സ്വാമി വിവേകാനന്ദന്‍

ഇതെല്ലാം അര്‍ത്ഥശൂന്യം, ഇതു മായ എന്ന ധീരപ്രഖ്യാപനം ഒരു വശത്ത്. എന്നാല്‍ ഈ മായ കടപ്പാന്‍ മാര്‍ഗ്ഗമുണ്ട് എന്ന് ആശ്വാസവചനവും അതോടൊന്നിച്ചുണ്ട്. മറുവശത്ത് ലൗകികസമര്‍ത്ഥന്‍മാര്‍ പറയുന്നു; “മതവും തത്ത്വജ്ഞാനവുമെല്ലാം അസംബന്ധം; അതിന്‍മേല്‍ തല പുണ്ണാക്കേണ്ട. നമുക്ക് ഈ ലോകം വിട്ടുപോവാന്‍ തരമില്ല. ഇവിടെ കഷ്ടപ്പാടുകള്‍ വളരെയുണ്ട്, വാസ്തവംതന്നെ. എങ്കിലും ആവതു സുഖിക്കുക.” ഈ ഉപദേശത്തിന്റെ താല്പര്യം തുറന്നുപറയുകയാണെങ്കില്‍, “നിങ്ങള്‍ കാപടികന്‍മാരായിരുന്ന് സത്യം വിട്ടു നിരന്തരവ്യാജത്തില്‍ വര്‍ത്തിക്കുവിന്‍: വ്രണങ്ങളെയെല്ലാം കഴിവതും മൂടിവെയ്ക്കുവിന്‍” എന്നാകുന്നു. അങ്ങനെ പൊതിഞ്ഞു പൊതിഞ്ഞ്, ഉള്ളെല്ലാം ദ്രവിച്ച്, നിങ്ങള്‍ ഒരു ശൂന്യം പിടിച്ച പൊതിയായി കലാശിക്കും. ഇതാണ് പ്രായോഗികജീവിതം. ഇങ്ങനെ മൂടിപ്പൊതിഞ്ഞു തൃപ്തിപ്പെടുന്നവര്‍ ഒരു കാലവും മതത്തിന്റെ സമീപത്തെത്തില്ല. മതമാരംഭിക്കുന്നത് ഇപ്പോഴത്തെ ഈ നിലയോടുള്ള അളവറ്റ അതൃപ്തിയോടെയാണ്. ജീവിതത്തോടുതന്നെ വെറുപ്പ്, ഈ പൊതിഞ്ഞുവെയ്ക്കുന്ന സമ്പ്രദായത്തോടു കഠിനമായ വിദ്വേഷം, കളവും ചതിയുമായി കഴിഞ്ഞുകൂടുന്നതില്‍ അളവറ്റ ജുഗുപ്‌സ, ഇതാകുന്നു മതപ്രാരംഭം. ബുദ്ധദേവന്‍ ബോധിവൃക്ഷത്തിന്റെ ചുവട്ടിലിരിക്കുമ്പോള്‍ മേല്‍ വിവരിച്ച സാമര്‍ത്ഥ്യസ്വരൂപം അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷമാകാതിരുന്നില്ല. അതു വിഡ്ഢിത്തമാണെന്ന് അദ്ദേഹം കണ്ടു. മറ്റൊരു പോംവഴിയും അപ്പോള്‍ കണ്ടതുമില്ല. തത്ത്വാന്വേഷണപരിശ്രമം കൈവിട്ടുകളയുക: ലൗകികജീവിതത്തിലേക്കു മടങ്ങി പഴയ പടി ജീവിക്കുക: സത്യാസത്യങ്ങളെ വിപരീതമാക്കി വ്യാജത്തില്‍ വര്‍ത്തിക്കുക എന്നുള്ള പ്രലോഭനം അദ്ദേഹത്തിനുണ്ടായി. എന്നാല്‍ അദ്ദേഹം, ആ മഹാഗംഭീരപുരുഷന്‍, അതിനെ കീഴടക്കി. ‘അങ്ങനെ സസ്യപ്രായം അന്ധനായി ജീവിക്കുന്നതിനെക്കാള്‍ നല്ലതു മരിക്കുകതന്നെ: തോറ്റു ജീവിക്കുന്നതിനെക്കാള്‍ നല്ലതു പോര്‍ക്കളത്തില്‍വെച്ചു മരിക്കുകതന്നെ” എന്നു ദൃഢമായി പറഞ്ഞു. ഇങ്ങനെ പറയാന്‍ ധൈര്യപ്പെടുന്നവര്‍ക്കേ മതമുണ്ടാവൂ. ഇതാണ് മതത്തിന് അസ്തിവാരം. ഈ നിലയില്‍ ഉറച്ചുനിന്നാല്‍ മനുഷ്യന്‍ തത്ത്വദര്‍ശനത്തിനര്‍ഹനാകും. ഈശ്വരപ്രാപ്തിക്കു വഴിയാകും. ഈ ദൃഢനിശ്ചയമത്രേ മതത്തിലേക്കുള്ള പ്രഥമപ്രചോദനം. എനിക്കൊരു വഴി ഞാന്‍ വെട്ടിത്തുറക്കും. ഞാന്‍ തത്ത്വം കണ്ടെത്തും, ഇല്ലെങ്കില്‍ ആ പരിശ്രമത്തില്‍ മരിക്കും. ഈ വശത്തെല്ലാം ശൂന്യം, അനിത്യം, പ്രതിദിനം മാഞ്ഞുമാഞ്ഞുപോകുന്നു. ഇന്നു സുന്ദരനും ഉല്‍സാഹഭരിതനുമായിരിക്കുന്ന യുവാവ് നാളെ വാര്‍ദ്ധക്യഗ്രസ്തനും നിരുല്‍സാഹനുമാകുന്നു. ഇന്നു വികസിച്ചുനില്‍ക്കുന്ന സുഖങ്ങളും ആനന്ദവും ആശകളും നാളത്തെ ഹിമപാതത്തില്‍ വാടി നശിച്ചുപോകുന്ന കുസുമങ്ങള്‍. അതാണ് ഒരുവശത്ത്. മറുവശത്ത് വിജയത്തിന്റെ മനോഹാരിത, സര്‍വ്വജീവിതദുഃഖങ്ങളെയും, ജീവിതത്തിലെ സര്‍വ്വകാര്യങ്ങളെയും ജയിച്ചു കീഴടക്കിക്കൊണ്ടുള്ള ദിഗ്വിജയംതന്നെ. ആ വശത്തു വേണം മനുഷ്യന്‍ നില്‍ക്കുവാന്‍. ആ വിജയത്തിനുവേണ്ടി, സത്യത്തിനുവേണ്ടി, ധര്‍മ്മത്തിനുവേണ്ടി ഞാന്‍ തീവ്രയത്‌നം ചെയ്യും എന്നു ധൈര്യപ്പെട്ടിറങ്ങുന്നവര്‍ നേര്‍വഴിയിലായി. അതാണ് വേദങ്ങള്‍ ഉപദേശിക്കുന്നത്. “നിരാശത വേണ്ട, വഴി ദുര്‍ഗ്ഗമംതന്നെ, കത്തിവായ്‌മേല്‍ നടക്കുംപോലെതന്നെ. എങ്കിലും നിരാശനാകേണ്ട. എണീക്കുക, ഉണരുക, ലക്ഷ്യമായ തത്ത്വത്തിലെത്തിച്ചേരുക.”

മതങ്ങള്‍ പല വിധത്തിലുമാണ് പ്രത്യക്ഷപ്പെട്ടുകാണുന്നത്: എന്നാല്‍ അവയ്‌ക്കെല്ലാം ആധാരമായി പൊതുവേ ഒരടിസ്ഥാനമുണ്ട്. അതായത് സ്വാതന്ത്ര്യപ്രഖ്യാപനം: ലോകാതിക്രമണത്തിനുള്ള മാര്‍ഗ്ഗോപദേശം. മതത്തെ ലോകത്തോട് ഇണക്കാനല്ല, കടുംകെട്ടറുത്ത് അതിന്റെ സ്വന്തം ആദര്‍ശത്തിന്‍മേല്‍ പ്രതിഷ്ഠിപ്പാനാണ് മതങ്ങള്‍ ആവിര്‍ഭവിച്ചിട്ടുള്ളത്. ലൗകികസുഖങ്ങളേയും മതത്തെയും കൂട്ടിയിണക്കുവാന്‍ മതങ്ങള്‍ ഒരു കാലത്തും തുനിഞ്ഞിട്ടില്ല. ലോകാതിഗത്വമാണ് എല്ലാ മതങ്ങളും ഉപദേശിക്കുന്നത്. എന്നാല്‍ അതില്‍ വേദാന്തമതത്തിന് വിശേഷിച്ചൊരു കൃത്യമുണ്ട്. അതായത്, ലോകത്തില്‍ അത്യുത്കൃഷ്ടനിലയിലോ അതിനികൃഷ്ടനിലയിലോ ഇരിക്കുന്ന നാനാമതങ്ങളെയും തമ്മില്‍ രഞ്ജിപ്പിച്ച് അവയിലെല്ലാറ്റിലും പൊതുവായുള്ള മൂലധര്‍മ്മങ്ങളെ പ്രകാശിപ്പിക്കുക. ഒന്നിനെ നാം വെറും മൂഢവിശ്വാസമെന്നു പറയുന്നു, മറ്റൊന്നിനെ വലിയ തത്ത്വജ്ഞാനമെന്നു പറയുന്നു; എന്നാല്‍ രണ്ടിനും ലക്ഷ്യം ഒന്നാണ്. ഒരേ ദുര്‍ഘടത്തില്‍നിന്നു പുറത്തു ചാടാനുള്ള വഴിയുപദേശിക്കയാണ് രണ്ടും ചെയ്യുന്നത്. മിക്ക മതങ്ങളും പ്രപഞ്ചനിയമങ്ങളാല്‍ ബദ്ധനല്ലാത്ത ഒരു സ്വതന്ത്രപുരുഷന്റെ സാഹായ്യം അവലംബിച്ചുകൊണ്ടുള്ള മാര്‍ഗ്ഗമാണുപദേശിക്കുന്നത്. ആ സ്വതന്ത്രന്‍ സഗുണേശ്വരനോ മനുഷ്യസദൃശനോ പുരുഷനോ സ്ര്തീയോ നപുംസകമോ എന്ന വാദത്തിന് അവസാനമില്ല. ആ വക വൈഷമ്യങ്ങളും തീരാത്തര്‍ക്കങ്ങളും എന്തെല്ലാമായാലും എല്ലാറ്റിലും ആശയം ഒന്നുതന്നെ. പ്രത്യക്ഷത്തില്‍ തീരെ യോജിപ്പില്ലാതെ പരസ്പരവിരുദ്ധമായി കാണുന്ന മതങ്ങളില്‍കൂടെയും ഒരേ സുവര്‍ണ്ണസൂത്രം ഓടുന്നുണ്ട്. അതു വേദാന്തത്തില്‍ കണ്ടെത്തിയിരിക്കുന്നു. അല്പാല്പമായി അതു നമ്മുടെ ദര്‍ശനത്തിനു വിഷയമാകുന്നുണ്ട്. ഈ ദര്‍ശനത്തിനുള്ള ഒന്നാമത്തെ പടി സര്‍വ്വമതങ്ങളും സ്വാതന്ത്ര്യത്തിലേയ്‌ക്കെത്തുന്നു എന്ന സാധര്‍മ്മ്യവുമാകുന്നു.