ദേശകാലനിമിത്തങ്ങളോടുള്ള പിടി വിടുവിക്കാനുള്ള യത്നം (200)
ഒരു സംഗതി ആദ്യമായി കാണാം: ബ്രഹ്മത്തിനു കാരണമെന്ത് എന്നുള്ള ചോദ്യം ഉക്തിവൈരുദ്ധ്യമാണ്. രണ്ടാമതായി, അദ്വൈതമതപ്രകാരം ഈശ്വരന്‍ അദ്വയനാകകൊണ്ട് നമുക്ക് ഈശ്വരനെ നമ്മില്‍നിന്ന് അന്യമായി ജ്ഞാനവിഷയമാക്കുക വയ്യെന്നും, അറിഞ്ഞോ അറിയാതെയോ നാം ഈശ്വരനിലാണ് വര്‍ത്തിക്കുന്നതെന്നും, ഈശ്വരനില്‍ക്കൂടെയേ നമുക്ക് ഏതൊന്നും ചെയ്തുകൂടൂ എന്നും മനസ്സിലാക്കാം. ഇനിയത്തെ ചോദ്യം ദേശകാലനിമിത്തങ്ങള്‍ എന്തെന്നാണ്. അദ്വൈതത്തില്‍ രണ്ടില്ല: ഒന്നേയുള്ളു. എങ്കിലും ആ ഏകബ്രഹ്മം ദേശകാലനിമിത്തങ്ങളെന്ന ആവരണത്തില്‍ക്കൂടെ പ്രപഞ്ചമായി പ്രത്യക്ഷപ്പെടുന്നു എന്നും പറയുന്നു. അപ്പോള്‍ ബ്രഹ്മം ഒന്ന്, ദേശകാലനിമിത്തങ്ങളെന്ന മായ മറ്റൊന്ന് എന്നിങ്ങനെ രണ്ടുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. രണ്ടുമുണ്ട് എന്നു പ്രത്യക്ഷത്തില്‍ നമുക്കു ബോദ്ധ്യമാകയും ചെയ്യുന്നു. എന്നാല്‍ അതു രണ്ടും രണ്ടെന്നു പറഞ്ഞുകൂടാ എന്നാണ് അദ്വൈതമതം. രണ്ടുണ്ട് എന്നു പറയണമെങ്കില്‍ രണ്ടിനും സ്വതന്ത്രവും നിരപേക്ഷവുമായ നിലയുണ്ടാകണം. ഇവിടെ അതുണ്ടാകുവാന്‍ വഴിയില്ല. ഒന്നാമത്, ദേശകാലനിമിത്തങ്ങള്‍ നിരപേക്ഷങ്ങളല്ല. കാലമെന്നത് കേവലം മനസ്സിനെ അപേക്ഷിച്ചിരിക്കുന്നു. മനസ്സു മാറുന്നതുപോലെ കാലഭാവനയും മാറും. സ്വപ്നത്തില്‍ ചിലപ്പോള്‍ അനേകസംവല്‍സരം കഴിച്ചുകൂട്ടിയതായി തോന്നും. ചിലപ്പോള്‍ അനേകമാസങ്ങള്‍ ഒരു നിമിഷംപോലെ കഴിഞ്ഞതായി തോന്നും. അതെല്ലാം മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. ചിലപ്പോള്‍ കാലത്തിന്റെ ഭാവനതന്നെയും ഇല്ലാതാകുന്നു. ദേശവും അതുപോലെതന്നെ. അതെന്താണെന്നു നമുക്കറിഞ്ഞുകൂടാ. അതുണ്ട്, എന്നാല്‍ മറ്റൊന്നിനെ ആശ്രയിച്ചല്ലാതെ അതു മാത്രമായിട്ടില്ലതാനും. നിമിത്തവും ആവിധംതന്നെ.
ഇതരവസ്തുക്കളെ വിട്ടു സ്വതന്ത്രമായ നിലയില്ലെന്നാണ് ദേശകാലനിമിത്തങ്ങള്‍ക്കുള്ള വിശേഷം. ദേശകാലത്തെപ്പറ്റി വിചാരിച്ചുനോക്കുക: വര്‍ണ്ണമോ പരിധിയോ ഇതരപദാര്‍ത്ഥബന്ധമോ കൂടാതെ വെറും ദേശം എന്നു ഭാവന ചെയ്തുനോക്കുക: അതു സാദ്ധ്യമല്ല. രണ്ടതിര്‍ത്തിക്കുള്ളില്‍, അല്ലെങ്കില്‍ മൂന്നു വസ്തുക്കള്‍ക്കിടയിലുള്ള ദേശം എന്നേ വിചാരിച്ചുകൂടൂ. ഒരു വസ്തുവോടു ചേര്‍ന്നേ ദേശത്തിനു നിലയുള്ളു. അതുപോലെ കാലവും. കേവലകാലഭാവന സാധ്യമല്ല. മുമ്പും പിമ്പുമായ രണ്ടു സംഭവങ്ങളെടുത്ത് അവയെ പൗര്‍വ്വാപര്യംകൊണ്ടു ബന്ധിക്കണംത്മ. ദേശം ബാഹ്യവസ്തുക്കളോടു ബന്ധപ്പെട്ടിരിക്കുംപോലെ കാലം പൂര്‍വ്വാപരസംഭവങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. നിമിത്തമോ, ദേശകാലങ്ങളില്‍നിന്നു വേറിട്ടു നില്‍ക്കയുമില്ല. അവയ്‌ക്കൊന്നിനും അന്യാധീനമല്ലാത്ത നിലയില്ല. അതാണ് അവയുടെ സവിശേഷത. ഈ കസാരയ്‌ക്കോ ഈ ചുമരിനോ ഉള്ള സദ്ഭാവം (നില)പോലും അവയ്ക്കില്ല. എല്ലാ വസ്തുക്കളോടും പറ്റിനില്‍ക്കുന്ന നിഴലുകളാണ് അവ: നമുക്കു പിടികിട്ടുകയുമില്ല. വാസ്തവസദ്ഭാവമില്ലെങ്കിലും അവ കേവലം ശൂന്യങ്ങളുമല്ല. അവയില്‍ക്കൂടിയാണല്ലോ ജഗത്തിന്റെ ഭാനം ഉണ്ടാകുന്നത്. അതുകൊണ്ട് ദേശകാലനിമിത്തസംയോഗം കേവലം സത്തല്ല, കേവലം അസത്തുമല്ല: ഇതാണ് ആദ്യമായി മനസ്സിലാക്കേണ്ടത്. രണ്ടാമത്, അവയ്ക്കു തിരോധാനമുണ്ട്. ഒരുദാഹരണം പറയാം. സമുദ്രത്തില്‍ തിരയുണ്ട്: അതും സമുദ്രവും ഒന്നുതന്നെ, സംശയമില്ല. എങ്കിലും തിരയുടെ ഭാവത്തില്‍ അതു സമുദ്രത്തില്‍നിന്നു ഭിന്നമാണെന്നും നമുക്കറിയാം. ഈ ഭേദത്തിനു കാരണമെന്ത്? നാമരൂപങ്ങള്‍. അതായത് അതിനെപ്പറ്റി നമുക്കുള്ള ഭാവനയും അതിനുള്ള ബാഹ്യരൂപവും. അതിനെ സമുദ്രത്തോടു ബന്ധപ്പെടുത്താതെ വെറും തിരയെന്നു ഭാവനചെയ്‌വാന്‍ സാധിക്കുമോ? ഒരിക്കലുമില്ല. അതു സമുദ്രമെന്ന ഭാവനയോടൊന്നിച്ചേ നില്‍ക്കൂ. നിമിഷംകൊണ്ടു തിരയടങ്ങി അതില്ലാതാകുന്നു. അതു വെറും ഭ്രമമായിരുന്നുവോ? അല്ല: അതുണ്ടായിരുന്ന കാലത്തോളം ഒരു രൂപമുണ്ടായിരുന്നു: അതു നമുക്കു കാണേണ്ടിയുമിരുന്നു. ഇതത്രേ മായ.
ഈ പ്രപഞ്ചമാസകലം അങ്ങനെയൊരു പ്രത്യേകരൂപംപോലെയാണ്: ബ്രഹ്മമാണ് സമുദ്രം: അതില്‍ നിങ്ങളും ഞാനും സൂര്യനും നക്ഷത്രങ്ങളും മറ്റു സമസ്തവസ്തുക്കളും ഓരോ തിരകളും. ആ തിരകളെ തമ്മില്‍തമ്മില്‍ വ്യത്യാസപ്പെടുത്തുന്നതെന്ത്? രൂപംമാത്രം. ആ രൂപമോ തിരയെ ആശ്രയിച്ചുനില്‍ക്കുന്ന ദേശകാലനിമിത്തങ്ങള്‍! തിരയൊതുങ്ങുമ്പോള്‍ അവയുമില്ലാതാകുന്നു. എപ്പോഴും നമ്മുടെ വഴി തടഞ്ഞുനില്‍ക്കുന്ന ദേശകാലനിമിത്തങ്ങളോടുള്ള നമ്മുടെ വിടാപ്പിടി വിടുവിക്കാനത്രേ നമ്മുടെ സര്‍വ്വയത്‌നങ്ങളും. മായയെ കൈവിടുന്നവന് പിന്നെ മായയില്ല: അവന്‍ സ്വതന്ത്രനാകുന്നു. പരി്ണാമം എന്ന സിദ്ധാന്തമുണ്ടല്ലോ: അതില്‍ രണ്ടു ഘടകങ്ങളുള്ളതെന്ത്? ഒന്ന്, അന്തര്‍ല്ലീനമായിരുന്നു സ്വയം പ്രകാശിപ്പാനുദ്യമിക്കുന്ന മഹത്തായ ശക്തി: മറ്റേത് ആ ശക്തിയെ പ്രകാശിപ്പിപ്പാന്‍ വിടാതെ അമര്‍ത്തുന്ന പരിതഃസ്ഥിതികള്‍. ആ ശക്തി പരിതസ്ഥിതികളോടു പൊരുതി ജയിപ്പാന്‍വേണ്ടി വീണ്ടും വീണ്ടും പുതിയ ശരീരങ്ങള്‍ കൈക്കൊള്ളുന്നു. ഈ യത്‌നത്തില്‍ ഒരണുപ്രാണി മറ്റൊരു ശരീരം കൈക്കൊണ്ടു ചില തടസ്സങ്ങളെ കടക്കുന്നു: പിന്നെ മറ്റൊരു ശരീരമെടുത്ത് പിന്നെയും ചില തടസ്സങ്ങളെ ജയിക്കുന്നു: ക്രമത്തില്‍ അത് ഒരു മനുഷ്യനാകുന്നു. ഈ ന്യായത്തില്‍ നോക്കിയാല്‍ ഒരു കാലത്ത് അണുപ്രാണിയിലിരുന്നു പരിണമിച്ച് മനുഷ്യനായിവന്ന ആ ശക്തി സര്‍വ്വപ്രപഞ്ചതടസ്സങ്ങളേയും അതിക്രമിച്ച് പരിതസ്ഥിതികളെയെല്ലാം ജയിച്ചുനില്‍ക്കുന്ന ഒരു കാലം വരുമെന്നു കാണാം. ഈ ആശയത്തെ തത്ത്വജ്ഞാനഭാഷയില്‍ ഇങ്ങനെ പറയാം; ഏതു കര്‍മ്മത്തിലും രണ്ടംശമുണ്ട്: ഒന്നു വിഷയി (കര്‍ത്താവ്), മറ്റേതു വിഷയം. വിഷയത്തെ വിഷയിക്കധീനമാക്കുകയാണ് ജീവിതത്തില്‍ ഏകോദ്ദേശ്യം. ഒരുദാഹരണം നോക്കുക. ഒരാള്‍ എന്നെ ശകാരിക്കുന്നു. അതു നിമിത്തം എനിക്കു ദുഃഖമാകുന്നു. ആയാളുടെ ശകാരം എനിക്കു ദുഃഖപ്രദമാകാത്തവിധം ബലവാനായിത്തീരുവാനാവും എന്റെ യത്‌നം. ഇതാണ് വിജയത്തിന്റെ പദ്ധതി. ഇനി ധര്‍മ്മാചരണത്തെപ്പറ്റി ചിന്തിക്കുക. അതിന്റെ സ്വഭാവമെന്ത്? (സോപാധികനായ) വിഷയിയെ (നിരുപാധിക)ബ്രഹ്മത്തോടു യോജിപ്പിച്ചു ബലപ്പെടുത്തി പരിമിതമായ പ്രകൃതിക്കു നമ്മുടെ മേല്‍ അധികാരമില്ലാതാക്കുക: ഇതുതന്നെ. പരിതസ്ഥിതികളെയെല്ലാം ജയിക്കുന്ന ഒരു കാലം വരുമെന്നത് ഞങ്ങളുടെ ദര്‍ശനത്തിലെ അനിവാര്യമായ ഒരു സിദ്ധാന്തമത്രേ. എന്തെന്നാല്‍ പ്രകൃതി പരിമിതമാകുന്നു.