ഈശ്വരനെക്കൊണ്ടുതന്നെ സര്‍വ്വത്തെയും മൂടണം. എന്നാല്‍ അതു മിഥ്യയായ ശുഭദൃഷ്ടികൊണ്ടോ, ദോഷം കാണുമ്പോള്‍ കണ്ണടച്ചിട്ടോ അല്ല, എല്ലാറ്റിലും യഥാര്‍ത്ഥമായ ഈശ്വരനെ ദര്‍ശിച്ചുകൊണ്ടുതന്നെ. അങ്ങനെയാണ് ലോകത്തെ ത്യജിക്കേണ്ടത്. ആ ത്യാഗത്തിനുശേഷം എന്തു ശേഷിക്കുന്നു? ഈശ്വരന്‍. ഇതുകൊണ്ടു വന്നുകൂടുന്നതെന്ത്? നിങ്ങള്‍ക്കു ഭാര്യയുണ്ടെങ്കില്‍ ആ ഭാര്യയെ ഉപേക്ഷിക്കണമെന്നല്ല. ഭാര്യ ഇരുന്നോട്ടെ, ഭാര്യയില്‍ ഈശ്വരനെ ദര്‍ശിക്കുക. കുട്ടികളെ ത്യജിക്കുക എന്നുവെച്ചാല്‍ ചില മനുഷ്യമൃഗങ്ങള്‍ ചെയ്യുംപോലെ അവരെ ആട്ടിപ്പുറത്താക്കുകയോ? ഒരിക്കലുമല്ല. അതു രാക്ഷസത്വമാണ്, മതമല്ല. കുട്ടികളില്‍ ഈശ്വരനെ ദര്‍ശിക്കുക. അങ്ങനെ എല്ലാറ്റിലും – ജീവിതത്തിലും മരണത്തിലും സുഖത്തിലും ദുഃഖത്തിലും – ഈശ്വരന്‍ സമമായുണ്ട്. ലോകം മുഴുവനും ഈശ്വരപൂര്‍ണ്ണമാണ്. കണ്ണു തുറന്ന് ഈശ്വരനെ ദര്‍ശിപ്പിന്‍. ഇതാണ് വേദാന്തമതം ഉപദേശിക്കുന്നത്. ലോകം ഇന്നവിധമെന്നു നാമൊന്നു ധരിച്ചുവെച്ചിട്ടുണ്ട്, ആ ധാരണയ്ക്കടിസ്ഥാനം, തുലോം വികലമായ ജ്ഞാനവും ന്യൂനമായ യുക്തിയും നമ്മുടെ പോരായ്മകളുമാണ്. അതു കളയണം. ഇത്ര കാലവും നാം മനസ്സില്‍ വെച്ചു മുറുകെ പിടിച്ചുവന്നിട്ടുള്ള ലോകം നമ്മുടെ സ്വന്തം സൃഷ്ടിയാണ്. അതു കൈവിട്ട്, കണ്ണ് തുറന്ന്, ആവിധം ഒരു ലോകമുണ്ടായിട്ടില്ല. അതൊരു സ്വപ്നമായിരുന്നു, മായയായിരുന്നു എന്നു ശരിയായി കാണുക. ഉണ്ടായിരുന്നത് ഈശ്വരന്‍മാത്രം. കുട്ടിയിലും ഭാര്യയിലും ഭര്‍ത്താവിലും ഉള്ളത് ഈശ്വരന്‍: നന്‍മയിലും തിന്‍മയിലും ഉള്ളത് ഈശ്വരന്‍: പാപത്തിലും പാപിയിലും ജീവിതത്തിലും മരണത്തിലും ഉള്ളത് ഈശ്വരന്‍. ഇതൊരു ഗംഭീരപ്രഖ്യാപനംതന്നെ. അതാണ് വേദാന്തമതം തെളിയിപ്പാനും ഉപദേശിപ്പാനും പ്രചരിപ്പിക്കാനും കാണുന്ന വിഷയം. ഇതു വിഷയത്തിന്റെ പ്രാരംഭം മാത്രം.
ഇങ്ങനെയാണ് നാം ജീവിതത്തിലെ കഷ്ടാരിഷ്ടങ്ങളെ ഒഴിച്ചുവിടേണ്ടത്. ഒന്നും ആശിക്കരുത്. നമുക്കു ദുഃഖമുണ്ടാക്കുന്നത് എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ആശയാണ് നാമനുഭവിക്കുന്ന സര്‍വ്വദുഃഖങ്ങള്‍ക്കും മൂലം. നാം വല്ലതുമൊന്നാശിക്കുന്നു. അതു കൈവരുന്നില്ല. ഫലം ദുഃഖം. ആശയില്ലെങ്കില്‍ ദുഃഖമില്ല. ഇവിടേയും ഞാനീ പറയുന്നത് തെറ്റിദ്ധരിപ്പാനിടയുണ്ട്. അതുകൊണ്ട് ആശകള്‍ വെടിഞ്ഞ് സര്‍വ്വദുഃഖങ്ങളില്‍നിന്നും വിമുക്തരാവുക എന്നു പറഞ്ഞതിനെ വിശദീകരിക്കേണ്ടിയിരിക്കുന്നു. ചുമരുകള്‍ക്ക് ആശയില്ല, ദുഃഖമില്ല, ശരി. എന്നാല്‍ അവയ്ക്ക് വളര്‍ച്ചയുമില്ല. ഈ കസേരയ്ക്ക് ആശയില്ല, ദുഃഖങ്ങളില്ല, എന്നാല്‍ അത് എന്നും ഒരു കസേലമാത്രം. സുഖാനുഭവത്തില്‍ ഒരു മഹത്ത്വമുണ്ട്. ദുഃഖാനുഭവത്തിലുത്മം മഹത്ത്വമുണ്ട്. ദുഃഖം പ്രയോജനകരമാണെന്നുകൂടി ഞാന്‍ സധൈര്യം പറഞ്ഞുകൊള്ളട്ടെ. ദുഃഖാനുഭവത്തില്‍നിന്നുള്ള വലിയ പാഠം നമുക്കെല്ലാവര്‍ക്കും അറിയാം. ഒരിക്കലും ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നെ തോന്നുന്ന നൂറായിരം കാര്യങ്ങള്‍ നാം ചെയ്തിരിക്കും. എന്നാല്‍ അതുകള്‍ നമുക്കു വലിയ പാംങ്ങളും പഠിപ്പിച്ചുതന്നിരിക്കും. എന്നെസ്സംബന്ധിച്ചു പറകയാണെങ്കില്‍ നല്ല കാര്യങ്ങള്‍ ചിലതു ഞാന്‍ ചെയ്തിട്ടുണ്ട്: നന്നല്ലാത്തതു പലതും ചെയ്തിട്ടുണ്ട്. ഞാനതില്‍ സന്തോഷിക്കുന്നു. ശരിയായ പലതും ചൊയ്തിട്ടുണ്ടെന്നും ഞാന്‍ സന്തോഷിക്കുന്നു. തെറ്റുകള്‍ പലതും ചെയ്തിട്ടുണ്ടെന്നും ഞാന്‍ സന്തോഷിക്കുന്നു. അവയോരോന്നും നല്ല പാംങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ എന്തെല്ലാം ചെയ്തിട്ടുണ്ടോ വിചാരിച്ചിട്ടുണ്ടോ അതിന്റെയെല്ലാം കൂടിയ ഫലമാണ് ഇന്ന് ഈ സ്ഥിതിയിലുള്ള ഞാന്‍. ഓരോ കര്‍മ്മവും വിചാരവും അതിന്റെ ഫലമുണ്ടാക്കിയിട്ടുണ്ട്. ആ ഫലങ്ങളുടെ ആകത്തുകയാണ് എന്റെ വളര്‍ച്ച.
ആശ തെറ്റാണെന്നു നമുക്കറിയാം. ആശാത്യാഗം എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്ത്? ആശയില്ലാതെ ജീവിതം എങ്ങനെ നടക്കും? ആശയെ നശിപ്പിക്കുന്നതോടുകൂടി ആളെയും നശിപ്പിക്കുക എന്ന അതേ ആത്മഹത്യോപദേശമായിരിക്കും അത്. അതിന്റെ പരിഹാരം ഇങ്ങനെയാണ്. സ്വത്തുണ്ടായിരിക്കരുതെന്നല്ല, ആവശ്യമായ സാധനങ്ങള്‍ ഉണ്ടാകരുതെന്നല്ല, അതിസുഖവസ്തുക്കള്‍ ഉണ്ടാകരുതെന്നുമല്ല. നിങ്ങള്‍ക്കു വേണ്ടതൊക്കെയും അതിലേറെയും ഉണ്ടായിരിക്കട്ടെ: പക്ഷേ സത്യം അറിയുക, സാക്ഷാല്‍ക്കരിക്കുക, അതു മതി. സ്വത്ത് ആരുടെയുമല്ല: എന്റെയെന്നും എനിക്കെന്നും ഉള്ള ഒരു ഭാവനയരുത്. എല്ലാം ഈശ്വരന്റേത്. അതാണ് എല്ലാത്തിലും ഈശ്വരനെ ഭാവന ചെയ്യണം എന്ന് ആദ്യമന്ത്രം ഉപദേശിച്ചത്. നിങ്ങള്‍ അനുഭവിക്കുന്ന ധനത്തില്‍ ഈശ്വരന്‍ ഇരിക്കുന്നു: മനസ്സിലുദിക്കുന്ന വിചാരങ്ങളിലും ഈശ്വരന്‍: ആശാനിവൃത്തിക്കായി വിലയ്ക്കു വാങ്ങുന്ന സാധനങ്ങളിലും നിങ്ങളുടെ വിചിത്രവസ്ത്രങ്ങളിലും സുന്ദരാഭരണങ്ങളിലും യഥാര്‍ത്ഥമായുള്ളത് ഈശ്വരന്‍. ഇതാണ് വിചാരഗതി. ആ ബോധത്തോടുകൂടി നോക്കുമ്പോള്‍ ഉടനെ സര്‍വ്വവും രൂപം മാറിക്കാണാം. നിങ്ങളുടെ ഓരോ ചേഷ്ടയിലും നിങ്ങളുടെ സംഭാഷണത്തിലും നിങ്ങളുടെ രൂപത്തിലും സര്‍വ്വത്തിലും ഈശ്വരനെ വെച്ചുനോക്കുക. കാഴ്ച മുഴുവന്‍ മാറും, ലോകം കഷ്ടാരിഷ്ടമായി തോന്നുന്നതിനുപകരം സ്വര്‍ഗ്ഗമായി ഭവിക്കും.
“സ്വര്‍ഗ്ഗം നിങ്ങളുടെ ഉള്ളിലിരിക്കുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞു, വേദാന്തമതവും അതു പറയുന്നു. ഏതാചാര്യനും അതുതന്നെ പറയുന്നു. “കണ്ണുള്ളവന്‍ കാണട്ടെ, കാതുള്ളവന്‍ കേള്‍ക്കട്ടെ.” നാം ഏതു തത്ത്വത്തെ അന്വേഷിക്കുന്നുവോ അത് ഇവിടെയുണ്ട്, എപ്പോഴും നമ്മോടുകൂടിത്തന്നെ ഇരുന്നിട്ടുണ്ട് എന്ന് വേദാന്തമതം തെളിയിക്കുന്നു. അജ്ഞാനം നിമിത്തം നാം അതു പൊയ്‌പോയി എന്നു വിചാരിച്ച്, കരഞ്ഞു തൊഴിച്ച്, വീണ്ടുകിട്ടുവാന്‍ പാടുപെട്ടു ലോകം മുഴുവന്‍ അലഞ്ഞു. എന്നാല്‍ അപ്പോഴെല്ലാം അതു നമ്മുടെ ഹൃദയത്തില്‍ത്തന്നെ ഉണ്ടായിരുന്നു. അവിടെവെച്ചുമാത്രമേ നമുക്കതു കാണ്‍മാന്‍ കഴിയൂ.