സ്വാമി വിവേകാനന്ദന്‍

അപരിമിതവസ്തു പരിമിതത്തില്‍ക്കൂടി പ്രകാശിച്ചുനോക്കുന്നു എന്ന് വേദാന്തദര്‍ശനവും സമ്മതിക്കുന്നു. എന്നാല്‍ അതു സാദ്ധ്യമല്ലെന്ന് അനുഭവപ്പെടുമെന്നും, അപ്പോള്‍ അതു നിവര്‍ത്തിച്ചു മടക്കയാത്ര തുടങ്ങുമെന്നും, നിവൃത്തിപരമായ ഈ പ്രയാണമാണ് ത്യാഗവൈരാഗ്യമെന്നും, അതാണ് മതത്തിന്റെ യഥാര്‍ത്ഥപ്രാരംഭമെന്നുംകൂടി വേദാന്തദര്‍ശനം പറയുന്നു. ഈ കാലത്ത് ത്യാഗത്തെപ്പറ്റി സംസാരിക്കുന്നതുപോലും വളരെ വിഷമം. ‘അയ്യായിരം കൊല്ലമായി ചത്തു മറചെയ്തുകിടക്കുന്ന രാജ്യത്തുനിന്നു വന്ന് ത്യാഗം പ്രസംഗിക്കുന്ന മനുഷ്യന്‍’ എന്ന് എന്നെപ്പറ്റി അമേരിക്കയില്‍വെച്ചു പറയുകയുണ്ടായി. ഇംഗ്ലണ്ടിലെ തത്ത്വജ്ഞാനികളും പക്ഷേ അങ്ങനെ പറയുന്നുണ്ടാവാം. എങ്കിലും മതമാര്‍ഗ്ഗം അതേ ഉള്ളു എന്നതു സത്യം. ത്യജിക്കുക, സന്ന്യസിക്കുക. ക്രിസ്തു എന്തു പറഞ്ഞു? ”എനിക്കുവേണ്ടി ജീവിതം ത്യജിക്കുന്നവന്‍ അതു കണ്ടെത്തും” എന്ന്. ത്യാഗമൊന്നേ പരിപൂര്‍ണ്ണതയ്ക്കു വഴിയുള്ളൂ എന്ന് അദ്ദേഹം പേര്‍ത്തും പേര്‍ത്തും പറഞ്ഞിരിക്കുന്നു. ഒരു കാലത്ത് മനസ്സ് ഈ ദീര്‍ഘദുസ്വപ്നത്തില്‍നിന്നുണരും: കളി വിട്ടു വീണ്ടും മാതാവിനോടണയുവാന്‍ കുട്ടി കൊതിക്കും. ”സുഖങ്ങള്‍ എത്ര അനുഭവിച്ചാലും സുഖാശ നശിക്കില്ല: നെയ്യൊഴിച്ചാല്‍ തീയ്യ്, ആളിക്കത്തുകയേയുള്ളൂ. സുഖം അനുഭവിക്കുന്തോറും സുഖാശ വര്‍ദ്ധിക്കും” എന്ന വാക്യത്തിന്റെ തത്ത്വം മനുഷ്യന്‍ ക്രമത്തില്‍ മനസ്സിലാക്കും. ഈ തത്ത്വം ഇന്ദ്രിയസുഖങ്ങളെ മാത്രമല്ല, ബുദ്ധിവ്യാപാരങ്ങളേയും, മനസ്സിനു വിഷയമാകുന്ന സര്‍വ്വസുഖാനുഭവങ്ങളേയും സംബന്ധിച്ചും സത്യമാണ്. സുഖങ്ങള്‍ നിസ്സാരം, അവയെല്ലാം മായയ്ക്കുള്ളില്‍ ഇരിക്കുന്നു. മായാജാലം ഭേദിച്ചുപോവാന്‍ നമുക്കു കഴിവില്ല. നാം അനന്തകാലം അതിനുള്ളില്‍ പാഞ്ഞുതിരിഞ്ഞാലും അവസാനം കാണില്ല. ഒരല്പസുഖത്തിനു യത്‌നിക്കുമ്പോള്‍ അനല്പദുഃഖഭാരം വന്നു നമ്മുടെ മേല്‍ വീഴുന്നു. ഇതെന്തൊരു ഭയങ്കരാവസ്ഥ! ഇതിനെപ്പറ്റി ആലോചിച്ചുനോക്കുമ്പോള്‍ ഈ മായാവാദമത്രേ ഉത്തമസമാധാനം, അതൊന്നേ ശരിയായുള്ളു എന്നു തോന്നുന്നു.

ലോകത്തില്‍ എന്തൊരു ദുഃഖഭാരം ഇരിക്കുന്നു എന്ന് നാനാരാജ്യങ്ങളില്‍ സഞ്ചരിച്ചുനോക്കിയാല്‍ കാണാം. ദുഃഖനിവൃത്തിക്ക് ഒരു രാജ്യക്കാര്‍ ഒരു മാര്‍ഗ്ഗമാശ്രയിക്കുന്നു: മറ്റൊരു രാജ്യക്കാര്‍ മറ്റൊരു മാര്‍ഗ്ഗം. ഒരേ ദോഷത്തെ പരിഹരിപ്പാന്‍ വിവിധരാജ്യക്കാര്‍ വിവിധമാര്‍ഗ്ഗങ്ങളില്‍ പരിശ്രമിച്ചിട്ടും ദോഷനിവൃത്തി ആര്‍ക്കും ഉണ്ടായിട്ടില്ല. ദോഷം ഒരു വശത്ത് അല്പം ശമിച്ചിട്ടുണ്ടെങ്കില്‍ മറ്റൊരു വശത്ത് വര്‍ദ്ധിച്ചിട്ടുമുണ്ട്. അങ്ങനെ നടക്കുന്നു. ഹിന്ദുക്കള്‍ ചാരിത്രശുദ്ധിക്കുവേണ്ടി ബാല്യവിവാഹം ഏര്‍പ്പെടുത്തി. അതിന്റെ ഫലമായി അവര്‍ക്ക് ശരീരബലം ചുരുങ്ങി. എന്നാല്‍ ബാല്യവിവാഹം ചാരിത്രശുദ്ധിയെ വര്‍ദ്ധിപ്പിക്കുന്നില്ലെന്നു പറയുകവയ്യ. ഇതില്‍ ഏതു സ്വീകാര്യം? വംശത്തിന്റെ ചാരിത്രശുദ്ധിക്കുവേണ്ടി സ്ര്തീപുരുഷന്‍മാരുടെ ദേഹം ദുര്‍ബ്ബലമാക്കുന്നു. ഇനി ഇംഗ്ലണ്ടില്‍ നിങ്ങളുടെ കാര്യം മെച്ചമോ? അല്ല. ചാരിത്രമത്രേ വംശത്തിന്റെ ജീവന്‍: ചാരിത്രഹാനിയാണ് വംശനാശത്തിന്റെ പ്രഥമലക്ഷണം എന്ന് ചരിത്രം കാണിച്ചുതരുന്നു. ചാരിത്രക്ഷയം കണ്ടുതുടങ്ങിയാല്‍ വംശത്തിന്റെ നാശവും കണ്ടുതുടങ്ങി. ഈ ദോഷങ്ങള്‍ക്കു നിവൃത്തിയെന്ത്? സന്താനങ്ങള്‍ക്കു ഭാര്യാഭര്‍ത്താക്കന്‍മാരെ തിരഞ്ഞെടുക്കുന്നത് മാതാപിതാക്കളായാല്‍ ഈ ദോഷത്തിന് അല്പം പരിഹാരമുണ്ടാകും. ഇന്ത്യയിലെ കന്യകമാര്‍ക്ക് മനോരാജ്യം കുറയും. അവരുടെ ദൃഷ്ടി അധികവും കാര്യഭാഗത്തിലാണ്. അതു നിമിത്തം അവരുടെ ജീവിതത്തില്‍ കാവ്യഭംഗി കുറയും. എന്നാല്‍ മറുവശത്ത് വിവാഹസ്വാതന്ത്ര്യം അധികസുഖപ്രദമായി കാണുന്നുണ്ടോ? അതില്ലതാനും. ഇന്ത്യയിലെ സ്ര്തീകള്‍ക്കു പ്രായേണ നല്ല മനസ്സുഖമുണ്ട്. അവിടെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ വളരെ കലഹമുണ്ടാകുന്നില്ല. നേരേമറിച്ച് വിവാഹവിഷയത്തില്‍ അതിസ്വാതന്ത്ര്യമുള്ള ഐക്യരാജ്യങ്ങളില്‍ (അമേരിക്കയില്‍) തരംകെട്ട വിവാഹങ്ങളും സുഖംകെട്ട ഗൃഹങ്ങളും നിരവധിയുണ്ട്. ദുഃഖം അവിടെയും ഇവിടെയും എല്ലായിടത്തുമുണ്ട്. ഇതുകൊണ്ട് എന്തു തെളിയുന്നു? നമ്മുടെ ലൗകികാദര്‍ശങ്ങള്‍ ഒന്നുകൊണ്ടും വലിയ സുഖമുണ്ടാകുകയില്ല. നാമെല്ലാവരും സുഖത്തിനുവേണ്ടി കഠിനമായി പ്രയത്‌നിക്കുന്നു. ഒരു ഭാഗത്ത് അല്പം സുഖമുണ്ടാകുമ്പോഴേക്കും മറുഭാഗത്ത് അനല്പദുഃഖം പ്രത്യക്ഷമാകുന്നു.

ഇങ്ങനെയിരിക്കെ നന്‍മയ്ക്കുവേണ്ടി നാം പ്രയത്‌നിക്കേണ്ട എന്നു വെയ്ക്കുകയോ? ഒരിക്കലുമില്ല. നാം പൂര്‍വ്വാധികം ഉല്‍സാഹിച്ചു പ്രയത്‌നിക്കണം. എന്നാല്‍ ഈ ജ്ഞാനം നമുക്കുണ്ടായിരിക്കണം. അതു നമുക്കു ഭ്രാന്തില്ലാതാക്കും. ഇംഗ്ലീഷുകാരന്‍ ഭ്രാന്തുനിമിത്തം ഹിന്ദുക്കളെ ശപിക്കാതാകും. ഭിന്നവര്‍ഗ്ഗക്കാരുടെ ഭിന്നാചാരങ്ങളെ മാനിക്കയത്രേ വേണ്ടതെന്ന് അയാള്‍ക്കു മനസ്സിലാകും. ഭ്രാന്തു ചുരുങ്ങുമ്പോള്‍ യഥാര്‍ത്ഥകര്‍മ്മം ശക്തിമത്താകും. ഭ്രാന്തുള്ളവന്‍ കര്‍മ്മത്തിന്നശക്തനാണ്. അവന്റെ ശക്തി മുക്കാലും ദുര്‍വ്യയം ചെയ്തുപോകുന്നു. ശാന്തനും സമചിത്തനുമായവന്‍ കര്‍മ്മകുശലനാകുന്നു. കര്‍മ്മകൗശലം വര്‍ദ്ധിപ്പാന്‍ ഈ ജ്ഞാനം ഉപകരിക്കും. കാര്യസ്വഭാവം ഇതാണെന്നറിഞ്ഞാല്‍ പൂര്‍വ്വാധികം ക്ഷമയുണ്ടാകും. ദുഃഖങ്ങളും ദോഷങ്ങളും കാണുമ്പോഴേയ്ക്കു മതി മറന്നുപോവില്ല. നിഴലിന്റെ പിന്നാലെ പാഞ്ഞുപോകയുമില്ല. ലോകം അതിന്റെ സ്വഭാവത്തിനൊത്തു പോയിക്കൊണ്ടിരിക്കുന്നു എന്ന ദൃഢജ്ഞാനത്താല്‍ നമുക്കു ക്ഷമയുണ്ടാകും. ഇനി സര്‍വ്വമനുഷ്യരും ശുദ്ധസാത്വികരായി എന്നു വിചാരിക്കുക. ആ കാലമാകുമ്പോഴേക്ക് ഇന്നുള്ള മൃഗങ്ങള്‍ പരിണമിച്ചു മനുഷ്യരായിവന്നിരിക്കും. അവര്‍ക്കും ഈ വിഷമപഥങ്ങളില്‍ക്കൂടി പോകേണ്ടിവരും. അപ്പോഴേക്കു സസ്യങ്ങള്‍ മൃഗങ്ങളായിവന്നിരിക്കും. ഒരു സംഗതി നിസ്സംശയമാകുന്നു. മഹാനദി സമുദ്രത്തിലേക്കു പാഞ്ഞുചെല്ലുന്നു. അതിലെ ഓരോ നീര്‍ത്തുള്ളിയും അനന്തസമുദ്രത്തില്‍ ചെന്നുചേരും. അതുപോലെ ഈ ജീവിതതരംഗിണിയില്‍ എന്തു കഷ്ടാരിഷ്ടങ്ങളും, സുഖാനുഭവങ്ങളും, കണ്ണീരും ചിരിയും ഉണ്ടായിരുന്നാലും നിങ്ങളും ഞാനും മൃഗങ്ങളും സസ്യങ്ങളും എന്നു വേണ്ട സര്‍വ്വജീവാണുക്കളും പരിപൂര്‍ണ്ണതയുടെ അനന്തസമുദ്രത്തില്‍, ആ ആത്യന്തികസ്വാതന്ത്ര്യത്തില്‍, ഈശ്വരങ്കല്‍, എന്നെങ്കിലും ഒരിക്കല്‍ ചെന്നെത്താതിരിക്കില്ല.