ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 20

ദാതവ്യമിതി യദ്ദാനം
ദീയതേഽനുപകാരിണേ
ദേശേ കാലേ ച പാത്രേ ച
തദ്ദാനം സാത്ത്വികം സ്മൃതം.

മൂന്നു ഗുണങ്ങളോടും ബന്ധപ്പെട്ട് മൂന്നുതരത്തിലുള്ള തപസ്സുണ്ടെന്ന് ഞാന്‍ വിശദീകരിച്ചു. ഇനിയും ദാനത്തിന്റെ മൂന്നു തരത്തിലുള്ള സ്വഭാവത്തെപ്പറ്റി പറയാം. ദാനം നല്‍കുന്നതും ത്രിഗുണങ്ങള്‍ക്കനുസൃതമായി മൂന്നു വിധത്തിലാണ്. സത്ത്വഗുണത്തോടു ബന്ധപ്പെട്ട ദാനത്തെപ്പറ്റി ആദ്യം പറയാം.

കൊടുക്കേണ്ടതാണ് എന്നുള്ള നിശ്ചയത്തോടുകൂടി പ്രത്യുപകാരം ചെയ്യാന്‍ കഴിവില്ലാത്തവന് തക്ക ദേശത്തിലും തക്ക കാലത്തിലും തക്ക പാത്രത്തിലും കൊടുക്കുന്ന ദാനം സാത്ത്വികമാണ്.

സത്ത്വശ്രദ്ധയോടു കൂടിയവന്‍ സ്വപ്രയത്നം കൊണ്ട് സന്മാര്‍ഗ്ഗത്തില്‍ക്കൂടി സമ്പാദിച്ച ധനം ആദരവോടെ ദാനം ചെയ്യുന്നു. നല്ല വിത്തുണ്ടെങ്കിലും അതു വിതയ്ക്കുന്നതിനു പറ്റിയ ഫലഭൂയിഷ്ഠമായ ഭൂമിയില്ലാത്തതുപോലെയാണ് ദാനത്തിന്റെയും അവസ്ഥ. അമൂല്യമായ ഒരു രത്നം കി‌ട്ടിയാലും അതു പതിക്കുന്നതിനുള്ള സ്വര്‍ണ്ണം ലഭിച്ചില്ലെന്നു വരാം. ഇതു രണ്ടും ഒരേ സമയത്തു ലഭിച്ചാല്‍ത്തന്നെയും ഈ ആഭരണം ധരിക്കുന്നതിനു പറ്റിയ മനോഹരമായ ഒരു മേനി കണ്ടുകിട്ടിയില്ലെന്നു വരാം. ഭാഗ്യം ഉണ്ടെങ്കില്‍ മാത്രമേ ഉത്സവദിവസവും സുഹൃത്തുക്കളുടെ സന്ദര്‍ശനവും സമ്പത്തും ഒന്നുചേര്‍ന്നുവരുകയുള്ളൂ. അതുപോലെ സത്ത്വശ്രദ്ധയോടെ ദാനം ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ യോഗ്യമായ സ്ഥലവും കാലവും ആദാതാവും സമ്പത്തുമെല്ലാം സ്വഭാവികമായി ഒരുമിച്ചുകൂടുന്നു. യഥോചിതമായ ദാനം ചെയ്യുന്നതിന് ഒരുവന്‍ കുരുക്ഷേത്രമോ കാശിയോ പോലെയുള്ള പുണ്യസ്ഥലത്ത് എത്തണം. അങ്ങനെയുള്ള പവിത്രമായ സ്ഥലത്തെത്തി, സൂര്യഗ്രഹണമോ ചന്ദഗ്രഹണമോ അതുപോലെയുള്ള മറ്റ് ഏതെങ്കിലും ഒരു ശുഭമുഹൂര്‍ത്തമോ തിരഞ്ഞെടുക്കണം. അനന്തരം ദാനം നല്‍കുന്നതിനുവേണ്ടി പരിശുദ്ധിയു‌ടെ മൂര്‍ത്തികരണമായ ഒരുവനെ തിരഞ്ഞെടുക്കണം. അയാള്‍ സദ്ഗുണങ്ങളുടെ വിളഭൂമിയായിരിക്കണം. വേദങ്ങളുടെ വാസസ്ഥാനമായിരിക്കണം. പ്രസ്തുത ആള്‍ക്ക് ദാനം ചെയ്യുന്ന ധനത്തിന്റെ മേലുള്ള തന്റെ സര്‍വ്വ അവകാശവും ദാതാവ് ഒഴിഞ്ഞുകൊടുക്കണം. ഇത് വിശ്വസ്തയായ ഭാര്യ തന്റെ തനുവുള്‍പ്പെടെ സര്‍വ്വസ്വവും സ്വഭര്‍ത്താവിന് സമര്‍പ്പിക്കുന്നതുപോലെയാണ്; ന്യായസ്ഥനായ ഒരുവന്‍ തന്നെ ഏല്‍പ്പിച്ച ധനം നിക്ഷേപകന് മടക്കിക്കൊടുത്ത് അതിന്റെ ബാദ്ധ്യതയില്‍ നിന്നു മുക്തനാവുന്നത് പോലെയാണ്; രാജസേവകന്‍ രാജാവിനു താംബൂലം നല്‍കിയിട്ട് മനസ്സമാധാനത്തോടെ വിശ്രമിക്കുന്നതുപോലെയാണ്. നിസ്വാര്‍ത്ഥമനോഭാവത്തോടെ, യാതൊരു പ്രതിഫലേച്ഛയുമില്ലാതെയാണ് ഭൂമി, ദ്രവ്യം തുടങ്ങിയവയെല്ലാം ദാനം ചെയ്യേണ്ടത്. തന്നെയുമല്ല, നല്‍കുന്ന ദാനം മറ്റൊരു രൂപത്തിലും തിരിച്ചു നല്‍കാന്‍ കഴിവില്ലാത്ത ഒരു ആളിനെയാണ് ആദാതാവായി തിരഞ്ഞെടുക്കേണ്ടത്.

ആകാശത്തെ നോക്കി ആക്രോശിച്ചാല്‍ അനുനാദം ഉണ്ടാവുകയില്ല. മുഖകണ്ണാടിയുടെ പിന്‍ഭാഗത്ത് നോക്കിയാല്‍ പ്രതിച്ഛായ കാണുകയില്ല. വെള്ളത്തിലേക്ക് എറിയുന്ന പന്ത് മേലോട്ടുയര്‍ന്നു എറിഞ്ഞവന്റെ കൈയിലെത്തുകയില്ല. ക്ഷേത്രക്കാളയ്ക്കു തീറ്റി കൊടുത്താല്‍ അത് നന്ദി പറയുകയില്ല. ഒരു കൃതഘ്നനെ സഹായിച്ചാല്‍ പ്രതിഫലനമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇപ്രകാരം താന്‍ നല്‍കുന്ന ദാനം ഒരു തരത്തിലും രൂപത്തിലും തന്നില്‍ തിരിച്ചെത്തുകയില്ലെന്നുള്ള ഉറപ്പ് ദാതാവിനുണ്ടായിരിക്കണം. എന്നു മാത്രമല്ല, ദാതാവെന്നും ആദാതാവെന്നും ഉള്ള വ്യത്യസ്ത ഭാവമോ, താന്‍ ദാനം കൊടുത്തുവെന്ന അഭിമാനമോ ഒരു കാലത്തും ദാതാവിന്റെ മനസ്സില്‍ ഉണ്ടാവാന്‍ പാടില്ല താനും.

അല്ലയോ ധനുര്‍ദ്ധരാ, ഇപ്രകാരമുള്ള ദാനം സാത്ത്വികദാനമാണ്. ഇതു ദാനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പുണ്യഭൂമി, യോഗ്യകാലം, യോഗ്യപാത്രം, പവിത്രവും നിര്‍മ്മലവുമായ ദ്രവ്യം, ദാതാവിന്റെ നിസ്സ്വാര്‍ത്ഥ മനോഭാവം തുടങ്ങി അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും തികഞ്ഞ പരിതസ്ഥിതിയില്‍ ചെയ്യുന്ന ദാനം ശാസ്ത്രപ്രകാരം കുറ്റമറ്റതും അന്യൂനവുമാണ്. അതാകുന്നു ശ്രേഷ്ഠ സാത്ത്വികദാനം.