ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 23 1939
ഡിണ്ടിഗലില്‍ നിന്നും വന്ന ഒരു സന്ദര്‍ശകന്‍: ഞാന്‍ ജനിച്ച കാലം മുതല്‍ ഇന്നോളം ദുഃഖമേ അനുഭവിച്ചിട്ടുള്ളൂ. എന്നെ പ്രസവിച്ചതു മുതല്‍ അമ്മയ്ക്കു ദുഃഖമായിരുന്നു എന്നു പറയുന്നു.
രമണമഹര്‍ഷി: ദുഃഖം നമ്മുടെ പ്രകൃതിയാണെങ്കില്‍ ദുഃഖനിവാരണത്തിന് ആഗ്രഹിക്കുകയില്ല. എന്നും നമ്മുടേതായ സുഖത്തിനിടക്ക് വന്നുചേര്‍ന്ന ദുഃഖത്തെ മാറ്റിയിട്ടു സുഖത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് നാം.
ചോദ്യം: ഇടക്ക് കഷ്ടം വന്നുചേരുന്നതെന്തിന്?
മഹര്‍ഷി: ദുഃഖമില്ലെങ്കില്‍ നിത്യസുഖത്തെ അന്വേഷിക്കാനിടവരുമോ?
ചോദ്യം: ദുഃഖം നല്ലതെന്നാണോ പറയുന്നത്?
മഹര്‍ഷി: സംശയമെന്ത്? ദുഃഖം ആര്‍ക്കാണെന്നറിയണം. അത് ദേഹത്തിനോ ആത്മാവിനോ അല്ല. ദേഹാത്മബുദ്ധി ഒഴിച്ചാല്‍ നിത്യാനന്ദസ്വരൂപത്തോട് കൂടിയിരിക്കുന്ന ആത്മാവിനെ പ്രാപിക്കാം.
മറ്റൊരു ഭക്തനോട് ഓങ്കാരത്തെപ്പറ്റി പറഞ്ഞു: വിഷയസങ്കല്പങ്ങള്‍ ഒഴിഞ്ഞയിടത്ത് താനേതാനായ് പ്രകാശിക്കുന്ന ആത്മസ്വരൂപമാണ് ഓങ്കാരം. അതിനാല്‍ അത് ഇനിയൊന്നില്‍ ഒടുങ്ങാനില്ല. ഏതോന്നിനാണോ അന്യമായൊന്നു കാണാനോ കേള്‍ക്കാനോ അറിയാനോ ഇല്ലാത്തത് അതാത്മാവ്. അധിഷ്ഠാനമായ ബ്രഹ്മസ്വരൂപമെന്ന് പറയുന്നത് ഇതിനെയാണു്. ഉപാസനകളെല്ലാം ഈ ഒന്നിനെ ഉണര്‍ത്തുന്നതിനുള്ളതാണ്. ഉപാസിക്കുന്നവന്‍ ആരാണെന്ന് അറിഞ്ഞുകൊള്ളുന്നതാണ് ഉപാസനയുടെ പ്രയോജനം.
ചോദ്യം: കുടുംബകാര്യങ്ങളെല്ലാം നിറവേറ്റിക്കഴിഞ്ഞു. ഇനി പ്രത്യേകമെവിടെയെങ്കിലും കഴിഞ്ഞുകൂടാമെന്നു വിചാരിക്കുന്നു.
മഹര്‍ഷി: സ്ഥലകാലഭേദമൊന്നും ആത്മാവിനില്ല. നിങ്ങള്‍ എവിടെയും ഇരിക്കുന്നില്ല. എവിടവും നിങ്ങളില്‍ ഇരിക്കുകയാണെന്നറിഞ്ഞാല്‍ ഈ ചോദ്യത്തിനു വകയില്ല.