സ്വാമി വിവേകാനന്ദന്‍

ലോകത്തെ ത്യജിക്കുക എന്നത് പഴയ മട്ടില്‍ യഥാശ്രുതാര്‍ത്ഥത്തില്‍ ഗ്രഹിച്ചാല്‍ വന്നുചേരുന്നത്; നാം കര്‍മ്മം ചെയ്യരുത്: മണ്‍കട്ടപോലെ നിശ്ചേഷ്ടമായിരിക്കണം: ഒന്നും ആലോചിക്കരുത്: ചെയ്യരുത്: വിധിപോലെ വരും എന്നുറച്ച് കാലദേശാവസ്ഥകള്‍ ഓടിച്ച വഴിക്ക് ഓടി. പ്രകൃതിയുടെ കല്പനകളെ കേട്ടു നടന്നു തിണ്ടാടണം എന്നാകും ഫലം. പക്ഷേ അതല്ല ഉപദേശത്തിന്റെ സാരം. നാം കര്‍മ്മം ചെയ്യണം. എന്നാല്‍ മിഥ്യാകാമങ്ങള്‍ ഓടിച്ച വഴിക്കോടുന്ന സാധാരണമനുഷ്യര്‍ക്കു കര്‍മ്മത്തെപ്പറ്റി എന്തറിയാം? സ്വന്തം വികാരങ്ങളും ഇന്ദ്രിയങ്ങളും തിരിക്കുന്ന വഴിയെ തിരിയുന്നവര്‍ക്കു കര്‍മ്മത്തെപ്പറ്റി എന്തു ബോധമുണ്ടാകും? കാമത്തിന്റെയോ സ്വാര്‍ത്ഥത്തിന്റെയോ ലേശമെങ്കിലും പ്രേരണയില്ലാത്തവനാണ് ശരിയായ കര്‍മ്മം ചെയ്യുക. ഒരുദ്ദേശ്യത്തിലും കണ്ണുവെച്ചിട്ടില്ലാത്തവനാണ് ശരിയായ കര്‍മ്മം ചെയ്യുന്നവന്‍. കര്‍മ്മത്തില്‍നിന്നു സ്വന്തമായി ഫലം ലഭിപ്പാനില്ലാത്തവനാണ് കര്‍മ്മം ചെയ്യുന്നവന്‍.

ഒരു ചിത്രത്തിന്റെ അഴകില്‍ അധികം രസിക്കുന്നതാരാണ്? വില്‍ക്കുന്നവനോ നോക്കിക്കാണുന്നവനോ? വില്‍ക്കുന്നവനു കണക്കു കൂട്ടുന്നതിലാവും മനസ്സ്, അതിന്‍മേല്‍ തനിക്കെന്തു ലാഭം കിട്ടുമെന്ന്. വില പൊന്തുന്നതിലും മൂന്നാംവട്ടം ഉറപ്പിക്കുന്നതിലുമാവും അയാളുടെ ദൃഷ്ടി. വില്പാനോ വാങ്ങുവാനോ ഉദ്ദേശ്യമില്ലാതെ അവിടെ നില്‍ക്കുന്നവന്‍ ചിത്രം നോക്കി അതിന്റെ അഴകില്‍ രസിക്കും. ഈ ജഗത്താകെ ഒരു ചിത്രമാണ്. അതിനെപ്പറ്റിയ കാമങ്ങള്‍ അസ്തമിക്കുമ്പോള്‍ ജനങ്ങള്‍ അതിന്റെ ഭംഗിയില്‍ രസിക്കും. അപ്പോള്‍ വില്‍ക്കലും വാങ്ങലും കയ്ക്കലാക്കണമെന്നുള്ള മൂഢവിചാരങ്ങളും ഇല്ലാതാകും. അപ്പോള്‍ പണവ്യാപാരിയില്ല, വില്‍ക്കുന്നവനില്ല, വാങ്ങുന്നവനുമില്ല. ലോകം ഒരു ചിത്രമായി നില്‍ക്കും, ചായമിട്ട, ഭംഗിയായ ചിത്രം. ഈശ്വരനെപ്പറ്റി ഇങ്ങനെ ഒരു ഭാവനയുണ്ട്. ”ഈശ്വരനാണ് മഹാകവി, പുരാണകവി. ജഗത്താകെ ഈശ്വരകവിത, ഛന്ദസ്സും യമകവും ലയവുമായി അനന്താനന്ദത്തില്‍ വിരചിതമായ കവിത.” ഈശ്വരനെപ്പറ്റി ഇത്രയധികം സുന്ദരമായ ഒരു ഭാവന ഞാന്‍ ഒരിക്കലും വായിച്ചിട്ടില്ല. ഈശ്വരന്റെ ഈ കവിത – ഈ വിശ്വം – വായിച്ചു രസിപ്പാന്‍ കാമങ്ങളെ കൈവെടിയുമ്പോഴേ നമുക്കു കഴിവുണ്ടാകൂ. അപ്പോള്‍ എല്ലാം ഈശ്വരമയമാകും. ഇരുളടഞ്ഞു വൃത്തികെട്ട് അടുക്കാന്‍ കൊള്ളരുതെന്നു കരുതിയ മുക്കും മൂലയും ഇടവഴിയും നിഴല്പാടുകളുമെല്ലാം അപ്പോള്‍ ദിവ്യമാകും. അവയുടെ യഥാര്‍ത്ഥസ്വഭാവം അപ്പോള്‍ വെളിവാകും. അപ്പോള്‍ നാം നമ്മെ നോക്കി ചിരിക്കും. നാം അതുവരെ കരഞ്ഞതും തൊഴിച്ചതും വെറും കുട്ടിക്കളി, നാം സാക്ഷികളായി നിന്നു നോക്കിയിരുന്നതേയുള്ളു എന്നു നാം അപ്പോള്‍ അറിയും.

അതുകൊണ്ടു നിങ്ങള്‍ കര്‍മ്മം ചെയ്യണം എന്നാണ് വേദാന്തം ഉപദേശിക്കുന്നത്. എങ്ങനെ കര്‍മ്മം ചെയ്യണം? ത്യജിച്ചിട്ട് – ഇന്ദ്രിയഗോചരമായ മിഥ്യാലോകത്തെ ത്യജിച്ചിട്ട് – എന്നാണുപദേശം. അതിന്റെ താല്പര്യമെന്ത്? സര്‍വ്വം ഈശ്വരമയമായി കാണുക. അങ്ങനെ കര്‍മ്മം ചെയ്യുക. ഒരു നൂറു സംവല്‍സരം ജീവിച്ചിരിപ്പാന്‍ ആഗ്രഹിക്കുക. വേണമെങ്കില്‍ ഭൗതികസുഖങ്ങളെല്ലാം അനുഭവിച്ചുകൊള്ളുക. അവയെ ഈശ്വരമയമാക്കുക, സ്വര്‍ഗ്ഗമായി മാറ്റുക. അത്രയേ വേണ്ടു. ലോകോപകാരമായി, ആനന്ദമായി, കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് ദീര്‍ഘായുസ്സായിരിപ്പാന്‍ കാംക്ഷിക്കുക. അങ്ങനെ കര്‍മ്മം ചെയ്തുകൊണ്ട് മോക്ഷമാര്‍ഗ്ഗം കാണും. വേറെ വഴിയില്ല. തത്ത്വമറിയാതെ മൂഢസുഖഭോഗങ്ങളിലേക്കു ‘മുതലക്കൂപ്പു’കുത്തുന്നവനു നില തെറ്റി, ലക്ഷ്യപ്രാപ്തിയില്ല. അതുപോലെ ലോകത്തെ ശപിച്ചു കാട്ടില്‍ച്ചെന്ന് സ്വദേഹത്തെ പീഡിപ്പിച്ചു പട്ടിണികൊണ്ടു തന്നെത്താന്‍ മെല്ലെ മെല്ലെ കൊന്ന്, ഹൃദയത്തെ മരുഭൂമിയാക്കി, മൃദുഭാവങ്ങളെ നശിപ്പിച്ചു കര്‍ക്കശനും നിഷ്ംുരനും ശുഷ്‌കനുമാകുന്ന മനുഷ്യനും വഴി പിഴച്ചിരിക്കുന്നു. ഇതു രണ്ടും രണ്ടറ്റങ്ങളാണ്: ഇരുവര്‍ക്കും വഴി പിഴച്ചു, ലക്ഷ്യവും നഷ്ടമായി.

അതുകൊണ്ട് എല്ലാറ്റിലും ഈശ്വരനെ ഭാവനചെയ്ത്, എല്ലാറ്റിലും ഈശ്വരനെ ദര്‍ശിച്ച്, കര്‍മ്മം ചെയ്യുക എന്നത്രേ വേദാന്തവാക്യം. നിരന്തരം കര്‍മ്മം ചെയ്യണം. ജീവിതം ദിവ്യമാണ്. അത് ഈശ്വരന്‍തന്നെയാണ് എന്നറിഞ്ഞു കര്‍മ്മം ചെയ്യണം. ഇതേ നമുക്കു ചെയ്യാനുള്ളു. ഇതേ നാം ആഗ്രഹിക്കാവൂ. ഈശ്വരന്‍ എവിടേയും എല്ലാറ്റിലുമിരിക്കെ നാം ഈശ്വരദര്‍ശനത്തിനു മറ്റെവിടെ പോകും? ഏതു കര്‍മ്മത്തിലും ഏതു വിചാരത്തിലും ഏതു തോന്നലിലും ഈശ്വരനുണ്ടല്ലോ: ഇതറിഞ്ഞു കര്‍മ്മം ചെയ്യണം. അതൊരു വഴിയേ ഉള്ളൂ, വേറെ വഴിയില്ല. അങ്ങനെ ചെയ്താല്‍ കര്‍മ്മഫലം നമ്മെ ബന്ധിക്കില്ല. മിഥ്യാഭിലാഷങ്ങള്‍ എങ്ങനെ നമ്മുടെ സര്‍വ്വദുഃഖങ്ങള്‍ക്കും അനര്‍ത്ഥങ്ങള്‍ക്കും കാരണമാകുന്നുവെന്നു നമുക്കറിയാം. അവയെ ഈശ്വരദ്വാരാ ദിവ്യവും പരിശുദ്ധവുമാക്കുമ്പോള്‍ അവ ദോഷകരങ്ങളോ ദുഃഖജനകങ്ങളോ ആകയില്ല. ഈ രഹസ്യമറിയാത്തവര്‍ അതു കണ്ടെത്തുംവരെ ആസുരലോകത്തില്‍ ജീവിച്ചിരിക്കേണ്ടിവരും. ഓരോരുത്തന്റെയും ഉള്ളിലും ചുഴലേയും എവിടേയും എന്തൊരാനന്ദാകരമിരിക്കുന്നു എന്നു വളരെപ്പേരും അറിയുന്നില്ല, അവര്‍ അതു കണ്ടെത്തീട്ടില്ല. ആസുരലോകം ഏത്? അജ്ഞാനം എന്ന് വേദാന്തമതം പറയുന്നു.