“സ്വയംഭൂവായ പരമേശ്വരന്‍ ഇന്ദ്രിയങ്ങളെ ബഹിര്‍മ്മുഖങ്ങളാക്കി സൃഷ്ടിച്ചു. തന്നിമിത്തം പുറമേയ്ക്കാണ് മനുഷ്യന്‍ നോക്കുന്നത്. ഉള്ളിലേയ്ക്കല്ല. എന്നാല്‍ ഒരു ധീരന്‍ അമൃതത്വമിച്ഛിച്ചു നോട്ടം പിന്‍തിരിച്ച് പ്രത്യഗാത്മാവിനെ ദര്‍ശിച്ചു.”
ഞാന്‍ മുമ്പു പറഞ്ഞതുപോലെ വേദങ്ങളില്‍ ആദ്യമായി കാണുന്ന അന്വേഷണം ബാഹ്യവസ്തുക്കളെപ്പറ്റിയാണ്. എന്നാല്‍ വസ്തുക്കളുടെ തത്ത്വം ബാഹ്യപ്രപഞ്ചത്തില്‍നിന്നറിവാന്‍ കഴിയില്ലെന്നും പുറമേയ്ക്കല്ല, അകത്തേയ്ക്കു ദൃഷ്ടികളെ തിരിച്ചിട്ടാണ് അതു ഗ്രഹിക്കേണ്ടതെന്നും ഒരു പുതിയ ആശയം പിന്നീടുണ്ടായി. ആത്മാവിനെ കുറിക്കുന്ന പദം സാരഗര്‍ഭമാണ്; പ്രത്യഗാത്മാവ്, ‘അകത്തേക്കു പോയിരിക്കുന്നവന്‍’ എന്നാണ്. നമ്മുടെ ജീവനു ജീവന്‍, നമ്മുടെ ഹൃദയത്തിന്റെ കേന്ദ്രം, സര്‍വ്വോല്പത്തിസ്ഥാനമായ കാതല്‍: നമുക്കുള്ള മനസ്സും ശരീരവും ഇന്ദ്രിയങ്ങളും മറ്റു സമസ്തവും ഏതൊന്നിന്റെ ബഹിര്‍ഗതരശ്മികളോ ആ കേന്ദ്രഗതസൂര്യന്‍. ഇങ്ങനെയത്രേ ആത്മാവിനെ വിവരിക്കുന്നത്. (ബാഹ്യലോകം ഖണ്ഡപദാര്‍ത്ഥപരിപൂര്‍ണ്ണമാണ്. അതില്‍ അഖണ്ഡത്തെ കണ്ടെത്തുകയില്ല. ഈ ആശയം വ്യക്തമാക്കിപ്പറയുന്നു.)
“ബാലിശബുദ്ധികള്‍ ബാഹ്യവിഷയങ്ങളുടെ പിന്നാലെ പായുന്നു, അവര്‍ മൃത്യു പരത്തിവെച്ച പാശത്തില്‍ ചെന്നു കുടുങ്ങുകയും ചെയ്യുന്നു: എന്നാല്‍ ധീരന്‍മാര്‍ അമൃതത്വമെന്തെന്നു മനസ്സിലാക്കിയിരിക്കകൊണ്ട് ഈ അനിത്യങ്ങളില്‍ നിത്യത്തെ കാണ്‍മാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.” ശരീരമോ മനസ്സോ വിചാരങ്ങളോ ഈ പ്രപഞ്ചത്തില്‍ ഏതെങ്കിലുമോ അവധിയറ്റതല്ല. അവധിയറ്റത് ആത്മാവുമാത്രം, സാക്ഷിയായി സര്‍വ്വേശ്വരനായി സര്‍വ്വാന്തര്യാമിയായ ആത്മാവുമാത്രം. അവിടെയാണ് നാം അവധിയറ്റ ജഗത്കാരണം അന്വേഷിക്കേണ്ടത്. അവധിയറ്റതിനെ തിരയുക അവധിയറ്റതില്‍ത്തന്നെ വേണം. നമുക്ക് അവധിയറ്റതായുള്ളത് നമ്മുടെ ഉള്ളിലിരിക്കുന്ന ആത്മാവാണ്. ശരീരമോ മനസ്സോ വിചാരമോ ചുറ്റും നാം കാണുന്ന ലോകമോ ഒന്നും അഖണ്ഡമല്ല. ആ അഖണ്ഡാത്മാവില്‍ മാത്രമേ നമുക്ക് അഖണ്ഡസത്തിനെ ദര്‍ശിപ്പാന്‍ കഴികയുള്ളൂ.
“ഇവിടെയുള്ളതേതോ അത് അവിടെയുമുണ്ട്. അവിടെ ഏതുണ്ടോ അത് ഇവിടെയും: ഇതില്‍ ഭിന്നിപ്പു കാണുന്നവന്‍ പിന്നെയും പിന്നെയും മൃത്യുവിന്നിരയാകുന്നു.”
സ്വര്‍ഗ്ഗം പ്രാപിക്കണമെന്നായിരുന്നുവല്ലോ ആദിയില്‍ ആഗ്രഹം. ഈ ലോകം അതൃപ്തികരമെന്നു കണ്ട പുരാതനാര്യന്‍മാര്‍ മരണാനന്തരം ക്ലേശരഹിതമായി സുഖമയമായ ഒരിടത്തു ചെല്ലും എന്നു വിചാരിച്ചു. അതു സ്വാഭാവികമാണല്ലോ. അങ്ങനെ അവര്‍ പല സ്ഥലങ്ങള്‍ കല്പിച്ച്, അവയ്ക്കു സ്വര്‍ഗ്ഗങ്ങള്‍ എന്നു പേരും കൊടുത്തു. അവിടെ നിരന്തരസൗഖ്യമായിരിക്കും, പരിപൂര്‍ണ്ണമായ ശരീരവും മനസ്സുമുണ്ടാകും, പൂര്‍വ്വികന്‍മാരൊന്നിച്ചു സുഖമായിരിക്കാം. ഇതായിരുന്നു ഭാവന. എന്നാല്‍ തത്ത്വവിചാരം തുടങ്ങിയപ്പോള്‍ ഭാവന യുക്തിശൂന്യമാണെന്നും ആ സ്ഥിതി സംഭാവ്യമല്ലെന്നും മനസ്സിലായി. അവധിയറ്റ ദേശമെന്നത് അസംബന്ധം. ദേശം കാലപരിച്ഛിന്നമാണ്: കാലത്തിലാണ് അതിന്റെ ഉത്പത്തിയും സ്ഥിതിയും. അതുകൊണ്ട് ആ ഭാവന തള്ളിക്കളഞ്ഞു. എന്നു മാത്രമല്ല, ആ സ്വര്‍ഗ്ഗങ്ങളില്‍ വസിക്കുന്ന ദേവന്‍മാര്‍ ഒരു കാലത്ത് ഈ ലോകത്തിലെ മനുഷ്യരായിരുന്നു, കര്‍മ്മവിശേഷംമൂലം ദേവന്‍മാരായതാണ് എന്നും ദേവത്വം ഒരവസ്ഥാഭേദം മാത്രമാണെന്നും അവര്‍ കണ്ടു. വേദങ്ങളില്‍ പറയുന്ന ദേവന്‍മാരാരും സ്ഥിരവ്യക്തികളല്ല. ഓരോ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍മാത്രം.
ഇന്ദ്രന്‍, വരുണന്‍ മുതലായ ഓരോ വ്യക്തിവിശേഷത്തിന്റെ പേരുകളല്ല: ഗവര്‍ണ്ണര്‍ മുതലായതുപോലെ ഓരോ സ്ഥാനപ്പേരുകളാണ്. മുമ്പൊരു കാലത്തുണ്ടായിരുന്ന ഇന്ദ്രനല്ല ഇന്നുള്ളത്: അയാള്‍ പോയി, ആ സ്ഥാനത്ത് ഭൂമിയില്‍നിന്നു ചെന്ന മറ്റൊരാള്‍ ആരോഹണം ചെയ്തു. ഇതുതന്നെ മറ്റു ദേവന്‍മാരുടെയും കാര്യം. എല്ലാം ഓരോ സ്ഥാനങ്ങള്‍: അതുകള്‍ ഓരോ കാലത്തു വഹിക്കുന്നതു ദേവത്വം സമ്പാദിച്ച ഓരോ മനുഷ്യജീവികളാണ്. അവര്‍ക്കുമുണ്ട് മരണം. ഋഗ്വേദത്തിലെ പഴയ ഭാഗങ്ങളില്‍ ദേവന്‍മാരെ അമരന്‍മാര്‍ എന്നു പറഞ്ഞുകാണാം. എന്നാല്‍ പിന്നീടു അതു മാറ്റി, ശരീരം എത്ര സൂക്ഷ്മമായാലും ദേശകാലാതീതമായ നിത്യത്വം (അമരത്വം) അതിനു സംബന്ധിപ്പിക്കാവതല്ല എന്ന് അവര്‍ മനസ്സിലാക്കി. രൂപത്തിന്റെ ഘടകാംശങ്ങള്‍ ദേശത്തെ ആശ്രയിച്ചിരിക്കുന്നു. രൂപം അത്യന്തസൂക്ഷ്മമായാലും അതിനു ദേശകാലങ്ങളിലാണ് ഉല്‍പത്തി. ദേശഭാവന കൂടാതെ രൂപത്തെ വിചാരിക്കുക സാദ്ധ്യമല്ല. രൂപത്തിന്റെ മൂലകാരണങ്ങളിലൊന്നാണ് ദേശം. അതിന് എപ്പോഴും വികാരമുണ്ട്. ദേശകാലങ്ങള്‍ മായയ്ക്കുള്ളിലുമത്രേ. ഈ ആശയമാണ് “യദേവേഹ തദമുത്ര” എന്നു പറഞ്ഞിട്ടുള്ളത്. ഇവിടെയുള്ളതുതന്നെ അവിടെയും. ഇവിടേയ്ക്കു ബാധിക്കുന്ന നിയമങ്ങള്‍ അവിടെ ദേവന്‍മാര്‍ക്കും ബാധിക്കണം. നിയമമെന്നു പറയുന്നതില്‍ മരണവും പുനര്‍ജന്‍മവും അന്തര്‍ഭവിച്ചിരിക്കയും ചെയ്യുന്നു. ഈ നിയമങ്ങള്‍ ഭൗതികപദാര്‍ത്ഥങ്ങളെ പല രൂപത്തില്‍ കരുപ്പിടിപ്പിക്കുന്നു, ഉടച്ചും കളയുന്നു. ജനിച്ചതിനെല്ലാം നാശമുണ്ട്. അതുകൊണ്ട്, സ്വര്‍ഗ്ഗലോകങ്ങള്‍ ഉണ്ടെങ്കില്‍ ഇതേ നിയമങ്ങള്‍ അവിടെയും വ്യാപിക്കും.
നാനാത്വത്തില്‍ ഏകത്വം (ലണ്ടന്‍ പ്രസംഗം നവംബര്‍ 3, 1896) – തുടരും.