ഒന്നു പുരാതനമെങ്കില്‍ പരിശുദ്ധം എന്നൊരവസ്ഥ ഏതു മതത്തിലും കാണാം. ഉദാഹരണം പറയാം ഇന്ത്യയില്‍ ഞങ്ങളുടെ പൂര്‍വ്വികന്‍മാര്‍ ആദ്യം ഭൂര്‍ജ്ജപത്രത്തിലാണ് എഴുതിയിരുന്നത്. പിന്നീടവര്‍ക്കു കടലാസ്സുണ്ടാക്കുവാനും വശമായി. എങ്കിലും ഭൂര്‍ജ്ജപത്രം ഇപ്പോഴും തുലോം പരിശുദ്ധമായി കരുതപ്പെടുന്നു. അവര്‍ ആദ്യകാലത്തുപയോഗിച്ചിരുന്ന വെപ്പുപാത്രങ്ങള്‍ പരിഷ്‌കരിച്ചപ്പോള്‍ പഴയവ പരിശുദ്ധങ്ങളായി. ഈയൊരു ഭാവന ഇന്ത്യയിലെപ്പോലെ മറ്റെങ്ങും നിലനിന്നിട്ടില്ല. രണ്ടു മുട്ടികള്‍ തമ്മിലുരച്ചു തീയുണ്ടാക്കുക മുതലായി ഒമ്പതോ പത്തോ ആയിരം കൊല്ലം മുമ്പുള്ള സമ്പ്രദായങ്ങള്‍ ഇന്നും അനുഷ്ംിച്ചുവരുന്നു. യാഗത്തില്‍ മറ്റൊരു രീതിയിലും തീയുണ്ടാക്കിക്കൂടാ. ഏഷ്യയില്‍ ആര്യന്‍മാരുടെ മറ്റേ ശാഖയും അങ്ങനെതന്നെ. അവരുടെ സന്തതികള്‍ ഇന്നും ഇടിമിന്നലില്‍ നിന്നു തീ നേടുവാന്‍ ആഗ്രഹിക്കുന്നു. അതായിരുന്നു അവരുടെ പഴയ രീതി എന്ന് അതു തെളിയിക്കുന്നു. മറ്റു രീതികള്‍ ശീലിച്ചാലും പഴയതു പരിശുദ്ധമെന്നു കരുതി കൈവിടുന്നില്ല. ഹീബ്രു ജാതിക്കാരും അങ്ങനെതന്നെ. അവര്‍ മുമ്പ് മൃഗചര്‍മ്മത്തിലാണ് എഴുതിയിരുന്നത്. ഇപ്പോള്‍ എഴുത്തു കടലാസ്സിലായെങ്കിലും മൃഗചര്‍മ്മം അവര്‍ക്കു തുലോം പരിശുദ്ധമാണ്. എല്ലാ രാജ്യക്കാരും ഇതുപോലെതന്നെ. പരിശുദ്ധമെന്നോ ദിവ്യമെന്നോ ഇന്നു കരുതുന്ന ഏതനുഷ്ഠാനവും വെറും പുരാതനരീതിയെന്നേ ഉള്ളു. വൈദികയജ്ഞങ്ങളും ഈ ജാതിയില്‍പ്പെട്ടവതന്നെ. കാലക്രമത്തില്‍ ജീവിതരീതിയും ആശയങ്ങളും പരിഷ്‌കരിച്ചുവന്നപ്പോഴും പഴയ സമ്പ്രദായങ്ങള്‍ അവശേഷിച്ചു. അവ കൂടെക്കൂടെ നടത്തിയും വന്നു. അവയ്ക്കു ദിവ്യത്വവും സിദ്ധിച്ചു.
അങ്ങനെ ഈ യാഗാനുഷ്ഠാനത്തെ ഒരു പ്രത്യേക വര്‍ഗ്ഗക്കാര്‍ തങ്ങളുടെ തൊഴിലാക്കിവെച്ചു. അവരത്രേ പുരോഹിതന്‍മാര്‍. അവര്‍ യാഗത്തെപ്പറ്റി ചിന്തിച്ചു. യാഗം അവരുടെ സര്‍വ്വസ്വമായി. ഹവിര്‍ഗന്ധം നുകരുവാന്‍ ദേവന്‍മാര്‍ വന്നു. യാഗബലത്താല്‍ ഏതു ലോകവും നേടമാന്ന് അവര്‍ വിചാരിച്ചു. ചില സവിശേഷരൂപത്തിലുള്ള വേദികളുണ്ടാക്കി, സവിശേഷമന്ത്രങ്ങളുച്ചരിച്ച്, സവിശേഷാഹുതികള്‍ ചെയ്താല്‍ ദേവന്‍മാര്‍ എന്തും നല്‍കും. അതുകൊണ്ടാണ് ഏതു യാഗം സ്വര്‍ഗ്ഗപ്രാപകമാകുമെന്ന് നചികേതസ്സു ചോദിച്ചത്. യമന്‍ ആ വരവും ഉടനെ ദാനം ചെയ്ത് ആ യാഗത്തിനു മേലാല്‍ നചികേതസ്സിന്റെ പേരായിരിക്കുമെന്നും അരുളിച്ചെയ്തു.
പിന്നെ വന്നു മൂന്നാം വരം; ഇവിടെ നിന്നാണ് ഉപനിഷത്തു ശരിക്കാരംഭിക്കുന്നത്. കുട്ടി പറഞ്ഞു; “ഒരാള്‍ മരിച്ചാലും, ചിലര്‍ പറയുന്നു, അയാള്‍ ഉണ്ടെന്ന്: ചിലര്‍ പറയുന്നു ഇല്ലെന്ന്. ഇതൊരു സംശയവിഷയമായിരിക്കുന്നു: ഇതിന്റെ വാസ്തവം അങ്ങ് എനിക്കുപദേശിച്ചുതരണം. ഇതാണ് ഞാന്‍ വരിക്കുന്നത്.” ഇതു കേട്ട് യമന്‍ പരിഭ്രമിച്ചു. മറ്റു രണ്ടു വരവും വളരെ സന്തോഷത്തോടുകൂടിയാണ് ദാനം ചെയ്തത്. യമന്‍ പറഞ്ഞു; “ഈ വിഷയത്തില്‍ പണ്ടു ദേവന്‍മാരും വിഷമിച്ചിട്ടുണ്ട്. അത്ര സൂക്ഷ്മവും ദുര്‍ഗ്രഹവുമാണ് ഈ ധര്‍മ്മം. അതുകൊണ്ട് മറ്റു വല്ല വരവും വാങ്ങിക്കൊള്‍ക: ഇതില്‍ എന്നെ മുട്ടിക്കേണ്ട, എന്നെ ഇതില്‍നിന്ന് ഒഴിവാക്കൂ.”
എന്നാല്‍ കുട്ടി ദൃഢനിശ്ചയനായിരുന്നു. “അങ്ങു പറഞ്ഞതു വാസ്തവം. ദേവന്‍മാര്‍ക്കുപോലും ഈ വിഷയത്തില്‍ സംശയമുണ്ടായിരുന്നു: ഇത് എളുപ്പത്തില്‍ അറിയാവുന്നതല്ല, അങ്ങയെപ്പോലെ ഒരുപദേഷ്ടാവിനെ വേറെ ലഭിപ്പാനില്ല. എന്നിരിക്കെ ഇതില്‍ക്കവിഞ്ഞൊന്നു വരിപ്പാനുമില്ല.” എന്ന് ആ കുട്ടി മറുപടി പറഞ്ഞു.
യമന്‍ പറഞ്ഞു; “ദീര്‍ഘായുസ്സുകളായ പുത്രന്‍മാരെയും പൗത്രന്‍മാരെയും വരിച്ചുകൊള്ളുക. അനേകം പശുക്കളെ, ഗജങ്ങളെ, അശ്വങ്ങളെ, നിരവധി സുവര്‍ണ്ണത്തെ വരിച്ചുകൊള്ളുക. ലോകസാമ്രാജ്യവും സ്വേച്ഛാമരണവും വരിച്ചുകൊള്ളുക. ഈ വിധം ഏതു വരമെങ്കിലും, എത്രയെങ്കിലും ധനവും എത്രയെങ്കിലും ആയുസ്സും, വരിച്ചുകൊള്ളുക. നചികേതസ്സേ, വിശാലമായ ഭൂമിയില്‍ നീ ഏകച്ഛത്രാധിപതിയാവുക. നിനക്കു സര്‍വ്വസുഖാനുഭവങ്ങളും ഞാന്‍ നല്‍കാം. മനുഷ്യലോകത്തില്‍ ദുര്‍ല്ലഭമായ സുഖങ്ങള്‍ ചോദിച്ചോളു. ദിവ്യരഥങ്ങളില്‍ സഞ്ചരിച്ച് ദിവ്യഗീതം പാടുന്ന ദിവ്യസുന്ദരികളെ മനുഷ്യലോകത്തില്‍ ആര്‍ക്കും കിട്ടില്ല: അവരെയും നിനക്കു ഞാന്‍ തരാം. അവര്‍ നിന്നെ പരിചരിക്കും. നചികേതസ്സേ, മരണാനന്തരമുള്ള കാര്യത്തെപ്പറ്റിമാത്രം നീ എന്നോടു തിരക്കരുതേ.”
നചികേതസ്സു പറഞ്ഞു; “മൃത്യുദേവ! അവയെല്ലാം ക്ഷണികങ്ങള്‍, ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയശക്തിയെ ജീര്‍ണ്ണിപ്പിക്കുന്നവ! അതിദീര്‍ഘമായ ജീവിതംപോലും അത്യല്പം. ആനകളും കുതിരകളും ആട്ടങ്ങളും പാട്ടുകളും അങ്ങേയ്ക്കുതന്നെ ഇരിക്കട്ടെ. ധനംകൊണ്ട് മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ വയ്യ. അങ്ങയെ ദര്‍ശിക്കുമ്പോള്‍ ധനം താനെ വഴുതിപ്പോകുന്നു. അങ്ങയുടെ ഇച്ഛയാണ് മനുഷ്യരുടെ ജീവിതകാലം. അതുകൊണ്ട് ഞാന്‍ ചോദിച്ച വരംതന്നെയാണ് ഞാന്‍ വരിക്കുന്നത്.”
ഈ പ്രത്യുത്തരം കേട്ട് യമന്‍ വളരെ സന്തോഷിച്ചു. യമന്‍ പറഞ്ഞു; “ശ്രേയസ്സൊന്നു വേറെ, പ്രേയസ്സൊന്നു (ഇന്ദ്രിയസുഖാനുഭവം) വേറെ. രണ്ടിന്റെയും ഫലങ്ങളും വെവ്വേറെ. ഇവ രണ്ടും മനുഷ്യന്റെ കൈക്കല്‍ വരും. അതില്‍ ശ്രേയസ്സിനെ വരിക്കുന്നവര്‍ സിദ്ധനാകും. പ്രേയസ്സിനെ വരിക്കുന്നവനു ലക്ഷ്യം നഷ്ടമാകും. വിവേകമുള്ളവന്‍ രണ്ടിനേയും പരീക്ഷിച്ചു തിരിച്ചറിയും: ശ്രേയസ്സാണ് മേത്തരം എന്നു കണ്ട് അതിനെ സ്വീകരിക്കും. മന്ദബുദ്ധിയാകട്ടെ ഇന്ദ്രിയസുഖം മീതെയെന്ന് വെച്ച് അതില്‍ ആസക്തനാകും. അല്ലയോ നചികേതസ്സേ, നീ ആലോചിച്ച് താല്‍ക്കാലികസുഖങ്ങള്‍ മാത്രമായവയെ ബുദ്ധിപൂര്‍വ്വം ഉപേക്ഷിച്ചു.” ഇങ്ങനെ പറഞ്ഞ് യമന്‍ ഉപദേശമാരംഭിച്ചു.
ഇവിടെ നമുക്ക് വൈരാഗ്യത്തേയും വൈദികധര്‍മ്മത്തെയും സംബന്ധിച്ച ഭാവനയുടെ വികാസം കാണാം. ഇന്ദ്രിയസുഖങ്ങള്‍ അനുഭവിപ്പാനുള്ള ആഗ്രഹം തീരെ നശിച്ചല്ലാതെ മനുഷ്യനു തത്ത്വപ്രകാശമുണ്ടാവില്ലെന്ന് ഇവിടെ വെളിവാകുന്നു. ഇന്ദ്രിയാഭിലാഷങ്ങള്‍ വൃഥാ ബഹളംകൂട്ടി നമ്മെ ക്ഷുദ്രങ്ങളായ വര്‍ണ്ണരസസ്പര്‍ശസുഖങ്ങളുടെയും ബാഹ്യങ്ങളായ സര്‍വ്വപദാര്‍ത്ഥങ്ങളുടെയും അടിമകളാക്കി പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടിരിക്കെ, നാം എന്തു നടിച്ചാലും നമ്മുടെ ഹൃദയത്തില്‍ തത്ത്വം എങ്ങനെ പ്രകാശിക്കും?
യമന്‍ പറയുന്നു; “ധനംതന്നെ മീതെ എന്നു ഭ്രമിച്ചുഴലുന്ന മൂഢബുദ്ധിക്കു പാരത്രികബോധമുണ്ടാവില്ല. ഈ ലോകംതന്നെ സത്യം, പരലോകമില്ല എന്നു വിചാരിക്കുന്നവന്‍ പിന്നെയും പിന്നെയും എന്റെ പിടിയില്‍ പെടുന്നു.” “ഇതു ധരിപ്പാന്‍ വളരെ പ്രയാസം. ഇടവിടാതെ കേട്ടുകൊണ്ടിരുന്നിട്ടും ഇതു പലര്‍ക്കും മനസ്സിലാകുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഇതു പറയുന്നവന്‍ അസാമാന്യനായിരിക്കണം. കേള്‍ക്കുന്നവനും ആവിധമിരിക്കണം. വൃഥാവാദങ്ങളെക്കൊണ്ട് ബുദ്ധി കലങ്ങാതിരിക്കയും വേണം. ഇതു തര്‍ക്കവിഷയമല്ല, വാസ്തവകാര്യമാണ്.” വിശ്വാസമുണ്ടായിരിക്കണമെന്ന് എല്ലാ മതങ്ങളും സിദ്ധാന്തിക്കുന്നതു നാം കേട്ടിട്ടുണ്ട്. ചോദ്യം ചോദിക്കാതെ വിശ്വസിച്ചുകൊള്ളണമെന്നു നമ്മോട് ഉപദേശിച്ചിട്ടുണ്ട് കണ്ണുമൂടി വിശ്വസിക്കണം എന്നത് ആക്ഷേപാര്‍ഹംതന്നെ, സംശയമില്ല. എന്നാല്‍ അതില്‍ ഒരു തത്ത്വം കിടപ്പുണ്ടെന്നു സൂക്ഷ്മം നോക്കിയാലറിയാം. അതു വാസ്തവത്തില്‍ എന്താണെന്നാണ് നാം ഉപനിഷത്തില്‍ വായിക്കുന്നത്. വെറും തര്‍ക്കംകൊണ്ടു മനസ്സിനെ കലക്കരുത്. തര്‍ക്കം ഈശ്വരജ്ഞാനത്തിനു സഹായിക്കില്ല. അതു തര്‍ക്കവിഷയമല്ല: വസ്തുദര്‍ശനമാണ്. വാദവും തര്‍ക്കവുമെല്ലാം നമുക്കുള്ള ചില വിഷയജ്ഞാനങ്ങളെ ആസ്പദിച്ചിരിക്കുന്നു. മുമ്പനുഭവപ്പെട്ടിട്ടുള്ള ചില വിഷയങ്ങളെ തമ്മില്‍ താരതമ്യപ്പെടുത്തുന്ന പദ്ധതിയാണ് തര്‍ക്കം. അങ്ങനെയൊരനുഭവജ്ഞാനം മുമ്പേ ഇല്ലെങ്കില്‍ തര്‍ക്കത്തിനു വകയില്ല. ഈ സംഗതി ബാഹ്യലോകത്തെസ്സംബന്ധിച്ചു ശരിയാണെങ്കില്‍, എന്തുകൊണ്ട് ആന്തരലോകത്തെസ്സംബന്ധിച്ചും ശരിയല്ല?