക്ഷിപ്പാന്‍ ചുരുക്കം മനുഷ്യര്‍ക്കേ സാധിക്കൂ. നായിന്റേയും ചെന്നായിന്റേയും സുഖമാകട്ടെ, മുഴുവനും ഇന്ദ്രിയങ്ങളില്‍ പെട്ടുപോയിരിക്കുന്നു. ഏതു രാജ്യത്തും താണതരം മനുഷ്യര്‍ ഇന്ദ്രിയങ്ങളില്‍ തൃപ്തിയടയുന്നവരായിരിക്കും: വിദ്യാഭ്യാസവും സംസ്‌കാരവും സിദ്ധിച്ചവരാകട്ടെ, ആലോചനാവിഷയങ്ങളിലും തത്ത്വജ്ഞാനത്തിലും കലാവിദ്യകളിലും ശാസ്ത്രങ്ങളിലും രസിക്കുന്നവരായിരിക്കും. ആത്മവിഷയം അതിനേക്കാള്‍ ഉയര്‍ന്ന പടിയാണ്. വിഷയം അപരിമിതമാകകൊണ്ട്, രംഗം ഉച്ചതമം: അതനുഭവിപ്പാന്‍ കഴിവുള്ളവര്‍ക്ക് അതിലുള്ള സുഖവും ഉച്ചതമം. അതുകൊണ്ട്, സുഖമാണ് മനുഷ്യന്‍ അന്വേഷിക്കേണ്ടത് എന്നു പ്രയോജനവാദി പറയുന്ന പക്ഷത്തിലും മനുഷ്യന്‍ മതവിചാരം അഭ്യസിക്കണം. സുഖങ്ങളില്‍വെച്ച് മികച്ചത് അതാകുന്നു. അതുകൊണ്ട് മതം ഒരു പാഠ്യവിഷയത്തിന്റെ നിലയില്‍ അത്യാവശ്യമാണെന്നെനിക്കു തോന്നുന്നു. അങ്ങനെയാണെന്നു ഫലംകൊണ്ടു കാണ്‍മാനും കഴിയും. മനുഷ്യന്റെ മനസ്സിനെ സ്വയം പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ശക്തി അതാണ്. നമ്മളില്‍ ഇത്രമാത്രം ഊര്‍ജ്ജത്തെ ഉളവാക്കാന്‍ ആദ്ധ്യാത്മികതയെപ്പോലെ മറ്റൊരാദര്‍ശവുമില്ല. ചരിത്രംകൊണ്ട് അറിയാവുന്നേടത്തോളം കാര്യം ഇങ്ങനെയായിരുന്നു എന്നു നമുക്കെല്ലാം വ്യക്തമാണ്. അതിന്റെ ശക്തി നശിച്ചിട്ടുമില്ല. പ്രയോജനം മാത്രം ചുവടാക്കിയും മനുഷ്യര്‍ സദ്‌വൃത്തരും സത്തുക്കളുമാവാമെന്നതിനെ ഞാന്‍ നിഷേധിക്കുന്നില്ല. പ്രയോജനമാത്രവാദികളായ പല മഹാന്‍മാരും ലോകത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ലോകത്തെ ആകമാനം ഇളക്കുന്ന മഹാത്മാക്കള്‍, അയസ്‌കാന്തംപോലെയുള്ള ശക്തിപുഞ്ജം ലോകത്തിലേക്കു കടത്തിവിടുന്നവര്‍, അനേകായിരം ജനങ്ങളില്‍ സ്വശക്തിയും ആശയങ്ങളും സംക്രമിപ്പിക്കുന്നവര്‍, സ്വജീവിതത്തില്‍, അന്യജീവിതങ്ങളില്‍, അദ്ധ്യാത്മവഹ്‌നിയെ ജ്വലിപ്പിക്കുന്നവര്‍ – അങ്ങനെയുള്ള മഹാന്‍മാര്‍ക്ക്, എപ്പോഴും ആത്മപരത്വമാണ് അടിസ്ഥാനമെന്നു നാം കാണുന്നു, അവരുടെ ശക്തി മതത്തില്‍നിന്നാണുണ്ടായത്. സര്‍വ്വരുടെയും പ്രകൃതിയും ജന്‍മാവകാശവുമായ അനന്തചൈതന്യം സമ്പാദിപ്പാന്‍ മനുഷ്യന് ഏറ്റവും വലിയ ശക്തി നല്‍കുന്നത്, മതമാണ്. സ്വഭാവരൂപവല്‍ക്കരണത്തിലും, സത്തും മഹത്തുമായ ഏതും ഉളവാക്കുന്നതിലും, പരന്‍മാര്‍ക്കും സ്വന്തം ആത്മാവിനുതന്നെയും ശാന്തി കൈവരുത്തുന്നതിലും വ്യാപരിക്കുന്ന പരമശക്തി മതമാണ്. ആ നിലയില്‍ വേണം താനും മതമഭ്യസിക്കുക. മതപംനത്തിന്റെ അടിസ്ഥാനം മുമ്പത്തേതിനെക്കാള്‍ അധികം വിപുലമാക്കണം. ഇടുങ്ങിയും കുടുങ്ങിയും പിണങ്ങിയുമുള്ള മതഭാവനകള്‍ ഇല്ലാതാകണം. മതകാര്യത്തില്‍ വര്‍ഗ്ഗീയമെന്നും വംശീയമെന്നും രാഷ്ട്രീയമെന്നുമുള്ള ബോധങ്ങള്‍ പരിത്യജിക്കണം. അതാതു വര്‍ഗ്ഗത്തിനോ രാഷ്ട്രത്തിനോ പ്രത്യേകമായി ഒരീശ്വരന്‍ വേണമെന്നും, സ്വന്തമൊഴിച്ചു മറ്റെല്ലാം തെറ്റുമെന്നുമുള്ള ഭാവന ഭൂതകാലത്തിലേക്കു മടങ്ങിച്ചെന്നു മറയേണ്ട അന്ധവിശ്വാസമാകുന്നു. ആവക ഭാവനകളെല്ലാം ദൂരെക്കളയണം.

മനുഷ്യന്റെ മനസ്സു വികസിക്കുന്തോറും അദ്ധ്യാത്മപദ്ധതികള്‍ക്കും വികാസം കൂടും. എവിടെയെങ്കിലും ഒരാള്‍ ഒരു വിചാരം ആവിഷ്‌കരിക്കുന്നു: അത് ആ നിമിഷത്തില്‍ എല്ലാ ദിഗന്തരത്തിലും പറന്നെത്തുന്നു. അതിനെ തടുക്കുക വയ്യ: കാലം അങ്ങനെയിരിക്കുന്നു, ഭൗതികോപകരണങ്ങളെക്കൊണ്ടുതന്നെ നാം സര്‍വ്വലോകത്തോടും സമ്പര്‍ക്കം സമ്പാദിച്ചുകഴിഞ്ഞു: അതുകൊണ്ട് ഇനിമേലില്‍ മതങ്ങളും അത്ര വിപുലങ്ങളും സാര്‍വത്രികങ്ങളുമാകണം.

ഭാവിയിലെ മതാദര്‍ശങ്ങള്‍, ഇന്നു ലോകത്തില്‍ സത്തായും മഹത്തായുമുള്ളതിനെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നവയും അതോടൊപ്പം മേലില്‍ അനന്തവികാസത്തിന് അവകാശം നല്‍കുന്നവയുമായിരിക്കണം. മുമ്പുണ്ടായിരുന്ന നന്‍മയെല്ലാം സംരക്ഷിക്കണം: ഭാവിയില്‍ വന്നുചേരാവുന്നതിനു വാതില്‍ തുറന്നുവെയ്ക്കുകയും വേണം. ഈശ്വരനെപ്പറ്റിയ ഭാവനകള്‍ ഓരോ മതത്തിലും വ്യത്യസ്തമാണെന്നുവെച്ച് മതങ്ങള്‍ അന്യോന്യം നിന്ദിക്കാതിരിക്കുകയും, സ്വീകാര്യബുദ്ധി കൈക്കൊള്ളുകയും വേണം. ഈശ്വരനെന്നു നാം കരുതിവരുന്ന അര്‍ത്ഥത്തില്‍ ഈശ്വരവിശ്വാസം ഇല്ലാത്തവരെന്നു പറയാവുന്ന അനേകം ആത്മവാന്‍മാരെ, ബുദ്ധിമാന്‍മാരെ, ഞാന്‍ കണ്ടിട്ടുണ്ട്. ഒരുപക്ഷേ, അവര്‍, ഈശ്വരനെക്കുറിച്ച് നമുക്ക് ഏതു കാലത്തും അറിയാവുന്നതിനെക്കാളും അധികം നന്നായി അറിഞ്ഞിട്ടുണ്ടാവാം. സഗുണം, നിര്‍ഗ്ഗുണം, അനന്തം, ധര്‍മ്മം, ആദര്‍ശപുരുഷന്‍ എന്നിവയെല്ലാം മതനിര്‍വ്വചനത്തില്‍ അടങ്ങണം. ഈവിധത്തില്‍ വിസ്തൃതി കൂട്ടുന്ന മതങ്ങള്‍ക്കു ലോകഹിതം ചെയ്യാന്‍ ശതഗുണം ശക്തി വര്‍ദ്ധിക്കും. മതങ്ങള്‍ക്കു ഗംഭീരശക്തിയുണ്ടായിട്ടും സങ്കുചിതത്വവും പരിമിതിയുംകൊണ്ടുമാത്രം അവ പലപ്പോഴും ലോകത്തിനു നന്‍മയേക്കാളധികം തിന്‍മയാണ് വരുത്തിയിട്ടുള്ളത്.