ശ്രീ രമണമഹര്‍ഷി
ജനുവരി 19 1939

മിസിസ് ഹിക്ക്റിഡിങ്ങ്: ഗുരുകാരുണ്യത്താലും സാക്ഷാല്‍ക്കാരപ്രാപ്തി ഉണ്ടാകുന്നു എന്നു പറയുന്നതെങ്ങനെ?
രമണമഹര്‍ഷി: ഗുരുവാര്? ശിഷ്യനാര്?

ചോദ്യം: ആത്മാവ്
മഹര്‍ഷി: രണ്ടും ഒന്നാണെങ്കില്‍ ഈ ചോദ്യമെങ്ങനെ ഉദിച്ചു?

ചോദ്യം: ഇതു പരസ്പര വിരുദ്ധമാണെന്ന് തോന്നുന്നു.
മഹര്‍ഷി അങ്ങനെയല്ല. അത് വഴിയേ മനസ്സിലാക്കാത്തതുകൊണ്ടാണ്.

ചോദ്യം: ആത്മബോധമുള്ളവന്‍ ആത്മാവ് തന്നെ ഗുരുവാണെന്നറിയും. മറ്റുള്ളവര്‍ സഹായത്തിനു അന്യമായി നരരൂപത്തില്‍ ഒരു (ബാഹ്യ) ഗുരുവിനെ അന്വേഷിക്കുന്നു. ആ ഗുരുവിന്റെ സഹായത്തോടുകൂടി ആത്മാവും ഗുരുവും ഒന്നുതന്നെയെന്ന് അറിഞ്ഞുകൊള്ളുന്നു.

ചോദ്യം: ഗുരു ആത്മാവാണെങ്കില്‍ ഞങ്ങള്‍ ഇത്രയും ദൂരം സഞ്ചരിച്ച് ഇവിടെ വരണമായിരുന്നില്ലല്ലോ.
മഹര്‍ഷി: അതില്‍ പിശകൊന്നുമില്ല. ആരും സുഖത്തിനാഗ്രഹിക്കുന്നു. അതിനുവേണ്ടി ഈശ്വരനെ വന്ദിക്കുന്നു. ഈശ്വരന്‍ മനുഷ്യരൂപത്തില്‍ ഗുരുവായി വന്ന് ഭക്തനെ അന്തര്‍മ്മുഖനാക്കിത്തീര്‍ക്കുന്നു. ഒരേ സത്യം തന്നെ ഗുരുവായും ഈശ്വരനായും ആത്മാവായും വിളങ്ങുന്നു. മനസ്സിനെ മഥിക്കുന്ന സന്ദേഹവിപരീതങ്ങള്‍ ഗുരുസന്നിധിയിലല്ലാതെ മറ്റെവിടെ നിവാരണമാകും?

ചോദ്യം: ആത്മാവ് തന്നെയാണ് ഗുരുവെന്നു മനസ്സിലാവുന്നു. എന്‍റെ ഭവനത്തിലിരുന്നുതന്നെ മനനനിദിധ്യാസനകള്‍ അനുഷ്ഠിക്കാമല്ലോ.

മഹര്‍ഷി: മനസ്സിലായി എന്നുപറയുന്നത് വാക്കുകൊണ്ടുമാത്രം. പ്രയോഗത്തില്‍ വരുമ്പോള്‍ സംശയങ്ങളുണ്ടാകും. മേലാല്‍ സംശയങ്ങളുണ്ടാവുകയില്ലെന്നു വന്നാലേ ഇതുവരെ വന്നത് പ്രയോജനപ്പെട്ടുവെന്നു പറയാനാവൂ. ആത്മാനുഭൂതി വന്നവനേ സംശയം തീര്‍ന്നവനാവൂ.

ചോദ്യം: ആത്മജ്ഞാനികള്‍ കുഞ്ഞുങ്ങളെപ്പോലെ ആവുമെന്നു പറയുന്നതെന്ത്?

രമണമഹര്‍ഷി: കുഞ്ഞിന്‍റെ കാര്യത്തില്‍ വാസനകള്‍ (പ്രവര്‍ത്തിക്കാതെ) അടങ്ങിയിരിക്കുന്നതിനാല്‍ അവന്‍ വികല്പരഹിതനാണ്. ജ്ഞാനിയും വികല്പരഹിതനായതിനാല്‍ സ്വഭാവം രണ്ടുപേര്‍ക്കും ഒന്നുപോലിരിക്കും. കുഞ്ഞില്‍ വാസനകള്‍ അടങ്ങിയിരിക്കുന്നു, ജ്ഞാനിയില്‍ വാസനകള്‍ ഓടുങ്ങിയിരിക്കുന്നുവെന്നും ഭേദം.