സ്വാമി വിവേകാനന്ദന്‍

ശൈശവത്തില്‍ ആശ മികച്ചുനില്‍ക്കും. കുട്ടി കണ്‍മിഴിച്ചു നോക്കുമ്പോള്‍ കാണുന്ന ലോകം സുവര്‍ണ്ണമയം. ഇച്ഛിച്ചതു നടക്കുമെന്നാണതിന്റെ ബോധം. എന്നാല്‍ മുന്നോട്ട് ഓരോ അടിവെയ്ക്കുമ്പോഴും പ്രകൃതി അവന്റെ ഗതി തടഞ്ഞ് വജ്രഭിത്തിപോലെ നില്‍ക്കുന്നു. അതിനെ തകര്‍ത്തു കടന്നുപോവാന്‍ അവന്‍ പിന്നേയും പിന്നേയും തലയടിച്ചു നോക്കുന്നുണ്ടാകാം. എന്നാല്‍ മുന്നേറുംതോറും അവന്റെ ലക്ഷ്യം പിന്‍മാറുന്നു. അങ്ങനെയിരിക്കെ മൃത്യു വന്നെത്തുന്നു. മോചനമായോ? ആര്‍ക്കറിയാം? ഇതത്രേ മായ.

ഒരു ശാസ്ത്രാന്വേഷകന്‍ ജനിക്കുന്നു. അയാള്‍ ജ്ഞാനസമ്പാദനത്തിനു കൊതിക്കുന്നു. അതിനുവേണ്ടി മറ്റെന്തും ത്യജിച്ചും എന്തും സഹിച്ചും പ്രകൃതിയില്‍ അതിഗൂഢമായി കിടക്കുന്ന രഹസ്യങ്ങള്‍ ഓരോന്നായി തിരഞ്ഞ് ഓരോ തത്ത്വം കണ്ടുപിടിച്ചു മുന്നോട്ടു മുന്നോട്ടുപോകുന്നു. അതുകൊണ്ടെന്ത്? നാം അയാളെ പുകഴ്ത്തുന്നതെന്തിന്? മനുഷ്യനു സാദ്ധ്യമായതിനെക്കാള്‍ എത്രയോ വലിയ കാര്യങ്ങള്‍ പ്രകൃതി തനിയേ സാധിക്കുന്നില്ലേ? എങ്കിലും പ്രകൃതി ജഡമല്ലേ, ബോധശൂന്യമല്ലേ? ജഡപ്രകൃതിയെ അനുകരിക്കുന്നത് എന്തുകൊണ്ട് മഹത്ത്വത്തിന് കാരണമാവണം? എത്രയെങ്കിലും വലിയ വിദ്യുത്പുഞ്ജം (വജ്രായുധം) എത്രയെങ്കിലും ദൂരെയ്ക്കു ക്ഷേപിപ്പാന്‍ പ്രകൃതിക്കു കഴിവുണ്ട്. അതില്‍ ഒരു സഹസ്രാംശം ഒരു മനുഷ്യന്‍ ചെയ്താല്‍ നാം അയാളെ പുകഴ്ത്തുന്നു, ദിവ്യനെന്നു പറയുന്നു. എന്തിന്? പ്രകൃതിയെ അനുകരിക്കുന്നതിന്, മൃത്യുവിനെ അനുകരിക്കുന്നതിന്, ജഡതയെ അനുകരിക്കുന്നതിന്, ബുദ്ധിശൂന്യതയെ അനുകരിക്കുന്നതിന്, ഒരാളെ എന്തിനു പുകഴ്ത്തണം? കേന്ദ്രാകര്‍ഷണ ശക്തിക്കു ബ്രഹ്മാണ്ഡങ്ങളെപ്പോലും പൊടിപൊടിയാക്കുവാന്‍ കഴിയും: എങ്കിലും അതു ബുദ്ധിവിഹീനമാണ്. ബുദ്ധിശൂന്യത്തെ അനുകരിക്കുന്നത് എങ്ങനെ കീര്‍ത്തീകരമാകുന്നു? എങ്കിലും നാമെല്ലാവരും അതിനാണ് പ്രയത്‌നിക്കുന്നത്. ഇതത്രേ മായ.

ഇന്ദ്രിയങ്ങള്‍ നമ്മെ പുറത്തേക്കു വലിക്കുന്നു. സുഖവും ശാന്തിയും ഒരു കാലവും കിട്ടാത്തിടത്ത് മനുഷ്യന്‍ അവയെ തിരയുന്നു. അതു നിഷ്ഫലം, വ്യര്‍ത്ഥമെന്ന് അനാദികാലംമുതല്‍ നമ്മോടുപദേശിച്ചും വന്നിരിക്കുന്നു. എന്നിട്ടും നമുക്കു മനസ്സിലാകുന്നില്ല. നമ്മുടെ സ്വാനുഭവം വഴിക്കല്ലാതെ മനസ്സിലാവുകയുമില്ല. നാം പരീക്ഷിച്ചു നോക്കുന്നു, നമുക്ക് അടിയും കിട്ടുന്നു. അപ്പോഴെങ്കിലും നാം മനസ്സിലാക്കുന്നുണ്ടോ? ഇല്ലതാനും. ശലഭങ്ങള്‍ അഗ്‌നിയില്‍ ചെന്നുചാടുന്നു, അതില്‍ തൃപ്തിയടയുമെന്നാശിക്കുന്നു. തോറ്റു മടങ്ങി വീണ്ടും നവശക്തിയോടുകൂടി അതില്‍ത്തന്നെ ചെന്നുചാടുന്നു: ഇങ്ങനെ ചെയ്തു ചെയ്ത് അംഗഭംഗം വന്നു ചതിപെട്ടു മരിച്ചുപോകയും ചെയ്യുന്നു. ഇതത്രേ മായ.

ബുദ്ധിയുടെ കാര്യവും ഇതുതന്നെ. ജഗത്തിലെ രഹസ്യങ്ങള്‍ അറിവാന്‍ ആഗ്രഹിക്കയാല്‍ അന്വേഷണം നമുക്കു നിര്‍ത്താന്‍ വയ്യ: അറിഞ്ഞേ കഴിയൂ എന്നു നമുക്കു തോന്നുന്നു: അറിവു സമ്പാദിക്കാവതല്ലെന്നു വിശ്വാസം വരുന്നില്ല. നാം ഏതാനും അടി മുമ്പോട്ടു വെയ്ക്കുന്നു: നമ്മുടെ ഗതിയെ നിരോധിച്ചുകൊണ്ട് അനാദ്യന്തമായ കാലഭിത്തി നില്‍ക്കുന്നു. ഏതാനും അടി മുമ്പോട്ടു വെയ്ക്കുന്നു, അലംഘ്യമായി, അപരിച്ഛേദ്യമായ ദേശഭിത്തി നമ്മെ തടയുന്നു. അതു മാത്രമോ? ഇവയേയും ചുഴന്ന് അഭേദ്യമായ കാര്യകാരണഭിത്തികളും നില്‍ക്കുന്നു. അവ നമുക്ക് അതിക്രമിക്കാവതല്ല. എങ്കിലും നാം യത്‌നിച്ചുനോക്കുന്നു, യത്‌നിക്കാതിരിപ്പാനും നമുക്കു കഴിവില്ല: ഇതത്രേ മായ.

നമ്മുടെ ഓരോ ശ്വാസത്തിലും, നാഡിയുടെ ഓരോ മിടിപ്പിലും, ഓരോ ചലനത്തിലും നാം വിചാരിക്കുന്നത് നമുക്കു സ്വാതന്ത്ര്യമുണ്ടെന്നാണ്. എന്നാല്‍ അപ്പോള്‍ത്തന്നെ സ്വാതന്ത്ര്യം നമുക്കില്ലെന്നും നമുക്കനുഭവപ്പെടുന്നു: നാം വെറും അടിമകള്‍. പ്രപഞ്ചത്തിന്റെ നിത്യദാസന്‍മാര്‍: നമ്മുടെ ദേഹവും മനസ്സും വിചാരവും വികാരവും എല്ലാം പ്രകൃതിക്കധീനം എന്നു നമുക്ക് അനുഭവപ്പെടുന്നു. ഇതത്രേ മായ.

എന്റെ കുട്ടി, മഹാബുദ്ധിമാന്‍! ഇതുപോലൊരു കുട്ടിയുണ്ടോ വേറെ? എന്നിങ്ങനെ വിചാരിക്കാത്ത ഒരമ്മയുമില്ല. അവള്‍ കുട്ടിയെ ലാളിക്കുന്നു. അവളുടെ ജീവന്‍ മുഴുവനും ആ കുട്ടിതന്നെ. കുട്ടി വളരുന്നു. പക്ഷേ മദ്യപനും മൂര്‍ഖനുമായിത്തീര്‍ന്ന് അമ്മയെ ദ്രോഹിച്ചുതുടങ്ങുന്നു. എത്രയധികം ദ്രോഹിക്കുന്നുവോ അത്രയധികം സ്നേഹമാണ് അമ്മയ്ക്കുണ്ടാകുന്നത്. ‘ഹാ, മാതാവിന്റെ നിസ്വാര്‍ത്ഥപ്രേമം!’ എന്നു ലോകര്‍ അതിനെ വാഴ്ത്തുന്നു. അമ്മ പ്രകൃതിയുടെ ദാസിയായിരിക്കുന്നു, അവള്‍ക്കു വേറെ നിവൃത്തിയില്ല: ഇതാരും ഓര്‍ക്കുന്നേയില്ല. ഒരു വിധം സാധിക്കുമെങ്കില്‍ ആ ഭാരം അവള്‍ വലിച്ചെറിഞ്ഞേനേ. ആഗ്രഹമില്ലായ്കയല്ല, സാദ്ധ്യമല്ല. അപ്പോള്‍ അതിനെ മാതൃപ്രേമമെന്ന കുസുമാവലികൊണ്ടു മൂടുന്നു. ഇതത്രേ മായ.

ജഗദ്ഭക്ഷകനായ കാലന്‍ വരുന്നു, സര്‍വ്വവും മുടിക്കുന്നു. മഹര്‍ഷിയെയും മഹാപാപിയെയും അരചനെയും അരയനെയും ലോകോത്തരസൗന്ദര്യത്തെയും, ജൂഗുപ്‌സാവഹവൈരൂപ്യത്തെയും, എല്ലാം കാലം വിഴുങ്ങുന്നു. അത് ഒന്നിനെയും വിട്ടുകളയുന്നില്ല. വിനാശം എന്ന ഏകലക്ഷ്യത്തിലേക്കു സര്‍വ്വവും പാഞ്ഞുചെല്ലുന്നു. ജ്ഞാനമോ, കലാവിദ്യകളോ, ശാസ്ത്രങ്ങളോ എല്ലാം അങ്ങോട്ടുതന്നെ പായുന്നു. അതു തടുപ്പാന്‍ ആര്‍ക്കും ആവതല്ല: ഒരു നിമിഷവും അതു നിര്‍ത്തിവെക്കുവാന്‍ ആരുമാളല്ല. അതു മറന്നുകളയാന്‍ നാം യത്‌നിക്കുന്നുണ്ടാവാം. ഒരു നഗരത്തില്‍ പ്ലേഗ് ബാധിച്ചിരിക്കെ, അതു വിസ്മരിപ്പാന്‍വേണ്ടി ജനങ്ങള്‍ മദ്യം കുടിക്കുന്നു, നൃത്തം വെയ്ക്കുന്നു: മറ്റു പലതും വിഫലമായി ചെയ്തുനോക്കുന്നു: എന്നിട്ടു തളര്‍ന്നുവീഴുന്നു. അതുപോലെ നാം പലതരം ഇന്ദ്രിയസുഖങ്ങള്‍മൂലം അതു മറക്കുവാന്‍ യത്‌നിക്കുന്നു. ഇതത്രേ മായ.