ഒരേ ആത്മാവ് ഓരോ ജീവനിലും പ്രകാശിച്ച് അനന്തമായിരിക്കുന്നു (202)
പുരാതനോപനിഷത്തുകളില്‍ അത്യദ്ഭുതമായ കാവ്യചമല്‍കാരമുണ്ട്. ഋഷിമാര്‍ കവികളായിരുന്നു.” കവിതയില്‍ക്കൂടെയാണ് ജനങ്ങള്‍ക്കു തത്ത്വോദയമുണ്ടാകുന്നത്” എന്നു പ്ലേറ്റോ പറഞ്ഞിട്ടുണ്ട്. ആ ഉപനിഷത്തത്വങ്ങളെ കവിതയില്‍കൂടെ പ്രകാശിപ്പിക്കുന്നതില്‍ മന്ത്രദ്രഷ്ടാക്കളായ ഋഷിമാര്‍ മനുഷ്യത്വത്തേയും കവിഞ്ഞിരുന്നുവോ എന്നു തോന്നും. അവര്‍ പ്രസംഗിച്ചില്ല, ചര്‍ച്ചചെയ്തില്ല, ഒന്നും എഴുതിവെച്ചതുമില്ല. അവരുടെ ഹൃദയത്തില്‍നിന്ന് സംഗീതം ഒഴുകി. ബുദ്ധനു മഹത്തായി വിശ്വവ്യാപിയായ ഹൃദയവും അപാരമായ ക്ഷമയുമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം മതത്തിന് ആചരണയോഗ്യതയുണ്ടാക്കി, അതിനെ വീടുതോറും എത്തിച്ചു. ശങ്കരാചാര്യര്‍ക്കുണ്ടായിരുന്നത് ഗംഭീരബുദ്ധിശക്തിയാണ്. ജാജ്വല്യമാനമായ യുക്തിപ്രകാശം അദ്ദേഹം സര്‍വ്വവിഷയങ്ങളിലും വീശി. ആ ഭാസ്‌കരപ്രഭമായ മേധയും, അതോടു ചേര്‍ന്നു ബുദ്ധന്റെ നിസ്സീമമായ പ്രേമവും കാരുണ്യവും ഒഴുകുന്ന വിശാലഹൃദയവുമാണ് നമുക്ക് ഇന്നാവശ്യം. ആ ചേര്‍ച്ചയില്‍നിന്നു നമുക്ക് അത്യുല്‍കൃഷ്ടദര്‍ശനം സിദ്ധിക്കും. ശാസ്ത്രവും മതവും യോജിച്ചു കൈകോര്‍ത്തുപിടിക്കും. കവിതയും തത്ത്വജ്ഞാനവും അന്യോന്യസുഹൃത്തുക്കളാകും. അതു നാം സാധിപ്പിക്കുന്നക്ഷം അതു സാര്‍വ്വകാലികവും സാര്‍വ്വജനീനവുമാകുമെന്നുറപ്പിക്കാം. നവീനശാസ്ത്രത്തിനു സ്വീകരിക്കാവുന്ന മാര്‍ഗ്ഗം അതൊന്നേയുള്ളു. അതു മിക്കവാറും അങ്ങോട്ടെത്തിയിട്ടുണ്ട്. സര്‍വ്വവസ്തുക്കളും ഒരേ ശക്തിയുടെ പരിണാമഭേദങ്ങളാണെന്നു ശാസ്ത്രജ്ഞന്‍ ഉപദേശിക്കുമ്പോള്‍ അത് ഈശ്വരനെപ്പറ്റിയുള്ള ഉപനിഷദ്വാക്യത്തെ സ്മരിപ്പിക്കുന്നില്ലേ? ”ഒരേ അഗ്‌നി ഭുവനത്തില്‍ പ്രവേശിച്ചു നാനാരൂപമായി കാണുന്നതുപോലെ ഒരേ ആത്മാവ് ഓരോ ജീവനിലും പ്രകാശിച്ച് പിന്നെയും അനന്തമായിരിക്കുന്നു.” ശാസ്ത്രത്തിന്റെ ഗതി എങ്ങോട്ടാണെന്നു കാണുന്നില്ലേ? ഹിന്ദുക്കള്‍ മനശ്ശാസ്ത്രം അഭ്യസിച്ചു: തത്ത്വജ്ഞാനവും യുക്തിമാര്‍ഗ്ഗവും അവലംബിച്ചു. യൂറോപ്യന്‍ രാജ്യക്കാര്‍ ബാഹ്യലോകംതൊട്ടു തുടങ്ങി അതേ തത്ത്വങ്ങളില്‍ത്തന്നെ വന്നെത്തുന്നു. മനസ്സിനെ പിടിച്ച് അന്വേഷിച്ചുതുടങ്ങിയാലും ഏകത്വത്തിലെത്തും. ജഗന്‍മയമായി സര്‍വ്വാന്തര്യാമിയായി സര്‍വ്വസാരമായി സര്‍വ്വസത്തായി നിത്യമുക്തമായി ആനന്ദമയമായി സനാതനമായ ഏകത്വം: അതില്‍ത്തന്നെയാണ് പ്രകൃതിശാസ്ത്രം വഴിക്കും നാമെത്തുന്നത്, ഒരേ ശക്തിയുടെ പ്രകാശഭേദങ്ങളാണ് സര്‍വ്വവസ്തുക്കളുമെന്നും, ആ ശക്തി സര്‍വ്വപദാര്‍ത്ഥങ്ങളുടേയും ആകത്തുകയാണെന്നും പ്രകൃതിശാസ്ത്രം കാണിച്ചുതരുന്നു. മനുഷ്യലോകഗതി സ്വാതന്ത്ര്യത്തിലേക്കാണ് ബന്ധനത്തിലേക്കല്ലെന്നും നാം കാണുന്നു. നാം സദാചാരപരന്‍മാരാകേണ്ട കാര്യമെന്ത്? സദാചാരം സ്വാതന്ത്ര്യത്തിലേക്കുള്ള മാര്‍ഗ്ഗമാണ്: ദുരാചാരം ബന്ധനത്തിലേയ്ക്കുള്ളതും.
അദ്വൈതത്തിനു മറ്റൊരു വിശേഷമുണ്ട്. അത് ഒന്നിനേയും നശിപ്പിക്കുന്നില്ല. ”ആരുടേയും വിശ്വാസത്തെ ഇളക്കരുത്. നികൃഷ്ടാരാധനയില്‍ അജ്ഞാനംകൊണ്ടുള്ള ആസക്തിയെയും നശിപ്പിക്കരുത്” എന്നുപദേശിപ്പാനുള്ള ധൈര്യം അതിനുണ്ട്. അത് ആശ്ചര്യകരമല്ലേ! മനുഷ്യലോകത്തെ മുഴുവനും സഹായിക്കുക, ഓരോ മനുഷ്യന്റേയും ക്രമോന്നതിക്കു സഹായിക്കുക, അവന്റെ വിശ്വാസത്തെ നശിപ്പിക്കുകയല്ല വേണ്ടത് എന്നത്രേ അദ്വൈതോപദേശം. ഈ തത്ത്വദര്‍ശനപ്രകാരം ഈശ്വരന്‍ സമഷ്ടിയാകുന്നു. സര്‍വ്വജനങ്ങള്‍ക്കും ഉപകരിക്കുന്ന സാര്‍വജനീനമതം ഉണ്ടാകണമെങ്കില്‍ അതിനു മതവിഭാഗങ്ങള്‍ മതിയാവില്ല: മതബോധവളര്‍ച്ചയുടെ സര്‍വ്വാവസ്ഥകളും അതിലടങ്ങിയിരിക്കണം. ഈ ആശയം മറ്റൊരു മതസമ്പ്രദായത്തിലും വ്യക്തമായി കാണുന്നില്ല. മറ്റു മതങ്ങള്‍ അംശങ്ങള്‍ മാത്രം. ഓരോന്നും പൂര്‍ണ്ണമാകാന്‍ ഒരുപോലെ യത്‌നിക്കുന്ന അംശങ്ങളെല്ലാം ഇതിനുവേണ്ടി മാത്രം. അതുകൊണ്ട് ആദികാലം മുതല്‍ക്കേ ഇന്ത്യയിലെ വിവിധശാഖകളോട് അദ്വൈതത്തിന് ഒരു വിരോധവും ഉണ്ടായിട്ടില്ല. ദ്വൈതികള്‍ ഇന്നും അവിടെയുണ്ട്: ഭൂരിപക്ഷം ജനങ്ങളും അവരാണ്. സംസ്‌കാരം ചുരുങ്ങിയ മനസ്സുകള്‍ക്ക് അതാണ് എളുപ്പത്തില്‍ ഗ്രഹിക്കാവുന്നത്. അതില്‍ ജഗത്തിനെപ്പറ്റിയുള്ള സമാധാനം സാധാരണവും സ്വാഭാവികവും സുകരവുമത്രേ. അദ്വൈതികള്‍ക്കവരോട് ഒരു ശണ്ഠയുമില്ല. ഈശ്വരന്‍ പ്രപഞ്ചത്തിനപ്പുറത്ത് സ്വര്‍ഗ്ഗത്തിലോ മറ്റെവിടെയോ ആണെന്ന് ദ്വൈതികള്‍ വിശ്വസിക്കുന്നു. അദ്വൈതികളാകട്ടെ ഈശ്വരനെ സ്വന്തം ആത്മാവായി കരുതുന്നു എന്നു മാത്രമല്ല, ആത്മാവില്‍ നിന്ന് അല്പമെങ്കിലും ദൂരപ്പെട്ട നിലയില്‍ പറയുന്നത് ഈശ്വരനിന്ദയാണെന്നുപോലും അവര്‍ വിചാരിക്കുന്നു. ഭേദഭാവനപോലും അവര്‍ക്കസഹ്യമാണ്. ഈശ്വരനാണ് നമുക്ക് ഏറ്റവുമടുത്തുള്ളത്. ഈ അടുപ്പം പ്രകാശിപ്പിക്കുവാന്‍ ‘ഏകത്വം’ എന്നല്ലാതെ മറ്റൊരു വാക്കും ഒരു ഭാഷയിലുമില്ല. മറ്റൊരു ഭാവനകൊണ്ടും അദ്വൈതിക്കു തൃപ്തിയാകുന്നില്ല. എന്നാല്‍ അദ്വൈതഭാവന ഭയങ്കരമാണെന്നും ഈശ്വരനിന്ദയാണെന്നും ദ്വൈതികള്‍ക്കു തോന്നുന്നു. അവര്‍ക്ക് ആ വിധമുള്ള ഭാവനകള്‍ ഉണ്ടാകുക ആവശ്യമാണെന്നും അവരും നേര്‍വഴിയില്‍ത്തന്നെയാണ് നില്‍ക്കുന്നതെന്നും അദ്വൈതിക്കറിയാം. അവരുടെ നിലപാടില്‍നിന്ന് അവര്‍ക്ക് നാനാത്വം കാണാതെ വയ്യ. അവരുടെ പ്രകൃതി അങ്ങനെയാണ്. അത് അങ്ങനെയാവട്ടെ. അവരുടെ സിദ്ധാന്തങ്ങള്‍ എന്തായാലും, തന്റെ ലക്ഷ്യംതന്നെയാണ് അവരുടേതുമെന്ന് അദ്വൈതിക്കറിയാം. ദ്വൈതിക്ക് തന്റെ ദര്‍ശനത്തില്‍നിന്നു ഭേദിച്ചതു തെറ്റാണെന്നു വിശ്വസിക്കാതിരിക്കുവാന്‍ വയ്യ. അവിടെയാണ് ദ്വൈതിയും അദ്വൈതിയും തമ്മിലുള്ള വ്യത്യാസം. ലോകത്തിലെവിടെയും ദ്വൈതികള്‍ പുരുഷവിധനായ സഗുണേശ്വരനുണ്ടെന്നു വിശ്വസിക്കുന്നു. ആ ഈശ്വരന്‍ ലോകത്തില്‍ പ്രഭുവിനെപ്പോലെ ചിലരോടു സന്തോഷിക്കുന്നു: ചിലരോടു കോപിക്കുന്നു: കാരണമൊന്നും കൂടാതെ ചില വര്‍ഗ്ഗക്കാരിലോ ജനങ്ങളിലോ പ്രീതി പൂണ്ട് അവര്‍ക്കനുഗ്രഹങ്ങളെ വര്‍ഷിച്ചുകൊടുക്കുന്നു. അങ്ങനെ ഈശ്വരനു ചിലരുടെ പേരില്‍ സവിശേഷപ്രതിപത്തിയുണ്ടെന്നും താന്‍ ആ വര്‍ഗ്ഗത്തിലാകണമെന്നും ദ്വൈതി സ്വാഭാവികമായി വിശ്വസിക്കുന്നു. ”ഞങ്ങള്‍ ഈശ്വരനു പ്രിയപ്പെട്ടവരാണ്: ഞങ്ങള്‍ വിശ്വസിക്കുംവിധം വിശ്വസിച്ചാലേ ഈശ്വരന്‍ നിങ്ങളുടെ പേരില്‍ പ്രസാദിക്കൂ.” ഇങ്ങനെയൊരു ഭാവം മിക്ക മതങ്ങളിലും കാണാം. ഈശ്വരപ്രീതിക്കു മുന്‍കൂട്ടി പാത്രമായ ചുരുക്കം ചിലര്‍ക്കേ മോക്ഷമുള്ളു: മറ്റുള്ളവര്‍ക്ക് എത്രതന്നെ ശ്രമിച്ചാലും ഗതിയില്ലെന്നുപോലും ചില ദ്വൈതികള്‍ വിശ്വസിക്കുന്നുണ്ട്. അവരുടെ മനസ്സ് അത്ര സങ്കുചിതമാണ്. ഇങ്ങനെ മറ്റു മതങ്ങളെ ഏറെക്കുറെ നിരസിക്കാതേകണ്ടുള്ള ഒറ്റ ദ്വൈതമതസിദ്ധാന്തമെങ്കിലും കാണിച്ചുതരുവാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. ഈ ഭാവനനിമിത്തം ദ്വൈതമതങ്ങള്‍ പരസ്പരം കലഹിക്കുന്നതു സ്വാഭാവികം: അങ്ങനെ ചെയ്തുപോന്നിട്ടുമുണ്ട്. തങ്ങള്‍ക്ക് ചില സവിശേഷാധികാരങ്ങളുണ്ട് എന്നുള്ളതില്‍ പഠിപ്പു കുറഞ്ഞവര്‍ക്കു സന്തോഷവും അഭിമാനവും തോന്നും. ആ ഭാവം വളര്‍ത്തുന്നതുകൊണ്ട് അവരുടെ ഇടയില്‍ ദ്വൈതമതത്തിനു വലിയ പ്രചാരവും കിട്ടും. കയ്യിലൊരു കോലുമായി നമ്മെ ശിക്ഷിപ്പാന്‍ ഒരുങ്ങിയിരിക്കുന്ന ഒരീശ്വരനില്ലെങ്കില്‍ നമുക്കു സദാചാരമുണ്ടാവില്ലെന്നാണ് ദ്വൈതികള്‍ വിചാരിക്കുന്നത്. വിചാരഹീനരായ ജനങ്ങള്‍ മിക്കവാറും ദ്വൈതികള്‍തന്നെയായിരിക്കും. അനേകായിരം സംവല്‍സരങ്ങളായി ഏതു രാജ്യത്തിലും ഈ സാധുക്കളെ ദ്രോഹിച്ചുവന്നിട്ടുണ്ട്. അവര്‍ക്കു മോക്ഷമെന്നു പറഞ്ഞാല്‍ ശിക്ഷ കിട്ടാതിരിക്കുകമാത്രമാണ്. ”എന്ത്! നിങ്ങളുടെ മതത്തില്‍ ചൈത്താനില്ലേ? ഇല്ലാതെങ്ങനെ?’ എന്ന് അമേരിക്കയില്‍വെച്ച് ഒരു പാതിരി എന്നോട് ചോദിക്കയുണ്ടായി. ലോകത്തില്‍ ജനിച്ചിട്ടുള്ളവരില്‍വെച്ച് ഉത്തമന്‍മാരും മഹത്തമന്‍മാരുമായ മനുഷ്യര്‍ നിര്‍ഗുണഭാവനയോടുകൂടിയാണ് കര്‍മ്മം ചെയ്തിട്ടുള്ളതെന്നു കാണാം. ”ഞാനും എന്റെ പിതാവും ഒന്നുതന്നെ” എന്നു പറഞ്ഞിട്ടുള്ള മഹാമനുഷ്യന്റെ ശക്തിയാണ് ലക്ഷോപലക്ഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നത്. ആ ശക്തി അനേകായിരം വര്‍ഷങ്ങളായി ലോകഹിതം ചെയ്തിട്ടുണ്ട്. ആ മഹാമനുഷ്യന്‍ ദ്വൈതിയല്ലാത്തതുകൊണ്ട് ദയാമയനായിരുന്നുവെന്നും നമുക്കറിയാം. പുരുഷവിധനായ ഒരീശ്വരനില്‍ കവിഞ്ഞ ഭാവനയ്ക്കു കഴിവില്ലാതിരുന്ന ബഹുജനങ്ങളോട് അദ്ദേഹം ”സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടു പ്രാര്‍ത്ഥിപ്പിന്‍” എന്നു പറഞ്ഞു. അതിലും കുറെ ഉയര്‍ന്ന ഭാവം ഗ്രഹിക്കാവുന്നവരോട് അദ്ദേഹം പറഞ്ഞു; ”ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ അതിന്റെ ശാഖകളുമാകുന്നു.” തന്നെത്താന്‍ അധികം വെളിപ്പെടുത്തിക്കൊടുത്ത തന്റെ ശിഷ്യന്‍മാരോടാവട്ടെ ”ഞാനും എന്റെ പിതാവും ഒന്നുതന്നെ” എന്ന പരതത്ത്വം ഉപദേശിച്ചു.
ദ്വൈതികളുടെ ദേവന്‍മാരെയാരെയും വകവെയ്ക്കാഞ്ഞതുകൊണ്ട് നാസ്തികനെന്നും ചാര്‍വ്വാകനെന്നും പേര്‍ കേട്ട ബുദ്ധദേവന്‍ ഒരാട്ടിന്‍കുട്ടിക്കുവേണ്ടി തന്റെ ശരീരം ത്യജിപ്പാന്‍ സന്നദ്ധനായി. ആ മഹാന്‍ ലോകത്തിലേക്കും ഉച്ചതമങ്ങളായ ധര്‍മ്മാചരണാദര്‍ശങ്ങള്‍ പ്രചരിപ്പിച്ചു. എവിടെവിടെ ധര്‍മ്മശാസ്ത്രങ്ങളുണ്ടോ അത് ആ മഹാനില്‍നിന്നു പുറപ്പെട്ട രശ്മിയാണ്. വിശാലഹൃദയങ്ങളെ ഇടുങ്ങിയ പരിധികള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്തുവാന്‍ കഴിയില്ല. വിശേഷിച്ചും, ഒരു നൂറു കൊല്ലം മുമ്പ് സ്വപ്നത്തില്‍പ്പോലും കാണാതിരുന്ന ബുദ്ധിവികാസവും, ഒരമ്പതുകൊല്ലം മുമ്പ് സ്വപ്നപ്രായംപോലുമില്ലാതിരുന്ന ശാസ്ത്രവിജ്ഞാനതരംഗങ്ങളും വ്യാപിച്ചിരിക്കുന്ന ഇക്കാലത്ത് അതൊരിക്കലും സാദ്ധ്യമല്ല. ജനങ്ങളെ സങ്കുചിത പരിധിക്കുള്ളില്‍ തടഞ്ഞുനിര്‍ത്തുന്നത് അവരെ വിചാരഹീനരും മൃഗപ്രായരുമാക്കുകയാണ്: അവരുടെ ധാര്‍മ്മികജീവിതത്തെ നശിപ്പിക്കുകയാണ്. നമുക്കിപ്പോള്‍ വേണ്ടതോ, അത്യന്തവിശാലമായ ഹൃദയത്തിന്റെയും അത്യുന്നതമായ ബുദ്ധിയുടെയും, അനന്തപ്രേമത്തിന്റെയും അനന്തജ്ഞാനത്തിന്റെയും, സമ്മേളനമാകുന്നു. വേദാന്തികള്‍ അഖണ്ഡമായ സത്ത്, അഖണ്ഡമായ ചിത്ത്, അഖണ്ഡമായ ആനന്ദം – ഈ മൂന്നല്ലാതെ മറ്റൊരു വിവരണവും ഈശ്വരനു കല്പിക്കുന്നില്ല. ഈ മൂന്നും ഒന്നുതന്നെയാണെന്നും അവര്‍ കരുതുന്നു. ജ്ഞാനവും പ്രേമവുമില്ലാതെ സദ്ഭാവമില്ല: പ്രേമമില്ലാതെ ജ്ഞാനമോ, ജ്ഞാനമില്ലാതെ പ്രേമമോ ഉണ്ടാവാന്‍ വഴിയില്ല: അതുകളുടെ – അഖണ്ഡസച്ചിദാനന്ദങ്ങളുടെ – ശരിയായ സമ്മേളനമാണ് നമുക്കാവശ്യം. അതത്രേ നമ്മുടെ ലക്ഷ്യം. ഇതുകള്‍ ഒത്തിണങ്ങി വികസിക്കണം, ഏതെങ്കിലുമൊന്ന് അഭിവൃദ്ധിപ്പെട്ടാല്‍ പോരാ. ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും ബുദ്ധദേവന്റെ ഹൃദയവികാസവും രണ്ടുംകൂടി ഉണ്ടാവുക സാദ്ധ്യമാണ്. ആ മംഗളകരമായ സമ്മേളനമുണ്ടാകുവാന്‍ നാമോരോരുത്തനും പ്രയത്‌നിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.