ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 9, 1939
ചോദ്യം: ദ്രഷ്ടാവ് (അഹം) ദൃശ്യത്തോടു (ഇദം) ബന്ധപ്പെട്ടേ ഇരിക്കുന്നുള്ളൂ.
രമണമഹര്‍ഷി: ഇപ്പോള്‍ അങ്ങനെ തന്നെ തോന്നും. ക്രമേണ ദൃശ്യങ്ങള്‍ അതിനാധാരമായ ദ്രഷ്ടാവിലൊടുങ്ങി ദ്രഷ്ടാവു ശേഷിച്ചു നില്‍ക്കും. ഈ ദ്രഷ്ടാവ് യഥാര്‍ത്ഥ ‘ഞാന്‍’ ആണ്. മനസ്സിന് ആവരണം എന്നും വിക്ഷേപം (ഇളക്കം) എന്നും രണ്ടു വികല്പങ്ങളുണ്ട്. ആവരണം ദോഷമാണ്. വിക്ഷേപം അങ്ങനെയല്ല, സ്വരൂപാനുഭൂതിയ്ക്ക് അനുകൂലമാണ്. വിക്ഷേപം മൂലമുണ്ടായ ദേഹം മിഥ്യയാണെങ്കിലും അതു കാരണമായി സത്യത്തെ അന്വേഷിക്കാന്‍ സാധകനു പ്രേരണയുണ്ടാവുന്നു.
ഫെബ്രുവരി 13, 1939
മിസ്റ്റര്‍ ഡി യൂറോപ്പില്‍ നിന്നും മടങ്ങിവന്നതിനുശേഷം ഭഗവാന്‍റെ ദര്‍ശനത്തിനു വന്നു.
ചോദ്യം: ആത്മീയപുരോഗതിക്കു ഏകാഗ്രത അത്യന്താപേക്ഷിതമാണല്ലോ. കര്‍മ്മം എകാഗ്രതയ്ക്ക് അനുകൂലമായിട്ട് അനുഭവപ്പെടുന്നുണ്ട്.
രമണമഹര്‍ഷി: കര്‍ത്താവിനെക്കൂടാതെ ഒരു കര്‍മ്മവുമില്ല. കര്‍ത്താവിനെ ആരായുമ്പോള്‍ അവന്‍ മറയും. അപ്പോള്‍ കര്‍മ്മമെന്താണ്?
ചോദ്യം: സ്വരൂപബോധത്തില്‍ വിഘ്നം ഏര്‍പ്പെടുന്നു. അത് തുടര്‍ന്നുണ്ടാകാനുള്ള മാര്‍ഗ്ഗമെന്താണ്?
മഹര്‍ഷി: വിചാരമാണ് വിഘ്നത്തെ ഉണ്ടാക്കുന്നത്. വിഘ്നത്തെപ്പറ്റി അറിഞ്ഞില്ലെങ്കില്‍ വിഘ്നം ഉണ്ടാവുകയില്ല. അന്വേഷണം തുടര്‍ന്നു ചെയ്‌താല്‍ വിഘ്നം ഒഴിയും.
വൃത്തിജ്ഞാനം വിഷയസംബന്ധിയാണ്. സ്വരൂപജ്ഞാനം ശുദ്ധജ്ഞാനത്തിന്‍റെ മറ്റൊരു ഭാഗമാണ്. ഇതില്‍ അജ്ഞാനവും പെട്ടിരിക്കുന്നു; വിറക് തന്നുള്ളില്‍ അഗ്നിയെ വഹിച്ചു നില്‍ക്കുന്നതുപോലെ. ഉറക്കത്തില്‍ സ്വരൂപസുഖമുണ്ടെങ്കിലും അതിനെ നാം അറിയാതെ പോകുന്നത് കൂടെയുള്ള അജ്ഞാനാവരണം മൂലമാണ്. ഇതിനെ വിക്ഷേപമാകുന്ന സ്വപ്നം മാറ്റാറുണ്ട്. എങ്ങനെയെന്നാല്‍ ഉറക്കത്തില്‍ തന്നെ ആക്രമിക്കാന്‍ വരുന്ന ഹിംസ്രമൃഗത്തെ സ്വപ്നം കാണുന്നവന്‍ ഭയന്നു ചാടിയെണീറ്റാല്‍ സ്വപ്നം വിട്ടുമാറും. അതോടെ ഉറക്കവും ഭയവും ആവരണവും മാറി ആനന്ദമനുഭവിക്കും.
ഫെബ്രുവരി 17, 1939
രമണമഹര്‍ഷി: വൃത്തികള്‍ രണ്ടുവിധമുണ്ട്. വിഷയവൃത്തി എന്നും ആത്മവൃത്തി എന്നും. വിഷയാകാരം ആത്മാകാരമായി മാറേണ്ടതാണ്. അഭ്യാസത്തിന്‍റെ പ്രയോജനം അതാണ്. അതുമൂലം എട്ടായി പിരിഞ്ഞു നില്‍ക്കുന്ന സൂക്ഷ്മശരീരം ഏകമായിത്തീരും.