സ്വാമി വിവേകാനന്ദന്‍

വേദാന്തദര്‍ശനം സുഖൈകദര്‍ശിയല്ല, ദുഃഖൈകദര്‍ശിയുമല്ല. അത്, രണ്ടും വര്‍ണ്ണിച്ചിട്ട്, ഉള്ള പാടു നോക്കിക്കൊള്ളുക എന്നേ പറയുന്നുള്ളു. സുഖദുഃഖങ്ങളും ഗുണദോഷങ്ങളും കലര്‍ന്നിരിക്കുന്നതാണ് ലോകം. അതില്‍ ഒന്നു വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റേതും വര്‍ദ്ധിക്കും. കേവലം നന്‍മയെന്നോ കേവലം തിന്‍മയെന്നോ ഉള്ള ഭാവനയേ അസംബന്ധം. അങ്ങനെയൊരു സ്ഥിതി ഒരു കാലത്തും ഉണ്ടാവില്ല. ഇങ്ങനെ പരീക്ഷിക്കുമ്പോള്‍ വലിയൊരു രഹസ്യം വെളിപ്പെടുന്നു. നന്‍മയും തിന്‍മയും പരസ്പരബന്ധമില്ലാത്ത വെവ്വേറെ പദാര്‍ത്ഥങ്ങളല്ല. ഇതു നന്‍മ, കേവലം നന്‍മ എന്നു വേര്‍തിരിക്കത്തക്ക ഒരു പദാര്‍ത്ഥവും ലോകത്തിലില്ല. അതുപോലെ ഇതു തിന്‍മ, കേവലം തിന്‍മ എന്നു പറയാവുന്നതായും ഒന്നുമില്ല. നല്ലതെന്ന് ഈ നിമിഷത്തില്‍ തോന്നുന്നതു ചീത്തയെന്ന് അടുത്ത നിമിഷത്തില്‍ തോന്നും. ഒരാള്‍ക്കു സുഖപ്രദമായ വസ്തുതന്നെ മറ്റൊരാള്‍ക്ക് അസുഖപ്രദം. കുട്ടിയെ പൊള്ളിക്കുന്ന തീതന്നെ പട്ടിണിക്കാരനു നല്ല ഭക്ഷണം വേവിച്ചുകൊടുക്കും. സുഖസംവേദനം തരുന്ന സിരകള്‍തന്നെ ദുഃഖസംവേദനവും തരുന്നു. അങ്ങനെയിരിക്കെ, ദോഷനിവാരണത്തിന് ഒറ്റവഴി ഗുണനിവാരണംതന്നെ, മറ്റില്ല. മരണമില്ലാതാക്കുവാന്‍ ജനനവുമില്ലാതാക്കണം. മൃതിയില്ലാതെ ജീവിതം ദുഃഖമില്ലാതെ സുഖം എന്നെല്ലാം പറയുന്നതു പരസ്പരവിരോധം. ഒന്നോടു ചേര്‍ന്നേ മറ്റേതു നില്‍ക്കൂ: രണ്ടും ഒരേ വസ്തുവിന്റെ രൂപാന്തരങ്ങള്‍മാത്രം. നല്ലതെന്ന് എനിക്ക് ഇന്നലെ തോന്നിയിരുന്നത്, ഇന്നങ്ങനെ തോന്നുന്നില്ല. എന്റെ ജീവിതത്തില്‍ ഓരോ കാലത്തുണ്ടായിരുന്ന ലക്ഷ്യങ്ങള്‍ ഈ വസ്തുത തെളിയിക്കുന്നു. ഒരു കാലത്ത് ഞാനാഗ്രഹിച്ചത്, ഒരു ജോഡി മികച്ച കുതിരകളെ തെളിക്കുന്ന കുതിരക്കാരനാകണമെന്നാണ്. പിന്നീട്, ഒരുതരം മധുരപലഹാരം ഉണ്ടാക്കുവാന്‍ അറിഞ്ഞാല്‍ മുഴുഭാഗ്യമായി എന്നു വിചാരിച്ചിരുന്നു. പിന്നീടൊരു കാലത്ത് ഭാര്യയും മക്കളും ധാരാളം സമ്പത്തുമുണ്ടായാല്‍ പൂര്‍ണ്ണസൗഖ്യമാകും എന്നും കരുതിയിരുന്നു. ഇന്ന് അതുകളെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്കു ചിരി വരുന്നു. അതെല്ലാം എത്ര ബാലിശം, എന്തു വിഡ്ഢിത്തം എന്ന് ഇപ്പോള്‍ തോന്നുന്നു. ‘ഞാന്‍’ എന്ന വ്യക്തിഭാവം ഉപേക്ഷിപ്പാന്‍ നമുക്കിപ്പോള്‍ വലിയ ഭയമുണ്ട്. എന്നാല്‍ ‘ആ വിധം ഒരു ഭയഭാവനയുണ്ടായിരുന്നുവല്ലോ!’ എന്നോര്‍ത്ത് ചിരിക്കുന്ന ഒരു കാലം വരും എന്ന് വേദാന്തം പറയുന്നു.

ഈ ശരീരം നീണാള്‍ നിലനിര്‍ത്തണം, സുഖമായിരിക്കണം എന്നു നാമോരോരുത്തനും ഇപ്പോള്‍ വിചാരിക്കുന്നു: എന്തു വിഡ്ഢിത്തമാണ് വിചാരിച്ചിരുന്നതെന്ന് ഇതിനെപ്പറ്റി വിചാരിക്കുന്ന ഒരു കാലവും നമുക്കു വരാം. ഇങ്ങനെയിരിക്കെ ഒരിക്കലും തമ്മിലിണങ്ങാത്ത വിരുദ്ധഭാവങ്ങളുടെ മദ്ധ്യത്തിലാണ് നമ്മുടെ സ്ഥിതി. സത്തല്ല, അസത്തല്ല: സുഖമല്ല, ദുഃഖമല്ല: അതുകളുടെ ഒരു കലര്‍പ്പ്, അതിലാണ് നാം വര്‍ത്തിക്കുന്നത്. എന്നാല്‍പ്പിന്നെ വേദാന്തവും തത്ത്വജ്ഞാനവും മതവും മറ്റുമെന്തിന്? അതുമല്ല, സല്‍കര്‍മ്മംതന്നെ എന്തിന്? നന്‍മ ചെയ്യുമ്പോള്‍ തിന്‍മയുണ്ടാകും, സുഖത്തിനു യത്‌നിക്കുമ്പോള്‍ ദുഃഖവും നിശ്ചയമായും ഉണ്ടാകും: പിന്നെ നന്‍മയ്ക്കുവേണ്ടി യത്‌നിക്കുന്നതെന്തിന് ആരും ചോദിക്കും. അതിന് ഇങ്ങനെ സമാധാനം പറയാം. ഒന്നാമത്, ദുഃഖശമനത്തിനു കര്‍മ്മം ചെയ്‌തേ കഴിയൂ. സ്വസുഖപ്രാപ്തിക്ക് അതേ മാര്‍ഗ്ഗമുള്ളു. ഇതു നമുക്കനുഭവപ്പെടും. ബുദ്ധിയുള്ളവര്‍ ഇതു കാലേകൂട്ടി കാണും: ബുദ്ധി കുറഞ്ഞവര്‍ കുറേക്കാലം ചെന്നശേഷം കാണും. ഏറിയ കഷ്ടങ്ങള്‍ അനുഭവിച്ചേ മന്ദബുദ്ധികള്‍ അതു കണ്ടെത്തൂ. ബുദ്ധിശാലികള്‍ അത്ര കഷ്ടപ്പെടുന്നതിനുമുമ്പേ കണ്ടെത്തും. രണ്ടാമത്, ഇത്ര പരസ്പരവിരുദ്ധമായ മിശ്രസ്ഥിതി കടന്നുകേറുവാന്‍ വിഹിതമായ കര്‍മ്മം ചെയ്കയേ വഴിയുള്ളു. ഈ ജീവിതസ്വപ്നം തകര്‍ത്ത് ദേഹനിര്‍മ്മാണകര്‍മ്മം അവസാനിപ്പിക്കുന്നതുവരെ നമുക്കു പ്രപഞ്ചം നിലനില്‍ക്കും, നന്‍മതിന്‍മകളെന്ന രണ്ടു ശക്തികളും അതിനെ നിലനിര്‍ത്തിപ്പോരും. ആ പാഠം നാം പഠിക്കണം. അതിനു വളരെ കാലം ചെല്ലും. (തത്ത്വജ്ഞാനപരമായി) ജര്‍മ്മനിയില്‍ ഒരു പരിശ്രമം നടന്നു, അപരിമിതം പരിമിതമായിത്തീര്‍ന്നിരിക്കുന്നു എന്ന സിദ്ധാന്തത്തിന്‍മേല്‍ ഒരു തത്ത്വദര്‍ശനം സ്ഥാപിപ്പാന്‍. ഇംഗ്ലണ്ടിലും അതുണ്ടായിട്ടുണ്ട്. ഈ തത്ത്വജ്ഞാനികളുടെ സിദ്ധാന്തം പരീക്ഷിച്ചാല്‍ അതില്‍ അന്തര്‍ഭവിച്ചുകാണുന്ന സംഗതി, അപരിമിതമായ വസ്തു ഈ ജഗദ്രൂപത്തില്‍ സ്വയം പ്രകാശിപ്പാന്‍ ഉദ്യമിക്കുന്നുവെന്നും, ആ ഉദ്യമം ഒരു കാലത്ത് പൂര്‍ണ്ണമായി ഫലിക്കുമെന്നുമാണ്. ഇവിടെ, അപരിമിതം, സ്വയംപ്രകാശം എന്നും മറ്റുമുള്ള പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. അതെല്ലാം വളരെ നന്നായി. എന്നാല്‍ പരിമിതത്തില്‍ അപരിമിതം പൂര്‍ണ്ണമായി പ്രകാശിക്കുമെന്ന സിദ്ധാന്തത്തിനു യുക്തിയുണ്ടോ എന്നു തത്ത്വാന്വേഷികള്‍ ചോദിക്കാതിരിക്കില്ലല്ലോ? അപരിമിതവും അദ്വിതീയവുമായ വസ്തു പരിമിതമായി ഈ ജഗത്തായിത്തീരുന്നത് ഉപാധികള്‍കൊണ്ടുമാത്രം. ഏതൊന്ന് ഇന്ദ്രിയങ്ങളാലോ മനസ്സാലോ ബുദ്ധിയാലോ നമുക്ക് അറിവാകുന്നുവോ, അത് അപരിമിതമാകുമെന്നു പറയുന്നതു തീരെ അസംബന്ധം. അത് ഒരു കാലത്തും സംഭാവ്യമല്ല.