നിങ്ങള്‍ ഒരു രാജ്യം കണ്ടിട്ടുണ്ടെന്നിരിക്കട്ടെ. ഒരാള്‍ നിര്‍ബ്ബന്ധിച്ച് അതു കണ്ടിട്ടില്ലെന്നു നിങ്ങളെക്കൊണ്ടു പറയിച്ചാലും അതു കണ്ടിട്ടുണ്ടെന്ന ബോധം നിങ്ങളുടെ ഉള്ളില്‍നിന്നു പോവില്ല. അതുപോലെ നാം ഇപ്പോള്‍ ഈ ബാഹ്യലോകത്തെ കാണുന്നതിനേക്കാള്‍ വളരെയേറെ തെളിവിലും ശക്തിയിലും ഈശ്വരനേയും ആത്മാവിനേയും കാണുന്നപക്ഷം പിന്നെ മറ്റൊന്നുകൊണ്ടും നമ്മുടെ വിശ്വാസത്തിന് ഇളക്കം തട്ടില്ല. അപ്പോഴാണ് യഥാര്‍ത്ഥവിശ്വാസമുണ്ടാവുക! “ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം” എന്നു നിങ്ങളുടെ വേദഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളതിന്റെ താല്പര്യം ഇതാണ്. അപ്പോള്‍ നിങ്ങള്‍ക്കു തത്ത്വം അനുഭവപ്പെടും: നിങ്ങള്‍ക്കുതന്നെ തത്ത്വമായിത്തീര്‍ന്നിരിക്കും.
അതുകൊണ്ട് മതം അനുഭവപ്പെടുത്തണമെന്നാണ് വേദാന്തത്തിന്റെ പല്ലവി. വാക്ക് ചെലവാക്കിയാല്‍ പോരാ. എന്നാല്‍ അനുഭവപ്പെടുത്തുവാന്‍ വളരെ പ്രയാസമുണ്ട്. മനുഷ്യഹൃദയാന്തര്‍ഭാഗത്തു വസിക്കുന്ന ഈ പുരാണപുരുഷന്‍ അണുവിനുള്ളില്‍ ഒളിച്ചിരിക്കുന്നു. ആ പുരുഷനെ ഋഷിമാര്‍ സമാധിയോഗത്താല്‍ സാക്ഷാല്‍ക്കരിച്ചു. സുഖദുഃഖങ്ങളേയും ധര്‍മ്മാധര്‍മ്മങ്ങളേയും പുണ്യപാപങ്ങളേയും സദസത്തുക്കളേയും അതിക്രമിച്ചു. ഈശ്വരസാക്ഷാല്‍ക്കാരം തത്ത്വസാക്ഷാല്‍ക്കാരംതന്നെ. അപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ കാര്യമെന്താകും? ദുഃഖം നീക്കി കേവലസുഖം എന്നത്രേ സ്വര്‍ഗ്ഗഭാവന. അതായത് നമുക്കു ജീവിതത്തിലെ സൗഖ്യങ്ങളെല്ലാം വേണം. അതിലെ ദുഃഖങ്ങള്‍ ഒഴിവാകയും വേണം. അതു വളരെ നല്ല ഭാവന, സംശയമില്ല: അതു സ്വാഭാവികമാണുതാനും. എന്നാല്‍ അത് അത്യന്തം അബദ്ധം; എന്തുകൊണ്ടെന്നാല്‍ കേവലം നല്ലതെന്നോ കേവലം ചീത്തയെന്നോ ഉള്ള ഒരവസ്ഥ ഇല്ലതന്നെ.
റോമിലെ പ്രഭുവിന്റെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. അയാള്‍ ഒരു നാളറിഞ്ഞു, ഇനി പത്തു ലക്ഷത്തോളം പവനേ ബാക്കിയുള്ളൂ എന്ന്. “അയ്യോ നാളെ ഞാന്‍ എന്തു ചെയ്യും?” എന്നു ചോദിച്ച് ആ വഴിയെ ആയാള്‍ ആത്മഹത്യ ചെയ്തുപോല്‍! പത്തു ലക്ഷം പവന്‍ ആ മനുഷ്യനു ദാരിദ്ര്യമാണ്. സുഖമേത്, ദുഃഖമേത്? അതു മാഞ്ഞു മാഞ്ഞു പോകുന്നു: പ്രതിനിമിഷം മായുന്നു. ഞാന്‍ കുട്ടിക്കാലത്ത് ഒരു കുതിരക്കാരനായി കുതിരയോടിക്കുന്നതാണ് പരമഭാഗ്യം എന്നു വിചാരിച്ചിരുന്നു. ഇപ്പോള്‍ എനിക്കങ്ങനെ തോന്നുന്നില്ല.
ഏതിനെ സ്ഥിരമായി പിടിക്കണം? ഓരോരുത്തന് ഓരോന്നാണ് സുഖമായി തോന്നുന്നത്. ഇതു നാം നന്നായി ധരിക്കണം. അങ്ങനെയല്ലെന്ന് ഒരു മൂഢവിശ്വാസം നമുക്കുള്ളതു വിട്ടുപോവാനും പ്രയാസം. നിത്യവും ഒരു കട്ട കറുപ്പു വിഴുങ്ങാഞ്ഞാല്‍ ദുഃഖിതനാകുന്ന ഒരാളെ ഞാനറിയും. നിലംതന്നെ കറുപ്പുകൊണ്ടായ ഒരു സ്വര്‍ഗ്ഗമാവാം ആയാള്‍ സ്വപ്നം കാണുന്നത്. ആ സ്വര്‍ഗ്ഗം എനിക്കു നരകമായിരിക്കും. അറബിക്കവിതയില്‍ സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടങ്ങളില്‍ പുഴകള്‍ ഒഴുകുന്നതായി വര്‍ണ്ണിച്ചുകാണാം. എന്റെ ജീവിതത്തില്‍ അധികഭാഗവും വെള്ളം വളരെയുള്ള ദേശത്താണ് ഞാന്‍ വസിച്ചിട്ടുള്ളത്. അവിടെ രാജ്യം മൂടി അനേകായിരം ജനങ്ങള്‍ നശിക്കുന്ന വെള്ളപ്പൊക്കമാണുണ്ടാകുന്നത്. അതുകൊണ്ട് എന്റെ സ്വര്‍ഗ്ഗത്തില്‍ നദികള്‍ ഒഴുകുന്ന പൂന്തോട്ടങ്ങള്‍ ഉണ്ടാവില്ല, നേരെമറിച്ച് അവിടെ വര്‍ഷം കുറഞ്ഞിരിക്കും.
സുഖത്തെപ്പറ്റി നമ്മുടെ സങ്കല്പം മാറിക്കൊണ്ടിരിക്കും. ചെറുപ്പക്കാരന്റെ സങ്കല്പത്തില്‍ അയാളുടെ സ്വര്‍ഗ്ഗത്തില്‍ സുന്ദരിയായ ഭാര്യയുണ്ടായിരിക്കും. വൃദ്ധനാകുമ്പോള്‍ അയാള്‍ക്കു ഭാര്യ വേണ്ട. നമുക്ക് അന്നന്ന് എന്താവശ്യമെന്നു തോന്നുന്നുവോ അതുപോലെയാണ് നമ്മുടെ സ്വര്‍ഗ്ഗസങ്കല്പം. ആവശ്യങ്ങള്‍ മാറുന്നതിനൊത്ത് സ്വര്‍ഗ്ഗവും മാറും. ഇന്ദ്രിയസുഖം പരമലക്ഷ്യമാക്കിയവരുടെ സ്വര്‍ഗ്ഗം നമ്മുടെയും സ്വര്‍ഗ്ഗമായാല്‍ നമുക്കു പുരോഗതിയുണ്ടാവില്ല. ആ അവസ്ഥയെക്കാള്‍ കഴിഞ്ഞ ഒരു ശാപം ആത്മാവിനുണ്ടാവാനില്ല. ഇതോ നമ്മുടെ ഗതി? കുറച്ചു കരയുക, കുറച്ചു നൃത്തമാടുക, പിന്നെ നായയെപ്പോലെ ചാവുക: ഇത്രമാത്രമോ നമുക്കു കിട്ടുവാനുള്ളത്? ഇതിന് ആഗ്രഹിക്കുന്നതു മനുഷ്യത്വത്തെ ശപിക്കുകയാണ്. നിങ്ങള്‍ ലൗകികസുഖങ്ങള്‍ക്ക് ആഗ്രഹിക്കുമ്പോള്‍ വാസ്തവത്തില്‍ ചെയ്യുന്നത് അതാണ്. യഥാര്‍ത്ഥസുഖം എന്തെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടല്ലോ. തത്ത്വജ്ഞാനം ഉപദേശിക്കുന്നതു സുഖം ത്യജിച്ചുകളയാനല്ല; യഥാര്‍ത്ഥസുഖം എന്തെന്നറിവാനാണ്.
നോര്‍വ്വീജിയക്കാരുടെ സ്വര്‍ഗ്ഗം ഒരു ഭയങ്കരസമരാങ്കണമാണ്. അവരുടെ സ്വര്‍ഗ്ഗവാസികള്‍ വോഡിന്‍ എന്ന ദേവന്റെ മുമ്പിലിരിക്കും. അവിടെ ഒരു കാട്ടുപന്നിവേട്ട നടക്കും. അതിനുശേഷം അവര്‍ പരസ്പരയുദ്ധത്തിന്നിറങ്ങും: തമ്മില്‍ത്തമ്മില്‍ വെട്ടിത്തുണ്ടാക്കുകതന്നെ. എന്നാല്‍ എങ്ങനെയെന്നറിഞ്ഞുകൂടാ, അല്പസമയത്തിനുള്ളില്‍ അവര്‍ക്കു പറ്റിയ മുറിവുകളെല്ലാം ഉണങ്ങിപ്പോകും. ഉടനെ സര്‍വ്വരും ഒരു വിശാലമായ മുറിയില്‍ എത്തിക്കൂടും. അപ്പോഴേയ്ക്കു പന്നിമാംസം പൊരിച്ചിരിക്കും. പിന്നെ പൊടിപൊടിച്ച സദ്യയായി. അടുത്ത ദിവസമാകുമ്പോഴേക്ക് കാട്ടുപന്നി വീണ്ടും രൂപംപൂണ്ടു വേട്ടയ്ക്കു തയ്യാറാകും. അതെല്ലാം നമ്മുടെ സ്വര്‍ഗ്ഗംപോലെതന്നെ. നമ്മുടെ ഭാവനകള്‍ കുറേക്കൂടെ പരിഷ്‌കൃതങ്ങളായിരിക്കാം. മറ്റൊരു വ്യത്യാസവുമില്ല. നോര്‍വ്വീജിയക്കാരനു പന്നി നിത്യം ചത്തു വീണ്ടും ജീവിക്കുന്നതുപോലെ നമുക്കും കാട്ടുപന്നിയെ വേട്ടയാടണം: സുഖങ്ങളെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥലത്തു വസിക്കയും വേണം.
കേവലമായ ഒരാനന്ദമുണ്ട്, അതിനു മാറ്റമില്ല എന്നു തത്ത്വശാസ്ത്രം പറയുന്നു. അതു നമുക്കു ജീവിതത്തില്‍ അനുഭവമാകുന്ന സുഖങ്ങളായിരിപ്പാന്‍ വയ്യ. എന്നല്ല അതൊന്നേ യഥാര്‍ത്ഥാനന്ദമായുള്ളൂ. ജീവിതസുഖാനന്ദങ്ങളെല്ലാം ആ കേവലാനന്ദത്തിന്റെ ലേശാംശങ്ങളാണ് എന്നു വേദാന്തം നമുക്കു കാണിച്ചുതരുന്നു. അതിനെയാണ് നാം നിമിഷംതോറും അനുഭവിക്കുന്നത്: എന്നാല്‍ അതിനെ മൂടിയും തെറ്റിദ്ധരിച്ചും വികൃതമാക്കിക്കൊണ്ടുമാണ്. ഒരു രസമോ തൃപ്തിയോ ആനന്ദമോ എവിടെയുണ്ടോ, അവിടെ അതുണ്ട്. മോഷ്ടാവിന്റെ മോഷണരസമായാല്‍പ്പോലും അത് ആ കേവലാനന്ദത്തിന്റെ ബഹിസ്ഫുരണമാണ്. പക്ഷേ അതു ബാഹ്യോപാധികള്‍ പലതും കൂടിക്കലര്‍ന്നു മിശ്രമായി മങ്ങിയിരിക്കുന്നു. അതിനെ സാക്ഷാല്‍ രൂപത്തില്‍ അറിയണമെങ്കില്‍ ത്യാഗമാര്‍ഗ്ഗം അവലംബിക്കണം. അപ്പോള്‍ ലാഭമാര്‍ഗ്ഗം തെളിയുകയായി. ആദ്യത്തില്‍ അജ്ഞാനവും അസത്തും നീക്കിക്കളയണം. അപ്പോള്‍ സത്യം പ്രകാശിക്കും. സത്യം പ്രകാശിക്കുമ്പോള്‍ ആദ്യം ത്യജിച്ചതെല്ലാം പുതിയ രൂപംപൂണ്ടു തിരികെ വരും. സത്യപ്രകാശത്തില്‍ അവയെല്ലാം ഈശ്വരമയമായി പ്രത്യക്ഷമാകും: അവയ്ക്കുണ്ടായിരുന്ന ദുഷിച്ച ഭാഗങ്ങളകന്ന് അവയുടെ വാസ്തവസ്ഥിതി നമുക്കു മനസ്സിലാകും. അതിനു നാം ആദ്യം സത്യത്തെ ഒരു നോക്കു കാണണം. അതിനുശേഷം മുമ്പേ ത്യജിച്ചതെല്ലാം നിത്യഭാവത്തില്‍ തിരിച്ചുവരും. നമ്മുടെ ക്ഷുദ്രസുഖങ്ങളെയും കഷ്ടാരിഷ്ടങ്ങളെയും നാം ആദ്യം ത്യജിക്കതന്നെ വേണം.
[സാക്ഷാല്‍ക്കാരം (ലണ്ടന്‍ പ്രസംഗം, ഒക്‌ടോബര്‍ 29, 1896) -നിന്നുള്ള ഭാഗം]