സ്വാമി വിവേകാനന്ദന്‍

മായ എന്ന പദം നിങ്ങള്‍ മിക്കപേരും കേട്ടിട്ടുണ്ട്. അതു സാധാരണമായി ജാലം അല്ലെങ്കില്‍ വ്യാമോഹം എന്ന അര്‍ത്ഥത്തിലാണുപയോഗിക്കുന്നത്. എന്നാല്‍ (അതു ശരിയല്ല) വേദാന്തത്തിന്റെ മൂലസ്തംഭങ്ങളിലൊന്നാണ് മായാവാദം. അതു ശരിയായി മനസ്സിലാക്കിവെയ്‌ക്കേണ്ടതാണ്. അതിനെ തെറ്റിദ്ധരിക്കാന്‍ വളരെ എളുപ്പമുള്ളതുകൊണ്ട് അല്പം ക്ഷമ വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടുകൊള്ളുന്നു. മായ എന്ന പദത്തിനു വൈദികസാഹിത്യത്തിലെ ഏറ്റവും പഴയ പ്രയോഗത്തില്‍ ജാലം എന്ന അര്‍ത്ഥമുണ്ട്. എന്നാല്‍ ആ കാലത്ത് (വേദാന്ത) മായാവാദം ഉദ്ഭവിച്ചിട്ടില്ല. ”ഇന്ദ്രന്‍ മായകള്‍കൊണ്ടു ബഹുരൂപങ്ങള്‍ ധരിച്ചു”, ഇത്യാദി വാക്യങ്ങളില്‍ ആ പദത്തിനു ജാലവിദ്യയെന്നോ മറ്റോ തന്നെ അര്‍ത്ഥം. ഈ അര്‍ത്ഥത്തില്‍ പല പദങ്ങളും വേദത്തില്‍ കാണാം. പിന്നെ കുറേ കാലത്തേക്ക് ആ പദത്തിന്റെ പ്രയോഗമേ ഇല്ല, എങ്കിലും തത്‌സംബന്ധിയായ ഭാവന വളര്‍ന്നുവന്നു. ”എന്തുകൊണ്ട് നമുക്ക് ഈ ജഗത്തിന്റെ രഹസ്യം മനസ്സിലാകുന്നില്ല” എന്നൊരു ചോദ്യം ചോദിച്ചുകാണുന്നു. അതിനു സമാധാനം; ”നാം പാഴ്‌വാക്കുകള്‍ പറയുന്നു, നാം ഇന്ദ്രിയതൃപ്തരാകുന്നു: നാം കാമങ്ങളുടെ പിന്നാലെ പായുന്നു: അതുകൊണ്ട് നാം സത്യവസ്തുവിനെ മൂടല്‍മഞ്ഞുകൊണ്ടെന്നപോലെ മൂടിയിരിക്കുന്നു.” ഈ സമാധാനം സാരഗര്‍ഭമാണ്. ഇതില്‍ മായ എന്ന പദം ഉപയോഗിച്ചിട്ടില്ലെങ്കിലും, മഞ്ഞുപോലുള്ള ഒരു മൂടലാണ് നമ്മുടെ അജ്ഞാനത്തിനു കാരണമെന്നും, അതു നമുക്കും സത്യത്തിനും മദ്ധ്യേ വന്നുനില്‍ക്കുന്നു എന്നും ഒരാശയമുണ്ട്. പിന്നീട് വളരെക്കാലം കഴിഞ്ഞ് ഒരുപനിഷത്തില്‍ മായാപദം വീണ്ടും പ്രത്യക്ഷമാകുന്നു. അപ്പോഴേക്കും അതിന്റെ അര്‍ത്ഥത്തില്‍ വലിയ പരിണാമം വന്നിരിക്കുന്നു. പുതിയ ഭാവനകള്‍ പലതും അതില്‍ ചേര്‍ന്നിരിക്കുന്നു. ഈ കാലത്തിനിടയ്ക്ക് അതിനെസ്സംബന്ധിച്ച് പല സിദ്ധാന്തങ്ങളും അവതരിപ്പിക്കയും ആവര്‍ത്തിക്കയും മാറ്റുകയും ചെയ്തിരിക്കണം. ഒടുവില്‍ ആശയം സ്ഥിരപ്പെട്ടു. ”മായയെ പ്രകൃതിയെന്നും മായിയെ മഹേശ്വരനെന്നും അറിയുക” എന്നു ശ്വേതാശ്വരോപനിഷത്തില്‍ കാണുന്നു. എന്നാല്‍ ശ്രീ ശങ്കരാചാര്യരുടെ കാലംവരെ ദാര്‍ശനികന്‍മാരുടെയിടയില്‍ ഈ പദത്തിനു പിന്നെയും അര്‍ത്ഥപരിണാമം വന്നു. ബൗദ്ധന്‍മാരും ഈ പദംകൊണ്ടു വ്യവഹരിച്ചിട്ടുണ്ട്. അവര്‍ക്ക് ഇതിന് ഭാവനാമയത്വം – സങ്കല്പസത്യത്വം എന്നാണ് ഏതാണ്ടര്‍ത്ഥം. ഇപ്പോള്‍ സാധാരണ ധരിച്ചുവരുന്നതും ആ അര്‍ത്ഥമാണ് – ഈ ലോകം മായയാണ് എന്നു ഹിന്ദുക്കള്‍ പറയുമ്പോള്‍ ജനങ്ങള്‍ ഉടനെ ധരിക്കുന്നത് ഇതു വെറും വ്യാമോഹം എന്നാണ്. ഈ ലോകം ഇല്ലാത്തതാണെന്ന് ബുദ്ധമതക്കാരില്‍ ചിലര്‍ സിദ്ധാന്തിച്ചിരുന്നു. ഈ പദം അവരുടെ കയ്യില്‍ക്കൂടെ കടന്നുപോന്നു.

അതുകൊണ്ട് മുന്‍പറഞ്ഞ അര്‍ത്ഥത്തിന് അടിസ്ഥാനമില്ലെന്നില്ല. എന്നാല്‍ വേദാന്തത്തിന്റെ പരിണതമായ രൂപത്തില്‍ മായ എന്നതു സങ്കല്പത്വമല്ല, വാസ്തവികത്വമല്ല, സിദ്ധാന്തവുമല്ല: അതൊരു കാര്യവിവരണമെന്നേയുള്ളു: നാമെന്ത്, നമുക്കു ചുറ്റും കാണുന്നതെന്ത് എന്നുള്ള സംഗതികളുടെ വിവരണംമാത്രം. ആരുടെ മനസ്സിലൂടെ വേദങ്ങള്‍ ആവിര്‍ഭവിച്ചുവോ, ആ ഋഷിമാര്‍ തത്ത്വാന്വേഷണത്തിലും തത്ത്വദര്‍ശനത്തിലും ബദ്ധശ്രദ്ധരായിരുന്നുവെന്നു പറഞ്ഞിട്ടുണ്ടല്ലോ. തത്ത്വങ്ങളെ വിസ്തരിക്കാനോ അതിനുവേണ്ടി കാക്കാനോ അവര്‍ക്കു സമയമുണ്ടായിരുന്നില്ല. അവര്‍ക്കു വസ്തുതകളുടെ ഹൃദയത്തിലേക്ക് ആണ്ടുപോകേണ്ടിയിരുന്നു. അപ്പുറത്തെന്തോ ഒന്ന് അവരെ വിളിക്കുന്നതുപോലെയായിരുന്നു. അവര്‍ക്കു നിന്നു താമസിക്കാന്‍ കഴിവുണ്ടായിരുന്നില്ല. അതുകൊണ്ട്, അവര്‍ വിഷയങ്ങളെ വിസ്തരിച്ചു വല്ലതും പറഞ്ഞിട്ടുള്ളതില്‍ത്തന്നെയും പലപ്പോഴും തെറ്റുകള്‍ പറ്റീട്ടുണ്ടെന്ന് ഉപനിഷത്തുകളില്‍ കാണാം. അവ ഇന്നത്തെ പ്രകൃതിശാസ്ത്രവിഷയങ്ങളാണ്. മൂലതത്ത്വങ്ങളെ സംബന്ധിച്ച് ഋഷിമാരുടെ ദൃഷ്ടി ശരിയാണ്. ഒരുദാഹരണം പറയാം. ആകാശം എന്നൊരു പദാര്‍ത്ഥമുണ്ടെന്ന് ആധുനികപ്രകൃതിശാസ്ത്രം ഇയ്യിടെയാണ് കണ്ടുപിടിച്ചത്. ഈ ശാസ്ത്രദര്‍ശനത്തെക്കാള്‍ കുറേക്കൂടി വിപുലവും വ്യക്തവുമായ രൂപത്തില്‍ അതിന്റെ തത്ത്വം മാത്രം ഞങ്ങളുടെ പ്രാചീനസാഹിത്യത്തിലുണ്ട്. ആ തത്ത്വപ്രപഞ്ചനവിഷയത്തില്‍ (അത് ഈ ജഗത്തില്‍ ഏതെല്ലാം വിധത്തില്‍ പ്രകാശിക്കുന്നു എന്നു തെളിയിപ്പാനുള്ള പരിശ്രമങ്ങളില്‍) അവര്‍ക്കു പല തെറ്റുകളും വന്നിട്ടുണ്ട്. അതുപോലെ ജഗത്തു മുഴുവന്‍ വ്യാപിക്കുന്ന ഒരു ജീവചൈതന്യമുണ്ടെന്നും അതിന്റെ വിവിധാവസ്ഥാപ്രകാശനങ്ങളാണ് ജഗത്തില്‍ കാണുന്ന ജീവിതങ്ങള്‍ എന്നുമുള്ള തത്ത്വവും വൈദികകാലത്ത് അറിവായിരുന്നു. അതു ബ്രാഹ്മണങ്ങളില്‍ കാണാം. സര്‍വ്വജീവിതപ്രകാശകമായ ആ പ്രാണനെപ്പറ്റി ദീര്‍ഘമായ ഒരു സൂക്തം വേദസംഹിതകളിലുണ്ട്. ജീവിതോല്പത്തിയെപ്പറ്റി നവീനയൂറോപ്യന്‍ശാസ്ത്രജ്ഞന്‍മാര്‍ പുറപ്പെടുവിച്ചിട്ടുള്ള ചില വാദങ്ങളോട് അത്യന്തസാദൃശ്യമുള്ള വാദങ്ങളും വൈദികവിജ്ഞാനത്തിലുണ്ടെന്നു കേള്‍ക്കുന്നത് നിങ്ങള്‍ക്കു രസകരമാവും. ജീവിതം ഇതരഗൃഹഗോളങ്ങളില്‍നിന്നാണ് ഭൂമിയില്‍ വന്നതെന്നൊരു വാദമുള്ളതു നിങ്ങള്‍ക്കറിയാമല്ലോ. ചന്ദ്രനില്‍നിന്നാണ് ജീവോല്പത്തി എന്നു ചില വൈദികതത്ത്വദര്‍ശികള്‍ക്കു തീര്‍ച്ചയായ അഭിപ്രായമായിരുന്നു.