സ്വാമി വിവേകാനന്ദന്‍

സ്വാനുഭവപ്പെടുത്തുക – ഇതത്രേ ഉപനിഷത്തുകളില്‍ നീളെ കാണുന്ന മൂലാശയം. അതിനെപ്പറ്റി പല ചോദ്യങ്ങള്‍ അന്നന്നുണ്ടാവാം. പ്രത്യേകിച്ചും ആധുനികമനുഷ്യന്‍ അതുകൊണ്ടുള്ള പ്രയോജനത്തെപ്പറ്റി ചോദ്യം ചെയ്യും. മറ്റു പല ചോദ്യങ്ങളുമുണ്ടാകും. ആ ചോദ്യങ്ങളെല്ലാം നമ്മുടെ പൂര്‍വ്വസംസ്‌കാരങ്ങളാല്‍ പ്രചോദിതമാണെന്നു കാണാം. പൂര്‍വ്വവാസനകള്‍ക്കു നമ്മുടെ മേലുള്ള പ്രഭാവം ഭയങ്കരമാണ്. ബാല്യം മുതല്‍ നിത്യസഗുണേശ്വരനെന്നും നിത്യജീവന്‍മാരെന്നും കേട്ടുകേട്ടുവന്നവര്‍ക്ക് ഈ വേദാന്താശയങ്ങള്‍ കഠിനങ്ങളും പരുഷങ്ങളുമായിത്തോന്നും. എന്നാല്‍ സശ്രദ്ധം കേട്ടു മനസ്സിലാക്കി വിചാരം ചെയ്തുകൊണ്ടാല്‍ അവ സ്വാഭാവികമായിത്തോന്നും: ഭയങ്കരങ്ങളാവില്ല. ഈ ജ്ഞാനംകൊണ്ട് ഉപയോഗമുണ്ടോ എന്നാണ് സാധാരണ ഉയരുന്ന വലിയ ചോദ്യം. അതിന് ഇതേ ഒരു സമാധാനമുള്ളൂ. പ്രയോജനവാദപ്രകാരം മനുഷ്യന്‍ സുഖമന്വേഷിക്കുന്നതു ശരിയാണെങ്കില്‍, മതവിചാരത്തില്‍ സുഖിക്കുന്നവര്‍ ആ സുഖം അന്വേഷിക്കുന്നതില്‍ തെറ്റെന്ത്? ഇന്ദ്രിയസുഖങ്ങള്‍ തൃപ്തികരങ്ങളായതുകൊണ്ട് പലരും അതു തേടുന്നു, ശരി. എന്നാല്‍ അതുകൊണ്ടു തൃപ്തിപ്പെടാതെ അതിനെക്കാള്‍ ഉപരിയായ സുഖം വേണമെന്നുള്ളവര്‍ ഉണ്ടായിക്കൂടേ?

നായയുടെ സുഖം തീറ്റിയിലും കുടിയിലുമാണ്. എല്ലാം വിട്ട് മലമുകളിലോ മറ്റോ ചെന്നിരുന്ന് നക്ഷത്രനിരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞന്റെ സുഖമെന്തെന്ന് നായയ്ക്കറിഞ്ഞുകൂടാ. അയാളെ നോക്കി നായ ഹസിച്ചേയ്ക്കാം: അയാള്‍ ഒരു ഭ്രാന്തനാണെന്നു വിചാരിച്ചേക്കാം. ആ സാധുശാസ്ത്രജ്ഞന് വിവാഹം കഴിപ്പാന്‍പോലും സ്വത്തുണ്ടായിരിക്കില്ല. ജീവിതം വളരെ എളിയതുമായിരിക്കാം. നായയ്ക്ക് അതെല്ലാം പരിഹാസ്യമാവാം. അപ്പോള്‍ ശാസ്ത്രജ്ഞന്‍ പറയും; “അരുമയായ നായേ! നിനക്ക് ഇന്ദ്രിയസുഖം വലുത്, അതിനപ്പുറം നിനക്കറിഞ്ഞുകൂടാ. എനിക്ക് ഇതാണ് എത്രയും സുഖമായ ജീവിതം. നിനക്ക് ഇഷ്ടംപോലെ നിന്റെ സുഖം തേടാം. എങ്കിലെനിക്ക് എന്റേത് തേടിക്കൂടയോ?”

നാം വിചാരിക്കുന്ന നിലയില്‍നിന്നുതന്നെ മറ്റുള്ളവരും വിചാരിക്കണമെന്നു നാം സിദ്ധാന്തിക്കുന്നു. നമ്മുടെ മനസ്സാണ് സമസ്തലോകത്തിന്റെ മാനദണ്ഡമെന്നു നാം ധരിക്കുന്നു: അതാണ് തെറ്റ്. നിങ്ങള്‍ക്കു പരമസുഖം തോന്നുന്നത് പണ്ടുപണ്ടേ അനുഭവിച്ചിട്ടുള്ള വിഷയങ്ങളിലാവാം. എനിക്കും അതാകണമെന്നില്ല. എനിക്കും അതാകണമെന്നു നിങ്ങള്‍ നിര്‍ബ്ബന്ധിക്കുമ്പോള്‍ ഞാന്‍ വിയോജിക്കുന്നു. ഇതാണ് ലൗകികപ്രയോജനവാദിക്കും മതപരനും തമ്മിലുള്ള വ്യത്യാസം.

പ്രയോജനവാദി പറയുന്നു; “നോക്കൂ, ഞാന്‍ എത്ര ഭാഗ്യവാന്‍! എനിക്കു ധനമുണ്ട്. ഞാന്‍ മതത്തെ വിചാരിച്ചു തല പുണ്ണാക്കുന്നില്ല. അത് എത്ര തേടി നടന്നാലും പിടി കിട്ടുന്നതുമല്ല. അതില്ലാതെതന്നെ ഞാന്‍ സുഖമായിരിക്കുന്നു.” അത്രയും നല്ലത്. പ്രയോജനവാദികള്‍ക്കെല്ലാം അതു നന്ന്. പരഹിംസ കൂടാതെ മറ്റേതെങ്കിലും വിധത്തില്‍ സുഖമായിരിപ്പാന്‍ ഒരാള്‍ക്കു സാധിക്കുമെങ്കില്‍ അയാളെ ഈശ്വരന്‍ സഹായിക്കട്ടെ. എന്നാല്‍ ആയാള്‍ എന്നോട്, ഞാനും അയാളെ അനുകരിക്കണമെന്നും, അങ്ങനെ ചെയ്യാഞ്ഞാല്‍ ഞാന്‍ വിഡ്ഢിയായിരിക്കുമെന്നും പറയുമ്പോള്‍ അതിനു ഞാന്‍ പ്രത്യുത്തരം പറയും; “നിങ്ങള്‍ പറയുന്നതു തെറ്റാണ്. നിങ്ങള്‍ക്കു രസകരങ്ങളായി തോന്നുന്ന വിഷയങ്ങള്‍ എനിക്കു തീരെ നീരസങ്ങളാണ്. കുറേ പൊന്നു നേടിവെയ്ക്കുന്നതാണ് ജീവിതകാര്യമെന്നു വന്നാല്‍ ആ ജീവിതം ജീവിതാര്‍ഹമല്ല. ഞാന്‍ ഉടനെ ദേഹത്യാഗം ചെയ്യും.” അതായിരിക്കും മതപരന്‍മാരുടെ സമാധാനം. സംഗതി എന്തെന്നാല്‍, ഈ താണപടിയിലുള്ള വിഷയങ്ങളുടെ കാര്യം കലാശിപ്പിച്ചതിനുശേഷമേ മതം ഉണ്ടാവാന്‍ വഴിയുള്ളൂ. നമുക്ക് അതുകളുടെയെല്ലാം അനുഭവമുണ്ടാകണം: എല്ലാം കണ്ടറിയണം: അതെല്ലാം കണ്ടറിഞ്ഞ് അനുഭവിച്ചുതീര്‍ന്നശേഷമേ പരലോകദ്വാരം തുറക്കൂ.