ചോദ്യം: വിചാരമറ്റ അവസ്ഥയാണ് സത്യം. ആ അവസ്ഥ കൈവരണമെന്നു വിചാരിക്കുന്നതും തടസ്സമാണെങ്കില്‍ സാധനാദികളും തടസ്സമാണെന്ന് പറയേണ്ടിയില്ലല്ലോ.
മഹര്‍ഷി: ഇവ തടസ്സമായിത്തീരുന്നത് പ്രാരംഭത്തിലല്ല. സാധനാദികള്‍ വിഘ്നങ്ങളെ മാറ്റാനാണ്. ആത്മാവിനെ പ്രാപിക്കാനല്ല. ഒടുവില്‍ സാധനാദികളും തടസ്സമായി ഭവിക്കുമ്പോള്‍ ഈശ്വരശക്തി വെളിപ്പെടും. ആത്മാവു സ്വയം പ്രത്യക്ഷമായിരിക്കും.
ചോദ്യം: ആത്മാവിന്‍റെ നില സത്യവും നിത്യവുമാണെങ്കില്‍ എന്തു കൊണ്ടത് മറ്റു കൃത്രിമകാര്യങ്ങളെയെല്ലാം തരംതാഴ്ത്തി മുന്നിട്ടുനിന്ന് സ്വന്തം വൈഭവത്തെ പ്രാകശിപ്പിക്കുന്നില്ലൟ
മഹര്‍ഷി: തടസ്സങ്ങള്‍ നിഴലിക്കുന്നത് സാങ്കല്‍പ്പിക കാര്യങ്ങളിലാണ്. അത് വിട്ടാല്‍ ഒരുവന് ചിന്തിക്കാന്‍പോലും മറ്റൊന്നില്ലെന്ന് അറിയുക. നിങ്ങളും ഞാനും മറ്റൊന്നല്ല.
ചോദ്യം: ഇതാണ് സത്യം എന്ന് ആവര്‍ത്തിച്ചു കേട്ടിട്ടും അനുഭവത്തില്‍ അത് ദൃഢമായി പതിയുന്നില്ല. അത് മനോബലത്തിന്‍റെ കുറവുകൊണ്ടോ വാര്‍ദ്ധക്യദോഷം കൊണ്ടോ എന്നറിയുന്നില്ല.
മഹര്‍ഷി: മനസ്സ് തീവ്രമായി പ്രവര്‍ത്തിക്കുന്നതാണ് മനോബലമെന്നു പറഞ്ഞുവരുന്നു. എന്നാല്‍ ഇവിടെ ചിന്തയില്‍നിന്നും മാറിയിരിക്കുന്നതിനെ മനോബലമെന്നു പറയും. യോഗാനുഭവം മുപ്പതു വയസ്സിനു മുമ്പുണ്ടായില്ലെങ്കില്‍ പിന്നീട് അസാധ്യമെന്നു ചിലര്‍ പറയും. ജ്ഞാനാനുഭവത്തിനു വയസ്സ് പ്രശ്നമല്ല.
ആത്മാവ് താനേതാനായ് പ്രകാശിക്കുന്നു. അതിനെ ഉണരാന്‍ തത്വങ്ങളെ അന്വേഷിക്കേണ്ട കാര്യമില്ല. തത്വങ്ങള്‍ 24 എന്നും 96 എന്നും പലര്‍ പലമട്ടില്‍ പറയുന്നു. ആത്മാവായ തന്നെ അറിയാന്‍ അനാത്മാകാരങ്ങളായ തത്വങ്ങളെ അന്വേഷിക്കുന്നതെന്തിന്? സര്‍വ്വത്തിനും സൂക്ഷ്മമായ താന്‍ തത്വങ്ങളെയും കടന്നു നില്ക്കുന്നവനാണെന്നറിയാനാണ് ശാസ്ത്രങ്ങള്‍ തത്വങ്ങളെ അന്വേഷിക്കുന്നത്. എന്നാല്‍ ഒരു യഥാര്‍ത്ഥ മുമുക്ഷു തന്നെ അന്വേഷിച്ചാല്‍ മതിയാവും.
മാര്‍ച്ച് 17, 1939
തത്വരായര്‍ തമിഴില്‍ പല ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. അതില്‍ ഒന്നില്‍ താന്‍ ഭൂമിയെ ശയ്യയായും കൌപീനത്തെ വസ്ത്രമായും കൈകളെ ഭിക്ഷാപാത്രമായും ചുമ്മാതിരിക്കുക എന്നതിനെ തൊഴിലായും കൈയ്ക്കൊണ്ടിരിക്കുന്നു, തനിക്കൊരു കുറവുമില്ല, എന്നദ്ദേഹം സസന്തോഷം പാടിയിരിക്കുന്നു. ഭൂമിതന്നെ എന്‍റെ ഇരിപ്പിടം. കാറ്റ് എന്‍റെ ചാമരവും ആകാശം എന്‍റെ മേല്‍വിതാനവും വിരക്തി എന്‍റെ കാമുകിയുമാണ്’
അരുണാചലത്തില്‍ എന്‍റെ ആരംഭകാലത്ത് ഇന്നിവിടെ ഞാനുപയോഗിക്കുന്ന സുഖസാധനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഇഷ്ടപ്പെട്ടിടത്ത് ഇരിക്കും, കിടക്കും. അതാണ് സ്വതന്ത്രമായ സുഖജീവിതം. ഈ സോഫായും പുതപ്പും മറ്റും ബന്ധമാണ്. എന്തെന്ന് കേള്‍ക്കാനാരുമില്ലാത്തതാണ് സ്വതന്ത്രത. ഒന്നിനെയും പ്രതീക്ഷിക്കാതിരിക്കുന്നതു പരമസുഖം. അനുഭവത്തിലേ അത് മനസ്സിലാവൂ.