ശ്രീ രമണമഹര്‍ഷി

പ്രായംചെന്ന ഒരാന്ധ്ര മാന്യന്‍: സന്യാസത്തിന്‍റെ യഥാര്‍ത്ഥമെന്താണ്? സര്‍വ്വവും നിവര്‍ത്തിച്ചിരിക്കുന്നതിനെയല്ലേ സന്യാസമെന്നു പറയാവുന്നത്? വികാരത്തില്‍ നിന്നുമുള്ള വിമുക്തി സന്യാസമല്ലേ? കര്‍മ്മമാര്‍ഗ്ഗം ജ്ഞാനമാര്‍ഗ്ഗത്തിന്‍റെ മുന്നോടിയല്ലേ? പ്രവൃത്തിയില്‍ നിന്നും വിരമിച്ചിരുന്നാല്‍ മതിയോ?
രമണമഹര്‍ഷി: (ചിരിച്ചുകൊണ്ട്) നിങ്ങള്‍ പറഞ്ഞതില്‍ ചോദ്യവും ഉത്തരവുമുണ്ട്. സന്യാസത്തിനു വികാരങ്ങളില്‍നിന്നും വിമുക്തി ഏറ്റവും പ്രധാനം. അത് സാധിച്ചാല്‍ മറ്റെല്ലാം സാധിച്ചതാവും.

ചോദ്യം: ഗീതയിലെ കര്‍മ്മയോഗത്തിന്‍റെ പ്രത്യേകത എന്താണ്?
മഹര്‍ഷി: താന്‍ ദേഹമല്ലാത്തതിനാല്‍ ഒന്നിനും കര്‍ത്താവുമല്ല. താന്‍ കര്‍ത്താവാണെന്ന തോന്നല്‍ കൂടാതെ കര്‍മ്മം ചെയ്യുക.

ചോദ്യം: അത് (കര്‍മ്മ) ഫലത്തിന്മേലുള്ള ആഗ്രഹം കൂടാതെയുള്ള കര്‍മ്മമാണോ?
മഹര്‍ഷി: കര്‍ത്താവുണ്ടെങ്കിലല്ലേ ആ ചോദ്യത്തിനര്‍ത്ഥമുള്ളു.

ചോദ്യം: ‘കര്‍ത്തൃത്വബുദ്ധി രഹിത കര്‍മ്മഃ’ അല്ലേ, കര്‍മ്മയോഗം.
മഹര്‍ഷി: അതെ, അതുതന്നെ.

ചോദ്യം: ഗീത ഉടനീളം പ്രവൃത്തിയെ ഉപദേശിക്കുന്നല്ലോ.
മഹര്‍ഷി: അതെ കര്‍ത്താവില്ലാതെ കര്‍മ്മത്തെ.

ചോദ്യം: അപ്പോള്‍ ഞാന്‍ കുടുംബത്തെ ഉപേക്ഷിച്ചിട്ട് ബാഹ്യസന്യാസം ചെയ്യേണ്ടല്ലോ.
മഹര്‍ഷി: കുടുംബവും ലോകംപോലും നിങ്ങളിലിരിക്കുമ്പോള്‍ ബാഹ്യസന്യാസത്തിനെന്തര്‍ത്ഥം? ആന്തരസന്യാസമാണ് വേണ്ടത്.

ചോദ്യം: ജീവന്മുക്തനു കര്‍മ്മമുണ്ടോ?
മഹര്‍ഷി: മനോവ്യാപാരം അറ്റിരിക്കുന്നവനാണ് ജീവന്മുക്തന്‍.