ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 21
യത്തു പ്രത്യുപരകാരാര്‍ത്ഥം
ഫലമുദ്ദിശ്യ വാ പുനഃ
ദീയതേ ച പരിക്ലിഷ്ടം
തദ്ദാനം രാജസം സ്മൃതം
പ്രത്യുപകാരം ലഭിക്കുമെന്ന് ആശിച്ചോ സ്വര്‍ഗ്ഗാദി ഫലത്തെ ഉദ്ദേശിച്ചോ മനക്ലേശത്തോടുകൂടിയോ യാതൊന്നു കൊടുക്കപ്പെടുന്നുവോ ആ ദാനം രാജസമെന്നു പറയപ്പെടുന്നു.
ഒരുവന്‍ പാലിനുവേണ്ടി പശുവിനു തീറ്റിക്കൊടുക്കുന്നു. ധാന്യം ശേഖരിക്കാനുള്ള പത്തായം പണിഞ്ഞുവെച്ചിട്ട് വിത്തു വിതയ്ക്കുന്നു. സംഭാവന കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ ബന്ധുക്കളെ അടിയന്തിരത്തിനു ക്ഷണിക്കുന്നു. പലിശ മുന്‍കൂര്‍ വാങ്ങിയിട്ട് പണം കടം കൊടുക്കുന്നു. ചികിത്സിക്കുന്നതിനു മുമ്പുതന്നെ രോഗിയുടെ പക്കല്‍നിന്ന് പ്രതിഫലം വാങ്ങുന്നു. ഇപ്രകാരം ദാതാവിന് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്നുള്ള ഉദ്ദേശ്യത്തോടെ നല്‍കുന്ന ദാനം രാജസമാണ്. അയാള്‍ തിരിച്ചൊന്നും നല്‍കാന്‍ കഴിയാത്ത ഒരു പരിവ്രാജക ബ്രാഹ്മണനെ വഴിയില്‍ കണ്ടുമുട്ടിയാല്‍ അദ്ദേഹത്തിനു ഒരു ചെറിയ ദാനം നല്‍കിയിട്ട്, തന്റെയും തന്റെ ബന്ധുക്കളുടെയും പാപപരിഹാരത്തിനുവേണ്ടി അദ്ദേഹത്തെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുന്നു. ഈ ദാനം ഒരു നേരത്തെ ആഹാരത്തിനുപോലും മതിയാകാത്ത വണ്ണം തുച്ഛമാണെങ്കിലും അതുകൊണ്ട് സ്വര്‍ഗ്ഗസുഖങ്ങള്‍ നേടിയെടുക്കാമെന്നു അയാള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ തുച്ഛമായ സംഖ്യയുമായി ആദാതാവ് പൊയ്ക്കഴിയുമ്പോള്‍, തനിക്കു ഭീമമായ നഷ്ടം സംഭവിച്ചുവെന്നും തന്റെ സ്വത്ത് മുഴുവനും കൊള്ളയടിക്കപ്പെട്ടുവെന്നും ചിന്തിച്ചു ദാതാവ് ദുഃഖിക്കുന്നു. അല്ലയോ അര്‍ജ്ജുന, ഇതില്‍ക്കൂടുതല്‍ എന്തു പറയാനാണ്? ഇപ്രകാരം മനസ്സിനെ വികാരകലുഷമാക്കുന്ന ദാനം രാജസ ദാനമാണ്.