ശ്രീ രമണമഹര്‍ഷി
ചോദ്യം: ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്‍ ഇടയ്ക്ക് ഈ സൃഷ്ടി എന്തിന്?
രമണമഹര്‍ഷി: ജീവാത്മാവിനെ തന്‍റെ സത്യസ്വരൂപത്തെ അറിഞ്ഞുകൊള്ളാന്‍ പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് (മിഥ്യയായ) ഈ സൃഷ്ടി. നിദ്രയില്‍ ദേഹാദി പ്രപഞ്ചങ്ങള്‍ ദൃശ്യമല്ല. എങ്കിലും ജീവന്‍ അപ്പോഴും തന്നെ അറിയാതിരിക്കുന്നു. തെറ്റായ ദേഹാത്മബുദ്ധിപോലും നശിച്ച് ജീവന്‍ മൂഢമായിപ്പോകുന്നു. സത്യാന്വേഷണത്തിനു സാധിക്കാതെ പോകും. ജാഗ്രത്തില്‍ തെറ്റായ (ദേഹാത്മ)ബോധമെങ്കിലും ഉള്ളത് തന്‍റെ സത്യാന്വേഷണത്തിനു സഹായകരമാണ്. ഈ സ്ഥാനത്താണ് (മിഥ്യയായ) സൃഷ്ടിയുടെ പ്രയോജനം.
ചോദ്യം: ബ്രഹ്മജ്ഞാനിക്കു ശരീരവേദനയും പുനര്‍ജനനവുമുണ്ടോ? അദ്ദേഹത്തിനു ആയുസ്സിനെ നീട്ടാനും കുറുക്കാനും കഴിയുമോ?
മഹര്‍ഷി: സ്വന്തം കാര്യം നോക്കൂ. ബ്രഹ്മജ്ഞാനിയുടെ കാര്യം അദ്ദേഹം നോക്കിക്കൊള്ളും.
ചോദ്യം: ആത്മാവേ ഞാനെന്നറിഞ്ഞാല്‍ പിന്നീടെന്താവും?
മഹര്‍ഷി: ആദ്യം ഇതറിയൂ, അപ്പോഴേ അടുത്ത അവസ്ഥയെപ്പറ്റി അറിയാനൊക്കൂ.
ചോദ്യം: തന്നെ അറിഞ്ഞാല്‍ ബ്രഹ്മത്തോട് ചേര്‍ന്നുപോവുമോ?
മഹര്‍ഷി: തന്നെപ്പറ്റിപ്പോലും അറിയാത്തവര്‍ ബ്രഹ്മത്തെപ്പറ്റി സംസാരിക്കുന്നതെന്തിന്?
ചോദ്യം: ഒരു ജ്ഞാനിയെക്കണ്ടെത്തി ഉപദേശം വാങ്ങി അതനുസരിച്ചു നടക്കണം, അല്ലേ?
മഹര്‍ഷി: അതെ. ജ്ഞാനിയുടെ ലക്ഷങ്ങളെപ്പറ്റി ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു ജ്ഞാനിയെ കണ്ടെത്തി അദ്ദേഹത്തില്‍ നടമാടുന്ന ശാന്തിസ്വരൂപത്തെ താനും പകര്‍ന്നുകൊള്ളുക.
ചോദ്യം: ജീവാത്മവെന്നു പറയുന്നതു നമ്മുക്കുള്ളില്‍ പ്രകാശിക്കുന്ന (ജ്ഞാന) പ്രകാശമാണല്ലോ? മരിക്കുമ്പോള്‍ ആ ഒളി ബ്രഹ്മത്തോടു ചേര്‍ന്നാല്‍ പിന്നെ പിരിയുന്നതെങ്ങനെ?
മഹര്‍ഷി: നമ്മുക്കുള്ളില്‍ എന്നു പറയുന്ന നാമാര്? മരിക്കുന്നതാര്? നമ്മെ ശരീരത്തോട് ബന്ധിപ്പിച്ചുകൊണ്ട് അതിനുള്ളില്‍ ഒരൊളി ഉണ്ടെന്നു പറയുന്നു. ശരീരശരീരം ജഡമാണ്. അത് ‘ഞാന്‍’ എന്നെണീല്‍ക്കുകയില്ല. വിചാരാറ്റ ആത്മാവും എണീല്‍ക്കുകയില്ല. ആത്മാവിനും ജഡത്തിനുമിടയ്ക്ക് അഹന്ത ഒന്നുദിച്ചു ശരീരത്തെ താനാണെന്ന് സങ്കല്പിക്കുന്നു. അങ്ങനെ ശരീരം ജനിക്കുന്നു, ശരീരം മരിക്കുന്നു. അതിനാല്‍ പുര്‍ജന്മമാര്‍ക്കെന്ന്‍ ചിന്തിച്ചറിയേണ്ടതാണ്.