ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 27

യജ്ഞേ തപസി ദാനേ ച
സ്ഥിതിഃ സദിതി ചോച്യതേ
കര്‍മ്മ ചൈവ തദര്‍‍ത്ഥീയം
സദിത്യേ വാഭിധീയതേ.

യാഗാദി കര്‍മ്മങ്ങളിലും തപസ്സിലും ദാനധര്‍മ്മത്തിലും ഉള്ള നിഷ്ഠയേയും സത് എന്നുപറയുന്നു. ബ്രഹ്മപ്രാപ്തി ലക്ഷ്യമാക്കി അനുഷ്ഠിക്കപ്പെടുന്ന സാധനകളെയും സത് എന്നുതന്നെ പറയുന്നു.

ആകയാല്‍ ഓം തത് സത് എന്നുള്ളത് ത്രിവിധമായ ഒരു നാമചിഹ്നമല്ല. അതു പരബ്രഹ്മം തന്നെയാണ്. നീ ചെയ്യുന്ന യജ്ഞം, ദാനം, തപസ്സ് തുടങ്ങിയ ഏതു കര്‍മ്മങ്ങളും വിജയകരമായി പര്യവസാനിക്കുകയോ എന്തെങ്കിലും ന്യൂനതകൊണ്ട് അപൂര്‍ണ്ണമാവുകയോ ചെയ്തെന്നുവരാം. എന്നാല്‍ അവയൊക്കെയും ബ്രഹ്മത്തിന് അര്‍പ്പിക്കുകയാണെങ്കില്‍ അവ ബ്രഹ്മരൂപമായിത്തീരുന്നു. ഇത് സ്പര്‍ശമണിയുടെ സ്പര്‍ശനംകൊണ്ട് ഇരുമ്പ് സ്വര്‍ണ്ണമായിത്തീരുന്നതുപോലെയാണ്. ഇപ്രകാരം ഉണ്ടാകുന്ന സ്വര്‍ണ്ണം മറ്റു ലോഹങ്ങളുമായുള്ള സ്വര്‍ണ്ണത്തിന്റെ മിശ്രിതമല്ല; പരിശുദ്ധ സ്വര്‍ണ്ണം മാത്രമാണ്. ബ്രഹ്മമന്ത്രമായ ഓം തത് സത് ഉച്ചരിക്കുമ്പോള്‍ എല്ലാ കര്‍മ്മങ്ങളും ബ്രഹ്മസ്വരൂപമാകുന്നു. സിന്ധുവില്‍ ഒഴുകിയെത്തിയ നദികളെ തരംതിരിക്കാന്‍ കഴിയാത്തതുപോലെ, പരംപൊരുളിന് അര്‍പ്പണം ചെയ്ത കര്‍മ്മങ്ങള്‍ക്ക് പൂര്‍ണ്ണാപൂര്‍ണ്ണ ഭേദമില്ല.

അല്ലയോ അര്‍ജ്ജുനാ, ബ്രഹ്മനാമശക്തിയെപ്പറ്റി ദൃഷ്ടാന്തപൂര്‍വ്വം ഞാന്‍ നിനക്ക് വിവരിച്ചുതന്നു. ബ്രഹ്മത്തിന്റെ മൂന്നുപ്രകാരത്തിലുള്ള ഏകമായ നാമം എപ്രകാരമാണ് വിനിയോഗിക്കേണ്ടതെന്നും വിശദീകരിച്ചു. അര്‍ജ്ജുനാ, നിനക്ക് ബ്രഹ്മനാമത്തിന്റെ മര്‍മ്മം ഇപ്പോള്‍ മനസ്സിലായോ? ഈ ബ്രഹ്മനാമത്തെപ്പറ്റിയുള്ള ശ്രദ്ധ – വിശ്വാസം – എപ്പോഴും നിന്റെ മനസ്സില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കട്ടെ. അപ്രകാരമായാല്‍ നീ ജന്മബന്ധങ്ങളില്‍ നിന്നും മുക്തനാകും. നീ എല്ലാ കര്‍മ്മങ്ങളും ചെയ്യുമ്പോള്‍ ഓം തത് സത് എന്ന ബ്രഹ്മനാമം ഉത്തമമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ നിന്റെ കര്‍മ്മങ്ങളെല്ലാം ഫലപ്രാപ്തിയിലെത്തുമെന്നു മാത്രമല്ല, വേദം ഉരുവിടുന്നതിന് തുല്യമായ ഫലം നിനക്കു സിദ്ധിക്കുകയും ചെയ്യും.