ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 15

അനുദ്വേഗകരം വാക്യം
സത്യം പ്രിയഹിതം ച യത്
സ്വാദ്ധ്യായാഭ്യസനം ചൈവ
വാങ്മയം തപ ഉച്യതേ.

ആരെയും ക്ഷോഭിപ്പിക്കാത്തതും സത്യമായതും പ്രിയമായിട്ടുള്ളതുമായ വാക്കും വേദശാസ്ത്രങ്ങളുടെ പഠനവും വാക്കുകൊണ്ട് ചെയ്യുന്ന തപസ്സ് എന്നു പറയപ്പെടുന്നു.

സ്പര്‍ശമണി അതിനെ സ്പര്‍ശിക്കുന്ന ഇരുമ്പിനെ അതിന്‍റെ ആകൃതിക്കോ തൂക്കത്തിനോ വ്യത്യാസം വരുത്താതെ സ്വര്‍ണ്ണമാക്കി മാറ്റുന്നു. അതുപോലെ അവന്‍റെ വാക്ക് നിഷ്കളങ്കമായിരിക്കും. അത് ആര്‍ക്കും മനോവ്യഥ ഉണ്ടാക്കുകയില്ല. വൃക്ഷത്തിന് ഒഴിക്കുന്ന വെള്ളം അതിന്‍റെ ചുറ്റും മുളയ്ക്കുന്ന പുല്ലിനും ജീവദായകമാകുന്നതുപോലെ, അവന്‍റെ സംസാരം ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചിട്ടുള്ളതാണെങ്കിലും ശ്രവിക്കുന്നവര്‍ക്കെല്ലാം അതു പ്രയോജനകരമായിത്തീരുന്നു. അമൃതനദിയില്‍ നിന്ന് ഒരു കവിള്‍ അമൃതുകുടിച്ചാല്‍ ഒരുവന്‍ അമരനാകുന്നു. അതു മുങ്ങിക്കുളിച്ചാല്‍ അവന്‍റെ പാപങ്ങളും പീഡകളും ഇല്ലാതാകുന്നു. കൂടാതെ അവന്‍റെ നാക്കില്‍ എപ്പോഴും മധുരം തങ്ങിനില്ക്കുകയും ചെയ്യുന്നു. അതുപോലെ അവന്‍റെ വാക്കുകള്‍ അവിവേകത്തെ അകറ്റുകയും അനാദിത്വത്തിന്‍റെ രുചി അനുഭവിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. പിയൂഷം പാനം ചെയ്യുന്നവന് ഒരിക്കലും മടുപ്പു വരാത്തതുപോലെ അവന്‍റെ വാക്കുകള്‍ എത്രകേട്ടാലും മുഷിച്ചില്‍ തോന്നുകയില്ല. വാക്തപം ചെയ്യുന്നവനോട് എന്തെങ്കിലും ആവശ്യപ്പെടുകയോ കുശലം പറയുകയോ ചെയ്യുമ്പോഴല്ലാതെ അവന്‍ സംസാരിക്കുകയില്ല. മറ്റുള്ള സമയങ്ങളില്‍ അവന്‍ വേദങ്ങള്‍ വീണ്ടും വീണ്ടും ഉരുവിടുകയോ ഈശ്വരനെ സ്തുതിച്ച് സ്തോത്രങ്ങള്‍ ചൊല്ലുകയോ ചെയ്യുന്നു. അവന്‍റെ വാഗ്ഭുവനത്തില്‍ മൂന്നുവേദങ്ങളും അവന്‍ പ്രതിഷ്ഠിക്കുന്നു. അവന്‍റെ വക്ത്രത്തെ ഒരു ബ്രഹ്മശാലയാക്കി മാറ്റുന്നു. അവന്‍റെ നാവിന്‍തുമ്പില്‍ വിഷ്ണു, ശിവന്‍, തുടങ്ങിയ ഏതെങ്കിലും ദേവന്മാരുടെ നാമങ്ങള്‍ സദാ ഉണ്ടായിരിക്കും. ഇപ്രകാരമാണ് വാക് തപസ്സ്.