നമ്മുടെ സുഖങ്ങളിലും ദുഃഖങ്ങളിലും അദ്ധ്വാനങ്ങളിലും അരിഷ്ടങ്ങളിലും എല്ലാറ്റിലും പ്രത്യക്ഷമായുള്ള ഒരു വിശേഷം നമ്മുടെ ഗതി നിശ്ചയമായും സ്വാതന്ത്ര്യത്തിലേയ്ക്കാണെന്നതത്രേ. വാസ്തവത്തില്‍ ചോദ്യം ഇതായിരുന്നു; “ഈ പ്രപഞ്ചം എന്ത് ? ഇത് എന്തില്‍ നിന്നുദിക്കുന്നു ? എന്തില്‍ ചെന്നുചേരുന്നു ?” ഇതിനു സമാധാനം; “ഇതു സ്വാതന്ത്ര്യത്തിലുദിക്കുന്നു, സ്വാതന്ത്ര്യത്തില്‍ നില്‍ക്കുന്നു, സ്വാതന്ത്ര്യത്തില്‍ ലയിക്കുന്നു.” സ്വാതന്ത്ര്യബോധം നാം നീക്കിയാലും നീങ്ങില്ല. അത് ഇല്ലാഞ്ഞാല്‍ ഒരു കര്‍മ്മവും സാദ്ധ്യമല്ല: ജീവിതംതന്നെ അസാദ്ധ്യം. എന്നാല്‍ നമുക്കു സ്വാതന്ത്ര്യമില്ല, നാം ബദ്ധന്‍മാരാണ് എന്നു പ്രപഞ്ചം പ്രതിനിമിഷം നമ്മെ ബോധിപ്പിച്ചുവരുന്നു. എങ്കിലും ആ ഓരോ നിമിഷത്തിലും നാം സ്വതന്ത്രരാണെന്ന ഭാവനയും ഉദിക്കുന്നു. നാം ഓരോ അടി വെയ്ക്കുമ്പോഴും മായ നമ്മെ തള്ളി താഴെയിട്ട് നാം അടിമകളാണെന്ന് കാണിച്ചുതരുന്നു. ഓരോ മായാപ്രഹരം ഏല്‍ക്കുമ്പോഴും ബന്ധമനുഭവിക്കുമ്പോഴും നാം ബദ്ധരല്ല, സ്വതന്ത്രരാണെന്നുള്ള ബോധം നമ്മില്‍ അങ്കുരിക്കയും ചെയ്യുന്നു. ഉള്ളില്‍നിന്ന് ഏതോ ഒരു ശബ്ദം നമ്മോടു നാം സ്വതന്ത്രരാണെന്നു പറയുന്നു. അതനുഭവപ്പെടുത്തുവാനും പ്രകാശിപ്പിക്കാനും ശ്രമിക്കുമ്പോഴാകട്ടെ തടസ്സങ്ങള്‍ അലംഘ്യങ്ങളായുമിരിക്കുന്നു. എങ്കിലും വേണ്ടില്ല, “ഞാന്‍ മുക്തന്‍, ഞാന്‍ സ്വതന്ത്രന്‍” എന്ന ആ ശബ്ദം ശക്തിയായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ലോകത്തില്‍ ഏതു മതം പരീക്ഷിച്ചാലും ഈ ആശയം പ്രകടമാണ്. മതം എന്നതിനെ അതിന്റെ സങ്കുചിതാര്‍ത്ഥത്തില്‍ എടുക്കരുത്. അങ്ങനെ മതം എന്നുള്ളതില്‍ മാത്രമല്ല, ജനസമുദായജീവിതം ആകെത്തന്നെ ഈ സ്വാതന്ത്ര്യതത്ത്വത്തിന്റെ ദൃഢപ്രഖ്യാപനമത്രേ. ഏതൊരു ചലനവും ആ ഒരു തത്ത്വത്തിന്റെ ഉദ്‌ഘോഷണമാണ്. “ഭാരാകുലരായി ആയാസപ്പെടുന്ന ജനങ്ങളേ, ഇങ്ങോട്ടു വരുവിന്‍: നിങ്ങള്‍ക്ക് വിശ്രാന്തി ഞാന്‍ തരുന്നുണ്ട്,” എന്നു വിളിച്ചുപറയുന്ന ആ ശബ്ദം നാമോരോരുത്തനും അറിഞ്ഞോ അറിയാതെയോ കേള്‍ക്കുന്നുണ്ട്. ആ സ്വാതന്ത്ര്യകാഹളശബ്ദം എല്ലാ കാലത്തും എല്ലാ സ്ഥലത്തും ഒരേ ഭാഷയിലോ ഒരേ വാക്യത്തിലോ ആയിരിക്കയില്ല: എങ്കിലും ശബ്ദം അതുതന്നെ. വാസ്തവത്തില്‍ അതു മൂലമാണ് നാം ഇവിടെ വന്നു ജനിച്ചിരിക്കുന്നത്. നമ്മുടെ ഓരോ ചലനവും അതിനുവേണ്ടിയുമാണ്. നാം അതറിയുന്നുണ്ടോ ഇല്ലയോ, നാം ആ ശബ്ദത്തെ പിന്തുടരുന്നു; സ്വാതന്ത്ര്യത്തിലേക്കു കുതിച്ചുപായുന്നു. തെരുവിലെ കുട്ടികള്‍ കുഴല്‍വിളിക്കാരന്റെ പാട്ടുകേട്ടു അതിനു പിന്നാലെ ചെല്ലുംപോലെ നാമെല്ലാവരും ആ ശബ്ദസംഗീതത്തിന്റെ പിന്നാലെ അറിയാതെ ചെല്ലുന്നു.
അതിനെ അനുസരിക്കുമ്പോഴത്രേ നാം ധര്‍മ്മിഷ്ഠരാകുന്നത്. മനുഷ്യജീവികള്‍ മാത്രമല്ല, സര്‍വ്വജീവജാലങ്ങളും അതു കേട്ട് അതിന്റെ നേര്‍ക്ക് പായുന്നു. ആ സംരംഭത്തില്‍ ചിലര്‍ അന്യോന്യം കൂടിച്ചേരുന്നു, ചിലര്‍ തമ്മില്‍ തള്ളിയകറ്റുന്നു. കിടമല്‍സരങ്ങളും സുഖദുഃഖങ്ങളും ജനനമരണങ്ങളും ഈ ജഗത്താകെയും ആ ശബ്ദത്തിലെത്താനുള്ള പരിഭ്രാന്തസംരംഭത്തിന്റെ ഫലമാണ്. ഇതത്രേ പ്രകൃതിവിലാസം.
പിന്നെ എന്തു സംഭവിക്കുന്നു ? രംഗം മാറിത്തുടങ്ങുന്നു. ആ ശബ്ദം ഇന്നതാണെന്നും അതിന്റെ താല്പര്യം ഇന്നതാണെന്നും നമുക്കു മനസ്സിലായിത്തുടങ്ങുമ്പോള്‍ രംഗമാകെ മാറുന്നു, ഭയങ്കരമായ സമരാങ്കണമായിരുന്ന ഈ ലോകംതന്നെ ശിവവും സുന്ദരവുമായിത്തീരുന്നു. പിന്നെ നാം അതിനെ പഴിക്കില്ല. അതു ഭയങ്കരമാണെന്നോ അനര്‍ത്ഥകരമാണെന്നോ പറയുകയില്ല. പിന്നെ ദുഃഖിക്കുകയും കരയുകയും വേണ്ട. ആ ശബ്ദം എന്തെന്നു മനസ്സിലാകുമ്പോള്‍, ഈ ജീവിതക്ലേശം – ഈ തിക്കും തിരക്കും സ്പര്‍ദ്ധയും യുദ്ധവും സുഖവും ദുഃഖവും എല്ലാം – എന്തിനെന്നു നമുക്കു മനസ്സിലാകും. അവയെല്ലാം സ്വാഭാവികം: അതുകളില്ലെങ്കില്‍ നാം ആ ശബ്ദത്തിനു പിന്നാലെ ചെല്ലുകയില്ല: നാം അറിഞ്ഞാലും അറിയാഞ്ഞാലും അതിനെ പ്രാപിക്കുന്നതാണ് നമ്മുടെ ലക്ഷ്യം. ഇതെല്ലാം നമുക്ക് അപ്പോള്‍ മനസ്സിലാകും. സ്വാതന്ത്ര്യപ്രാപ്തിയത്രേ ലക്ഷ്യം. സര്‍വ്വമനുഷ്യരും, സര്‍വ്വലോകവും അതിനുവേണ്ടിയാണ് യത്‌നിക്കുന്നത്. സൂര്യന്‍ ചലിക്കുന്നതും, ഭൂമി സൂര്യനെ ചുറ്റിത്തിരിയുന്നതും, ഭൂമി ചുറ്റി ചന്ദ്രന്‍ ഭ്രമിക്കുന്നതും എല്ലാം അതിനുവേണ്ടി. ആ ലക്ഷ്യത്തിലേക്കു ഗ്രഹങ്ങള്‍ നീങ്ങുന്നു, കാറ്റു വീശുന്നു. സര്‍വ്വലക്ഷ്യം അതുതന്നെ. പുണ്യവാന്‍ ആ ശബ്ദം തേടിപ്പോകുന്നു: അല്ലാതെ അയാള്‍ക്കു വയ്യ. അതില്‍ അയാള്‍ക്കു മേന്‍മയൊന്നുമില്ല. പാപിയും അങ്ങോട്ടുതന്നെ. വലിയ ദാനശീലന്‍ ആ ശബ്ദത്തിലേക്കു തടവറ്റു നേരിട്ടു ചെല്ലുന്നു. വലിയ ലുബ്ധനും അതേ ലക്ഷ്യത്തിലേക്കു പോകുന്നു. അതിസുകൃതശാലികള്‍ അകമെ ആ ശബ്ദം കേട്ട് അടക്കമില്ലാതെ അതിന്റെ വഴിയേ പായുന്നു. കുഴിമടിയന്‍മാര്‍ ഇഴഞ്ഞുപോകുന്നതും അങ്ങോട്ടുതന്നെ. ഇവര്‍ അധികം ഇടറി വീഴുന്നു എന്നുമാത്രം. അധികം ഇടറുന്നവരെ നാം ദുര്‍ജ്ജനങ്ങളെന്നു പറയുന്നു: കുറച്ചിടറുന്നവരെ സജ്ജനങ്ങളെന്നും. നന്‍മയും തിന്‍മയും രണ്ടും വെവ്വേറെ പദാര്‍ത്ഥങ്ങളല്ല. രണ്ടും ഒരേ ഒരു വസ്തു: വസ്തുഭേദമില്ല, മാത്രാഭേദമേ ഉള്ളു.