ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 4 1939.
ഓരോ വിചാരവും ദ്രഷ്ടാവും ദൃശ്യവുമായി ഉദിച്ചസ്തമിക്കുന്നു. ദ്രഷ്ടാവ് മറയുന്നിടത്ത് ‘ഞാ’നും മറയുന്നുവെങ്കില്‍ ;ഞാനാരാ’ണെന്ന അന്വേഷണം തുടര്‍ന്നു പോകുന്നതെങ്ങനെ?
രമണമഹര്‍ഷി: ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ്. അത് മറയുമ്പോള്‍ അതിനാധാരമായ ‘ഞാന്‍’ മറഞ്ഞുപോകുന്നില്ല. ‘ഞാന്‍’ സ്വസ്ഥാനത്തുതന്നെ ഉണ്ടായിരിക്കാം. ഇതിനെ മറച്ചുകൊണ്ടാണ് ‘ദ്രഷ്ടാ – ദൃശ്യ’ രൂപമായ കാഴ്ചകളെല്ലാം തോന്നിമറയുന്നത്.
ചോദ്യം: ഉപനിഷത്തുകളില്‍ ആത്മാവിനെ ‘കാണുന്നവന്‍, കേള്‍ക്കുന്നവന്‍, വിചാരിക്കുന്നവന്‍’ എന്നും മറ്റും പറഞ്ഞിട്ടും വീണ്ടും കാണാത്തവന്‍, കേള്‍ക്കാത്തവന്‍ വിചാരിക്കാത്തവന്‍’ എന്നെല്ലാം പറയുന്നതെന്ത്?
മഹര്‍ഷി: സാധാരണ ബുദ്ധിയില്‍ വൃത്തിചലനങ്ങള്‍ ഏര്‍പ്പെടുമ്പോഴേ മനുഷ്യന്‍ സ്വന്തം ഇരിപ്പിനെ അറിയുന്നുള്ളൂ. അവ പ്രത്യക്ഷപ്പെട്ടു തിരോധാനം ചെയ്യുന്നു. ഇങ്ങനെ കണ്ടുമറയുന്നതിനാല്‍ത്തന്നെ അതിന് (വിജ്ഞാന) കോശം എന്ന പേരുണ്ടായി. ശുദ്ധ പ്രജ്ഞമാത്രം ശേഷിച്ചു നില്‍ക്കുമ്പോള്‍ അത് ചിന്മാത്രമായ സ്വരൂപപ്രകാശമാണ്. വൃത്തിയറ്റ നിശ്ചഞ്ചലാവസ്ഥയില്‍ നില്‍ക്കുന്നതാണ് പരമാനന്ദം. എന്നാല്‍ ആനന്ദാനുഭവം തോന്നിമറയുന്നതായതുകൊണ്ട് അതിനെ ആനന്ദമയകോശമെന്നു പറഞ്ഞു. വൃത്തിയറ്റയിടത്തു പ്രകാശിക്കുന്ന ശുദ്ധാഹംസ്ഫൂര്‍ത്തിയോടു വിടാതെ ചേര്‍ന്നുനില്‍ക്കുന്നതു സഹജാനുഭൂതിയില്‍ നില്‍ക്കുന്നതിനെയും ഒരു വൃത്തിയാണെന്നു പറയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ കേവലസ്വരൂപത്തിനും നമുക്കും ബന്ധമൊന്നുമുണ്ടാവുകയില്ല. അതിനെ പരാമര്‍ശിക്കാനും സാധ്യമല്ല. ഈ അഖണ്ഡാകാരവൃത്തി മറ്റു വൃത്തികളെപ്പോലെ അല്ല. പേരുകൊണ്ടു മാത്രം വൃത്തി എന്നു പറയും.
വൃത്തി രണ്ടു വിധം.
1 കര്‍തൃതന്ത്രം – ധ്യാനം തുടങ്ങിയ പരിശ്രമങ്ങളാലേര്‍പ്പെടുന്നത്.
2 വസ്തുതന്ത്രം – ആത്മാകാരവൃത്തി പ്രകൃത്യാ ഉള്ളതും സത്യവും സഹജവുമാകുന്നു. ഇതിനെ സ്വരൂപാനുഭൂതിയെന്നും പറയും. ഇക്കാര്യങ്ങള്‍ കൈവല്യനവനീതത്തില്‍ പറഞ്ഞിട്ടുണ്ട്.