ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 22
അദേശകാലേ യദ്ദാനം
അപാത്രേഭ്യശ്ച ദീയതേ
അസത്കൃതമവജ്ഞാതം
തത് താമസമുദാഹൃതം
ദേശകാലങ്ങളെ കണക്കാക്കാതെ അര്‍ഹരല്ലാത്തവര്‍ക്ക്, ബഹുമാനം കൂടാതെയും നിന്ദയോടുകൂടിയും യാതൊരു ദാനം നല്കുന്നുവോ അത് താമസമെന്ന് പറയപ്പെടുന്നു.
മോഷ്ടിച്ച് സമ്പാദിച്ച മുതല്‍ മ്ലേച്ഛസ്ഥാനങ്ങളിലും വനപ്രദേശങ്ങളിലും കൂടാരങ്ങളിലും നാല്‍ക്കവലകളിലും ധര്‍മ്മകൃത്യങ്ങള്‍ക്ക് അയോഗ്യമായ മറ്റു സ്ഥലങ്ങളിലും വെച്ച് വൈകീട്ടോ രാത്രികാലങ്ങളിലോ, സ്തുതിപാഠകര്‍ പാമ്പാട്ടികള്‍ അഭിസാരികകള്‍ ചൂതാട്ടക്കാര്‍ മന്ത്രവാദിനികള്‍ തുടങ്ങിയവര്‍ക്ക് ദാനം ചെയ്യുന്നു. ആദാതാക്കളുടെ സൗന്ദര്യത്തിലും നൃത്തവൈദഗ്ദ്ധ്യത്തിലും മതിമയങ്ങിയാണ് ഈ ദാനം ചെയ്യുന്നത്. കൂടാതെ തന്നെപ്പറ്റി പാടുന്ന സ്തുതിഗീതങ്ങള്‍ കാതുകളില്‍ മധുരമായി മുഴങ്ങുന്നുണ്ടാവും; അതിന്റെ മാസ്മരികശക്തി മനസ്സിനെ വശീകരിക്കുന്നുണ്ടാവും. എന്നു തന്നെയുമല്ല ഈ അദാതാക്കള്‍ ചൂടുന്ന പുഷ്പങ്ങളുടെയും പുരട്ടുന്ന സുഗന്ധദ്രവ്യങ്ങളുടെയും പരിമളം ദാതാവില്‍ കാമോന്മാദം ഉണര്‍ത്തി ഇന്ദ്രിയവിഷയങ്ങളെ ആസ്വദിക്കുന്നതിനുള്ള ആര്‍ത്തി ഉളവാക്കുന്നു. മറ്റുള്ളവരെ കൊള്ളയടിച്ചു ലഭിച്ച ധനം അവന്‍ ദാനമായി നല്‍കുന്നു. ഇത് വധശിക്ഷ നടത്തുന്ന ആരാച്ചാന്മാര്‍ സൌജന്യമായി അന്നക്ഷേത്രം നടത്തുന്നത് പോലെയാണ്. ഈ ദാനം താമസമാണ്.
ഇനിയും മറ്റൊരുവിധത്തില്‍ ആകസ്മികമായി നടക്കുന്ന ദാനത്തെപ്പറ്റി കേട്ടോള്ളൂ. അത് ഒച്ച് ഇഴഞ്ഞ് അക്ഷരമുണ്ടാകുന്നതുപോലെയോ കൈകള്‍ കൂട്ടിയിടിക്കുന്നതിടയില്‍ കാക്ക അകപ്പെടുന്നതുപോലെയോ കേവലം യാദൃച്ഛികമായി സംഭവിക്കുന്നതാണ്. താമസനായ ഒരുവന്‍ ഒരു പുണ്യസ്ഥലത്ത് ഒരു ശുഭമുഹൂര്‍ത്തത്തില്‍ എത്തുന്നു. അവിടെവെച്ച് ബഹുമാന്യനായ ഒരാള്‍ താമസഗുണിയുടെ സമ്പന്നഭാവം കണ്ട് അയാളെ സമീപിച്ച് ഭിക്ഷ യാചിക്കുന്നു. ദുരഭിമാനത്താല്‍ പ്രേരിതനായി ദാനം ചെയ്യുന്നു. എന്നാല്‍ അന്തഃകരണശ്രദ്ധയില്ലാത്ത ഈ തമോഗുണി ആ ദാതാവിനെ വണങ്ങുകയോ അയാള്‍ക്ക് അര്‍ഘ്യപാദ്യാദികളോ ആസനമോ നല്‍കി ആതിഥ്യമര്യാദ കാട്ടുകയോ ചെയ്യുകയില്ല. പിന്നെയല്ലേ ചന്ദനവും കളഭവും പുരട്ടി സ്വീകരിച്ചിട്ടില്ലെന്നോ നൈവേദ്യം അര്‍പ്പിച്ച് ആദരിച്ചില്ലെന്നോ അയാളെപ്പറ്റി പരിഭവം പറയുന്നത്!
ഇപ്രകാരം നിര്‍മ്മര്യാദം അയാള്‍ ആദാതാവിനോട് പെരുമാറുകയും, അദ്ദേഹത്തിന്റെ പാണിതലത്തില്‍ എന്തെങ്കിലും വെച്ചുകൊടുത്ത് ഒരു കടക്കാരനെയെന്നോണം പറഞ്ഞയയ്ക്കുകയും ചെയ്യുന്നു. ഇതിനുപുറമേ അദ്ദേഹത്തെ അവഹേളിക്കുകയും കണക്കിന് ശകാരിക്കുയും ചെയ്യുന്നു. എന്നുതന്നെയുമല്ല, താന്‍ ചെയ്ത ദാനത്തെപ്പറ്റി വീണ്ടും വീണ്ടും പറയുകയും അപ്പോഴൊക്കെ ആദാതാവിനെപ്പറ്റി അവജ്ഞയോടെ സംസാരിക്കുയും ചെയ്യുന്നു. ഈ വിധമുള്ള ദാനം താമസദാനമാണ്. ഇപ്രകാരം സാത്ത്വികവും രാജസവും താമസവുമായ ദാനലക്ഷണങ്ങള്‍ ഞാന്‍ നിനക്ക് വിശദമാക്കിത്തന്നു.
അല്ലയോ അര്‍ജ്ജുന, ഇത്തരുണത്തില്‍ നിനക്ക് ഒരു സംശയം തോന്നാം. സാത്ത്വിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഒരുവനെ സംസാരബന്ധനത്തില്‍ നിന്ന് സ്വതന്ത്രമാക്കുകയുള്ളൂ എന്നുവരികില്‍ രജസ്സിന്റെയും തമസ്സിന്റെയും പ്രവര്‍ത്തനങ്ങള്‍ വിവരിച്ചതെന്തിനാണെന്ന് നീ ചോദിച്ചേക്കാം. ഒളിഞ്ഞിരിക്കുന്ന ഒരു നിധി, കൈവശപ്പെടുത്തുന്നതിന് അത് കാക്കുന്ന ഭൂതത്തെ അടിച്ചോടിക്കണം. അഗ്നി ജ്വലിപ്പിക്കണമെങ്കില്‍ ആദ്യം അതില്‍ നിന്നുയരുന്ന പുകയുടെ ക്ലേശം അനുഭവിക്കണം. ഇതേവിധത്തില്‍ സത്ത്വത്തെ മൂടുന്ന വാതിലുകളായ രജസ്സും തമസ്സും തുറന്ന്‍ ശുദ്ധസത്ത്വത്തെ കാണിക്കുന്നതില്‍ എന്താണ് തെറ്റ്? ശ്രദ്ധ മുതല്‍ ദാനം വരെയുള്ള എല്ലാ പ്രവര്‍ത്തങ്ങളിലും മൂന്നുഗുണങ്ങളും വ്യാപരിചിരിക്കുന്നുവെന്ന് മുന്‍ ശ്ലോകങ്ങളില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. യഥാര്‍ത്ഥത്തില്‍ രജസ്തമോഗുണങ്ങളെപ്പറ്റി പ്രതിപാദിക്കണമെന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ സത്ത്വഗുണത്തെ വ്യക്തമായി വിവരിക്കാന്‍ വേണ്ടി രണ്ടു ഗുണങ്ങളെക്കുറിച്ച് വിശദമായി പറയേണ്ടിവന്നു.
രണ്ടു വസ്തുക്കള്‍ മറ്റു രണ്ടു വസ്തുക്കളോടൊപ്പം സ്ഥിതിചെയ്യുമ്പോള്‍ ആ രണ്ടു വസ്തുക്കളേയും അകറ്റിയാലാണ് ആദ്യത്തെ വസ്തു ശരിക്ക് ദൃശ്യമാകുന്നത്. രാത്രിയെന്നും പകലെന്നുമുള്ള സാമാന്യബോധം അകറ്റുമ്പോള്‍ മാത്രമേ അതിനിടയിലുള്ള സന്ധ്യാരൂപം വ്യക്തമായി നമ്മുക്ക് ദൃശ്യമാകൂ. അപ്രകാരം രജസ്തമോഗുണങ്ങളുടെ വിനാശത്തോടെ, സത്ത്വഗുണം മാത്രം ഉത്തമമായ അവസ്ഥയില്‍ അവശേഷിക്കുന്നു. ആകയാല്‍ സത്ത്വഗുണത്തിന്റെ മേന്മ കാണിക്കാന്‍ വേണ്ടി രജസ്തമോഗുണങ്ങളെപ്പറ്റി ഞാന്‍ വിശദീകരിച്ചു. നിനക്ക് രജസ്തമോഗുണങ്ങളെ തള്ളിക്കളഞ്ഞിട്ടു സത്ത്വഗുണത്തെ ആശ്രയിച്ചു നിന്റെ ലക്ഷ്യം കൈവരിക്കാം. നീ എല്ലാ യജ്ഞങ്ങളും മറ്റു കര്‍മ്മങ്ങളും ശുദ്ധ സത്ത്വഗുണത്തിന്റെ ചിത്തവൃത്തിയോടെ ചെയ്യുകയാണെങ്കില്‍ നിന്റെ പ്രാപ്യസഥാനം നിനക്ക് കൈയെത്തുന്ന ദൂരത്തില്‍ മാത്രം സ്ഥിതിചെയ്യുന്നു. സൂര്യന്‍ പ്രകാശിക്കുമ്പോള്‍ ന്മൂക്കു കാണാന്‍ പറ്റാത്തത് എന്തെങ്കിലും ഉണ്ടോ? അതുപോലെ സത്ത്വഗുണം നമ്മുക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുമ്പോള്‍ നമ്മുടെ കര്‍മ്മങ്ങള്‍ക്ക് ഫലം ഉണ്ടാകുന്നു. സാത്ത്വിക കര്‍മ്മപദ്ധതിക്ക് ഫലപ്രാപ്തിക്കരികെ എത്തിക്കുന്നത്തിനുള്ള കഴിവുണ്ട്. എന്നാല്‍ അത് മാത്രമായി നിന്നെ മോക്ഷത്തിലേക്ക് നയിക്കുകയില്ല. മറ്റ് ഏതോ വസ്തുവിന്റെ സഹായംകൂടി മോക്ഷപ്രാപ്തിയ്ക്ക് അത്യാവശ്യമാണ്. അത് കുറേക്കൂടി ആഴമുള്ള വസ്തുവാണ്. ആ വസ്തുവിന്റെ സഹായം ഒരുവന് ലഭിക്കുമ്പോള്‍ അവന്‍ മോചനത്തിന്റെ സാമ്രാജ്യത്തിലേക്ക് കാല്‍കുത്തുന്നു. ഒരു തോല സ്വര്‍ണ്ണത്തിനു പതിനഞ്ചു രൂപ വിലപിടിപ്പുണ്ടാകാം. (ജ്ഞാനേശ്വര്‍ മഹാരാജാവിന്റെ കാലത്തെ സ്വര്‍ണ്ണവില) എങ്കിലും അതിന്മേല്‍ രാജകീയ മുദ്രയുണ്ടെങ്കിലേ അത് പതിഞ്ചുരൂപ വിലയുള്ള നടപ്പ് നാണയമായി അംഗീകരിക്കപ്പെടുകയുള്ളൂ. പരിശുദ്ധവും ശീതളവും സുഗന്ധപൂരിതവും സുഖദായകവുമായ ജലമുണ്ടെങ്കിലും അതിനു പവിത്രത ലഭിക്കണമെങ്കില്‍ പുണ്യനദികളുമായുള്ള സംഗമം ഉണ്ടായിരിക്കണം. ചെറുതും വലുതുമായ നദികള്‍ ധാരാളമുണ്ടെങ്കിലും ഗംഗയെപ്പോലെ സമുദ്രത്തിലെത്തുന്ന ഏതെങ്കിലും മഹാനദികളോടൊപ്പം ചേര്‍ന്നെങ്കിലേ അത് സിന്ധുവിലെത്തുകയുള്ളൂ. അതുപോലെ സാത്ത്വിക കര്‍മ്മങ്ങളുടെ സഹായത്തോടെ മോചനം തേടുന്ന ഒരുവന്റെ മാര്‍ഗ്ഗത്തില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങള്‍ ഒഴിഞ്ഞുപോകാന്‍ ഇടയാകുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്.