ശ്രീ രമണമഹര്‍ഷി

ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് – സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്. അതില്‍ ഉറക്കത്തിലെ ഭേദമറ്റ ശാന്തിയും ജാഗ്രത്തിലെ ഉണര്‍വും ഒന്നായി കലര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ആ അനുഭൂതിയെ ജാഗ്രത് – സുഷുപ്തി എന്നു പറയുന്നത്. അതില്‍ ഉറക്കതിലുള്ളതിനെക്കാള്‍ അഗാധമായ പ്രശാന്തിയും ജാഗ്രത്തിലുള്ളതിനേക്കാള്‍ തെളിവുള്ള ബോധവും കലര്‍ന്നിരിക്കുന്നു. അതുകൊണ്ടാണതിനെ അതിസൂക്ഷ്മമെന്നും അതിജാഗ്രത്തെന്നും പറഞ്ഞുപോരുന്നത്. ഇരുവൃത്തികള്‍ക്കിടയില്‍ അതിസൂക്ഷ്മമായി പ്രകാശിക്കുന്ന അവസ്ഥ ഇതാണ്. ഉറക്കം വിട്ടുണരുമ്പോള്‍ ആദ്യം പ്രകാശിക്കുന്നതനുഭവമാവും. ചുരുക്കിപ്പറഞ്ഞാല്‍ വൃത്തിചലനം തീരെ അറ്റ് (ഉറക്കത്തിലെ) അറിയായ്മയും നിശ്ശേഷം മാഞ്ഞുള്ളതാണ് പരിപൂര്‍ണ്ണമായ ആത്മജ്ഞാന നില.

ഇത്രയും കേട്ട ലേഡിബേറ്റ്മന്‍ സംതൃപ്തയും സുപ്രസന്നയുമായിത്തീര്‍ന്നു. ജ്ഞാനം അനുഭവുമായിത്തീരുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

മഹര്‍ഷി: ആത്മാനുഭൂതി എപ്പോഴുമുള്ളതാണ്. വിഘ്നങ്ങളെ മാറ്റുകയേ വേണ്ടിയുള്ളൂ. പുത്തനായുണ്ടാകേണ്ടതാണെങ്കില്‍ പിന്നീടില്ലാതെ പോകും.

ചോദ്യം: അങ്ങെന്നെ ഒരു ദേവസാമ്രാജ്യത്തില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്.
മഹര്‍ഷി: ഇതു തന്നെയാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്ന ദേവസാമ്രാജ്യം. അത് നിങ്ങളുടെ ഉള്ളിലിരിക്കുകയാണ്. ദൃഷ്ടിഭേദത്താല്‍ അതിനെ ലോകമാണെന്ന് കാണുന്നുവെന്നേയുള്ളൂ. വിചാരം ഒഴിഞ്ഞാല്‍ ഇതിനു നിലയില്ലെന്നു കാണാം.

ചോദ്യം: വാഗ്ഘനരുടെ സംഗീതം കേട്ടാല്‍ രോമാഞ്ചമുണ്ടായിപ്പോകുന്നു. അതിനെ ദൃഷ്ടിഭേദമാണെന്നെങ്ങെനെ പറയും?
മഹര്‍ഷി: ഗാഢനിദ്രയിലും നിങ്ങള്‍ ഉണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് വാഗ്ഘനരുടെ സംഗീതവും അതിന്‍റെ മാധുരിയും അപ്പോളില്ല. എന്തുകൊണ്ട്? അപ്പോള്‍ വിചാരമില്ലാത്തതിനാല്‍. എല്ലാം എന്നല്ല ഈ ലോകവും വിചാരത്തിനുള്ളിലേ ഉള്ളൂ.

ചോദ്യം: അപ്പാ! ഇതെന്തു മധുരം!