ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 10

യാതയാമം ഗതരസം
പുതി പര്യുഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേദ്ധ്യം
ഭോജനം താമസപ്രിയം.

പാകം ചെയ്തിട്ട് ഒരു യാമം കഴിഞ്ഞിട്ടുള്ളതും സ്വാദ് പോയതും ദുര്‍ഗ്ഗന്ധമുള്ളതും ജീര്‍ണ്ണിച്ചതും എച്ചിലായതും ശുദ്ധിയില്ലാത്തതുമായ ആഹാരം താമസന്മാര്‍ക്കു പ്രിയമാകുന്നു.

താമസികള്‍ കാലത്തു പാകം ചെയ്ത ഭക്ഷണം വൈകുന്നേരമോ അടുത്ത ദിവസമോ സ്വാദിഷ്ഠമായി ഭക്ഷിക്കുന്നു. ആസ്വാദ്യകരമല്ലാത്തതും അര്‍ദ്ധമായി പാകം ചെയ്തതുമായ ആഹാരവും അവര്‍ ആഹരിക്കുന്നു. ആരോഗ്യകരമായ ആഹാരം കിട്ടിയാല്‍ത്തന്നെ, അത് ഒരു കടുവായെപ്പോലെ കാത്തുസൂക്ഷിച്ച് ദുര്‍ഗന്ധം വമിക്കുമ്പോളാണ് അവര്‍ തിന്നുന്നത്. എല്ലാ സ്വാദും നശിച്ചതും അനേക നാളുകള്‍ക്ക് മുമ്പ് പാകം ചെയ്തതുമായ ഉണങ്ങി വരണ്ട ഭക്ഷണം കുടുംബാംഗങ്ങളോടൊപ്പം ഒരേ പാത്രത്തില്‍നിന്ന് അവര്‍ ഭക്ഷിക്കുന്നു. അതു ജീര്‍ണ്ണിച്ചതോ കളിമണ്‍ കുഴയ്ക്കുന്നതുപോലെ കുട്ടികള്‍ കുഴച്ചതോ ആയിരിക്കും. അഴുകി വൃത്തികെട്ട ഈ ഭക്ഷണം കഴിക്കുമ്പോഴും തൃപ്തികരമായ ഭക്ഷണം കഴിച്ചുവെന്ന തോന്നലായിരിക്കും അവര്‍ക്കുണ്ടാവുക. അധമരായ അവര്‍ കുടിക്കാനും തിന്നാനും കൊള്ളരുതാത്തതോ, ശാസ്ത്രങ്ങളില്‍ നിഷിദ്ധമായി കല്പിച്ചതോ ആയ പാനപേയങ്ങളെ ഇഷ്ടപ്പെടുകയും അവയ്ക്കുവേണ്ടി കൂടുതല്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം ദുഷിച്ച ആഹാരം കഴിക്കുന്നതിനു വാസനയുള്ളവര്‍ അതിന്‍റെ ദുരന്തഫലം ഉടന്‍തന്നെ അനുഭവിക്കുന്നു. അവര്‍ ശരീരത്തെ പുഷ്ടിപ്പെടുത്തുന്നതിനുവേണ്ടി ആഹാരം കഴിക്കുന്നുവെന്നു പറയാന്‍ നിവൃത്തിയില്ല. പ്രത്യുത ശരീരത്തില്‍ കഷ്ടപ്പാടുകള്‍ കുത്തിനിറയ്ക്കുകയാണ് അവര്‍ ചെയ്യുന്നത്. തലവെട്ടിക്കളയുകയോ, ജ്വലിക്കുന്ന അഗ്നിയില്‍ക്കൂടി നടക്കുകയോ ചെയ്താലുണ്ടാകുന്ന അനുഭവം എന്താണെന്നറിയാന്‍ ആരെങ്കിലും അപ്രകാരം ചെയ്യാന്‍ ഒരുമ്പെടുമോ? എന്നാല്‍ താമസീശ്രദ്ധയുള്ളവര്‍ അവരുടെ ആഹാരക്രമംകൊണ്ട് ഈ മാതിരിയുള്ള വേദന സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആകയാല്‍ താമസാഹാരത്തിന്‍റെ രീതി നോക്കി തമോഗുണത്തിന്‍റെ അളവു തീരുമാനിക്കാവുന്നതാണ് – ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു.