ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 26
സദ്‌ഭാവേ സാധുഭാവേ ച
സദിത്യേതത് പ്രയുജ്യതേ
പ്രശസ്തേ കര്‍മ്മണി തഥാ
സച്ഛബ്ദഃ പാര്‍ത്ഥ യുജ്യതേ
ഹേ അര്‍ജ്ജുനാ, ഉണ്ട് എന്ന അര്‍ത്ഥത്തിലും യോഗ്യം എന്ന അര്‍ത്ഥത്തിലും സത് എന്ന പദം ഉപയോഗിക്കപ്പെടുന്നു. അതുപോലെ മംഗളകരമായ കര്‍മ്മത്തെ സൂചിപ്പിക്കാനും സത് എന്ന ശബ്ദം പ്രയോഗിക്കപ്പെടുന്നു.
സത് എന്ന പദത്തിന്റെ അര്‍ത്ഥം അസത് പദാര്‍ത്ഥങ്ങളുടെ നിരാകരണമാണ്. അത് ബ്രഹ്മത്തിന്റെ നിര്‍ദോഷസ്വരൂപമാണ്. ഈ സത്യം മനസ്സിലാക്കി സത്തിനെ അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തില്‍ ദര്‍ശിക്കുന്ന ഒരുവന് ആത്മസ്വരൂപപ്രാപ്തി ഉണ്ടാകുന്നു. സത് ശബ്ദം പ്രപഞ്ചത്തിന്റെ മിഥ്യാരൂപമാകുന്ന വ്യാജനാണയത്തെ ഉരുക്കിക്കളഞ്ഞ് വ്യംഗരഹിത ശുദ്ധ സ്വരൂപമായ ബ്രഹ്മത്തെ തെളിച്ചുകാട്ടുന്നു. കാലമോ ദേശമോ അതിനു യാതൊരു പരിവര്‍ത്തനവും വരുത്തുന്നില്ല. അത് എപ്പോഴും അഖണ്ഡിതമായി പരബ്രഹ്മമായിത്തന്നെ നിലകൊള്ളുന്നു. ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമായതൊക്കെ അസത്താണ്. അസത്തായതൊന്നും സത്തല്ല.
ഓംകാരവും തത്കാരവും എന്ന രണ്ടു പദങ്ങള്‍കൊണ്ട് കര്‍മ്മം ബ്രഹ്മരൂപവുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍, കര്‍മ്മം വേണ്ടതുപോലെ സത്യമാര്‍ഗ്ഗം തെളിയിക്കണമെന്ന് ഭാവനചെയ്തുകൊണ്ട്, ബ്രഹ്മഭാവന ഉദ്ദീപിപ്പിച്ചുകൊണ്ട്, നീ സത്പദം ഉച്ചരിക്കുമ്പോള്‍ ദ്വൈതഭാവന അതിദ്രുതം അപ്രത്യക്ഷമായി ശുദ്ധമായ കേവലസത്തമാത്രം അവശേഷിക്കുന്നു. നീ ബ്രഹ്മമായിത്തീരുന്നു. ഇതാണ് സത് ശബ്ദത്തിന്റെ അന്തരംഗരഹസ്യവും വിനിയോഗരീതിയും. അര്‍ജ്ജുനാ, നീ ഇത് വ്യക്തമായി മനസ്സിലാക്കണം.
ജ്ഞാനദേവന്‍ പറയുന്നു: ഭഗവാന്‍ കൃഷ്ണനാണ് ഇതു പറഞ്ഞത്. അല്ലാതെ ഞാനല്ല. ഞാനാണ് ഇതുപറയുന്നതെങ്കില്‍ ഞാന്‍ ഭഗവാനില്‍നിന്ന് വ്യത്യസ്തനായിത്തീരും. അത് ഭഗവാന്റെ സ്വരൂപത്തില്‍ ദ്വൈതദോഷം സൃഷ്ടിക്കും. അത് ഭഗവാന്റെ ഉപദേശങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ട് ഒരു ന്യൂനതയായിത്തീരുകയും ചെയ്യും.
ഭഗവാന്‍ തുടര്‍ന്നു: ഈ സത് എന്ന പദം സാത്ത്വിക കര്‍മ്മങ്ങള്‍ക്ക് മറ്റൊരു വിധത്തില്‍ ഉപകാരപ്രദമാണ്. സല്‍ക്കര്‍മ്മങ്ങള്‍ ഒരുവന്റെ സ്ഥാനമാനങ്ങള്‍ അനുസരിച്ച് ശരിയായി പ്രവര്‍ത്തിച്ചാലും ചിലപ്പോള്‍ അതിനു ഊനമുണ്ടായെന്നു വരാം. ശരീരത്തിന്റെ അവയവത്തിന് ന്യൂനതയുണ്ടെങ്കില്‍ മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനത്തിനും തകരാറുസംഭവിക്കുന്നു. ഒരു ചക്രത്തിന്റെ കുറവ് ഉണ്ടാകുമ്പോള്‍ രഥം ഓടാന്‍ കഴിയാതെ നിശ്ചലമാകുന്നു. അതുപോലെ ഒരു കര്‍മ്മം മൊത്തത്തില്‍ സത്കര്‍മ്മമാണെങ്കില്‍ തന്നെയും അതിന്റെ സത്ത്വത്തില്‍ എന്തെങ്കിലും കുറവുസംഭവിച്ചാല്‍ അത് ദോഷകര്‍മ്മമായിത്തീരുന്നു. ഇപ്രകാരമുള്ള സന്ദര്‍ഭത്തില്‍ ഓംകാരത്തിന്റെയും തത്കാരത്തിന്റെയും ഉച്ചാരണത്തോടൊപ്പം സത്പദം കൂടി വിനിയോഗിച്ചാല്‍ അത് ദോഷകര്‍മ്മത്തെ ഉദ്ധരിക്കുന്നു. അതിന്റെ സത്ത്വപ്രഭാവംകൊണ്ട് ദോഷകര്‍മ്മത്തിന്റെ ന്യൂനത പരിഹരിച്ച് അതിനെ ധര്‍മ്മ്യമാക്കുന്നു. ദിവ്യൌഷധം രോഗിയെ സുഖപ്പെടുത്തുന്നതുപോലെയോ ആശയറ്റവന് ആശ്വാസം ലഭിക്കുന്നതുപോലെയോ സത്പദം അപൂര്‍ണ്ണമായ കര്‍മ്മങ്ങളെ എല്ലാവിധത്തിലും സമ്പൂര്‍ണ്ണമാക്കുന്നു.
ഒരു പഥികന് ചിലപ്പോള്‍ വഴിതെറ്റിയെന്നുവരാം. അഭിജ്ഞനായ ഒരുവന്‍ ആകുലപ്പെട്ടെന്നും വരാം. അതുപോലെ, അശ്രദ്ധമൂലം കര്‍മ്മങ്ങള്‍ ശാസ്ത്രങ്ങളുടെ അതിരുകള്‍ ലംഘിച്ചു നിഷിദ്ധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചെന്നും വരാം. ഇപ്രകാരമുള്ള തെറ്റുകള്‍ ലോകത്ത് സാധാരണയായി സംഭവിക്കാറില്ലേ? വിവേകരഹിതമായി അതിരുവിട്ട് തെറ്റായ വഴിയില്‍ക്കൂടി ചെയ്യാനിടയാകുന്ന കര്‍മ്മങ്ങള്‍ ദുഷ്ക്കര്‍മ്മങ്ങളായിത്തീരാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ആ സന്ദര്‍ഭങ്ങളില്‍ ഓംകാരത്തെക്കാളും തത്കാരത്തെക്കാളും ശ്രേഷ്ഠമായ സത്പദം വിനിയോഗിക്കുകയാണെങ്കില്‍ അത് അധര്‍മ്മകര്‍മ്മങ്ങളെ ഉത്തമകര്‍മ്മങ്ങളാക്കിത്തീര്‍ക്കും. സ്പര്‍ശമണി ഇരുമ്പുമായി ഉരസ്സുന്നതുപോലെയോ അരുവികള്‍ ഗംഗയില്‍ ഒഴുകിയെത്തുന്നതുപോലെയോ മരിച്ച മര്‍ത്ത്യന്റെമേല്‍ അമൃതവര്‍ഷം ചൊരിയുന്നതുപോലെയോ, സത് പദത്തിന്റെ വിനിയോഗം വ്യംഗകര്‍മ്മങ്ങള്‍ക്ക് പ്രയോജനപ്രദമായിത്തീരുന്നു.
അല്ലയോ അര്‍ജ്ജുനാ, സത്പദത്തിന്റെ മാഹാത്മ്യം അത്രത്തോളം മഹത്തരമാണ്. ഇപ്രകാരം സത്പദത്തിന്റെ വൈഭവവും രഹസ്യവും മനസ്സിലാക്കിയാല്‍ അതു യഥാര്‍ത്ഥബ്രഹ്മമാണെന്ന് നിനക്കു ബോധ്യമാകും. ഓം തത് സത് എന്ന ബ്രഹ്മമന്ത്രോച്ചാരണം ഈ ദൃശ്യ പ്രപഞ്ചത്തിലൊട്ടാകെ പ്രകടീഭവിച്ചിരിക്കുന്ന ഈശ്വരന്റെ ഗേഹത്തിലേയ്ക്ക് ഒരു മുമുക്ഷുവിനെ നയിക്കുന്നു. ആ ഗേഹം അവ്യയവും സ്വച്ഛവുമായ പരബ്രഹ്മത്തിന്‍റേതാണ്. അതിന്റെ അന്തര്‍ഹിതമായ പ്രഭാവത്തിന്റെ സങ്കേതമാണ് ഓം തത് സത് എന്ന നാമചിഹ്നം. ആകാശത്തിനു ആകാശം തന്നെ ആലംബമായിരിക്കുന്നതുപോലെ ബ്രഹ്മം, ഓം തത് സത് എന്ന അതിന്റെ നാമചിഹ്നത്തെ ആലംബമാക്കിയിരിക്കുന്നു. നാമവും നാമവാനും അവിച്ഛിന്നമായി നില്‍ക്കുന്നു. സൂര്യന്‍ സ്വയം പ്രകാശിക്കുന്നുവെന്നു മാത്രമല്ല, മറ്റു പദാര്‍ത്ഥങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ ഓം തത് സത് എന്ന ബ്രഹ്മമന്ത്രത്തിന്റെ ഉച്ചാരണം ബ്രഹ്മത്തെ പ്രത്യക്ഷപ്പെടുത്തുന്നുവെന്നു മാത്രമല്ല അതിന്റെ പൊരുളിനെ വെളിപ്പെടുത്തുകയും ചെയ്യുന്നു.