ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം

സാത്ത്വിക, രാജസ, താമസ തപസ്സുകള്‍ (17-17, 18, 19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 17, 18,19

ശ്രദ്ധയാ പരയാ തപ്തം
തപസ്തത് ത്രിവിധം നരൈഃ
അഫലാകാംക്ഷിഭിര്‍യുക്തൈഃ
സാത്ത്വികം പരിചക്ഷതേ.

സത്കാരമാന പൂജാര്‍ത്ഥം
തപോ ദംഭേന ചൈവ യത്
ക്രിയതേ തദിഹ പ്രോക്തം
രാജസം ചലമധ്രുവം.

മൂഢഗ്രാഹേണാത്മനോ യത്
പീഡയാ ക്രിയതേ തപഃ
പരസ്യോത്സാദനാര്‍ത്ഥം വാ
തത് താമസമുദാഹൃതം

അല്ലയോ അര്‍ജ്ജുന, ശാരീരികവും വാചികവും മാനസികവുമായ തപസ്സിനെക്കുറിച്ച് പൊതുവേ ഞാന്‍ വിശദീകരിച്ചു. ഇനിയും ത്രിഗുണങ്ങളുമായിട്ടുള്ള സംബന്ധംകൊണ്ട് ഈ ത്രിവിധ സാമാന്യ തപസ്സ് വിശേഷതപസ്സാകുന്നതെങ്ങനെയെന്നു ഞാന്‍ വിവരിക്കാം. സര്‍വ്വ ശ്രദ്ധയോടും കൂടി അത് ശ്രവിക്കുക.

യാതൊരു തപസ്സ് മറ്റുള്ളവരില്‍ നിന്നു സല്‍ക്കാരവും മാനവും പൂജയും ലഭിക്കാനായി ദംഭുകാട്ടി ചെയ്യപ്പെടുന്നുവോ, ചഞ്ചലവും ക്ഷണികവുമായ ആ തപസ്സ് രാജസതപസ്സാകുന്നു.

മൂഢധാരണ വെച്ചുകൊണ്ട് തന്‍റെ ദേഹത്തെ പീഡിപ്പിച്ചിട്ടോ അന്യന്‍റെ നാശത്തിനുവേണ്ടിയോ ചെയ്യുന്ന തപസ്സ് താമസമാകുന്നു.

ഫലേച്ഛയില്ലാത്തവരും യോഗികളുമായ മനുഷ്യരാല്‍ ഏറ്റവും ശ്രദ്ധയോടുകൂടി ചെയ്യപ്പെടുന്ന ആ മൂന്നുവിധ തപസ്സും സാത്ത്വികമാണെന്നു പറയുന്നു.

പ്രബുദ്ധനായ അര്‍ജ്ജുന, നിനക്കു വിവരിച്ചുതന്ന ത്രിവിധ തപസ്സുകള്‍ ഫലത്തിലുള്ള ഇച്ഛയെയെല്ലാം ഉപേക്ഷിച്ചിട്ട് സമ്പൂര്‍ണ്ണശ്രദ്ധയോ‌ടുകൂടി അനുഷ്ഠിക്കണം. അത് ധാര്‍മ്മികമായും പരിശുദ്ധമായും, ആസ്തിക്യബുദ്ധിയോടെ ആചരണത്തില്‍ അടിയുറച്ച ശ്രദ്ധയോടെ ചെയ്യുമ്പോള്‍ ജ്ഞാനികള്‍ അതിനെ സാത്ത്വികതപസ്സെന്നു വിളിക്കുന്നു.

സമൂഹജീവിതത്തില്‍ ഉന്നത പദവി ലഭിക്കുന്നതിനുവേണ്ടിയും ചിലര്‍ തപസ്സ് ചെയ്യാറുണ്ട്. അത് ദ്വൈതഭാവത്തെ നിലനിര്‍ത്തുന്നു. ത്രിഭുവനങ്ങളും അവരെ മാത്രം ബഹുമാനിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് അതു ചെയ്യുന്നത്. സദസ്സുകളുടെ മുന്‍നിരയിലും സദ്യയ്ക്ക് ആദ്യവും സ്ഥാനം ലഭിക്കണമെന്നും എല്ലാവരും അവരുടെയടുക്കലേക്ക് തീര്‍ത്ഥാടകരെപ്പോലെ വന്ന് അവരെ ആരാധിക്കണമെന്നുമാണ് അവരുടെ ആഗ്രഹം. ഔന്നത്യത്തോട് അനുബന്ധിച്ചുള്ള എല്ലാ ഐഹിക സുഖങ്ങളും അനുഭവിക്കാന്‍ അവര്‍ വെമ്പല്‍ കൊള്ളുന്നു. ഒരു അഭിസാരിക ആളുകളെ ആകര്‍ഷിക്കാന്‍വേണ്ടി ആടയാഭരണങ്ങള്‍ അണിയുന്നതുപോലെ, അവര്‍ കായികവും വാചികവുമായ തപസ്സിന്‍റെ കപടവേഷം ധരിച്ചുകൊണ്ട് അവരുടെ പ്രാമാണ്യം വളര്‍ത്താന്‍ ശ്രമിക്കുന്നു. ധനവും മാനവും ഇച്ഛിച്ചുകൊണ്ട് ചെയ്യുന്ന തപസ്സ് രാജസ തപസ്സാകുന്നു.

അകിടിനു രോഗം ബാധിച്ച ഒരു പശു പ്രസവിച്ചാലും പാലു നല്‍കുകയില്ല. പാടത്തു നില്ക്കുന്ന നെല്‍ച്ചെടികള്‍ നാല്ക്കാലികള്‍ മേയാന്‍ ഇടയായാല്‍ അവകള്‍ മൂപ്പെത്തുകയോ വിളവു നല്‍കുകയോ ചെയ്യില്ല. അതേ വിധത്തില്‍ ആര്‍ഭാടത്തോടെ പ്രസിദ്ധിക്കുവേണ്ടി ചെയ്യുന്ന തപസ്സ്, വ്യര്‍ത്ഥമാകുമെന്നു തോന്നുമ്പോള്‍ അവര്‍ അത് മദ്ധ്യത്തില്‍ വെച്ച് ഉപേക്ഷിക്കുന്നു. അകാലങ്ങളില്‍ ആകാശത്തു പ്രത്യക്ഷപ്പെടുന്ന മേഘങ്ങള്‍ ഇടിമിന്നല്‍ കൊണ്ട് ബ്രഹ്മാണ്ഡത്തെ പ്രകമ്പനം കൊള്ളിച്ചാലും അത് എത്ര നേരത്തേക്കാണ് നിലനില്ക്കുക? അതുപോലെ രാജസതപസ്സ് ഫലശൂന്യമാണ്. അതു സ്ഥിരമായി അനുഷ്ഠിക്കാന്‍ സാധ്യവുമല്ല.

അല്ലയോ ധനുര്‍ദ്ധര, ചിലര്‍ മൂഢത കാരണം അവരുടെ ശരീരത്തെ ശത്രുവായി കരുതുന്നു. അവര്‍ പഞ്ചാഗ്നി മദ്ധ്യത്തില്‍ നിന്നു തപസ്സുചെയ്ത് ശരീരത്തെ തപിപ്പിക്കുന്നു. അവര്‍ സാമ്പ്രാണി തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ തലയില്‍ വെച്ചു കത്തിക്കുന്നു. പുറത്ത് ഇരുമ്പുകൊണ്ടുള്ള കൊളുത്തു കുത്തിയിറക്കുന്നു. നാലുഭാഗത്തും തീക്കുണ്ഡമുണ്ടാക്കി അതിന്‍റെ മദ്ധ്യഭാഗത്ത് ഇരിക്കുന്നു. അവര്‍ പ്രാണായാമം ചെയ്യുന്നു. നിഷ്ഫലമായി ഉപവാസമനുഷ്ഠിക്കുന്നു. തലകീഴായി തൂങ്ങിക്കിടന്ന് പുക അകത്തേക്കു കടത്തിവിടുന്നു. മഞ്ഞുപോലെ തണുത്ത വെള്ളത്തില്‍ കഴുത്തറ്റം മുങ്ങി നില്ക്കുന്നു. പാറമേലോ നദിക്കരയിലോ ഇരുന്ന് ശരീരത്തിലെ മാംസഭാഗങ്ങള്‍ അറുത്തെടുക്കുന്നു. അവര്‍ ഇപ്രകാരം സ്വന്തം ശരീരത്തെ പീഡിപ്പിച്ച് മറ്റുള്ളവരുടെ നാശത്തിനായി തപസ്സുചെയ്യുന്നു.

ഒരു വലിയ പാറക്കഷണം അത്യുന്നതത്തില്‍ നിന്നു താഴത്തേക്കു പതിക്കുമ്പോള്‍ അതിന്‍റെ വഴിയില്‍ പലതിലും ത‌‌ട്ടിമുട്ടി ഛിന്നഭിന്നമാവുകയും അതിനിടയില്‍ കൂട്ടിമുട്ടുന്നതിനെയെല്ലാം നശിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ ഈ താമസ തപസ്വികള്‍ അവരുടെ സ്വന്തം ദേഹത്തെ ദണ്ഡിപ്പിച്ച്, സന്തോഷവാന്മാരായി ജീവിക്കുന്ന മറ്റുള്ളവരുടെ നാശത്തിനായി തപസ്സ് അനുഷ്ഠിക്കുന്നു. ഈ തപസ്സ് താമസ തപസ്സാണ്.

Back to top button
Close