സ്വാതന്ത്ര്യം വഴിക്കാണല്ലോ ശാസ്ത്രങ്ങള്‍ വളര്‍ന്നുവന്നത്. അവയില്‍ രണ്ടു പക്ഷമുണ്ട്. ഒന്നു നാസ്തികവും മതദൂഷകവും, മറ്റേത് ആസ്തികവും മതപോഷകവും. ഇത് ഏതു സമുദായത്തിലും കാണാമെന്നുള്ളത് ഒരു വിശേഷംതന്നെ. ഒരു സമുദായത്തില്‍ വല്ലൊരു ദോഷവുമുണ്ടെന്നിരിക്കട്ടെ. ഉടനെ ഒരു സംഘം പുറപ്പെട്ട് അതിനെ കഠിനമായി ആക്ഷേപിച്ചുതുടങ്ങുകയായി. അതു ചിലപ്പോള്‍ ദുഷിച്ച് ഒരുന്‍മാദംപോലെയാകും! ഈവിധം ഉന്‍മാദക്കാര്‍ ഏതൊരു സമുദായത്തിലുമുണ്ട്. സ്ര്തീകള്‍ വികാരാധിക്യമുള്ളവരായതുകൊണ്ട് ഈ കൂക്കുവിളിസ്സംഘങ്ങളില്‍ പലപ്പോഴും ചേരാറുണ്ട്. വല്ലതിനെയും കഠിനമായാക്ഷേപിപ്പാന്‍ ഒരുങ്ങിപ്പുറപ്പെടുന്ന ഭ്രാന്തന്‍മാര്‍ക്കു കൂട്ടുകാരെ കിട്ടാതെ വരില്ല. അടിച്ചു തകര്‍ക്കുവാനെളുപ്പം. ഭ്രാന്തന് കണ്ണില്‍ കണ്ടതേതും തകര്‍ത്തുകളയാം. ഒന്നു നിര്‍മ്മിപ്പാനാണ് പ്രയാസം. ഈ ഭ്രാന്തന്‍മാര്‍ ചെയ്യുന്നതില്‍ അവരുടെ ദൃഷ്ടിയില്‍ കുറച്ചു നന്‍മ പക്ഷേ ഉണ്ടാകാം. എന്നാല്‍ അധികപക്ഷവും തിന്‍മയാണുണ്ടാകുന്നത്. സമുദായസംഘടനകള്‍ ഒരു ദിവസംകൊണ്ടു പൊട്ടിപ്പൊന്തുന്നവയല്ല. അവയില്‍ മാറ്റം വരുത്തുന്നത് മൂലകാരണങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുവേണം. ഒരു ദോഷം ഉണ്ടെന്നു വെയ്ക്കുക. പക്ഷേ, അധിക്ഷേപിച്ചതുകൊണ്ടുമാത്രം അതു നീങ്ങുകയില്ല. അതിന്റെ ഹേതുവിനെ നീക്കം ചെയ്യണം. അതു തിരിഞ്ഞുപിടിക്കുക, അതു നീക്കിക്കളയുക, അപ്പോള്‍ ആ ദോഷവും നീങ്ങും. വെറും അധിക്ഷേപം നിഷ്ഫലമാണെന്നു മാത്രമല്ല ആപത്കരവുമാണ്.
അടിയില്‍ കിടക്കുന്ന കാരണമെന്തെന്ന് മനസ്സിലാക്കുകയാണ് വേണ്ടതെന്നു കണ്ട ചിലരും ഉണ്ടായിരുന്നു. അവരുടെ ഹൃദയത്തിനു മാര്‍ദ്ദവമുണ്ടായിരുന്നു. അവരെയാണ് മഹര്‍ഷിമാര്‍ എന്നു പറയുന്നത്. ഒരു സംഗതി നിങ്ങള്‍ പ്രത്യേകം ഓര്‍മ്മവെയ്ക്കണം. മുടിക്കുവാനല്ല, മുഴുമിപ്പിക്കുവാനാണ് തങ്ങള്‍ വന്നതെന്നത്രേ ലോകാചാര്യന്‍മാരെല്ലാം പറഞ്ഞിട്ടുള്ളത്. ആ വാക്യത്തിന്റെ സാരം പലര്‍ക്കും മനസ്സിലായിട്ടില്ല. ആചാര്യന്‍മാരുടെ ക്ഷമാഭാവം അന്നത്തെ പൊതുജനാഭിപ്രായത്തോടുള്ള കീഴൊതുക്കമാണെന്നുകൂടി ചിലര്‍ ധരിച്ചിട്ടുണ്ട്. ‘ഈ പ്രവാചകന്‍മാരും ആചാര്യന്‍മാരും ഏതാണ്ടു ഭീരുക്കള്‍തന്നെ: ശരിയെന്നു തോന്നിയതു പറയുവാനും പ്രവര്‍ത്തിപ്പാനും അവര്‍ക്കു ധൈര്യമുണ്ടായില്ല’, എന്നിങ്ങനെ ചിലര്‍ ഇന്നും പറയുന്നുണ്ട്. വാസ്തവം അങ്ങനെയല്ല, അവര്‍ ഈ ലോകവാസികളെ സ്വന്തം കുട്ടികളെപ്പോലെ വിചാരിച്ചു. ആ മഹാത്മാക്കളുടെ സ്നേഹത്തിന്റെ അപാരത ഭ്രാന്തന്‍മാര്‍ക്ക് ഒട്ടും അറിഞ്ഞുകൂട. സര്‍വ്വരോടും അളവറ്റ സഹതാപവും അളവറ്റ സഹിഷ്ണുതയുമാണ് അവര്‍ക്കുണ്ടായിരുന്നത്. അവരത്രേ നമ്മുടെ യഥാര്‍ത്ഥപിതാക്കള്‍, നമ്മുടെ യഥാര്‍ത്ഥദേവന്‍മാര്‍: അവര്‍ സഹിപ്പാനും പൊറുപ്പാനും എപ്പോഴും ഒരുക്കമായിരുന്നു. മനുഷ്യസമുദായം എങ്ങനെ വളരണമെന്നറിഞ്ഞ് അവര്‍ പതുക്കെ ഉറപ്പോടും ക്ഷമയോടുംകൂടി അതിനു വഴികളുണ്ടാക്കിവന്നു. അതു ജനങ്ങളെ അധിക്ഷേപിച്ചും ഭയപ്പെടുത്തിയുംകൊണ്ടല്ല: പിന്നെയോ, നയത്തിലും സ്നേഹത്തിലും ജനങ്ങളെ പടിപടിയായി ഉയര്‍ത്തിക്കൊണ്ട്. അങ്ങനെയുള്ളവരായിരുന്നു ഉപനിഷദാചാര്യന്‍മാര്‍. അവര്‍ കണ്ടു, കാലക്രമത്തില്‍ വന്നുചേര്‍ന്ന ധാര്‍മ്മികബോധവും പുരോഗതിയും പഴയകാലത്തുണ്ടായിരുന്ന ദേവഭാവനയോടു യോജിച്ചതല്ലെന്ന്. നാസ്തികവാദങ്ങളില്‍ ചില സാരാംശങ്ങളും ചില തത്ത്വക്കട്ടകള്‍തന്നെയും ഉണ്ടെന്നും അവര്‍ കണ്ടു. എന്നാല്‍ സമുദായമണികളെ ചേര്‍ത്തുകോര്‍ത്തിരുന്ന സൂത്രം മുറിച്ചുകളഞ്ഞ് ആകാശത്തില്‍ ഒരു നൂതനസമുദായം സൃഷ്ടിക്കാമെന്ന് അവര്‍ വിചാരിച്ചില്ല. അതിനുള്ള യത്‌നം വ്യര്‍ത്ഥമാണെന്നും അവര്‍ കണ്ടു. നാമൊരിക്കലും പുതുതായൊന്നും സൃഷ്ടിക്കുന്നില്ല. നാം സ്ഥാനം മാറ്റുന്നതേയുള്ളു. പുതിയതുണ്ടാകുക സാധ്യമല്ല: ഉള്ള വസ്തുക്കളുടെ സ്ഥിതി മാറ്റുന്നതേയുള്ളു. വിത്തു പതുക്കെപ്പതുക്കെ വളര്‍ന്നു വൃക്ഷമായിത്തീരുന്നു. നാം നമ്മുടെ കഴിവുകളെ സത്യത്തിലേക്കു തിരിച്ചുവിടണം. നിലവിലുള്ള സത്യം നിറവേറ്റണം: പുതിയ സത്യം സൃഷ്ടിക്കുകയല്ല വേണ്ടത്. ഈ നിയമം അറിഞ്ഞ് പുരാതനാചാര്യന്‍മാര്‍ ഈശ്വരനെ സംബന്ധിച്ച പഴയ ഭാവനകളെ ആ കാലത്തിനു ചേര്‍ന്നതല്ലെന്ന് അധിക്ഷേപിച്ച് തള്ളുന്നതിനുപകരം അതുകളിലുള്ള തത്ത്വാംശങ്ങളെ കണ്ടുപിടിപ്പാന്‍ ശ്രമിച്ചു. അതിന്റെ ഫലമത്രേ വേദാന്തദര്‍ശനം. ദേവന്‍മാരെന്നും ജഗദീശ്വരനായ ഏകദേവനെന്നുമുള്ള പഴയ ഭാവനകളില്‍നിന്ന് ഉപര്യുപരിയായ ഭാവനകള്‍ അനന്തനിര്‍ഗുണം എന്നുള്ളതില്‍ അവര്‍ കണ്ടെത്തി. ജഗത്ത് ആകെയും ഏകമാണെന്ന് അവര്‍ കണ്ടറിഞ്ഞു.
നാനാത്വമായി കാണുന്ന ജഗത്തില്‍ ഏകത്വവും, മൃത്യുഗ്രസ്തമായ ജഗത്തില്‍ അമരത്വവും, ജാഡ്യവും അജ്ഞാനവും നിറഞ്ഞ ജഗത്തില്‍ ഏകചൈതന്യവും ജ്ഞാനവും ആര്‍ കാണുന്നുവോ, അവര്‍ക്കു ശാന്തി ലഭിക്കും: മറ്റാര്‍ക്കും ലഭിക്കുകയില്ല: മറ്റാര്‍ക്കും ലഭിക്കയില്ല.