ശ്രീ രമണമഹര്‍ഷി
മാര്‍ച്ച് 22,1939

ഒരാന്ധ്രാസന്ദര്‍ശകന്‍: ഞാന്‍ ചെയ്തുവരുന്ന ജപത്തെപ്പറ്റി ഭഗവാന്‍ എന്തുപറയുന്നു?
രമണമഹര്‍ഷി: ‘നമ’ എന്ന ജപം വണക്കത്തെ കുറിക്കുന്നു. അതായത് മനസ്സ് ആത്മാവിനുള്ളില്‍ ഒടുങ്ങിയിരിക്കുന്ന അവസ്ഥയെ കുറിക്കുന്നു. ജപത്തിന്‍റെ തീര്‍ന്ന നില – അതാണ്‌ അവിടെ ജപിക്കുന്നവനും ജപവും ഒഴിയുമ്പോള്‍ ലക്ഷ്യമായ സ്വസ്വരൂപം അവശേഷിക്കുന്നു. ആത്മാവില്‍ നിന്നും ആര്‍ക്കും വിട്ടുപോകാനൊക്കുകയില്ല. ജപിക്കുന്നവനെ വിഴുങ്ങിക്കളയും.

ചോദ്യം: ഭക്തി മുക്തിക്കു വഴി തെളിക്കുമോ?
മഹര്‍ഷി: ഭക്തിയും മുക്തിയും വെവ്വേറല്ല. സ്വരൂപാകാരമായിരിക്കുന്നത് തന്നെ ഭക്തി. അതുതന്നെ നമ്മുടെ സാക്ഷാല്‍ ഇരിപ്പ്. എന്നാലും അതിനെ അറിയാത്തതിനാല്‍ അപ്രകാരം ഇരിക്കാന്‍ (ഈശ്വരനോട് ചേര്‍ന്നിരിക്കാന്‍) ആഗ്രഹിക്കുന്നു. അങ്ങനെ ചേര്‍ന്നിരിക്കുകയും ചെയ്യുന്നതുപോലെ തന്നെ ഭക്തിയും മുക്തിയും. മൌനത്തെ ജ്ഞാനമാര്‍ഗമെന്നു പറയും. അത് പരാഭക്തിയാണ്. വിഭക്തി (വേര്‍പാട്) തോന്നുന്നതുവരെ മാത്രമേ ഭക്തി ആവശ്യമായി വരുന്നുള്ളൂ. മുന്നേതന്നെ താന്‍ ഈ ഭക്തിയിലാണിരിക്കുന്ന് എന്നറിയുന്നത് ജ്ഞാനം.

മാര്‍ച്ച്‌ 23, 1939

തമിഴ് കൈവല്യനവനീതത്തിന്‍റെ ഇംഗ്ലീഷു ഭാഷാനുവാദം ടൈപ്പ് ചെയ്തുകൊണ്ടിരുന്ന സാദ്വിക് അതില്‍ കണ്ട ചില സാങ്കേതിക പദങ്ങളെപ്പറ്റി ചോദിച്ചു.

രമണമഹര്‍ഷി: അതില്‍ സൃഷ്ടിയുടെ ഉല്പത്തിയെപ്പറ്റി പറയുന്നുണ്ട്. അത് അത്ര വളരെ മുഖ്യമല്ല. ശ്രുതികളില്‍ അതിനെ പ്രതിപാദിക്കുന്നില്ല. എങ്കിലും അതറിയാന്‍ ആഗ്രഹിക്കുന്നവരെ സമാധാനപ്പെടുത്താന്‍ വേണ്ടി പ്രസ്താവിച്ചതാണ്. പുസ്തകം ആത്മാവിനെ നിരൂപിക്കുന്നു. അതിന്‍റെ ഉദ്ദേശവും അതാണ്‌.

ഒരു വന്‍ പ്രകാശധോരണയില്‍ കണ്ടുമറയുന്ന നിഴലുകളാണ് ലോകമായി തോന്നപ്പെടുന്നത്. നിഴലുകളെ കാണാനും വെട്ടം ആവശ്യമാണ്.
മഹര്‍ഷി: ദ്രഷ്ടാവും ദൃശ്യവും ഒന്നിച്ചുതോന്നി ഒന്നിച്ചുമറയുന്നു. എതാധാരത്തിന്മേലാണ് ഇങ്ങനെ കണ്ടുമറയുന്നതെന്ന്‍ അന്വേഷിക്കുകയാണ് മുഖ്യം. സ്വപ്നത്തില്‍ ഈ രണ്ടും ഒന്നിച്ചു മറയുന്നതുപോലെതന്നെ ജാഗ്രത്തിലും അവ പ്രത്യക്ഷമായി മറയുന്നു. യഥാര്‍ത്ഥ മുമുക്ഷു ഇതുകളെ വകവെയ്ക്കാതെ ആത്മാവിന്‍റെ നിജസ്വരൂപത്തെ ഉറ്റുനോക്കി ഇരിക്കും.