ഈശ്വരനെപ്പറ്റി പുരാതനകാലത്തുണ്ടായിരുന്ന ഭാവനകള്‍ എന്തായിപ്പോയെന്നു നോക്കാം. ജഗത്തിന്റെ നിയന്താവും നിരീഹനും സര്‍വ്വശക്തനുമായി നിരന്തരം നമ്മെ സ്നേഹിക്കുന്നവനായ പുരുഷവിശേഷം എന്ന ആശയം കേവലം തൃപ്തികരമല്ലെന്ന് എളുപ്പത്തില്‍ കാണാം. ഈശ്വരന്റെ കൃപയെവിടെ? നീതിയെവിടെ?” എന്ന് തത്ത്വചിന്തകന്‍ ചോദിച്ചു. മനുഷ്യരൂപത്തിലും മൃഗരൂപത്തിലും ലക്ഷോപലക്ഷം ജീവികള്‍ നിത്യം നശിച്ചുപോകുന്നത് ഈശ്വരന്‍ കാണുന്നില്ലേ? നിമിഷനേരമെങ്കിലും ഹിംസ കൂടാതെ ജീവിപ്പാന്‍ ആര്‍ക്കാനും സാദ്ധ്യമാണോ? അനേകലക്ഷം ജീവികളെ ഹിംസിക്കാതെ ഒരു വീര്‍പ്പിടാന്‍ നിങ്ങള്‍ക്കാകുമോ? അനേകലക്ഷം മരിക്കുന്നതുകൊണ്ടാണ് നിങ്ങള്‍ ജീവിച്ചിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ ഓരോ നിമിഷവും നിങ്ങളുടെ ഓരോ ശ്വാസവും അനേകായിരം ജീവികള്‍ക്കു മൃതിയാണ്. നിങ്ങളുടെ ഓരോ ചലനവും ഓരോ ഉരുള ഭക്ഷണവും ലക്ഷക്കണക്കില്‍ ജീവികളെ ഹിംസിക്കുന്നു. ഇങ്ങനെ ഹിംസിപ്പിക്കുന്നതെന്തിന്? ആ ജീവികള്‍ താണതരം എന്നൊരു പഴയ സിദ്ധാന്താഭാസമുണ്ട്. അതു ശരിയോ എന്ന കാര്യം സംശയമാണ്: അതിന്റെ വാസ്തവം ആര്‍ക്കറിയാം? ഉറുമ്പോ മനുഷ്യനോ വലുതെന്നു തെളിയിപ്പാന്‍ ആര്‍ക്കു സാധിക്കും? ഇനി ആ പഴയ സിദ്ധാന്തം ശരിയെന്നു വെയ്ക്കുക: എന്നാല്‍ത്തന്നെയും ആ ജീവികള്‍ നശിക്കുന്നതെന്തിന്? അവ താണതരമാണെങ്കില്‍ അവ നശിക്കാതെ ജീവിച്ചിരിക്കയാണ് വേണ്ടതെന്നതിന് അധികം ന്യായമുണ്ട്. അവയുടെ ജീവിതം ഇന്ദ്രിയപരമാണ്. അതുകൊണ്ട് അവയുടെ സുഖദുഃഖങ്ങള്‍ നമ്മുടേതിനെക്കാള്‍ ആയിരം മടങ്ങധികമാണ്. നായയോ ചെന്നായയോ അനുഭവിക്കുന്ന രുചിയോടുകൂടി ഭക്ഷിപ്പാന്‍ നമ്മളില്‍ ആര്‍ക്കു കഴിയും? ആര്‍ക്കും കഴിയില്ല. എന്തുകൊണ്ട്? നമ്മുടെ ശക്തികള്‍ ഇന്ദ്രിയങ്ങളിലല്ല, ബുദ്ധിയിലും ആത്മാവിലുമാണ്. മൃഗങ്ങള്‍ക്കാവട്ടെ, ജീവിതം മുഴുവന്‍ ഇന്ദ്രിയങ്ങളിലാണ്. അവ ഇന്ദ്രിയസുഖത്തിനുവേണ്ടി മരിക്കപോലും ചെയ്യും. നമുക്ക് ആലോചിപ്പാനേ കഴിയാത്തത്ര സുഖം അവയ്ക്ക് ഇന്ദ്രിയങ്ങളില്‍ക്കൂടെ ലഭിക്കുന്നുണ്ട്. അതിനനുസരിച്ച ദുഃഖവും അവയ്ക്കുണ്ട്. സുഖദുഃഖങ്ങള്‍ ഒപ്പത്തിനൊപ്പമാണ്. മൃഗത്തിന്റെ സുഖാനുഭവം മനുഷ്യന്റേതിനേക്കാള്‍ അത്യധികമാണെങ്കില്‍ അതിന്റെ ദുഃഖാനുഭവം അങ്ങനെതന്നെ: കുറഞ്ഞപക്ഷം അതു മനുഷ്യന്റേതിനോടു തുല്യമെങ്കിലുമാവണം. അതുകൊണ്ടു മരണത്തില്‍ മനുഷ്യനു എത്ര വേദനയുണ്ടോ അതിനേക്കാള്‍ ആയിരം മടങ്ങു വേദന മൃഗത്തിനുണ്ടാകും. ഇതു വാസ്തവമാണ്. എന്നിട്ടും നാം അവയുടെ ദുഃഖത്തെപ്പറ്റി ഓര്‍ത്തുനോക്കുകയേ ചെയ്യാതെ അവയെ കൊന്നുകളയുന്നു: ഇതു മായയാകുന്നു. ഇതിന്റെയെല്ലാം സൃഷ്ടികര്‍ത്താവായി മനുഷ്യസദൃശനായ ഒരീശ്വരന്‍ ഉണ്ടെന്നു കല്പിച്ച് ഈ കാണുന്ന ദോഷവൈഷമ്യങ്ങളെല്ലാം ഒടുവില്‍ ഗുണമായി ശരിപ്പെടും എന്നു വാദിക്കുന്നതു യുക്തിയെ തൃപ്തിപ്പെടുത്തുന്നതല്ല. നന്‍മ നൂറായിരം വന്നുകൊള്ളട്ടെ, അതു തിന്‍മയില്‍നിന്നു വരണമെന്നുണ്ടോ? ആ ന്യായത്തിന്‍മേല്‍ എനിക്ക് എന്റെ സര്‍വ്വേന്ദ്രിയതൃപ്തിക്കുവേണ്ടി മറ്റുള്ളവരുടെ കഴുത്തറുക്കാമല്ലോ! അതു ശരിയായ ന്യായമല്ല. നന്‍മ വരുന്നതു തിന്‍മയില്‍ക്കൂടെയാകണം എന്നതിനു ന്യായമെന്ത്. ആ ചോദ്യത്തിനു സമാധാനമില്ല. അതുണ്ടാകയുമില്ല. ഇന്ത്യയിലെ തത്ത്വജ്ഞാനികള്‍ക്ക് ഇതു സമ്മതിക്കേണ്ടിവന്നു.
അന്നും ഇന്നും ധൈര്യത്തില്‍ മുന്തിനില്‍ക്കുന്ന മതം വേദാന്തമത്രേ. ഭയമെന്നുള്ളത് അതില്‍ ഒരിടത്തുമില്ല. അതിനു മറ്റൊരു മെച്ചം കൂടി ഉണ്ടായിരുന്നു. സത്യം പറയുവാന്‍ ഉദ്യമിച്ചവരെ അമര്‍ത്താന്‍ നോക്കുന്ന പൗരോഹിത്യം അന്നുണ്ടായിരുന്നില്ല. എന്നും പൂര്‍ണ്ണമായ മതസ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരര്‍ത്ഥകബന്ധങ്ങള്‍ ജനസമുദായസംഘടനയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ പാശ്ചാത്യരാജ്യത്തില്‍ സമുദായത്തിനാണ് പൂര്‍ണ്ണസ്വാതന്ത്ര്യം. ഇന്ത്യയില്‍ സമുദായം ബദ്ധവും മതം സ്വതന്ത്രവുമാണ്. ഇംഗ്ലണ്ടില്‍ ഒരാള്‍ക്ക് അയാളുടെ ഇഷ്ടംപോലെ എങ്ങനെയും ഉടുക്കാം. എന്തും തിന്നാം. ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ അയാള്‍ പള്ളിയില്‍ പോകാതിരുന്നാല്‍, യാഥാസ്ഥിതികത്വം ചാടിവീഴുകയായി. മതകാര്യത്തില്‍ ഒന്നാമതായി സമുദായം പറയുന്നതു കേട്ടുകൊള്ളണം. പിന്നീടു തത്ത്വത്തെക്കുറിച്ചു സ്വച്ഛന്തം ചിന്തിക്കാം. ഇന്ത്യയില്‍ ഇതു നേരെമറിച്ചാണ്. ഒരാള്‍ ഒരു വിജാതീയനോടൊന്നിച്ചു ഭക്ഷണം കഴിച്ചു എന്നറിഞ്ഞാല്‍ സമുദായം അതിന്റെ കൊടിയ ശക്തി മുഴുവന്‍ പ്രയോഗിച്ച് അയാളെ പെട്ടെന്നു തകര്‍ത്തുകളയും. പരമ്പരാഗതമായ വസ്ര്തധാരണരീതിയില്‍നിന്ന് അല്പം ഭേദിച്ചുപോയാല്‍ അയാളുടെ കഥ കഴിഞ്ഞു. അവിടെ തീവണ്ടി നടപ്പായ കാലത്ത്, വളരെ ദൂരം നടന്നുചെന്ന് അതു കണ്ടുപോന്നതിന് ഒരാളെ ജാതിഭ്രഷ്ടനാക്കി എന്നൊരു കഥ കേട്ടിട്ടുണ്ട്. അതു കെട്ടുകഥയാണെന്നു വിചാരിക്കുക. മതകാര്യങ്ങളിലാവട്ടെ, അവിടെ നാസ്തികന്‍മാരും ചാര്‍വ്വാകന്‍മാരും ബൗദ്ധന്‍മാരും എല്ലാ ഇനത്തിലും തരത്തിലും പെട്ട വിശ്വാസങ്ങളും മതങ്ങളും വാദങ്ങളും – ചിലതു വളരെ അസാധാരണമായിരിക്കും – ഒക്കെ ഒത്തൊരുമിച്ചു കഴിഞ്ഞുകൂടുന്നതു കാണാം. ആര്‍ക്കും സ്വമതം പ്രഖ്യാപനം ചെയ്യാം. അതിലേക്ക് ജനങ്ങളെ ചേര്‍ക്കാം, വിരോധമില്ല. ചാര്‍വ്വാകന്‍മാര്‍ക്കും ബ്രാഹ്മണക്ഷേത്രഗോപുരത്തില്‍നിന്നു ബ്രാഹ്മണമതത്തെ ദുഷിച്ചു പ്രസംഗിക്കാം. ആ കാര്യത്തില്‍ ബ്രാഹ്മണരെ മാനിക്കണം.
ശ്രീബുദ്ധന്‍ വളരെ വൃദ്ധനായിട്ടാണ് സമാധിയടഞ്ഞത്. ബുദ്ധചരിതം വായിച്ചിരുന്ന എന്റെ ഒരു സ്നേഹിതനെ ഞാനോര്‍ക്കുന്നു. അദ്ദേഹം അമേരിക്കയില്‍ ഒരു ശാസ്ത്രജ്ഞനായിരുന്നു. ബുദ്ധന്റെ മരണസമ്പ്രദായം അദ്ദേഹത്തിനു രുചിച്ചില്ല. കുരിശില്‍ തറച്ചു മരിക്കേണ്ടിയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്തൊരു തെറ്റായ ധാരണ! ഒരാള്‍ മഹാനാകണമെങ്കില്‍ അയാള്‍ കൊല്ലപ്പെടണം! ഈവക ധാരണയൊന്നും ഇന്ത്യയില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. ബുദ്ധന്‍ ഇന്ത്യയില്‍ നീളെ ഇന്ത്യക്കാരുടെ ദേവന്‍മാരെയും ദേവദേവനേയും നിഷേധിച്ചുകൊണ്ടു നടന്നു: എന്നിട്ടും ദീര്‍ഘായുസ്സായിരുന്നു. 85 വയസ്സുവരെ ജീവിച്ചിരുന്നു: രാജ്യത്തില്‍ പകുതിയും അദ്ദേഹത്തിന്റെ മതം സ്വീകരിച്ചു.
പിന്നെ, ചാര്‍വ്വാകന്‍മാരുണ്ടായിരുന്നു. ഭയങ്കരകാര്യങ്ങളാണ് അവര്‍ പ്രസംഗിച്ചിരുന്നത്. അത്ര തികഞ്ഞ ശുദ്ധഭൗതികത്വം പ്രഖ്യാപനം ചെയ്‌വാന്‍ ഈ 9-ാം നൂറ്റാണ്ടിലും ഒരാള്‍ ധൈര്യപ്പെടുകയില്ല. മതം ഭോഷ്‌കാണ്, അത് പുരോഹിതന്‍മാരുടെ കപടതന്ത്രം, വേദങ്ങള്‍ വിഡ്ഢികളുടെയും ചതിയന്‍മാരുടെയും അസുരന്‍മാരുടെയും പ്രലപനങ്ങള്‍, ഈശ്വരനില്ല, ആത്മാവുമില്ല – ഇങ്ങനെ പലതും അവര്‍ നാടുതോറും നടന്ന്, ക്ഷേത്രംതോറും കയറി നിര്‍ബാധം പ്രസംഗിച്ചു. ആത്മാവ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കില്‍ മരണശേഷം, അതു ഭാര്യാപുത്രാദികളിലുള്ള സ്നേഹം നിമിത്തം എന്തുകൊണ്ടു തിരികെ വന്നില്ല? മരണാനന്തരവും അതിനു സ്നേഹഭാവമുണ്ടായിരിക്കണം, രുചിയുള്ള ഭക്ഷണവും ഭംഗിയുള്ള വസ്ര്തവും അതിനു പിന്നെയും ഇഷ്ടമായിരിക്കണം, എന്നെല്ലാമായിരുന്നു അവരുടെ ധാരണ. ഈ ചാര്‍വ്വാകന്‍മാരെയും ആരും ഉപദ്രവിച്ചില്ല. ഇങ്ങനെ പൂര്‍ണ്ണമായ മതസ്വാതന്ത്ര്യഭാവന ഭാരതഖണ്ഡത്തില്‍ ഏതു കാലത്തും ഉണ്ടായിരുന്നു. വളര്‍ച്ചയ്ക്ക് ആദ്യമായി വേണ്ടതു സ്വാതന്ത്ര്യമത്രേ. ഏതൊന്നിനു സ്വാതന്ത്ര്യമില്ലയോ അതിനു വളര്‍ച്ചയില്ല, ഒരു കാലത്തുമില്ല. എപ്പോഴും ഒരു ഗുരുവിന്റെ നിയന്ത്രണാധികാരവും വെച്ചിരുന്ന്, അന്യന്‍മാരെ നേര്‍വഴിക്കു നടത്തി അവരുടെ വളര്‍ച്ചയ്ക്കു സഹായിക്കാമെന്ന വിചാരം വിഡ്ഢിത്തവും ആപല്‍ക്കരവുമാകുന്നു. അത് അനേകലക്ഷം ജനങ്ങളുടെ വളര്‍ച്ചയെ തടയുകയാണ് ചെയ്തിട്ടുള്ളത്. മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉണ്ടാകട്ടെ. വളര്‍ച്ചയ്ക്ക് അതേ വഴിയുള്ളു.
ഇന്ത്യയില്‍ അദ്ധ്യാത്മവിഷയത്തില്‍ ഞങ്ങള്‍ സ്വാതന്ത്ര്യം കൊടുത്തു. അതുകൊണ്ട് ഇന്നും ഗംഭീരമായ അദ്ധ്യാത്മശക്തി അവിടെയുണ്ട്. നിങ്ങള്‍ സമുദായസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തതുകൊണ്ട് നിങ്ങളുടെ സമുദായസംഘടന വിശിഷ്ടമായിരിക്കുന്നു. നിങ്ങള്‍ മതകാര്യത്തില്‍ ഒരു കാലത്തും ഒരു സ്വാതന്ത്ര്യവും അനുവദിച്ചില്ലെന്നു മാത്രമല്ല, തീയും വാളുംകൊണ്ട് അന്യരില്‍ സ്വാഭിപ്രായങ്ങളെ കുത്തിക്കയറ്റുകകൂടി ചെയ്തിട്ടുണ്ട്. തത്ഫലമായി യൂറോപ്യന്‍ മനസ്സില്‍ മതം മുരടിച്ചു ദുഷിച്ചുപോയി. ഇപ്പോള്‍ ഇന്ത്യയില്‍ വേണ്ടത് സമുദായശൃംഖലകള്‍ നീക്കുകയും, യൂറോപ്പില്‍ വേണ്ടത് മതപുരോഗതിയെ തടയുന്ന വിലങ്ങുകള്‍ മുറിച്ചുതള്ളുകയുമാണ്. അതു ചെയ്താല്‍ മനുഷ്യന് ആശ്ചര്യകരമായ വളര്‍ച്ചയും വികാസവും വന്നുചേരും. സാമുദായികം, ധാര്‍മ്മികം, ആദ്ധ്യാത്മികം എന്നീ നാനാപരിണാമങ്ങളില്‍ക്കൂടിയും ഒരൈക്യസൂത്രം ഓടുന്നുണ്ടെന്നു നാം കണ്ടെത്തുമ്പോള്‍ യഥാര്‍ത്ഥമതമെന്നു പറയുന്നത് സമുദായത്തില്‍ കടന്നുകൂടേണ്ടതാണെന്നും അതു നിത്യജീവിതത്തില്‍ കലര്‍ന്നുചേരേണ്ടതാണെന്നുംകൂടി നാം കാണും. വേദാന്തത്തിന്റെ വെളിച്ചത്തില്‍ എല്ലാ ഭൗതികശാസ്ത്രങ്ങളും അതുപോലെ ജഗത്തിലുള്ള സര്‍വ്വവും മതത്തിന്റെതന്നെ നാനാപ്രകാശങ്ങളാണെന്നു നമുക്കു മനസ്സിലാകും.