ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 24
തസ്മാദോമിത്യുദാഹൃത്യ
യജ്ഞദാനതപഃ ക്രിയാഃ
പ്രവര്‍ത്തന്തേ വിധാനോക്ലാഃ
സതതം ബ്രഹ്മവാദിനാം
ആകയാല്‍ (ബ്രഹ്മവാചകമായതുകൊണ്ട്) ഓം എന്നുച്ചരിച്ചുകൊണ്ടാണ് ബ്രഹ്മാന്വേഷണതല്പരന്മാരുടെ ശാസ്ത്രസമ്മതമായ യജ്ഞം, ദാനം, തപസ്സ് എന്നീ ക്രിയകള്‍ സര്‍വദാ ആരംഭിക്കാറുള്ളത്.
എല്ലാ കര്‍മ്മങ്ങളുടെയും ആദിയിലും മദ്ധ്യത്തിലും അന്ത്യത്തിലും ഈ ബ്രഹ്മവാചകത്തിന്റെ ഓരോ വാക്കുകളും ഉച്ചരിക്കേണ്ടതാണ്. അല്ലയോ അര്‍ജ്ജുനാ, ഇപ്രകാരമാണ് ബ്രഹ്മജ്ഞാനികള്‍ ബ്രഹ്മസാക്ഷാത്കാരത്തിനായി ഈ ബ്രഹ്മനാമത്തെ ഉപയോഗിക്കുന്നത്. അവര്‍ ബ്രഹ്മവസ്തുവുമായി താദാത്മ്യം പ്രാപിക്കുന്നതിന്, ശാസ്ത്രങ്ങളില്‍ വിവരിച്ചിട്ടുള്ള യജ്ഞാദികര്‍മ്മങ്ങള്‍ ഒരിക്കലും കൈവിടുകയില്ല. കര്‍മ്മാരംഭത്തില്‍ അവര്‍ ഓംകാരരൂപത്തെ മനസ്സില്‍ ധ്യാനിക്കുന്നു. അത് മനോമുകുരത്തില്‍ പതിഞ്ഞുകഴിയുമ്പോള്‍ അതിനെ സ്പഷ്ടമായി നാക്കുകൊണ്ട് ഉച്ചരിക്കുന്നു. ഇപ്രകാരം സ്ഫുടമായ പ്രവണമന്ത്രോച്ചാരണത്തോടുകൂടിയാണ് അവര്‍ കര്‍മ്മങ്ങള്‍ തുടങ്ങുന്നത്. ഓരോ കര്‍മ്മങ്ങളുടെയും തുടക്കത്തിലുള്ള പ്രണവമന്ത്രോച്ചാരണം കൊടുംതമസ്സില്‍ സുസ്ഥിരമായി നില്‍ക്കുന്ന ഒരു ദീപംപോലെ അനര്‍ഘമാണ്. അത് ഘോരകാനനത്തില്‍ യാത്രചെയ്യുമ്പോള്‍ സഹായത്തിനുതകുന്ന ബലവാനായ ഒരു സഹയാത്രികനാണ്.
ധര്‍മ്മപ്രകാരം സമ്പാദിച്ച വിവിധദ്രവ്യങ്ങളെക്കൊണ്ടുള്ള നൈവേദ്യങ്ങള്‍ ഉണ്ടാക്കി അവര്‍ ബ്രാഹ്മണര്‍ മുഖേന ഇഷ്ടദേവതകളെ പ്രീതിപ്പെടുത്താനായി വഴിപാടുകഴിക്കുന്നു. ശാസ്ത്രവിധിപ്രകാരമുള്ള ബലികള്‍ ആഹവനീയാദി അഗ്നിയില്‍ അര്‍പ്പിക്കുന്നു. ഇപ്രകാരമുള്ള വിവിധ യജ്ഞകര്‍മ്മങ്ങള്‍ നടത്തി, അവര്‍ വെറുക്കുന്ന ദംഭം, ദര്‍പ്പം തുടങ്ങിയ ദോഷങ്ങളെ നശിപ്പിക്കുന്നു. ന്യായമായി സമ്പാദിച്ച ധനവും ഭൂമിയും അര്‍ഹരായ ആദാതാക്കള്‍ക്ക്, ശുദ്ധകാലവും ശുദ്ധസ്ഥലവും നോക്കി ദാനം ചെയ്യുന്നു. ഒന്നരാടന്‍ ദിവസങ്ങളില്‍ മാത്രം ആഹാരം കഴിക്കുന്നു. ചാന്ദ്രായണവ്രതാനുഷ്ഠാനം നടത്തുന്നു. കഠിനതപസ്സുകൊണ്ട് ശരീരത്തിലുള്ള സപ്തധാതുക്കളെയും ശുദ്ധീകരിക്കുന്നു. യജ്ഞവും ദാനവും തപസ്സും, അതില്‍നിന്നും ലഭിക്കുന്ന പ്രതിഫലത്തിന്റെ പ്രതീക്ഷകൊണ്ട് മനുഷ്യനെ സംസാരത്തില്‍ ബന്ധിച്ചിടുന്നു. എങ്കിലും അവയോടൊപ്പം പ്രണവംകൂടി ഉണ്ടായാല്‍ അത് അനായാസേന മോക്ഷസമ്പാദനത്തിന് സഹായകമായിരിക്കും. കരയ്ക്കിരിക്കുമ്പോള്‍ വലിയ ഭാരം തോന്നുന്ന തോണി വെള്ളത്തിലിറക്കിയാല്‍ പൊങ്ങിക്കിടക്കും. അതുപോലെ, കര്‍മ്മബന്ധമാകുന്ന തോണി ഓംകാരമാകുന്ന സമുദ്രത്തിലിറക്കിയാല്‍ അതില്‍ കയറി നമുക്ക് മോക്ഷത്തിന്റെ തീരത്തണയാം.
ഓംകാരത്തിന്റെ ആവര്‍ത്തനത്തോടെ നടത്തുന്ന എല്ലാ കര്‍മ്മങ്ങളും ഫലപ്രദങ്ങളായിരിക്കും. യജ്ഞം, ദാനം, തപസ്സ് മുതലായ ക്രിയകളെല്ലാം പ്രണവമന്ത്രോച്ചാരണത്തോടെ ആരംഭിക്കുന്നു. ഈ മന്ത്രത്തിന്റെ സംശ്ലേഷംകൊണ്ട് അവയ്ക്ക് എല്ലാ യോഗ്യതകളും ലഭിക്കുന്നു. ‘തത്’ ശബ്ദം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഒരുവന്റെ കര്‍മ്മങ്ങള്‍ ഫലപ്രാപ്തിയിലെത്തിയെന്നുള്ള സൂചന ലഭിക്കുമ്പോള്‍ അവന്‍ കര്‍മ്മവും കര്‍മ്മഫലങ്ങളും ബ്രഹ്മത്തിനു സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ അവന്‍ ഓംകാരത്തോടൊപ്പം തത് എന്ന പദം കൂടി ചേര്‍ക്കുന്നു.