സ്വാമി വിവേകാനന്ദന്‍

ഇങ്ങനെ സ്വാതന്ത്ര്യസംരംഭമാണ് വാസ്തവത്തില്‍ ജഗന്നിയാമകശക്തിയെങ്കില്‍ നമ്മുടെ വിശേഷവിഷയമായ മതകാര്യത്തെസ്സംബന്ധിച്ചും അത് അതിപ്രധാനംതന്നെ. മതങ്ങളില്‍വെച്ച് ഏറ്റവും താണതരത്തെ പരീക്ഷിച്ചുനോക്കുക. അതില്‍ പ്രേതങ്ങളെയോ രൗദ്രമൂര്‍ത്തികളെയോ ആരാധിക്കുന്നു. എന്നാല്‍ പ്രേതങ്ങളെയും രൗദ്രമൂര്‍ത്തികളെയും പറ്റിയുള്ള സുപ്രധാന ഭാവനയെന്ത് ? അവര്‍ പ്രകൃതിക്കു മീതെയാണ്, പ്രകൃതിനിയമങ്ങള്‍ അവരെ ബന്ധിക്കുന്നില്ല എന്നുതന്നെ. പ്രകൃതിയെസ്സംബന്ധിച്ച്, അവരുടെ ഭക്തന്‍മാര്‍ക്ക് അത്യല്പജ്ഞാനമേയുള്ളു എന്നു പറയേണ്ടതില്ലല്ലോ. ആ ഭക്തന്‍മാര്‍ക്ക് ആകാശത്തില്‍ക്കൂടെ സഞ്ചരിപ്പാനോ ഒരു ഭിത്തി മുറിച്ചുകടപ്പാനോ കഴിവില്ല. അവരുടെ ദേവന്‍മാര്‍ക്ക് ആ കഴിവുണ്ട്. അതിലടങ്ങിയ തത്ത്വമെന്ത് ? സ്വാതന്ത്ര്യം! അവര്‍ക്കറിയാവുന്ന പ്രകൃതിയെ അതിക്രമിച്ചവര്‍ ദേവന്‍മാര്‍: ഉയര്‍ന്നതരം ദേവന്‍മാരെ ആരാധിക്കുന്നവരുടെയും കഥ ഇതുതന്നെ. പ്രകൃതിയെക്കുറിച്ചുള്ള അറിവു വളരുന്നതോടുകൂടി പ്രകൃത്യതീതമായ ആത്മാവിനെപ്പറ്റിയുള്ള ഭാവനയും വളരുന്നു. അങ്ങനെ ഒടുവില്‍ നാം ഏകദേവഭാവനയില്‍ എത്തുന്നു. അതില്‍ മായ (പ്രകൃതി)യുണ്ട്, ആ മായയ്ക്ക് ഈശ്വരനായി ഒരു ദേവനുമുണ്ട്.

ഇങ്ങനെ ഏകേശ്വരന്‍ എന്ന ഭാവനകള്‍ ഉദ്ഭവിക്കുമ്പോഴാണ് വേദാന്തം ആരംഭിക്കുന്നത്. ആ ഭാവനകള്‍കൊണ്ടു വേദാന്തം തൃപ്തിയടയുന്നില്ല. മായാധീനനല്ലാത്ത, മായാതീതനും മായാധീശനുമായ, സര്‍വാകര്‍ഷകനായ, ഒരീശ്വരന്‍ ഉണ്ടെന്നും അവിടെയ്ക്കാണ് നമ്മുടെ പ്രയാണമെന്നുമുള്ള ഭാവന നല്ലതുതന്നെ. അതു തീരെ യുക്തിവിരുദ്ധവുമല്ല. എങ്കിലും അതിനു തെളിമ പോരാ, ആ കാഴ്ചയ്ക്കു മങ്ങലും മൂടലുണ്ട് എന്നത്രേ വേദാന്തപക്ഷം. ക്രിസ്ത്യന്‍മാരായ നിങ്ങളുടെ ഒരു സേ്താത്രത്തില്‍ “ഭഗവാന്‍! അങ്ങയോട് അധികസാമീപ്യം” എന്നൊരു പാദമുണ്ട്. അതില്‍ ഒരു പദം മാറ്റി “ഭഗവന്‍! എങ്കലേക്ക് അധികസാമീപ്യം” എന്നാക്കിയാല്‍ അതു വേദാന്തപക്ഷത്തിന് ഏറെ യോജിക്കും. നമ്മുടെ ലക്ഷ്യം നമ്മില്‍നിന്നു വളരെ അകലെ പ്രപഞ്ചത്തിനുമപ്പുറം ഇരുന്നു നമ്മെ ആകര്‍ഷിക്കുന്നു എന്ന ഭാവനയെ തരംതാഴ്ത്താതെയും ദുഷിപ്പിക്കാതെയും നമ്മോട് ഏറെയേറെ അടുപ്പിച്ചുകൊണ്ടുവരികയാണ് വേണ്ടത്. സ്വര്‍ഗ്ഗസ്ഥനായ പിതാവ് പ്രപഞ്ചസ്ഥനാകണം. പ്രപഞ്ചസ്ഥന്‍ പ്രപഞ്ചസ്വരൂപനാകണം. പ്രപഞ്ചരൂപന്‍ ദേഹക്ഷേത്രത്തില്‍ സ്ഥിതനാകണം. ദേഹക്ഷേത്രസ്ഥന്‍ താന്‍തന്നെയാകണം. ജീവനും പരനും ഒന്നാകണം. ഇതിനപ്പുറം ഉപദേശമില്ല.

മഹര്‍ഷിമാര്‍ പ്രപഞ്ചത്തിലെങ്ങും ആരാഞ്ഞിരുന്ന സര്‍വ്വേശ്വരന്‍ നമ്മുടെ ഹൃദയത്തിലിരിക്കുന്നു. നാം ഒരു ശബ്ദം കേട്ടു എന്നുള്ളതു വാസ്തവം. എന്നാല്‍ നാം അതിന്റെ ഉദ്ഭവസ്ഥാനം കല്പിച്ചതു പിഴച്ചുപോയി. സ്വാതന്ത്ര്യലക്ഷ്യം നാം ദര്‍ശിച്ചു എന്നുള്ളതു സത്യം. എന്നാല്‍ അതു നമുക്കു പുറത്താണെന്നു കല്പിച്ചതു പിഴച്ചുപോയി. അതിനെ അടുപ്പിച്ചടുപ്പിച്ചുവരിക: അത് ഇക്കാലമത്രയും നിങ്ങളുടെ ഉള്ളില്‍ത്തന്നെയായിരുന്നുവെന്നും അതു നിങ്ങളുടെ ആത്മാവിന്റെ അന്തരാത്മാവാണെന്നും ദര്‍ശിക്കുക. ആ സ്വതന്ത്രത നിങ്ങളുടെ സഹജാവസ്ഥയായിരുന്നു. ഒരു കാലത്തും മായ നിങ്ങളെ ബന്ധിച്ചിട്ടില്ല. പ്രകൃതിക്കു നിങ്ങളുടെ മേല്‍ ഒരധികാരവുമില്ല: അതു നിങ്ങളുടെ കഴുത്തു ഞെരുക്കുന്നതായി പേടിച്ചരണ്ട കുട്ടിയെപ്പോലെ നിങ്ങള്‍ സ്വപ്നം കാണുകയായിരുന്നു. ഭയമോചനമത്രേ സാദ്ധ്യം. ഇതു യുക്തിക്കു തൃപ്തികരമായാല്‍ മാത്രം പോരാ. അനുഭവമാകണം: സാക്ഷാല്‍ക്കരിക്കണം. നമ്മുടെ പ്രപഞ്ചാനുഭവങ്ങളേക്കാള്‍ എത്രയോ അധികം വ്യക്തമായി കാണണം. അപ്പോഴേ നാം സ്വതന്ത്രരാണെന്നു നാമറിയൂ. അപ്പോഴേ ദുര്‍ഘടങ്ങള്‍ ഒടുങ്ങൂ. ഹൃദയശല്യങ്ങള്‍ നീങ്ങി സ്വസ്ഥതയുണ്ടാകൂ. വക്രതകളെല്ലാം അപ്പോള്‍ നിവരും. നാനാത്വപ്രപഞ്ചഭ്രമങ്ങള്‍ അപ്പോള്‍ തിരോഭവിക്കും. ഭയങ്കര ദുഃസ്വപ്നമായി ഇപ്പോള്‍ തോന്നുന്ന മായതന്നെയും അപ്പോള്‍ അതിസുന്ദരമാകും. ഇപ്പോള്‍ നമുക്കു കാരാഗൃഹതുല്യമായിരിക്കുന്ന ഭൂമി അപ്പോള്‍ ലീലാരംഗമാകും. വിഷമതകളും വിപത്തുകളും സര്‍വ്വദുഃഖങ്ങളും അപ്പോള്‍ ദിവ്യങ്ങളാകും. അവയുടെ യഥാര്‍ത്ഥാവസ്ഥ നമുക്ക് അപ്പോള്‍ വെളിപ്പെടും. അവയെല്ലാറ്റിനും ആധാരമായും എല്ലാറ്റിന്റെയും സത്തായും ഇരിക്കുന്നത് ഏകവസ്തുവാണെന്നും അതു യഥാര്‍ത്ഥവും അദ്വിതീയവുമായ പരമാത്മാവാണെന്നും നമുക്ക് അപ്പോള്‍ പ്രത്യക്ഷമാകും.