ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 16

മനഃ പ്രസാദഃ സൗമ്യത്വം
മൗനമാത്മവിനിഗ്രഹഃ
ഭാവസംശുദ്ധിരിത്യേതത്
തപോമാനസമുച്യതേ.

ഇനിയും മാനസതപസ്സിന്‍റെ ലക്ഷണങ്ങളെപ്പറ്റി പറയാം. ലോക നായകനായ ഭഗവാന്‍ കൃഷ്ണന്‍ അരുള്‍ചെയ്തു:

മനഃശുദ്ധി, സൗമ്യഭാവം, മൗനം, ഇന്ദ്രിയമനോബുദ്ധികളെ അടക്കിയൊതുക്കി നിര്‍ത്തല്‍, വിചാരശുദ്ധി ഇവയൊക്കെയാണ് മാനസമായ തപസ്സെന്നു പറയപ്പെടുന്നത്.

തരംഗങ്ങളില്ലാത്ത സരോവരം പോലെ, മേഘങ്ങളില്ലാത്ത ആകാശംപോലെ, സര്‍പ്പങ്ങളില്ലാത്ത ചന്ദനോദ്യാനംപോലെ, വൈകല്യമില്ലാത്ത കുമുദനാദനെപ്പോലെ, മന്ദരപര്‍വ്വതമില്ലാതെ ക്ഷീരസാഗരംപോലെ, മാനസതപസ്വിയുടെ തപസ്സ് വികല്പ തരംഗങ്ങളെ നിശ്ശേഷം ഉന്മൂലനം ചെയ്തിട്ട് സ്വസ്വരൂപത്തില്‍ അചഞ്ചലമായി ഉറച്ചുനില്‍ക്കുന്നു. ചിത്തവൃത്തികളെ ഒഴിവാക്കിയ മനസ്സ് ഗുരുത്വമില്ലാത്ത ആഹാരസാധനം പോലെയോ, മേഘശൂന്യമായ ആകാശംപോലെയോ ആകുന്നു. വിറങ്ങലിച്ച ഒരവയവം ശീതംകൊണ്ട് വിറയ്ക്കാത്തതുപോലെ ശാന്തമായ മനസ്സ് നിശ്ചലമായി നില്‍ക്കുന്നു. അവന്‍റെ മനസ്സ് അതോടെ പരിപൂര്‍ണ്ണ ശശിബിംബം കണക്കെ മനോഹരവും നിര്‍മ്മലവും ആയിത്തീരുന്നു. മനസ്സിന്‍റെ അസ്വസ്ഥതയും ഉദ്വേഗവും അവസാനിക്കുന്നു. ഇച്ഛയില്‍നിന്നും ഭയത്തില്‍നിന്നും അത് നിര്‍മുക്തമാകുന്നു. ഇപ്രകാരം യോഗ്യമായിത്തീര്‍ന്ന മനസ്സ് ആത്മജ്ഞാനാനുഭവത്തിന് അര്‍ഹമായിത്തീരുന്നു. വേദങ്ങളെപ്പറ്റി ഉദ്ബോധനം നടത്തിക്കൊണ്ടിരിക്കുന്ന വക്ത്രം അതിന്‍റെ സംസാരശക്തി ഉപയോഗിക്കാന്‍ വിസ്സമ്മതിച്ച് മൗനം പാലിക്കുന്നു. ആത്മസാക്ഷാത്കാരം ലഭിച്ച മനസ്സിന് അതിന്‍റെ കാതലായ സ്വഭാവം ഇല്ലാതാകുന്നു. വെളളത്തില്‍ വീഴുന്ന ഉപ്പ് വെള്ളവുമായിക്കലര്‍ന്ന് ഒന്നാകുന്നതുപോലെ മനസ്സ് ആത്മാവുമായി താദാത്മ്യം പ്രാപിക്കുന്നു. ഇപ്രകാരമുള്ള മനസ്സില്‍ വിഷയകല്പനകള്‍ എങ്ങനെയാണ് രൂപം കൊള്ളുന്നത്? എങ്ങനെയാണ് അത് ഇന്ദ്രിയങ്ങളാകുന്ന പാതയില്‍ക്കൂടി കുതിച്ച് ഇന്ദ്രിയവിഷയങ്ങളാകുന്ന നഗരത്തില്‍ എത്തുന്നത്? ഈ സ്ഥിതിയില്‍, പാണിതലം രോമവിമുക്തമായിരിക്കുന്നതുപോലെ, അവന്‍റെ മനസ്സ് എല്ലാ വാസനകളില്‍നിന്നും മോചിതമായി പരിശുദ്ധമായിരിക്കും. ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന മനസ്സിനെ ഭാവശുദ്ധിയുള്ള മനസ്സ് എന്നുപറയുന്നു. ഇതാണ് മാനസിക തപസ്സ്.