എന്താണ് മായ ? (188)
തത്ത്വവിചാരത്തില്‍നിന്ന്, സാധാരണ നിത്യജീവിതകാര്യങ്ങളില്‍ കടന്നുനോക്കിയാലോ, നമ്മുടെ ജീവിതം മുഴുവനും പരസ്പരവിരുദ്ധമായ ഈ സദസത്തുക്കളുടെ സങ്കലനമാണെന്നു കാണാം. ജ്ഞാനത്തില്‍ ഈ വൈരുദ്ധ്യം കാണാം. മനുഷ്യന് അറിയണമെന്നാഗ്രഹമുണ്ടായാല്‍ മതി സര്‍വ്വവും അറിവാന്‍ സാധിക്കും എന്നു നമുക്കു തോന്നുന്നു: എന്നാല്‍ ഏതാനും ചുവടുകള്‍ വെക്കുന്നതിനുമുമ്പ് നമ്മുടെ ഗതി തടഞ്ഞുകൊണ്ട് ഒരു വജ്രഭിത്തി നില്‍ക്കുന്നതു കാണാം. മനുഷ്യന്റെ സര്‍വ്വകര്‍മ്മങ്ങളും ഒരു വൃത്തത്തിനുള്ളില്‍ കിടന്നു തിരിയുകയാണ്: ആ വൃത്തം കടന്നുപോവുക മനുഷ്യനു സാധ്യമല്ല. തനിക്ക് അത്യന്തം അടുത്തതും പ്രിയപ്പെട്ടതുമായ സംഗതികള്‍, അവയ്ക്കു സമാധാനം അന്വേഷിച്ചുകൊണ്ടു മനുഷ്യനെ മുമ്പോട്ടു മുമ്പോട്ടു തള്ളിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മനുഷ്യന് ബുദ്ധിയുടെ പരിധി കടന്നുപോവാന്‍ കഴിവില്ലാത്തതുകൊണ്ട് അവയ്‌ക്കൊരു സമാധാനം കിട്ടുന്നുമില്ല. ആഗ്രഹം അവനില്‍ വേരൂന്നി ബലത്തില്‍ നില്‍പ്പുണ്ടുതാനും. അതിനെ ഒതുക്കി അമര്‍ത്തുന്നതേ തനിക്കു നന്‍മയായിരിക്കൂ എന്നു മനുഷ്യനറിയാം. സ്വാര്‍ത്ഥം നോക്കണം എന്നത്രേ നമുക്കു വീര്‍പ്പിനു വീര്‍പ്പിനുള്ള ഹൃദയപ്രേരണ. അതോടൊപ്പംതന്നെ ത്യാഗമേ നല്ലൂ എന്ന് ഏതോ അപ്പുറത്തുള്ള ഒരു ശക്തി നമ്മോടു പറയുന്നുമുണ്ട്. ബാലന്‍മാരെല്ലാം ശുഭൈകദൃഷ്ടികളാണ്, ജന്‍മനാതന്നെ അവര്‍ കാണുന്നതു പൊന്‍കിനാവുകള്‍. അവര്‍ യൗവനത്തില്‍ അതിലധികം ശുഭദൃഷ്ടിയാണ്. മരണം, പരാജയം, അധഃപതനം എന്നൊക്കെയുണ്ടെന്നു വിചാരിപ്പാന്‍പോലും യുവാവിനു വളരെ പ്രയാസം. വാര്‍ദ്ധക്യം വരുന്നു. അപ്പോള്‍ ജീവിതം നഷ്ടശിഷ്ടങ്ങളുടെ ഒരു ഭാണ്ഡമായി. സ്വപ്നങ്ങളെല്ലാം ആകാശത്തില്‍ അലിഞ്ഞുപോയി. മനുഷ്യന്‍ അശുഭൈകദൃക്കായി. ഇങ്ങനെ നാം പ്രകൃതിയുടെ പ്രഹരങ്ങളേറ്റ് ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പോകുന്നു: എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നുമില്ല. ഈ സന്ദര്‍ഭത്തില്‍ ലളിതവിസ്താരം എന്ന ബുദ്ധചരിതത്തിലുള്ള ഒരു സുപ്രസിദ്ധഗീതം എനിക്കോര്‍മ്മവരുന്നു. മനുഷ്യലോകത്തിന്റെ സമുദ്ധാരകനായിട്ടാണ് ബുദ്ധന്‍ ജനിച്ചത്. അദ്ദേഹം അരമനയിലെ ആഡംബരങ്ങളില്‍പ്പെട്ട് ആ കാര്യം മറന്നു. അപ്പോള്‍ ആ സ്മരണയുണര്‍ത്തുവാന്‍വേണ്ടി ചില ദേവദൂതന്‍മാര്‍ വന്ന് ഒരു ഗീതം പാടി. പ്രതിനിമിഷം മാറിമാറിക്കൊണ്ടിരിക്കുന്ന ജീവിതനദിയില്‍ ഒരു വിശ്രമവും സൈ്വരവുമില്ലാതെ നാം കീഴ്‌പ്പോട്ട് ഒഴുകിക്കൊണ്ടേയിരിക്കുന്നു. എന്തു ചെയ്യാം? അന്നപാനങ്ങള്‍ സുഭിക്ഷമായുള്ളവനു ലോകം സുഖമയം! ദുഃഖത്തെപ്പറ്റി മിണ്ടുകയേ ഇല്ല: അതയാള്‍ക്കു ഭയങ്കരം. ലോകത്തിലെ കഷ്ടാരിഷ്ടങ്ങളെപ്പറ്റിയൊന്നും അയാളോടു പറയേണ്ട: എല്ലാം ക്ഷേമമായിരിക്കുന്നു എന്നു പറയുക. അയാള്‍ അതു ശരിവെയ്ക്കും. ”ക്ഷേമംതന്നെ, കണ്ടില്ലേ, നല്ല വീട്, ദാരിദ്ര്യഭയമില്ല, ശൈത്യബാധയില്ല, (എല്ലാം സുഖമായിരിക്കുന്നു.) അന്യന്റെ കഷ്ടപ്പാടുകളുടെ കൊടിയ കഥകളൊന്നും എനിക്കു കേള്‍ക്കണ്ട,” എന്നയാള്‍ പറയും. അങ്ങേപ്പുറത്താകട്ടെ തണുപ്പും പട്ടിണിയുംകൊണ്ട്, ആളുകള്‍ മരിക്കുന്നു. അവരോടു ചെന്ന് ”എല്ലാം ക്ഷേമമായിരിക്കുന്നു” എന്നു പറഞ്ഞാല്‍ അവരതു കേള്‍ക്കില്ല. അവര്‍ ദുഃഖമനുഭവിച്ചുകൊണ്ടിരിക്കെ അന്യന്‍ സുഖിയായിരിക്കണമെന്ന് അവരെങ്ങനെ വിചാരിക്കും? ഇങ്ങനെ സുഖഭാവനയ്ക്കും ദുഃഖഭാവനയ്ക്കും മദ്ധ്യേ നാം കിടന്നാടുകയാണ്.
ഇതിനും പുറമെയാണ് മരണമെന്ന ഗംഭീരവസ്തുത. സര്‍വ്വലോകവും കാലവശമാണ്: എല്ലാം നശിക്കുന്നു. നമ്മുടെ പുരോഗതിയും നമ്മുടെ അഭിമാനവും നമ്മുടെ പരിഷ്‌കാരവും നമ്മുടെ ആഡംബരങ്ങളും നമ്മുടെ സമ്പത്തും നമ്മുടെ ജ്ഞാനവും എല്ലാം അതില്‍ അസ്തമിക്കുന്നു – മരണത്തില്‍: അതൊന്നേ നമുക്കു തീര്‍ച്ചയായുള്ളു. നഗരങ്ങള്‍ ഉളവാകുന്നു, നശിക്കുന്നു: സാമ്രാജ്യങ്ങള്‍ തലപൊന്തിക്കുന്നു, തകര്‍ന്നുവീഴുന്നു: ഗ്രഹഗോളങ്ങള്‍ ഉദിക്കുന്നു, പൊട്ടിപ്പിളര്‍ന്നു തവിടുപൊടിയായി ഇതരഗ്രഹങ്ങളുടെ വായുമണ്ഡലങ്ങളില്‍ അങ്ങിങ്ങു പാറുന്നു. ഇങ്ങനെ അനാദികാലം മുതല്‍ നടന്നുവരുന്നു. എല്ലാത്തിന്റെയും അന്ത്യം നാശം ജീവിതത്തിന്റെ, സൗന്ദര്യത്തിന്റെ, ധനത്തിന്റെ, ബലത്തിന്റെ, പുണ്യത്തിന്റെ എല്ലാം അന്ത്യം നാശംതന്നെ. മഹര്‍ഷിമാര്‍ മരിക്കുന്നു. മഹാപാപികളും മരിക്കുന്നു: അരചന്‍ മരിക്കുന്നു, യാചകനും മരിക്കുന്നു. എല്ലാവരും മൃത്യുവിലേക്കെത്തുന്നു. എന്നിട്ടും ജീവിതാസക്തി ബലവത്തായിരിക്കുന്നു. എന്തുകൊണ്ടെന്ന് നമുക്കറിഞ്ഞുകൂടാ: എങ്ങനെയോ നാം ജീവിതത്തെ മുറുകെപ്പിടിക്കുന്നു: അതു കൈവിടുവാന്‍ നമുക്കു കഴിയുന്നില്ല, ഇതു മായയാകുന്നു.
അമ്മ തന്റെ ശിശുവിനെ വളരെ വാല്‍സല്യത്തോടെ വളര്‍ത്തുന്നു: അമ്മയുടെ ജീവനും പ്രാണനുമെല്ലാം ആ ശിശുവില്‍ത്തന്നെ. അതു വളര്‍ന്നു മുതിര്‍ന്ന മനുഷ്യനാകുന്നു, അപ്പോഴേയ്ക്ക്, പക്ഷേ ഒരു മൃഗപ്രായനും ദുര്‍വൃത്തനുമാകുന്നു: അമ്മയെ നിത്യവും അടിക്കും, തൊഴിക്കും. എന്നിട്ടും മാതൃഹൃദയം അവനോടു ദൃഢബദ്ധമായിരിക്കുന്നു. അതിനെപ്പറ്റി ആലോചിക്കുമ്പോള്‍ മാതൃവാല്‍സല്യം എന്നു പേര്‍ കൊടുത്ത് അതിനെ സംരക്ഷിക്കയും ചെയ്യുന്നു, അതു വാല്‍സല്യമല്ല, തന്റെ ഞരമ്പുകളെ ബാധിച്ച, തനിക്കു വിട്ടൊഴിപ്പാന്‍ കഴിയാത്ത, എന്തോ ഒന്നാണെന്ന് അമ്മ തെല്ലും അറിയുന്നില്ല: എത്ര മിനക്കെട്ടാലും വേണ്ടില്ല, തന്നെ കുടുക്കിയിരിക്കുന്ന ആ കെട്ടു കുടഞ്ഞുകളയാന്‍ അവര്‍ക്കു കഴിയുന്നില്ല. ഇതും മായയാകുന്നു.
നാമെല്ലാവരും സ്വര്‍ഗ്ഗസുഖം അന്വേഷിക്കുന്നു. അതു നമുക്കു കിട്ടുമെന്നു നാമോരോരുത്തനും വിശ്വസിക്കുന്നു. എന്നാല്‍ ഇരുനൂറു ലക്ഷത്തിലൊരുവനു മാത്രമേ അതു സിദ്ധിപ്പാനിടയുള്ളു എന്നു ബുദ്ധിയുള്ളവര്‍ക്കെല്ലാം ആലോചിച്ചാലറിയാമെങ്കിലും എല്ലാവരും അതിനു കഠിനപ്രയത്‌നം ചെയ്യുന്നു. ഇതും മായയാകുന്നു.
രാവും പകലും മൃത്യു ഭൂമിയില്‍ ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ നാം ചിരഞ്ജീവികളായിരിക്കുമെന്നു നാം വിശ്വസിക്കയും ചെയ്യുന്നു. ലോകത്തില്‍ അത്യാശ്ചര്യകരമായ സംഗതിയെന്താണെന്നു പണ്ടു യുധിഷ്ഠിരമഹാരാജാവിനോടു ചോദിക്കയുണ്ടായി. അതിന് അദ്ദേഹം മറുപടി പറഞ്ഞു; ”എവിടെ നോക്കിയാലും ജീവികള്‍ മരിക്കുന്നതു നിത്യവും കാണാം. എന്നിട്ടും തങ്ങള്‍ക്കു മരണമില്ലെന്നാണ് മനുഷ്യര്‍ വിചാരിക്കുന്നത്. ഇതിലധികം ആശ്ചര്യകരമായിട്ടെന്തുണ്ട്? ഇതും മായയാകുന്നു.