ശ്രീ രമണമഹര്‍ഷി
ഏപ്രില്‍ 1, 1939
വെല്ലോരില്‍ നിന്നും അദ്ധ്യാപകയോഗത്തിനു വന്നിരുന്ന ചിലര്‍ ഭഗവദ്ദര്‍ശനത്തിനു വന്നു. ഒരാള്‍,
‘വലിയൊരു കാട്ടിലകപ്പെട്ടേ,നയ്യോ
വഴിയും കാണാതെ ഉഴലുന്നേന്‍’ എന്നു പറഞ്ഞു.
രമണ മഹര്‍ഷി: കാടും മേടുമെല്ലാം മനസ്സിലേ ഉള്ളൂ. മറ്റെങ്ങുമില്ല. വിചാരമറ്റിരിക്കുന്നതേ പ്രതിവിധിയാവുകയുള്ളൂ.
ചോദ്യം: സമൂഹത്തില്‍പ്പെട്ടിരുന്നുകൊണ്ട് വിചാരം കൂടാതെ ഇരിക്കാനൊക്കുമോ?
മഹര്‍ഷി: തന്നെ ശരീരത്തോട് ചേര്‍ത്തുവച്ചുകൊണ്ട് സമൂഹത്തിലിരിക്കുന്നുവെന്നും വ്യവഹാരം ചെയ്യുന്നുവെന്നും മറ്റും പറയുന്നു. നിങ്ങള്‍ ദേഹമോ മനസ്സോ അല്ലാതിരിക്കവേ അവയാണെന്നു പറയുന്നു. ഇതെല്ലാം വിട്ടിരിക്കുന്ന ഒരവസരം നിങ്ങള്‍ക്കുമുണ്ട്. ഉറക്കം. അപ്പോള്‍ നിങ്ങള്‍ ഏതു സമൂഹത്തിലിരിക്കും?
നോക്കൂ, മാറ്റമറ്റ നിങ്ങളുടെ സാക്ഷാല്‍ സ്വരൂപം അവസ്ഥാത്രയങ്ങളിലും ഉള്ളതായിരിക്കുന്നു. അവസ്ഥകള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ നശ്വരങ്ങളാണ്. നിങ്ങള്‍ നിങ്ങളെ അറിയാതിരുന്ന സുഷുപ്തിയിലും നിങ്ങളുണ്ടായിരുന്നുവെന്ന സത്യത്തെ മറക്കരുത്. മുന്‍പറഞ്ഞ നശ്വരങ്ങള്‍ നിങ്ങളുടെ ഈ അനശ്വര സത്തയില്‍ സിനിമാസ്ക്രീനില്‍ ചലച്ചിത്രങ്ങളെന്നപോലെ കണ്ടുമറഞ്ഞുപോകുന്നവയായിരിക്കുകയാണ്. സ്ക്രീന്‍ മാറാതിരിക്കവേ ചലചിത്രങ്ങള്‍ മാത്രം മാറിക്കൊണ്ടിരിക്കുന്നു. അതുപോലെ നിങ്ങളുടെ ദേഹവും മനസ്സും എങ്ങെങ്ങും ചരിക്കുമ്പോഴും (ആത്മാവ്) നിശ്ചഞ്ചലമായി ഇരുന്ന നിലയില്‍തന്നെ ഇരിക്കുകയാണ്. ഇതു ശാന്തിയുടെ അനുഭൂതിസ്വരൂപമാണ്.
ചോദ്യം: ഗുരുകാരുണ്യം കൂടാതെ ആനന്ദപ്രദമായ ഈ നിശ്ചലാവസ്ഥയെ സാക്ഷാല്‍ക്കരിക്കാന്‍ ഒക്കുകയില്ലല്ലോ.
മഹര്‍ഷി: നിങ്ങളുടെ സത്ത ആനന്ദമാണ്. സത്തയെ വിട്ടിരിക്കാന്‍ നിങ്ങള്‍ക്ക് സാദ്ധ്യവുമല്ല. നിങ്ങള്‍ നിങ്ങളെ ദേഹത്തിലും മനസിലും ഇരിക്കുന്നതായി കാണുന്നു. ദേഹവും മനസ്സും നശ്വരങ്ങളാണ്. എന്നാല്‍ നിങ്ങളുടെ സത്ത അനശ്വരമാണ്. നശ്വരങ്ങള്‍ക്കെല്ലാം ആധാരമായ ഈ സത്തയെ, സാക്ഷാല്‍സ്വരൂപത്തെ ഉണരുക.
ചോദ്യം: ഞാന്‍ വെല്ലൂരില്‍ അനുഭവിച്ചിട്ടില്ലാത്ത ശാന്തിയാണ് എനിക്ക് ഭഗവത്സന്നിധിയില്‍ ലഭിക്കുന്നത്.
മഹര്‍ഷി: സ്ഥലകാലങ്ങളെ അപേക്ഷിച്ചുള്ള അനുഭവങ്ങള്‍ സത്യമല്ല. ഇവിടത്തെ ശാന്തി വെല്ലൂരില്‍ കിട്ടിയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ശാന്തി അനുഭവിക്കുമായിരുന്നില്ല.
ചോദ്യം: നാം നമ്മെ അറിയുമ്പോള്‍ ലോകം അനിത്യമാണെന്നറിയും, അല്ലേ?
മഹര്‍ഷി: അതെന്തിന്? നിത്യമായ ആത്മസ്വരൂപത്തില്‍ നിന്നുമകന്നുപോകുന്ന മനസ്സിനെ വീണ്ടും ആത്മാഭിമുഖമാക്കിത്തീര്‍ക്കാന്‍ മനസ്സ് സ്വസങ്കല്‍പത്തില്‍ കൂടി വരിച്ചിരിക്കുന്ന ഈ ലോകം നശ്വരമാണെന്ന് ഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലോകം അനിത്യമാണെന്ന് പറഞ്ഞതുകൊണ്ടായില്ല. നിങ്ങളുടെ നിത്യത്വത്തെ കാണണം.
ചോദ്യം: ഒരുവന്‍ എല്ലാത്തിലും ഉദാസീനനായിരിക്കണമെന്നു പറയുന്നതിന്‍റെ ഉദ്ദേശമെന്താണ്?
മഹര്‍ഷി: അതെ, ഹിതാഹിതങ്ങള്‍ വിട്ടിരിക്കുന്നതിനെയാണ് ഉദാസീനത എന്നു പറയുന്നത്. ‘ഔദാസീന്യമഭീപ്സിതം’. ദൃശ്യങ്ങളെല്ലാം നിലയറ്റവയാണെന്നറിയുമ്പോള്‍ ഹിതാഹിതങ്ങള്‍ക്കിടമേത്? മാത്രമല്ല, അഹന്തയെ അപേക്ഷിച്ച് മാത്രമുള്ള ഹിതാഹിതങ്ങള്‍ക്ക് അര്‍തഥമെന്തുണ്ട്.
ചോദ്യം: ഉദാസീനമായിരുന്നാല്‍ കര്‍ത്തവ്യകര്‍മ്മങ്ങളില്‍ താല്പര്യം കുറഞ്ഞുപോവുകയില്ലേ?
മഹര്‍ഷി: കര്‍ത്തവ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി ഹിതാഹിതങ്ങളെ നോക്കുന്നതെന്തിന്? അത് വേണ്ടവിധത്തില്‍ നടക്കും. ദേഹം എന്തിനുവേണ്ടിയുണ്ടായോ ആ കര്‍ത്തവ്യങ്ങളെ അത് നിറവേറ്റിക്കൊള്ളും. യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങിനിന്ന അര്‍ജ്ജുനനോട് കൃഷ്ണന്‍ പറഞ്ഞത് “ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നീ യുദ്ധം ചെയ്തേ മതിയാവൂ” എന്നാണ്. നാം ചെയ്യേണ്ടത് എത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ചെയ്തുതന്നെ ആകണം. നടക്കേണ്ടത് നടക്കും. നടക്കാന്‍ പാടില്ലാത്തത് നാം എത്ര പരിശ്രമിച്ചാലും നടക്കുകയുമില്ല. ഇഷ്ടാനിഷ്ടങ്ങളും കര്‍ത്തൃത്വവും നോക്കാതെ നാടകത്തില്‍ കഥാപാത്രങ്ങള്‍ നടിക്കുന്നത് നോക്കുക. അതുപോലെ ലോകരംഗത്ത് ജീവിതധര്‍മ്മങ്ങളെ നാം നിര്‍വ്വഹിക്കേണ്ടിയിരിക്കുന്നു.