ആന്ധ്രയില്‍ ഹോസ്പറ്റ് എന്ന സ്ഥലത്തുള്ള ഒരാള്‍ കൈലാസം, അമര്‍നാഥ് മുതലായ ഹിമാലയന്‍ പുണ്യസ്ഥലങ്ങളില്‍ തീര്‍ത്ഥയാത്ര കഴിഞ്ഞു മടങ്ങിവന്നു യാത്രാക്ലേശങ്ങളെയും പോയ സ്ഥലങ്ങളുടെ സൌന്ദര്യത്തെയും മറ്റും വര്‍ണ്ണിച്ചു കേള്‍പ്പിച്ചു.
രമണമഹര്‍ഷി: കൈലാസത്തിലും മറ്റും പോയ നിങ്ങള്‍ മുക്തിനാഥില്‍ പോയോ?
ചോദ്യം: ഹോ! അതൊക്കെ വളരെ പ്രയാസം. അതുകൊണ്ട് ഞാന്‍ വിട്ടുകളഞ്ഞു. എങ്കിലും നേപ്പാളില്‍ പോയി. അങ്ങവിടെയെല്ലാം പോയിട്ടുണ്ടോ?
മഹര്‍ഷി: ഞാനോ? അരുണാചലത്തെ ഒഴിച്ച് മറ്റൊന്നും എനിക്കറിഞ്ഞുകൂടാ. കൈലാസത്ത് പോയി മടങ്ങിവരുന്നത് പുനര്‍ജനനമാണ്. കാരണം അവിടെ ചെന്നാല്‍ ദേഹാത്മബുദ്ധി ഒഴിയും.
മിസിസ് കെല്ലിഹാക്: സ്വപ്നത്തെയും ജാഗ്രത്തിനെയും വിനോദസഞ്ചാരമായി ഭാവിക്കാമോ?
മഹര്‍ഷി: അതെല്ലാം വിട്ടിട്ട് ആത്മാവിനെത്തന്നെ ഭാവിക്കാമല്ലോ.
ചോദ്യം: സിനിമാസ്ക്രീന്‍ അചേതനമാണ്. അതുകൊണ്ട് കാണാനൊരാള്‍ വേണം. ആത്മാവാകുന്ന സ്ക്രീനില്‍ ദ്രഷ്ടാവും ദൃശ്യവും വെട്ടവും എല്ലാം അവിടെയുണ്ട്.
ആത്മീയ പുരോഗതിയപ്പറ്റി ഒരു ചോദ്യമുണ്ടായി.
മഹര്‍ഷി: പുരോഗതി മനസ്സിനാണ്, ആത്മാവിനല്ല. ആത്മാവു എക്കാലത്തും ഒന്നുപോലെ ശുദ്ധമാണ്.
മാര്‍ച്ച് 2 1939
പുതുക്കോട്ടയിലെ ശ്രീ കെ. എല്‍. ശര്‍മ്മയുമായി സംസാരിക്കവേ രമണമഹര്‍ഷി ഇപ്രകാരം ചോദിച്ചു.
ആത്മാവ് തനിക്കേറ്റവും അടുത്തുള്ളതായിരിക്കവേ മനുഷ്യന്‍ അതിനെ അറിയാന്‍ അതിനെ വിട്ടിട്ട് മറ്റുള്ളവയെ അന്വേഷിക്കുന്നതെന്തിന്? ഗ്രന്ഥങ്ങളില്‍ ‘അത് നീ ആകുന്നു’ എന്നു പറയുന്നു. ഇതില്‍ ‘നീ’ തൊട്ടടുത്ത അനുഭവത്തിലുള്ളതാണ്. എന്നാല്‍ അതിനെ വിട്ടിട്ട് ‘അത്’ എന്നതിനെ അന്വേഷിക്കുന്നു. മനുഷ്യന്‍ തന്നെ മറക്കുന്നതുകൊണ്ടാണിങ്ങനെ ചെയ്യുന്നത്. ഞാന്‍ ഇതുകളിലൊന്നും വ്യാപരിച്ചിട്ടില്ല.
സദ്‌വിദ്യയിലെ മുഖപദ്യത്തെ പരാമര്‍ശിച്ച് മഹര്‍ഷി പറഞ്ഞു: ഈ ജഗത്ത് തോന്നലില്‍ മാത്രം. താനും ഈ ജഗത്തും സ്ഥിതിചെയ്യുന്നുവെന്നുതന്നെ സമ്മതിക്കണം. അന്വേഷണത്തില്‍ ഇവ എപ്പോഴും സ്ഥിതിചെയ്യുന്നുണ്ടോ എന്നു നോക്കുക. സ്ഥിതിചെയ്യുന്നുവെങ്കില്‍ കാലദേശാവസ്ഥകളെ അതിക്രമിച്ചും ഉണ്ടായിരിക്കണം. ജാഗ്രത്തിലും സ്വപ്നത്തിലും ഉണ്ടെന്നു തോന്നിയാലും ഉറക്കത്തിലില്ലെന്നതു സ്പഷ്ടമാണ്. അതിനാല്‍ ഞാനും ലോകവും ചിലപ്പോള്‍ ഉണ്ട്, ചിലപ്പോള്‍ ഇല്ല എന്നുവരുന്നു. ചിന്തയുള്ള ജാഗ്രത്തിലും സ്വപ്നത്തിലും ഉണ്ടെന്നും ചിന്തയില്ലാത്ത നിദ്രയില്‍ ഇല്ലെന്നുമായിത്തീരുന്ന താനും ജഗത്തും സത്യമാകുന്നതെങ്ങനെ? ഇവിടെ ‘ഞാന്‍, ജഗത്ത്’ ഇവയുടെ മുഖ്യകാരണം ചിന്തയാണെന്നായിരിക്കുന്നു.
ഇനി വിചാരങ്ങളെപ്പറ്റി നോക്കാം. അവ പ്രകൃത്യാ ഉള്ളതല്ലല്ലോ. ചിന്ത ഏതുനേരത്തും ഉദിക്കാം. അതുപോലെ ഏതുനേരത്തും അസ്തമിക്കാമെന്നുള്ളതിനാല്‍ അതിന്‍റെ ഉല്പത്തിസ്ഥാനം എപ്പോഴുമുള്ള ഒന്നായിരിക്കണം. ഈ സ്ഥാനത്തുനിന്നും പുറപ്പെടുന്ന ചിന്ത മുഖേന സര്‍വ്വവും ഉണ്ടാകുന്നു, സ്ഥിതിചെയ്യുന്നു, ഒടുങ്ങുന്നു.
സദ്‌വിദ്യയിലെ ഈ പദ്യം ഒരു സ്തുതിയോ, വര്‍ണ്ണനയോ അല്ല, സത്യത്തിന്‍റെ വിളംബരമാണ്.