മനുഷ്യഭാഷ എന്നു പറയുന്നത് ഉള്ളിലിരിക്കുന്ന തത്ത്വം പ്രകാശിപ്പിക്കാനുള്ള യത്‌നമാണ്. അവ്യക്തങ്ങളായ വര്‍ണ്ണങ്ങള്‍ പുറപ്പെടുവിക്കുന്ന ശിശു പരമതത്ത്വം പ്രകാശിപ്പിക്കാന്‍ ശ്രമിക്കയാണെന്നു ദൃഢബോധം എനിക്കുണ്ട്. പ്രകാശിപ്പിക്കാനുള്ള അവയവപൂര്‍ത്തിയോ ഉപകരണസാമഗ്രിയോ അതിനില്ലെന്നു മാത്രം. അത്യുന്നതനായ തത്ത്വജ്ഞന്റെ ഭാഷയ്ക്കും ശിശുവിന്റെ പ്രലപനത്തിനും തമ്മില്‍ മാത്രയിലല്ലാതെ വസ്തുവില്‍ വ്യത്യാസമില്ല. അതുപോലെ വളരെ പ്രസന്നവും ചിട്ടപ്പെടുത്തിയതും മിതവുമെന്നു നിങ്ങള്‍ പറയുന്ന ആധുനികഭാഷയ്ക്കും, അസ്പഷ്ടവും ദുരൂഹവും ചരിത്രാത്മകവുമായ പൗരാണികഭാഷയ്ക്കും തമ്മിലും മാത്രാവ്യത്യാസമേയുള്ളു. അവയിലെല്ലാം വെളിപ്പെടുവാന്‍ പണിപ്പെടുന്ന മട്ടിലുള്ള മഹത്തായ ആശയം അടങ്ങിയിട്ടുണ്ട്: പഴയ പുരാണകഥകള്‍ക്കുള്ളില്‍ പലപ്പോഴും തത്ത്വപ്പൊന്‍കട്ടകള്‍ കാണാം: ആധുനികന്‍മാരുടെ ലളിതകോമളപദങ്ങള്‍ക്കുള്ളിലാവാട്ടെ പലപ്പോഴും ചപ്പും ചവറുമായിരിക്കും എന്നു പറയേണ്ടിവരുന്നതില്‍ ഞാന്‍ വ്യസനിക്കുന്നു. അതുകൊണ്ട് വല്ലൊരു സംഗതിയും പൗരാണികഭാഷയിലാണ് പറഞ്ഞിരിക്കുന്നതെന്നോ, അത് ആധുനികനായ ഇന്ന മഹാന്റെയോ ഇന്ന മഹതിയുടെയോ അഭിപ്രായങ്ങള്‍ക്കു യോജിച്ചിരിക്കുന്നില്ലെന്നോവെച്ച് അതിനെ നാം നിരസിക്കണമെന്നില്ല. പ്രവാചകന്‍മാര്‍ പറഞ്ഞ കഥകളെ വിശ്വസിക്കണമെന്ന് മിക്ക മതങ്ങളും പറയുന്നതുകൊണ്ട് അവ പരിഹാസപാത്രങ്ങളാകണമെങ്കില്‍ ആ ആധുനികന്‍മാര്‍ അധികം പരിഹാസ്യരാകണം. ഇന്ന് ആരെങ്കിലും മോസ്സസിനെയോ ബുദ്ധനെയോ ക്രിസ്തുവിനെയോ പ്രമാണമായി പറഞ്ഞാല്‍ അതു പരിഹാസ്യമായി. എന്നാല്‍ ആയാള്‍ ഒരു ഹക്സ്ലിയുടെയോ ടിന്‍ഡാളിന്റെയോ ഡാര്‍വിന്റെയോ പേര്‍ പറയട്ടെ: ഉപ്പ് കൂട്ടാതെ അതങ്ങു വിഴുങ്ങും. ”ഹക്സ്ലി അങ്ങനെ പറഞ്ഞിട്ടുണ്ട്!” ഇതു പലര്‍ക്കും പിടിപ്പതായി. നമുക്കു അന്ധവിശ്വാസങ്ങള്‍ ഇല്ലതന്നെ! അന്ന് അന്ധവിശ്വാസം മതത്തിന്റെ പേരിലായിരുന്നു: ഇന്നു ശാസ്ത്രത്തിന്റെ പേരില്‍: അന്നത്തെ അന്ധവിശ്വാസം വഴിക്ക് നമുക്കു കൈവന്നതു ചൈതന്യപ്രദങ്ങളായ, ആത്മബോധകങ്ങളായ, ആശയങ്ങളായിരുന്നു: ഇന്നത്തെ അന്ധവിശ്വാസത്തില്‍ക്കൂടെ കൈവരുന്നതു കാമവും ലോഭവും. ആ അന്ധവിശ്വാസം ഈശ്വരാരാധനയായിരുന്നു: ഈ അന്ധവിശ്വാസമോ മലിനമായ ധനത്തിന്റെ, മാനത്തിന്റെ, മദനത്തിന്റെ, ആരാധന: ഇതത്രേ വ്യത്യാസം.
ഇങ്ങനെ മനുഷ്യന്‍ സ്വരൂപഭ്രഷ്ടനായിരിക്കുന്നു എന്ന സംഗതി പുരാണകഥകളിലെല്ലാം മുന്തിനില്‍ക്കുന്നതു കാണാം. ഈ കാലത്ത് ആധുനികഗവേഷണങ്ങള്‍ ഈ അഭിപ്രായത്തെ തീരെ നിഷേധിക്കുന്നതുപോലിരിക്കുന്നു. പരിണാമവാദികള്‍ ഇതിനെ നിശ്ശേഷം എതിര്‍ക്കുന്നുണ്ടെന്നു കാണാം. അവരുടെ മതം മനുഷ്യന്‍ അണുപ്രാണിയില്‍നിന്നു പരിണമിച്ചുണ്ടായി എന്നും, അതുകൊണ്ട് പൗരാണികവചനം സത്യമായിരിപ്പാന്‍ പാടില്ലെന്നുമാണ്. എന്നാല്‍ ഇന്ത്യയില്‍ ഒരു പൗരാണികപക്ഷമുണ്ട്: അത് ഈ രണ്ടഭിപ്രായങ്ങളെയും യോജിപ്പിച്ചുകൊണ്ടുപോകും. അതിനു യുഗസിദ്ധാന്തമെന്നോ തരംഗന്യായമെന്നോ പറയാം. പുരോഗതിയെല്ലാം തരംഗരൂപത്തിലേയുള്ളു. ഓരോ തരംഗത്തിനും ഒരു താഴ്ചയുണ്ട്, പിന്നെ ഉയര്‍ച്ച: പിന്നെയും താഴ്ച, പിന്നെയും ഉയര്‍ച്ച. ഇങ്ങനെ ആരോഹാവരോഹക്രമത്തിലാണ് ചലനം. ആധുനികപരീക്ഷണന്യായങ്ങളാലും മനുഷ്യന്‍ വെറുമൊരു പരിണാമമാകുവാന്‍ വഴിയില്ലെന്നു തീര്‍ച്ചയാണ്. ഒരു പരിണാമത്തിനു മുമ്പ് ഒരു ഗര്‍ഭീകരണം വേണം. ഒരു യന്ത്രത്തില്‍ എത്ര ശക്തി ചെലുത്തിയിട്ടുണ്ടോ അത്രയേ അതില്‍നിന്നു പരിണമിച്ചുകിട്ടൂ എന്ന് ആധുനികശാസ്ത്രജ്ഞനും പറയും. ശൂന്യത്തില്‍നിന്ന് ഒന്നും കിട്ടില്ല. മനുഷ്യന്‍ അണുപ്രാണിയുടെ പരിണാമമാണെങ്കില്‍ സിദ്ധമനുഷ്യന്‍ – ബുദ്ധത്വമോ ക്രിസ്തുത്വമോ ഉള്ളവന്‍ – ആ അണുപ്രാണിയില്‍ മുമ്പു ഗര്‍ഭിച്ചിട്ടുണ്ടാവണം. അല്ലെങ്കില്‍ ഈ ഗംഭീരസ്വഭാവങ്ങള്‍ പിന്നെ എവിടെനിന്നുണ്ടായി. ശൂന്യത്തില്‍നിന്ന് ഒന്നുണ്ടാവുക വയ്യല്ലോ. മെല്ലെ മെല്ലെ വളര്‍ന്നു വിവിധാവസ്ഥകളായി പ്രകാശിച്ച് ഒടുവില്‍ സിദ്ധമനുഷ്യനായി പരിണമിക്കുന്ന ചൈതന്യം ശൂന്യത്തില്‍നിന്നുദ്ഭവിക്കുവാന്‍ വയ്യ. അത് എവിടെയോ ഒതുങ്ങിയിരുന്നു. അതിനു നമുക്കു കാണ്‍മാന്‍ കഴിയുന്ന ആദിമൂലം അണുജീവിയോ ജീവധാതുവോ ആണെങ്കില്‍ ആ അണുജീവിയിലോ ജീവധാതുവിലോ എങ്ങനെയോ ആ ശക്തി അടങ്ങിയിരുന്നിരിക്കണം. ഇങ്ങനെ നോക്കുമ്പോള്‍ മതശാസ്ത്രങ്ങളെ പുതിയ വെളിച്ചവുമായി അനുരഞ്ജിപ്പിക്കാന്‍ വഴി കിട്ടുന്നു.