ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 12

അഭിസന്ധായ തു ഫലം
ദംഭാര്‍ത്ഥമപി ചൈവ യത്
ഇജ്യതേ ഭരതശ്രേഷ്ഠ!
തം യജ്ഞം വിദ്ധി രാജസം.

അല്ലയോ അര്‍ജ്ജുന, എന്നാല്‍ ഫലത്തെ ഉദ്ദേശിച്ചും സ്വമഹത്ത്വത്തെ അറിയിക്കുന്നതിനു വേണ്ടിയും ചെയ്യുന്ന യജ്ഞം രാജസമാണെന്നറിയുക.

അല്ലയോ ക്ഷത്രിയവീര, രാജസമായ യജ്ഞവും വിധിപ്രകാരം തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ അത് ഒരു രാജാവിനെ ചരമവാര്‍ഷികത്തിനു ക്ഷണിക്കുന്നതുപോലെയാണ് നടത്തുന്നതെന്നുള്ള വ്യത്യാസമുണ്ട്. രാജാവ് തന്‍റെ വീട് സന്ദര്‍ശിക്കുന്നത് പലതരത്തിലും പ്രയോജനപ്രദമായിരിക്കും. അത് തന്‍റെ കീര്‍ത്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുപോലെ ഒരു യജ്ഞം നടത്തിയാല്‍ തനിക്ക് സ്വര്‍ഗ്ഗപ്രാപ്തി ഉണ്ടാവുകയും യജ്ഞകര്‍ത്താവ് എന്ന നിലയില്‍ തന്‍റെ യശസ്സ് വര്‍ദ്ധിക്കുകയും ചെയ്യുമെന്നുള്ള പ്രതീക്ഷയാണ് രജോഗുണികള്‍ക്കുള്ളത്. ഇപ്രകാരം ഫലത്തിനുവേണ്ടിയും പ്രശസ്തിക്കുവേണ്ടിയും ചെയ്യുന്ന യജ്ഞം രാജസീയമാണ്.