സ്വാമി വിവേകാനന്ദന്‍

ഇന്നു കഠോപനിഷത്തില്‍നിന്ന് ഒരു ഭാഗം വായിച്ചുതരാം. അത് ഉപനിഷത്തുകളില്‍വെച്ച് അത്യന്തം ലളിതവും ഏറ്റവും കാവ്യഭംഗി കൂടിയതുമാണ്. അത് ‘മൃത്യുരഹസ്യം’ എന്ന പേരില്‍ എഡ്‌വിന്‍ ആര്‍നോള്‍ഡ് തര്‍ജ്ജമ ചെയ്തിട്ടുള്ളത് നിങ്ങളില്‍ ചിലര്‍ വായിച്ചിരിക്കാം. ലോകത്തിന്റെ ഉല്പത്തിയെന്ത്? ജഗത്‌സൃഷ്ടിയെങ്ങനെ? എന്നു തുടങ്ങിയ പ്രശ്‌നത്തിനു തൃപ്തികരമായ സമാധാനം ബാഹ്യലോകത്തില്‍നിന്നു ലഭിപ്പാന്‍ കഴിഞ്ഞില്ലെന്നും അപ്പോള്‍ അന്വേഷണം അന്തര്‍മുഖമായെന്നും കഴിഞ്ഞ പ്രസംഗത്തില്‍ കണ്ടുവല്ലോ. ഈ ഉപനിഷത്ത് ആ സൂചനയിന്‍മേല്‍ മനഃശാസ്ത്രപരമായി പിടിച്ചു മനുഷ്യന്റെ അന്തഃസ്വഭാവത്തിന്‍മേല്‍ അന്വേഷണം തുടരുന്നു. ആദ്യത്തെ പ്രശ്‌നം ഈ ബാഹ്യലോകം ആര്‍ സൃഷ്ടിച്ചു, ഇതെങ്ങനെയുണ്ടായി എന്നായിരുന്നു. ഇപ്പോഴത്തേതാകട്ടെ, മനുഷ്യന്‍ ജീവിച്ചിരിപ്പാനും കര്‍മ്മം ചെയ്‌വാനും ശക്തിയുണ്ടാക്കുന്നതായി മനുഷ്യനിലെന്താണുള്ളത്, മരണാനന്തരം മനുഷ്യന്റെ സ്ഥിതിയെന്ത് എന്നാണ്. ആദ്യതത്ത്വജ്ഞന്‍മാര്‍ ഭൗതികപദാര്‍ത്ഥങ്ങളെ പരീക്ഷിച്ച് അതു വഴിക്ക് തത്ത്വം കണ്ടെത്തുവാന്‍ ശ്രമിച്ചു. അവര്‍ക്കു പരമാവധിയില്‍ കിട്ടിയ സമാധാനം ഒരു സഗുണനായ ജഗന്നിയന്താവായിരുന്നു: അതായത്, അത്യന്തം മഹാനായ ഒരു മനുഷ്യന്‍. എന്തെല്ലാമായാലും ഫലത്തില്‍ ഒരു മനുഷ്യന്‍തന്നെ. അതുകൊണ്ട് അതു പൂര്‍ണ്ണതത്ത്വമായിരിപ്പാന്‍ വയ്യ. പക്ഷേ തത്ത്വാംശമായി എന്നു വരാം. മനുഷ്യരുടെ നിലയിലാണ് നാം ജഗത്തിനെ വീക്ഷിക്കുന്നത്. ആ നിലയില്‍ ജഗത്തിനു നാം കാണുന്ന മാനുഷികസമാധാനമത്രേ നമ്മുടെ ഈശ്വരന്‍.

പശുവിനു മതമുണ്ടായി, അതു തത്ത്വാന്വേഷണം തുടങ്ങിയെന്നു വിചാരിക്കുക. അതിന്റെ ജഗത്തു പശുമയമായിരിക്കും. അതിന്റെ തത്ത്വദര്‍ശനം പശുവിനു പറ്റിയതാവും. അതിനും നാം കാണുന്ന ഈശ്വരനെ കാണുക സാദ്ധ്യമല്ല. പൂച്ചകള്‍ തത്ത്വജ്ഞാനികളാകുന്നെന്നു വിചാരിക്കുക. അവരുടെ ജഗത്തും അവരുടെ ദര്‍ശനങ്ങളും പൂച്ചകള്‍ക്കു ചേര്‍ന്ന വിധവും, അവരുടെ ജഗന്നിയന്താവ് ഒരു പൂച്ചയുമായിരിക്കും. അതുപോലെ നമുക്കും ജഗത്തിനെപ്പറ്റിയുണ്ടാവുന്ന സമാധാനം ജഗത്തിന്റെ പൂര്‍ണ്ണതത്ത്വമാവില്ല. ജഗത്തിനെപ്പറ്റി നമ്മുടെ ഭാവനതന്നെയും അതില്‍ മുഴുവന്‍ വ്യാപിക്കുന്നില്ല. അതുകൊണ്ട് ഈ കാര്യത്തില്‍ മനുഷ്യനുണ്ടാകാവുന്ന സ്വാര്‍ത്‌ഥൈകമായ ആ നില ശരിയാണെന്നു സമ്മതിക്കുക വലിയ തെറ്റാവും. ജഗത്കാര്യത്തെപ്പറ്റി നമുക്കു പുറമെനിന്നു കിട്ടുന്ന സമാധാനത്തില്‍ ഈയൊരു വൈഷമ്യമുണ്ട്. ഒന്നാമത് നാം കാണുന്ന ജഗത്തു നമ്മുടെ മാത്രം ജഗത്താണ്: അതായത് സത്തയെപ്പറ്റിയുള്ള നമ്മുടെ ദര്‍ശനം. ആ സത്ത നമുക്ക് ഇന്ദ്രിയങ്ങള്‍ വഴിയായി ഗ്രഹിക്കുക സാദ്ധ്യമല്ല. അതു നമുക്കു ഗ്രാഹ്യമല്ല. അഞ്ചിന്ദ്രിയങ്ങളുള്ള ജീവികളുടെ നിലയില്‍നിന്നേ നമുക്കു ജഗത്തിനെപ്പറ്റി അറിവാകുന്നുള്ളു. നമുക്കു മറ്റൊരിന്ദ്രിയം ഉണ്ടായെന്നു വിചാരിക്കുക അപ്പോള്‍ ജഗത്തിന്റെ നില മുഴുവന്‍ മാറിക്കാണാം. അയസ്‌കാന്തശക്തിയുള്ള ഒരിന്ദ്രിയം നമുക്കുണ്ടായാല്‍, നാമിപ്പോള്‍ അറിയാത്തതും അറിവാന്‍ കഴിയാത്തതുമായ ലക്ഷോപലക്ഷം ശക്തികള്‍ അപ്പോള്‍ അറിഞ്ഞെന്നുവരാം. നമുക്കുള്ള ഇന്ദ്രിയങ്ങള്‍ പരിമിതങ്ങളാണ്, വളരെ പരിമിതങ്ങള്‍. അവയുടെ ചുരുങ്ങിയ പരിധിക്കുള്ളിലാണ് നമ്മുടെ ജഗത്ത്. ആ ജഗത്തിനുള്ള സമാധാനമാണ് നമ്മുടെ ഈശ്വരന്‍. അതുകൊണ്ട് അതു ജഗത്തിന്റെ പൂര്‍ണ്ണസമാധാനമാവാന്‍ വയ്യ. അതുകൊണ്ട് തൃപ്തനാവാനും മനുഷ്യനു വയ്യ. മനുഷ്യന്‍ വിചാരശീലനായതുകൊണ്ട് സര്‍വ്വജഗത്‌വ്യാപകമായ ഒരു സമാധാനം തേടുന്നു. മനുഷ്യരും ഈശ്വരനും സര്‍വ്വവിധജീവികളും ഉള്‍പ്പെടുന്ന ഒരു ജഗത്തിനെ ഗ്രഹിപ്പാനും സര്‍വ്വകാര്യങ്ങള്‍ക്കും സമാധാനം തരുന്ന തത്ത്വം കണ്ടെത്തുവാനും മനുഷ്യന്‍ സ്വയമാഗ്രഹിക്കുന്നു.

ഒന്നാമതായി വേണ്ടത്, സര്‍വ്വജഗത്തുക്കളേയും ഉള്‍പ്പെടുത്തുന്ന ഒരു ജഗത്തിനെ കാണുകയാണ്. അതു നമുക്ക് ഇന്ദ്രിയഗ്രാഹ്യമായാലും അല്ലെങ്കിലും, ഏതൊരു വസ്തു സത്തയുടെ നാനാവസ്ഥകളിലും അനുസ്യൂതമായി വര്‍ത്തിക്കേണമോ, അതു കണ്ടെത്തുകയാണ്. താണതോ ഉയര്‍ന്നതോ ആയ ലോകങ്ങള്‍ക്കെല്ലാം പൊതുവായിട്ടുള്ളതാണെന്ന് അറിയാറാകുന്ന ഒരു വസ്തു കണ്ടെത്തിയാല്‍ നമ്മുടെ കാര്യത്തിനു സമാധാനമാകും. ഉള്ളതിനെല്ലാം ഏകാസ്പദമായി ഒരു വസ്തുവുണ്ടെന്നു വെറും യുക്തികൊണ്ടുതന്നെ മനസ്സിലാക്കുവാന്‍ സാധിക്കുന്ന പക്ഷം നമ്മുടെ പ്രശ്‌നം ഒരുവിധം സമാധാനിക്കുന്ന ഘട്ടത്തിലെത്തും. എന്നാല്‍ ആ സമാധാനം നാമിപ്പോള്‍ കാണുന്നതും അറിയുന്നതുമായ ലോകം വഴിക്കു മാത്രമാവാന്‍ വയ്യ. അതു വിശ്വത്തിന്റെ ഏകദേശദര്‍ശനംമാത്രമാണല്ലോ.