ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 7, 1937
മിസ്‌മെര്‍സ്റ്റണ്‍ എന്ന ഇംഗ്ലീഷ് സ്ത്രീ: ഞാന്‍ അങ്ങയുടെ ‘ഞാനാര്’ എന്ന പുസ്തകം പഠിച്ചിട്ടുണ്ട്. എന്നാല്‍ ‘ഞാനാര്’ എന്നന്വേഷിക്കുമ്പോള്‍ ഒന്നും പിടികിട്ടുന്നില്ല. മാത്രമല്ല ജീവിതത്തില്‍ എനിക്ക് താല്പര്യമുള്ള കാര്യങ്ങളുമില്ല. എന്നാലും രസമുള്ള എന്തെങ്കിലും കാര്യം ഉണ്ടായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നുമുണ്ട്.

രമണമഹര്‍ഷി: ജീവിതത്തില്‍ രസമൊന്നും തോന്നുന്നില്ലെങ്കില്‍ നല്ലതാണ്, ഒരാള്‍ സുഖദുഃഖങ്ങളെ സ്വപനം കാണുന്നു. ഉണരുമ്പോള്‍ കണ്ടതിലുള്ള താല്പര്യം വിട്ടുപോകുന്നു. ഈ ജാഗ്രദ് ലോകത്തോടുള്ള രസവും ജ്ഞാനോദയത്തില്‍ വിട്ടുപോകും. സ്വപ്നം നമ്മുക്കന്യമായി കാണപ്പെട്ടപ്പോള്‍ നമ്മെ ആകര്‍ഷിച്ചു. ഉണര്‍ന്ന്‍ അത് നമ്മില്‍ത്തന്നെ ഇരുന്നതാണെന്നറിഞ്ഞപ്പോള്‍ ആ ആകര്‍ഷണം പോയി. ജ്ഞാനോദയം കൈവന്നവന്‍ ജാഗ്രത്തിലെ ലോകാനുഭവങ്ങളെ കൈവിടുന്നതും ഇപ്രകാരമാണ്.

നിങ്ങള്‍ ജലവും വിഷയാദികള്‍ കുമിളകളുമാണ്. കുമിളകള്‍ക്ക് ജലത്തെ വിട്ടിരിക്കാനൊക്കുകയില്ല. കുമിളകള്‍ ജലം തന്നെയാണെങ്കിലും ജലത്തെപ്പോലെയല്ല ഇരിക്കുന്നത്.